ADVERTISEMENT

ഒരു മാസം മുൻപു വരെ ബന്ധുവീടുകളിൽ സന്ദർശനം നടത്താനോ ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാനോ ഒക്കെ മടിയായിരുന്നു കോഴിക്കോട് ബേപ്പൂർ സ്വദേശിയും ഒന്നാം വർഷ ബിബിഎ വിദ്യാർഥിയുമായ സോനുവിന്. കാരണം തടിച്ച ശരീരപ്രകൃതം തന്നെ. കാണുന്നവരെല്ലാം തടി കൂടുതലാണെന്നു പറയുമ്പോൾ ആത്മവിശ്വാസക്കുറവും അപകർഷതാബോധവും സോനുവിനെ അലട്ടിയിരുന്നു. ഇതൊഴിവാക്കാൻ തന്റെ കംഫർട്ടബിൾ സോണുകളിൽ മാത്രം ഒതുങ്ങുകയായിരുന്നു സോനു. പക്ഷേ ഇങ്ങനെ ഏറെക്കാലം മുന്നോട്ടു പോകാൻ കഴിയില്ലെന്നും എത്രയും പെട്ടെന്ന് ഇതിനു പരിഹാരം കാണണമെന്നുമുള്ള ആഗ്രഹവുമുണ്ടായിരുന്നു. പലപ്പോഴും ശരീരം വഴങ്ങാത്ത അവസ്ഥ കൂടിയായതോടെ ഇനി ഫിറ്റ് ആയിട്ടുതന്നെ കാര്യമെന്ന് സോനു തീരുമാനിച്ചു. അങ്ങനെ, ഒരു മാസംകൊണ്ട് 10 കിലോയാണ് സോനു കുറച്ചത്. തന്റെ വെയ്റ്റ്‌ലോസ് ടിപ്സ് മനോരമ ഓൺലൈൻ വായനക്കാർക്കായി സോനു പങ്കുവയ്ക്കുന്നു.

ഒരു മാസം മുൻപ് എന്റെ ശരീരഭാരം 78 കിലോയായിരുന്നു. ‘ഓ.. ഇതൊക്കെ ഇത്ര വലിയ ’എന്നു ചിന്തിക്കാൻ വരട്ടെ. ഈ തടി എന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. സൂഹൃത്തുക്കളുമൊത്തുള്ള യാത്രകളിലും മറ്റും ഏറെ വിഷമതകളും നേരിട്ടു. കാണുന്ന കുന്നും മലയുമൊക്കെ അവർ ഈസിയായി കയറുമ്പോൾ കിതച്ച് കയറാൻ ബുദ്ധിമുട്ടി താഴെ നിന്നിട്ടുണ്ട്. അപ്പോഴൊക്കെ തമാശരൂപേണ അവർ പറയുമായിരുന്നു നിന്റെ ഈ തടിയാണ് വില്ലനെന്ന്. എന്നാൽ പല ഭാഗത്തുനിന്നും ഈ വിമർശനങ്ങൾ ഉണ്ടായതോടെ ഞാനതങ്ങ് ഉറപ്പിച്ചു - ശരീരം ഫിറ്റ് ആക്കിയെടുത്തിട്ടുതന്നെ ഇനി കാര്യം.

ജിമ്മിൽ വർക്ക്ഔട്ടും ഭക്ഷണക്രമീകരണവുമായിരുന്നു ആദ്യപടി. ജിമ്മിലെ പരിശീലകർ മാർഗനിർദേശം നൽകി. അതു ചിട്ടയോടെ ചെയ്തതോടെ ൊരാഴ്ച ആയപ്പോൾതന്നെ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങി. അപ്പോഴാണ് കൂട്ടുകാരൊക്കെ അറിയുന്നത് ഞാൻ വെയ്റ്റ്‌ലോസ് ചെയ്യാൻ തീരുമാനിച്ചെന്ന്. പിന്നെ അവരും പ്രോത്സാഹനം തന്നു. എനിക്കു വേണ്ട ഭക്ഷണം കൃത്യമായി ഉണ്ടാക്കിത്തന്ന് അമ്മയും കൂടെനിന്നു. വീട്ടിൽനിന്നു നല്ല സപ്പോർട്ട് കൂടി കിട്ടിയതോടെ ഒരു മാസം കൊണ്ട് 10 കിലോ കുറയ്ക്കാൻ സാധിച്ചു.

വർക്ക്ഔട്ടിനു പുറമേ രാവിലെ ഒരു മണിക്കൂർ ഓടാൻ പോകും. വൈകിട്ട് വെയ്റ്റ് ട്രെയിനിങ്ങിനു പുറമേ ജിമ്മിലുള്ള വർക്ക്ഔട്ടുകളും തുടർന്നു. വെയ്റ്റ് ട്രെയ്നിങ്ങിലൂടെ മസിൽ സ്ട്രെങ്ത് കൂട്ടാനായി. പരുക്കുകളുണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. പുറത്തു നിന്നുള്ള ഭക്ഷണവും മധുര പലഹാരങ്ങൾ, ബേക്കറി സാധനങ്ങൾ, എണ്ണ അടങ്ങിയ ആഹാരങ്ങൾ എന്നിവയും പൂർണമായി ഒഴിവാക്കി. 

പ്രാതലിന് രണ്ട് മുട്ടയുടെ വെള്ള, പച്ചക്കറി ജ്യൂസ്, രണ്ട് ചപ്പാത്തി എന്നിവയായിരുന്നു. 11 മണിക്ക് പത്ത് ബദാം കഴിക്കും. ഉച്ചഭക്ഷണമായി വെജിറ്റബിൾ സാലഡ്, എന്തെങ്കിലും വെജിറ്റബിൾ ജ്യൂസ്, ഒരു റോബസ്റ്റ പഴം. വൈകിട്ട് ജിമ്മിൽ പോകുന്നതിനു മുമ്പ് ഒരു റോബസ്റ്റ പഴവും ഒരു ഗ്ലാസ്സ് വെള്ളവും. രാത്രി രണ്ടു ചപ്പാത്തി  അല്ലെങ്കിൽ വെജിറ്റബിൾ സാലഡോ രണ്ട് റോബസ്റ്റ പഴമോ. 

ഏറ്റവും സന്തോഷം തോന്നിയത്, എന്റെ ഭാരം കുറഞ്ഞതോടെ കുറച്ചു സുഹൃത്തുക്കളും എനിക്കൊപ്പം കൂടിയിട്ടുണ്ട്, രാവിലെ ഓടാൻ പോകാൻ. അവരാരും പ്രതീക്ഷിച്ചില്ല എനിക്ക് ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം ഉണ്ടാകുമെന്ന്. ഞാൻ ജിമ്മിൽ പോയപ്പോഴും അവർ കരുതിയത് വെറുതേ പോയി വല്ലതുമൊക്കെ ചെയ്ത് തിരിച്ചു പോരുമെന്നാണ്. ഒരു മാസംകൊണ്ട് ഇത്രയും മാറ്റം ഉണ്ടായപ്പോൾ അവർ ഏറെ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com