ADVERTISEMENT

കൂട്ടുകാരുടെയും സമപ്രായക്കാരായ കസിൻസിന്റെയും കളിയാക്കലുകളും ആരോഗ്യപ്രശ്നങ്ങളും അലട്ടിത്തുടങ്ങിയതോടെയാണ് കൊല്ലം എസ്എൻ കോളജിലെ അവസാന വർഷ വിദ്യാർഥിനി പാർവതി ആ തീരുമാനമെടുത്തത്. - ‘ഇനി ഈ കളിയാക്കലുകൾ കേൾക്കാൻ എന്നെ കിട്ടില്ല. തടിച്ചിയല്ല എന്നു കാണിച്ചുകൊടുത്തിട്ടുതന്നെ ബാക്കി കാര്യം. ഒപ്പം കൂട്ടുകാരുടെ മുന്നിൽ ആ ചാലഞ്ചും വച്ചു, ഡിസംബറിനുള്ളിൽ ഓവർവെയ്റ്റിൽനിന്ന് നോർമൽ വെയ്റ്റിൽ എത്തിയിരിക്കും. ആ ചാലഞ്ചിങ് നാളുകളെക്കുറിച്ച് പാർവതി പറയുന്നു.

ചെറുപ്പത്തിലേ മെലിഞ്ഞിരുന്ന ആളായിരുന്നു ഞാൻ. ടീനേജിലെത്തിയപ്പോഴുണ്ടായ ഹോർമോൺ പ്രശ്നങ്ങൾ മൂലം എനിക്ക് ഓവർവെയ്റ്റായി; കൂട്ടുകാരുടെ വക 'തടിച്ചി' എന്നു വിളിച്ചുള്ള കളിയാക്കലുകളും. കോളജിലൊക്കെ ആകുമ്പോൾ ആ കളിയാക്കലുകൾ ഏതറ്റം വരെ പോകുമെന്നു പറയണ്ടല്ലോ. ഫീൽ ചെയ്യാത്ത രീതിയിൽ കളിയാക്കാൻ കൂടെയുള്ളവർ മിടുക്കരായിരുന്നു. വണ്ണം കൂടുതലായതിനാൽ മുഖത്തും നല്ല പ്രായം പറയുമായിരുന്നു– അതിനാൽ ഇടയ്ക്കൊക്കെ 'പാറു അമ്മച്ചി' എന്ന വിളിപ്പേരുമുണ്ടായിരുന്നു. കൂടാതെ പിസിഒഡി കാരണം ഹോർമോൺ ചെയ്ഞ്ച്, മുഖക്കുരു, സ്കിൻ പ്രോബ്ലം തുടങ്ങിയ പ്രശ്നങ്ങളും കൃത്യമല്ലാത്ത പീരീഡ്സും ഏറെ വിഷമിപ്പിച്ചു. വണ്ണം കുറയ്ക്കാതെ അതിനൊന്നും മാറ്റം വരില്ലെന്ന് എനിക്കു മനസ്സിലായി. അങ്ങനെയാണ് എത്ര കഷ്ടപ്പെട്ടായാലും ശരീരഭാരം കുറയ്ക്കണമെന്നു തീരുമാനിച്ചത്. എന്നാൽ എങ്ങനെ അതു ചെയ്യുമെന്നൊന്നും അറിയില്ലായിരുന്നു. ഭക്ഷണം കുറച്ചാൽ കൂട്ടിനു മറ്റു രോഗങ്ങൾ കൂടിയെത്തുമെന്ന മുന്നറിയിപ്പും കൂട്ടുകാർതന്നെ നൽകി. ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്യാനുള്ള സാമ്പത്തികവും ഇല്ല. ഹോസ്റ്റൽ ജീവിതമായതിനാൽ അവിടുന്നു കിട്ടുന്ന ആഹാരം കഴിക്കുക മാത്രമേ നിവൃത്തിയുള്ളു.

എങ്ങനെ ഈ പ്രശ്നം പരിഹരിക്കാമെന്ന് കൂലംകഷമായി ചിന്തിച്ചിരിക്കുന്നതിനിടയിലാണ് യാദൃച്ഛികമായി വെയ്റ്റ്‌ലോസ് ചാലഞ്ച് പറഞ്ഞുള്ള ഹബി ചേട്ടന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നത്. അങ്ങനെ ഞാനും ഓഗസ്റ്റിൽ ആ ഗ്രൂപ്പിൽ ചേർന്നു. ആ സമയത്ത് എന്റെ ശരീരഭാരം 68 കിലോയായിരുന്നു. 15 കിലോ കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഗ്രൂപ്പിലെ ആദ്യ നിർദേശങ്ങൾ കണ്ടപ്പോൾ ഡയറ്റ് എങ്ങനെ ചെയ്യുമെന്നുള്ള കൺഫ്യൂഷൻ ഉണ്ടായിരുന്നു. അപ്പോഴേക്കും എന്നെ കളിയാക്കിക്കൊണ്ടിരുന്ന കൂട്ടുകാർ സഹായവുമായെത്തി. ഹോസ്റ്റലിൽ ചെയ്യാൻ പറ്റാത്ത ആഹാരപരീക്ഷണങ്ങൾ അവർ വീട്ടിൽ ചെയ്ത് എനിക്കു കൊണ്ടുത്തന്നു. അവരുടെ ഈ ഉത്സാഹം കണ്ടപ്പോൾ ഞാൻതന്നെ അറിയാതെ അവരോടു ചോദിച്ചുപോയി, 'അപ്പോൾ അത്രയ്ക്കും ബോർ ആയിരുന്നോ ഞാനെന്ന്?'.

parvath2

ഹോസ്റ്റലിനുള്ളിലായിരുന്നു വർക്ക്ഔട്ട് ചെയ്തിരുന്നത്. ചോറ് കഴിക്കുന്നത് പൂർണമായും നിർത്തി. ആഗ്രഹം തോന്നുമ്പോൾ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കഴിച്ചു. ചെറുപയർ വാങ്ങി കൂട്ടുകാരെ ഏൽപ്പിച്ചു. അവർ വീട്ടിൽനിന്ന് പുഴുങ്ങി കൊണ്ടുത്തന്നു. ഓട്സ് ആയിരുന്നു എന്റെ പ്രധാന ആഹാരം. ആദ്യമൊക്കെ ചൂടുവെള്ളത്തിൽ ഇട്ടായിരുന്നു ഓട്സ് കഴിച്ചത്. പതിയെ ഒരു കെറ്റിൽ വാങ്ങി. രാവിലെ എന്തെങ്കിലും തോരനും ഓട്സും. ഉച്ചയ്ക്ക് പയർ പുഴുങ്ങിയതും തോരനും മീനും. ഈവനിങ് സ്നാക്ക് ആയി വീണ്ടും ഓട്സ്. രാത്രിയിൽ കാരറ്റ്, കുക്കുമ്പർ, ഒനിയൻ സാലഡും മീനും. ഹോസ്റ്റലിൽ ദിവസവും രണ്ടുനേരം മീൻ കിട്ടുമായിരുന്നു. അതിനാലാണ് ഉച്ചയ്ക്കും രാത്രിയും മീൻ കഴിക്കാൻ സാധിച്ചത്. 

രണ്ടാഴ്ച ആയപ്പോഴേ കാര്യമായ മാറ്റം കണ്ടുതുടങ്ങി. അതോടെ എനിക്കും ത്രിൽ ആയി. ഭാരം കുറയുമ്പോൾ മുഖം ശോഷിച്ച് ക്ഷീണിക്കുമോ എന്ന പേടി ആദ്യമുണ്ടായിരുന്നു. എന്നാൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പു മാത്രമേ നഷ്ടമാകുന്നുള്ളു എന്നു കണ്ടപ്പോൾ സന്തോഷമായി. എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് പീരീഡ്സ് കൃത്യമായപ്പോഴാണ്. ഡ്രസ്സ് സൈസ് എക്സ് എല്ലിൽ നിന്ന് ലാർജിലേക്കും പതിയെ മീഡിയത്തിലേക്കും മാറി. ആവശ്യമില്ലാത്ത ഫാറ്റൊക്കെ പോയി ശരീരം കൂടുതൽ ഫിറ്റായി. രണ്ടു നില കയറാൻ ബുദ്ധിമുട്ടിയിരുന്ന ഞാൻ ഇപ്പോൾ എട്ടു നില വരെ കയറും. ആറു മാസം കൊണ്ട് 10 കിലോ കുറയ്ക്കാൻ സാധിച്ചു. അ‍ഞ്ചു കിലോ കൂടി കുറയ്ക്കണം. അതിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ.

ഇപ്പോൾ കസിൻസ് പറയുന്നത് അവരുടെ കൂട്ടത്തിൽ ഏറ്റവും ഫിറ്റ് ഞാനാണെന്നാണ്. വണ്ണം കുറയ്ക്കുമെന്നു പറഞ്ഞപ്പോൾ എനിക്ക് ഇത്രയും മാറ്റം വരുമെന്ന് അവരാരും പ്രതീക്ഷിച്ചിരുന്നില്ല. തടിച്ചി വിളിയൊക്കെ എവിടെയോ പോയി മറഞ്ഞു. പാറു അമ്മച്ചിയിൽനിന്ന് പാറുക്കുട്ടിയിലേക്ക് എത്തി. വീട്ടിൽ ഏറ്റവും അധികം മോട്ടിവേഷൻ തന്നത് അച്ഛനാണ്. അമ്മയ്ക്കു വണ്ണം കൂടുന്നത് ഇഷ്ടമല്ലെങ്കിലും കുറച്ച് കുറഞ്ഞ് മുഖവും ശരീരവുമൊക്കെ മെലിഞ്ഞപ്പോൾ ഇനി ഒന്നും ചെയ്യേണ്ട എന്നു പറഞ്ഞു. പക്ഷേ എനിക്ക് ആരോഗ്യമാണു വലുത്. ശരീരഭാരത്തിനൊപ്പം കുറഞ്ഞത് എന്നെ ഏറെ വിഷമിപ്പിച്ചിരുന്ന ആരോഗ്യപ്രശ്നങ്ങളാണ്. എല്ലാവരും പറയുന്ന പോലെ ഞാനുമിപ്പോൾ ഡബിൾ ഹാപ്പിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com