ADVERTISEMENT

29 കാരനായ പാര്‍ഥസാരഥി പ്രധാനെ ഇപ്പോള്‍ കണ്ടാല്‍ ആരുമൊന്നു പറയും- ‘എന്തൊരു ഫിറ്റ്‌’. പക്ഷേ കുറച്ചു കാലം മുമ്പുവരെ പാര്‍ഥസാരഥിയെ ഓട്ടോയിലും ബസിലും പോലും കയറ്റാന്‍ ആളുകള്‍ക്കു മടിയായിരുന്നുവെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ അതായിരുന്നു പാര്‍ഥസാരഥിയുടെ പൂര്‍വകാലം. ഇലക്ട്രിക് എൻജിനീയറായ പാര്‍ഥസാരഥിക്ക് അന്നു ഭാരം  98 കിലോ.

വണ്ണം കൂടിയതോടെ കാലുകള്‍ക്കു വേദനയും നീരും കൂടി. ഒരു വസ്ത്രവും പാകമല്ലാതെ വന്നു. ഡയറ്റ് കൺട്രോള്‍ ചെയ്യു‌ന്നതു തന്നെയാണ് ഇതിനൊരു പരിഹാരമെന്ന് പാര്‍ഥസാരഥി തീരുമാനിച്ചു. അങ്ങനെ എട്ടു മാസം മുന്‍പ് അദ്ദേഹം ജിമ്മില്‍ പോകാന്‍ തുടങ്ങി. പക്ഷേ അതു തനിക്കു ശരിയാവുന്നില്ല എന്നു കണ്ടതോടെ സൈക്കിള്‍ ചവിട്ടാനും നടക്കാനും ആരംഭിച്ചു. വലിച്ചുവാരി കഴിക്കുന്ന ശീലം നിര്‍ത്തി. പകരം ചിട്ടയായ ആഹാരശീലം തുടങ്ങി. ഇഡ്‌ലി, പോഹ, മുട്ടയുടെ വെള്ള, ഓട്സ്, ഏത്തക്ക എന്നിവ പ്രാതലിനു കഴിച്ചു. ഒരു ചപ്പാത്തി, ഒരു ബൗള്‍ ദാല്‍, അൽപം തൈര് എന്നിവയായിരുന്നു ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയത്.

രണ്ടു ദിവസം കൂടുമ്പോള്‍ 30-45 മിനിറ്റ് കാര്‍ഡിയോ വ്യായാമങ്ങളും മറ്റു ദിവസങ്ങളില്‍ 45 മിനിറ്റ് സൈക്ലിങ്ങും ശീലമാക്കി; ഇടവിട്ട ദിവസങ്ങളില്‍ ലഘുവ്യായാമങ്ങളും. ഡ്രൈ ഫ്രൂട്സ്, തേന്‍ എന്നിവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

വണ്ണം കുറയ്ക്കുക എന്നതിലുപരി ഫിറ്റ് ആകുക എന്നതായിരുന്നു പാര്‍ഥസാരഥിയുടെ ആഗ്രഹം. വ്യായാമത്തിനൊപ്പം മെഡിറ്റേഷനും ശീലമാക്കിയതോടെ ഉറക്കവും നന്നായി ലഭിക്കാന്‍ തുടങ്ങിയെന്നു ഇദ്ദേഹം പറയുന്നു. എന്തായാലും എട്ടു മാസം കൊണ്ട് 26 കിലോ വരെ കുറയ്ക്കാന്‍ പാര്‍ഥസാരഥിക്കു സാധിച്ചു. പുറത്തുനിന്ന് ആഹാരം കഴിക്കുന്ന  ശീലം പൂർണമായി ഉപേക്ഷിച്ചു. പണ്ടു തന്നെ ഓട്ടോയിലും ബസിലും കയറ്റാതെ കളിയാക്കിയവര്‍ക്കാണ് താന്‍ ഇപ്പോള്‍ നന്ദി പറയുന്നതെന്നും പാർഥസാരഥി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com