ADVERTISEMENT

ശരീരഭാരം കൃത്യമായി മാനേജ് ചെയ്തു പോകുന്ന ഒരാൾ, ആരോഗ്യകാര്യത്തിലും അതേ ശ്രദ്ധ.. ഇങ്ങനെയൊരാൾക്ക് പെട്ടെന്നു ശരീരഭാരം കൂടിയാലോ? അങ്ങനെയൊരു കഥയാണ് കേന്ദ്രസർക്കാർ ജീവനക്കാരനും കോട്ടയം പാലാ സ്വദേശിയുമായ മഹേഷ് കൊട്ടാരത്തിലിനു പറയാനുള്ളത്.

രണ്ടാമത്തെ കുഞ്ഞിന്റെ വരവോടെയാണ് എന്റെ ശരീരഭാരവും കൂടിത്തുടങ്ങിയത്. പ്രസവത്തിനായി ഭാര്യ ശരണ്യ വീട്ടിൽ പോയതോടെ ആഹാരം പുറത്തു നിന്നായി. ഹോട്ടൽ ഭക്ഷണത്തിന്റെയും  ജങ്ക്ഫുഡിന്റെയും എഫക്ട് ശരിക്കും എന്റെ ശരീരത്തിലും കണ്ടുതുടങ്ങി. 185 സെന്റീമീറ്റർ ഉയരമുള്ള ഞാൻ വണ്ണംവച്ചിട്ടും ആരും തടി കൂടിയെന്നൊന്നും പറഞ്ഞതുമില്ല. എന്നാൽ ശരീരഭാരം കൂടുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു

ഭാരം നോക്കിയപ്പോൾ  96 കിലോയിലെത്തി. ഹെൽത് കോൺഷ്യസ് ആയതുകൊണ്ടുതന്നെ ഇതു കുറച്ച് ബിഎംഐ ലെവൽ ആക്കിയിട്ടേ കാര്യമുള്ളൂവെന്ന് തീർച്ചയാക്കി. ഒറ്റയ്ക്ക് ഈ ഉദ്യമത്തിന് ഇറങ്ങുന്നതിനെക്കാൾ നല്ലത് കൂടെക്കൂടാൻ കുറച്ചു പേർകൂടി ഉള്ളതാകുമെന്നു തോന്നിയിരുന്നു. അതിനുള്ള അന്വേഷണത്തിനിടയിലാണ് വെയ്റ്റ് ലോസ് ചാലഞ്ചുമായി ബന്ധപ്പെട്ട ഒരു ഫെയസ്ബുക്ക് പോസ്റ്റ് കണ്ടത്. അങ്ങനെ ആ ഗ്രൂപ്പിന്റെ ഭാഗമായി. മടി എന്നത് സ്വഭാവത്തിന്റെ ഭാഗമാണെങ്കിലും ഒരുദ്യമത്തിന് ഇറങ്ങി പുറപ്പെട്ടാൽ ഏതറ്റം വരെയും പോകാൻ തയാറാണ്. അതുകൊണ്ടുതന്നെ കാര്യമായ വ്യത്യാസവും കണ്ടുതുടങ്ങി.

ഏറെ ആവേശത്തോടെ തുടങ്ങിയെങ്കിലും ചില ആരോഗ്യപ്രശ്നങ്ങൾ കാരണം രണ്ടര മാസമേ വെയ്റ്റ്‌ലോസ് പ്ലാൻ പിന്തുടരാൻ പറ്റിയുള്ളു. പക്ഷേ ആ രണ്ടര മാസം കൊണ്ട് എട്ടു കിലോയാണ് എന്റെ ശരീരത്തിൽനിന്നു മാറിക്കിട്ടിയത്. വർക്ക്ഔട്ട് തൽക്കാലത്തേക്കു നിർത്തിവച്ചെങ്കിലും ഡയറ്റ് കൃത്യമായി പിന്തുടരുന്നുണ്ടായിരുന്നു. 96 ൽ നിന്ന് 10 കിലോ കുറച്ച് 86 ആക്കണമെന്നായിരുന്നു ഉദ്ദേശ്യം. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതോടെ അതിനായുള്ള ശ്രമങ്ങളും തുടങ്ങണം. 

ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്നത്തിലാണ് ഞാനെന്നു ഭാര്യ അറിഞ്ഞിരുന്നില്ല. ഇടയ്ക്ക് കാണാൻ പോയപ്പോൾ അവൾതന്നെ അദ്ഭുതപ്പെട്ടുപോയി. "വയറൊക്കെ കുറഞ്ഞ് സുന്ദരനായല്ലോ" എന്ന കമന്റും അവളിൽനിന്നു കിട്ടി. 

വെയ്റ്റ്‌ലോസ് തുടങ്ങിയതോടെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളെല്ലാം പാടേ ഉപേക്ഷിച്ചു.  ഹോട്ടലിൽ നിന്നുള്ള ഭക്ഷണം രണ്ടു കരണ്ടി ചോറിൽ നിർത്തി. അവിയൽ, തോരൻ തുടങ്ങിയ കറികളുടെ അളവു കൂട്ടി. രണ്ടു നേരം ചോറു കഴിച്ചിരുന്നത് ദിവസം ഒരു കപ്പ് എന്നതിലേക്കു മാറി. ചെറുപയർ തുടങ്ങി പ്രോട്ടീൻ കൂടുതലുള്ള ആഹാരങ്ങൾ ഡയറ്റിൽ സ്ഥാനം പിടിച്ചു. നാരുകളുടെ അംശം കൂടുതലുള്ള ഇലക്കറികൾ പോലെയുള്ളവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ഇതിനു പുറമേ എയ്റോബിക്സ്, പുഷ് അപ്സ്, കരാട്ടെ വ്യായാമങ്ങൾ തുടങ്ങിയവയും ചെയ്യുന്നുണ്ടായിരുന്നു. 

mahesh2

ഇപ്പോൾ എന്നെ കാണുന്നവർ പറയുന്നത് കുറച്ചുകൂടി തടി വേണമെന്നാണ്. പക്ഷേ അതിനു ഞാൻ തയാറല്ല. ശരീരഭാരം 80 ൽ നിർത്താനാണ് തീരുമാനം. മേയ് മാസത്തോടെ വീണ്ടും വർക്ക്ഔട്ട് തുടങ്ങണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com