ADVERTISEMENT

പ്രസവത്തിനു ശേഷം അമിതമായി തടി വച്ചെങ്കിലും ശ്യാമിലിക്ക് അതൊന്നും പ്രശ്നമേ ആയിരുന്നില്ല. അതുമൂലം ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ പിന്നെ തടി കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്തിന്? പക്ഷേ അമേരിക്കയിലെ ഫ്ലോറിഡയിൽ സ്ഥിരതാമസമാക്കിയ ശ്യാമിലി നാട്ടിൽ എത്തിയപ്പോഴാണ് ഈ തടി ഒരു വലിയ പ്രശ്നമാണെന്ന സത്യം മനസ്സിലാക്കിയത്. അതേക്കുറിച്ച് ശ്യാമിലിയുടെ വാക്കുകളിലൂടെ: 

ഡെലിവറിക്ക് മുമ്പു വരെ 57-58 റേഞ്ചിൽ സാധാരണ ശരീരഭാരം മാത്രമുണ്ടായിരുന്ന ആളായിരുന്നു ഞാൻ. മൂന്നു വർഷം മുൻപായിരുന്നു ഡെലിവറി. അതു കഴിഞ്ഞ് ആറു മാസം ആയപ്പോഴേക്കും ഇരുപത് കിലോയോളം കൂടി 76 കടന്നു. നാടിനെ അപേക്ഷിച്ച് അമേരിക്കയിൽ അമിതഭാരമുള്ളവരുടെ എണ്ണം കൂടുതലായതും അങ്ങനെയുള്ളവർക്കു വേണ്ട വസ്ത്രങ്ങളൊക്കെ എല്ലായിടത്തും കിട്ടുന്നതും കാരണം ഇത്രയും അധികം ഭാരം കൂടിയിട്ടും അതു ശ്രദ്ധിച്ചില്ല എന്നതാണ് വസ്തുത. 

രണ്ടു വർഷം മുൻപ് ഭർത്താവിന്റെ സഹോദരന്റെ കല്യാണത്തിനു നാട്ടിൽ വന്നപ്പോഴാണ് കാര്യങ്ങളുടെ ഗുരുതരാവസ്ഥയെപ്പറ്റി ബോധം വരുന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഒരുപാടു കാലത്തിനു ശേഷം കാണുകയാണ്. പലരും കല്യാണം കഴിച്ചശേഷം പിന്നെ നാട്ടിൽവന്നപ്പോഴാണ് കാണുന്നത്. കണ്ടവരെല്ലാം എന്നോടു പറഞ്ഞ ഒരേയൊരു കാര്യം ശ്യാമിലി ഈ തടി കുറച്ചേ മതിയാകൂ എന്നാണ്. അപ്പോഴും എനിക്കു കുറയ്ക്കണമെന്ന തോന്നലൊന്നും ഉണ്ടായില്ല.

പക്ഷേ പുതിയ വസ്ത്രങ്ങൾ എടുക്കാൻ കടയിൽ ചെന്നപ്പോഴാണ് ശരിക്കും 'പണി' കിട്ടിയത്. ഇഷ്ടപ്പെട്ട റെഡിമെയ്ഡ് വസ്ത്രങ്ങൾക്കൊന്നും വലിയ സൈസ് ഇല്ല. കിട്ടുന്നതിൽ വലിയ സൈസ് പോലും പാകവുമല്ല. ഇതെന്നെ ആകെ നിരാശയിലാക്കി. അപ്പോഴാണ് എല്ലാവരും പറഞ്ഞതിന്റെ നല്ലവശം എനിക്കു മനസ്സിലായത്. ഇനി തടി കുറച്ചിട്ടുതന്നെ കാര്യമെന്ന് ഞാനുമങ്ങു തീരുമാനിച്ചു.

അങ്ങനെയിരിക്കെ ഭർത്താവ് പ്രഫുൽ ഒരു ഫിറ്റ്നസ് ട്രാക്കർ ഗിഫ്‌റ്റ് ആയി തന്നു. പതുക്കെ അതിലെ ടാർഗറ്റുകൾ അച്ചീവ് ചെയ്യുന്നതും ചാലഞ്ചുകളിൽ ഒന്നാമതാവുന്നതും പതിവായി. അതോടെ ആവേശമായി, വാശിയായി. ഭാരം കുറഞ്ഞു തുടങ്ങി. ഇതിനിടയിലാണ് ഹബീബിന്റെ വെയ്റ്റ്‌ലോസ് ചാലഞ്ച് പോസ്റ്റുകൾ കാണുന്നതും ആ കൂട്ടായ്മയിൽ അംഗമാവുന്നതും. ഇതോടെ ആഹാരക്രമീകരണവും തുടങ്ങി. 

ഇപ്പോൾ ഭാരം 57 കിലോയായി. പണ്ടത്തെക്കാൾ സുന്ദരിയായെന്ന് എല്ലാവരും പറയുന്നു. ആത്മവിശ്വാസം കൂടി. അമ്മയ്ക്കൊക്കെ എന്നെ കാണുമ്പോൾ അദ്ഭുതകരമാണ്. അവരാരും കരുതിയിരുന്നില്ല ഞാൻ ഇത്രയും ഭാരം കുറയ്ക്കുമെന്ന്. കഠിനാധ്വാനത്തിലൂടെ, ഒരു കാര്യം ചെയ്യണമെന്ന് തീവ്രമായി ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്ന് ഇപ്പോൾ മനസ്സിലായി.

പണ്ട് കളിയാക്കിയവരൊക്കെ ഇപ്പോൾ നല്ല അഭിപ്രായം പറയുന്നതു കേൾക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. യു.എസിൽതന്നെ പലരും എന്താ ഇതിനു പിന്നിലെ രഹസ്യമെന്നു ചോദിച്ച് മെലിയാൻ ആഗ്രഹിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. സുഹൃത്തുക്കളൊക്കെ പറയുന്നു ഞാനാണ് അവരുടെ ഇൻസ്പിറേഷൻ എന്ന്. 

ഇനിയൊരിക്കലും അനാരോഗ്യകരമായ ഭക്ഷണരീതിയിലേക്കോ വ്യായാമമില്ലായ്മയിലേക്കോ തിരിച്ചു പോവില്ല എന്ന ഉറച്ച തീരുമാനവും ഞാനെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com