ADVERTISEMENT

കൊഴുപ്പ് ഇന്നത്തെ കാലത്ത് വലിയ പ്രശ്നമാണ്. ചാടിയ വയറും അമിത വണ്ണമുള്ള തുടകളും ഇടുപ്പും  പ്രായമായവരുടെ മാത്രമല്ല, ചെറുപ്പക്കാരുടെയും ആത്മവിശ്വാസം തകർക്കുന്നു. കാരണം വേറൊന്നുമല്ല; നമ്മുടെ മാറുന്ന ഭക്ഷണ രീതികളും വ്യായാമക്കുറവും തന്നെയാണ്. ഹോട്ടലുകളിൽ നിന്നുള്ള ഫാസ്റ്റ്ഫുഡും ബർഗറും സാൻവിജും പോലെ ജങ്ക് ഫുഡും കഴിച്ച്, മണിക്കൂറുകളോളം കംപ്യൂട്ടറിനു മുന്നിൽ ഒരേ ഇരുപ്പാണ് പലരും. ഇടയ്ക്കൊന്ന് എഴുന്നേറ്റ് നടക്കാനോ, നടു നിവർത്താനോ പോലും മറന്നു പോകുന്ന ജോലിത്തിരക്ക്. പകൽ സമയം അര മണിക്കൂറെങ്കിലും വ്യായാമത്തിനും തയ്യാറാകാതെയിരിക്കുമ്പോൾ സ്വാഭാവികമായും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇന്ത്യയിൽ അമിത വണ്ണക്കാരുടെ എണ്ണത്തിൽ നമ്മുടെ സംസ്ഥാനവും മുൻപന്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിന്റെ കാരണം ഇതൊക്കെ തന്നെ. 

അമിത വണ്ണവും കുടവയറും വൃത്തികേടാണെന്ന് അറിയാമെങ്കിലും വ്യയാമം ചെയ്യാനുള്ള  മടിയും ഭക്ഷണം നിയന്ത്രിക്കാനുള്ള വിമുഖതയുമാണ് പലരെയും ശരീരവൈകൃതവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ നിർബന്ധിതരാക്കുന്നത്. സൗന്ദര്യ ചികിൽസയുടെ വിവിധ രൂപ ഭാവങ്ങൾ നാൾക്കുനാൾ വർധിച്ചു വരുമ്പോൾ, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് കൂൾസ്കൾപ്റ്റിങ് എന്ന പ്രക്രിയ ഉരുത്തിരിഞ്ഞു വന്നു കഴിഞ്ഞു. അമിത വണ്ണവും ശരീര ഭാരവും കുറയ്ക്കാനുള്ള ചികിൽസയല്ല ഇത്. ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് അലിയിച്ചു കളയുന്നു എന്നു മാത്രം. 

ത്വക്കിനെയും സമീപത്തെ കലകളെയും സംരക്ഷിച്ചുകൊണ്ട ് അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്ന, കൃത്യമായ ലക്ഷ്യത്തോടെയുള്ള ചികിത്സാരീതിയാണ് കൂൾസ്‌കൾപ്റ്റിങ്. നിരുപദ്രവകരമായ, ശസ്ത്രക്രിയ കൂടാതെയുള്ള ചികിൽസാ രീതി. ശരീരത്തിൽ നിന്ന് കൊഴുപ്പ് കോശങ്ങൾ നീക്കം ചെയ്യുന്ന ലളിതമായ ഫാറ്റ്-ഫ്രീസിങ് പ്രക്രിയയിലൂടെ കൊഴുപ്പ് ചുരണ്ടിയെടുക്കാൻ കഴിയും. ലിപ്പോസക്ഷനേക്കാൾ ഫാറ്റ് ഫ്രീസിങ് നിരുപദ്രവകരവും വേദനാരഹിതവുമാണ്. മറ്റു രീതികളിലൂടെയുള്ള ചികിൽസകളിൽ നിന്ന് കൂൾസ്‌കൾപ്റ്റിങ് വ്യത്യാസപ്പെടുന്നത് ഇവിടെയാണ്.   മൊത്തത്തിലുള്ള കൊഴുപ്പ് കുറയ്ക്കലിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം പ്രശ്‌നബാധിത പ്രദേശത്തെ കൃത്യമായി ലക്ഷ്യമിടുന്ന പ്രക്രിയയാണിത്. കൂൾസ്‌കൾപ്റ്റിങ് കൊഴുപ്പ് കോശങ്ങളെ തന്നെ നീക്കം ചെയ്യുന്നു. ചികിത്സയ്ക്കു ശേഷം വളരെ കുറഞ്ഞ സമയം വിശ്രമം ആവശ്യമാകുന്ന വിധത്തിൽ പ്രതലം അഥവ വാക്വം ആപ്ലിക്കേറ്ററാണ് സൂചിക്ക് പകരമായി ഉപയോഗിക്കുന്നത്. മെഡിക്കൽ വിദഗ്ധൻ ഇതിനു മേൽനോട്ടം നൽകുന്നു.  

നിയന്ത്രിത രീതിയിലുള്ള ശീതീകരണം ശരീരത്തിലെ പ്രത്യേക പ്രദേശത്തേക്ക് വിന്യസിക്കുകയും അവിടെ മരവിക്കുകയും ചെയ്യും. കൂൾസ്‌കൾപ്റ്റിങ് കൊഴുപ്പ് കോശങ്ങൾ നശിക്കുന്ന താപനിലയിലേക്ക് എത്തിക്കും.  അൽപ സമയത്തിനുള്ളിൽ ശരീരത്തിലെ പ്രതിരോധ സംവിധാനം സ്വഭാവികമായി പ്രവർത്തിച്ച് ശരീരത്തിൽ നിന്ന് നിർജീവ കോശങ്ങളെ നീക്കം ചെയ്യും. ഇത്തരം കോശങ്ങൾ സ്ഥിരമായി നീങ്ങുകയാണ് ചെയ്യുന്നത്. ചികിത്സയ്ക്ക് വിധേയമാകുന്ന ശരീരത്തിലെ ഭാഗം അനുസരിച്ചും ഉണ്ടാകുന്ന ഫലത്തിനനുസരിച്ചുമായിരിക്കും കൂൾസ്‌കൾപ്റ്റിങിന്റെ സെഷനുകളുടെ എണ്ണം നിർണ്ണയിക്കുക. ചികിത്സയ്ക്ക് ശേഷം ഉടൻ തന്നെ സാധാരണ പ്രവൃത്തികളിലേർപ്പെടാൻ കഴിയും. രണ്ടാഴ്ചയ്ക്ക് ശേഷം കൂൾസ്‌കൾപ്റ്റിങിന്റെ ഫലം അനുഭവിച്ചുതുടങ്ങാനാകും. മികച്ച ഫലത്തിനായി മൂന്നുമാസം വരെ സമയമെടുക്കും.  35,000 രൂപ മുതലാണ് ചികിൽസാചെലവ്. ഒരിക്കൽ നീക്കം ചെയ്യുന്ന കൊഴുപ്പ് കോശങ്ങൾ തിരിച്ചു വരില്ലെങ്കിലും ഭക്ഷണം നിയന്ത്രിക്കുകയും ക്രമമായി വ്യായാമം ചെയ്യുകയും ചെയ്തില്ലെങ്കിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കൊഴുപ്പടിയാൻ ഇടയാകും. ചികിൽസ ചെയ്യുന്ന ഭാഗത്ത് കുറച്ചു സമയത്തേക്ക് മരവിപ്പും ചുവന്ന തടിപ്പുകളും കാണാനും സാധ്യതയുണ്ട്. ഇതു തനിയേ മാറിക്കോളും. 

സുന്ദരമായ ശരീരം നിങ്ങളുടെ ആത്മവിശ്വാസത്തെ ഉയർത്തും. വിദഗ്ധരുടെ സഹായത്തോടെ ശരീരത്തിന് രൂപഭംഗി വരുത്തുന്ന വിപ്ലവകരമായ കൊഴുപ്പ് കുറയ്ക്കൽ പ്രക്രിയയാണ് കൂൾസ്‌കൾപ്റ്റിങ്. ഇത് വ്യക്തികളെ  സൗന്ദര്യമുള്ളവരാക്കുന്നു.
ഗ്രിന്റോ ഡേവി ചിറക്കേക്കാരൻ, എംഡി, ഫിസിയൊതെറപ്പിസ്റ്റ്, സ്മാർട് വെൽനസ്, എസ്കാസോ,കൊച്ചി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com