ADVERTISEMENT

രൂപത്തിലുള്ള അഭംഗി മാത്രമല്ല ഒരു കൂട്ടം രോഗങ്ങളെയും കുടവയർ സമ്മാനിക്കാം. എന്തൊരു വയറാ, വയറൊക്കെ ചാടി അങ്ങ് കോലം കെട്ടു പോയല്ലോ, പോയി ആ വയറൊന്നു കുറയ്ക്ക്... തുടങ്ങിയ പരിഹാസങ്ങളും ഉപദേശങ്ങളുമൊക്കെ കേൾക്കാത്ത കുടയവയറുകാർ കാണില്ല. എന്തൊരു നാണക്കേടാ ഈ വയർ സമ്മാനിക്കുന്നതെന്ന് ഓർത്ത് മനസ്സു വിഷമിപ്പിക്കേണ്ട, ഇതാ അതിനുള്ള 8 പോംവഴികൾ.

1. ആകാം ചെറുനടത്തവും അൽപ്പം വ്യായാമവും
ദിവസവും 30 മിനിറ്റ് മിതമായ നിരക്കിൽ തുടങ്ങി തീവ്രമായ നിരക്കിൽവരെ വ്യായാമം ചെയ്താൽ ഈ വിസറൽ ഫാറ്റൊക്കെ ഉറപ്പായും കുറയുമെന്നേ. ഈ വ്യായാമമൊക്കെ ചെയ്യാൻ ഇനി ജിമ്മിലൊക്കെ പോണ്ടേ... അതിനൊന്നും സാധിക്കില്ലാന്നേ... എന്നു വിചാരിച്ച് ആരും വിട്ടും കളയേണ്ട. പഠനങ്ങൾ പറയുന്നത് നടത്തം, ജോഗിങ്, നീന്തൽ, ട്രെഡ്മിൽ പോലുള്ള എയ്റോബിക് വ്യായമങ്ങൾ ചെയ്യുമ്പോഴാണ് ഏറ്റവും ഗുണകരമായ ഭാരം കുറയൽ സംഭവിക്കുന്നതെന്നാണ്. 

2. ചോറ് ഒന്നു കുറച്ചാലോ
ചോറിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്.  കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോൾ കൊഴുപ്പ്നഷ്്ടം സംഭവിക്കും. അതിനാൽ വയറു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചോറിന്റെ അളവ് തീരെ കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുന്നതാകും നല്ലത്. അൽപ്പം ചോറും ബാക്കി പഴങ്ങളും പച്ചക്കറികളും ആക്കുക.

3. ബേക്കറി പലഹാരങ്ങളോട് ബൈ
വയർ കുറയ്ക്കാൻ തീരുമാനമെടുത്താൽ ആദ്യം ചെയ്യേണ്ടത് ബേക്കറി പലഹാരങ്ങളോടും ശീതളപാനീയങ്ങളോടും നോ പറയുകയാണ്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോൺസിറപ്പ് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകും. ആവശ്യത്തിലധികം ഫ്രക്ടോസ് എത്തിയാൽ  അത് കരളിലേക്കു പോയി കൊഴുപ്പായി അടിയും.

4. ആകാം ആപ്പിളും പയറും
വയർ കുറയ്ക്കാനുള്ള നല്ലൊരു മാർഗമാണ് ദിവസവും 10 ഗ്രാം ലയിക്കുന്ന നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത്. ദിവസവും രണ്ട് ആപ്പിൾ അല്ലെങ്കിൽ ഒരു കപ്പ് പയർവർഗം അതുമല്ലെങ്കിൽ വാഴച്ചുണ്ടോ പിണ്ടിയോ പോലുള്ള പച്ചക്കറികൾ ഒരു കപ്പ് കഴിച്ചാൽ ആവശ്യത്തിനു നാരുകൾ ലഭിക്കും. നാരുകൾ അടങ്ങിയ ഭക്ഷണം വിശപ്പു കുറയ്ക്കുകയും എപ്പോഴും വയറ് നിറഞ്ഞിരിക്കുന്നുവെന്ന തോന്നലുണ്ടാക്കുകയും ചെയ്യും.

5. പാലു കുടിച്ചാലോ
വയറു കുറയ്ക്കാൻ ഭക്ഷണം ക്രമപ്പെടുത്തുന്നവര്‍ക്ക് ധൈര്യമായി പാലു കുടിക്കാം. എത്ര കണ്ട് കാൽസ്യം കഴിക്കുന്നുവോ അത്രയും കുറവ് വിസറൽ ഫാറ്റേ സ്ത്രീകളിൽ അടിയുള്ളുവെന്ന് ബ്രിമിങ്ഹാം അലബാമ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പാട നീക്കി കൊഴുപ്പ് കുറച്ച് മധുരം അധികം ചേർക്കാതെയാകണം പാലു കുടിക്കേണ്ടത്.

6. ഭക്ഷണസമയം ക്രമീകരിക്കാം
ഭക്ഷണമാണോ അത് എപ്പോൾ കിട്ടിയാലും ഞാൻ കഴിക്കും എന്നുള്ളവർ വയർ കുറയ്ക്കാൻ ഇറങ്ങുന്നതിനു മുൻപ് ഈ സ്വഭാവം ഒന്നു മാറ്റിപ്പിടിക്കേണ്ടി വരും. ശരിയായ ഭക്ഷണക്രമമില്ലെങ്കിൽ വിശപ്പു തോന്നിക്കുന്ന ഹോർമോണുകൾ എപ്പോഴും ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടും. അതിനാൽ കഴിക്കാനുള്ള സമയം ക്രമീകരിച്ച് ആ സമയത്തു മാത്രം കഴിക്കാൻ ശ്രമിക്കുക.

7. ആകാം ഗ്രീൻടീയും
ദിവസവും 625 മി.ഗ്രാം ഗ്രീൻടീ ശരീരത്തിലെത്തുന്നത് വയറിലെ കൊഴുപ്പ് കുറയാൻ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്രീൻടീയിലെ ക്യാറ്റക്കിൻസ് ആണ് കൊഴുപ്പടിയുന്നത് തടയുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുകയും അതോടൊപ്പം ഗ്രീൻടീ കുടിക്കുകയും ചെയ്തവരിലാണ് കൊഴുപ്പ് കുറഞ്ഞതായി കണ്ടത്. 

8. ആറു മണിക്കൂർ ഉറങ്ങിക്കോളൂ
എത്രയൊക്കെ വ്യായാമം ചെയ്തിട്ടും ഭക്ഷണം ക്രമീകരിച്ചിട്ടും ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വന്നാൽ ഉദ്ദേശിച്ച ഫലം കിട്ടില്ല. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നതിന് ദിവസവും ഏറ്റവും കുറഞ്ഞത് ആറു മണിക്കൂർ ഉറക്കം അനിവാര്യമാണ്. ദിവസവും കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരിൽ കോർട്ടിസോൾ ഹോർമോൺ സന്തുലിതാവസ്ഥയിലായിരിക്കും. ഇത് അനാവശ്യമായി കൊഴുപ്പ് അടിയാതെ സഹായിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com