ADVERTISEMENT

അമിതവണ്ണവും കുടവയറും കുറയ്ക്കുന്നതിനു വളരെ ഫലപ്രദവും ലളിതവും സുഗമവുമായ വ്യായാമപദ്ധതിയാണു യോഗ പരിശീലനം. ഇരുപതു കിലോഗ്രാം അമിതഭാരമുണ്ടെങ്കിൽ ഏകദേശം നാലു മാസത്തെ പരിശീലനം കൊണ്ട് ഉചിതമായ ഭാരത്തിലെത്താനാകുന്നു. ഇതു പേശികൾക്കോ ചർമത്തിനോ യാതൊരു വൈരൂപ്യവും ഉണ്ടാക്കുന്നില്ല. അമിതവണ്ണവും കുടവയറും ഉള്ളവർ പരിശീലിക്കേണ്ട ഏതാനും ആസനങ്ങൾ അറിയാം.

1 ദ്വിപാദ ഉത്ഥാനാസനം:  കൈകൾ ശരീരത്തിന്റെ ഇരുഭാഗത്തും തറയിൽ കമിഴ്ത്തി വച്ചു മലർന്നു കിടക്കുക. ശ്വാസം എടുത്തു കൊണ്ടു കാലുകൾ കുത്തനെ ഉയർത്തുക. ശ്വാസം വിട്ട് താഴ്ത്തുക. പത്തോ പതിനഞ്ചോ തവണ പരിശീലിക്കാം. പ്രയാസമുള്ളവർ ഇരുകാലുകൾക്കു പകരം ഓരോ കാലുകൾ മാറി മാറി ഉയർത്തുക.

2 പശ്ചിമോത്ഥാനാസനം: കാലുകൾ ചേർത്തു മലർന്നു കിടക്കുക. ശ്വാസം എടുത്തു കൊണ്ട് ഇരുകൈകളും തലയ്ക്കു പിൻവശത്തു നീട്ടി പതിക്കുക. ശ്വാസം വിട്ടുകൊണ്ടു കൈകളും തലയും ഉയർത്തി കിട്ടാവുന്നത്ര മുന്നോട്ടു വലിഞ്ഞു പാദം പിടിക്കാൻ ശ്രമിക്കുക. ശ്വാസം എടുത്തു കൈകൾ വീണ്ടും തലയ്ക്കു പിറകിലേക്കു കൊണ്ടുവന്നു മലർന്നുകിടക്കുക. വീണ്ടും ഉയരുക. ഇതു തുടർച്ചയായി അൽപം വേഗത്തിൽ പത്തോ പതിനഞ്ചോ തവണ പരിശീലിക്കാം.

3 ശലഭാസനം: കമഴ്ന്നു കിടന്നു താടി തറയിൽ പതിക്കുക. കൈകൾ മലർത്തി തുടയുടെ അടിഭാഗത്തോ അല്ലെങ്കിൽ വിരലുകൾ മടക്കി തുടയുടെ ഇരുഭാഗത്തും തറയിലോ പതിച്ചു വയ്ക്കുക. ശ്വാസം എടുത്തതിനുശേഷം കാലുകൾ 45 ഡിഗ്രി വരെ ഉയർത്തുക. അൽപനേരം അവിടെ നിർത്തുക. കാലുകൾ താഴ്ത്തി ശ്വാസം വിടുക. നാലോ അഞ്ചോ തവണ പരിശീലിക്കാം.

4 ഹലാസനം: മലർന്നു കിടക്കുക. ശ്വാസം എടുത്തു കാലുകൾ ഉയർത്തി തലയ്ക്കു പിൻവശത്തു തറയിൽ പതിക്കുക. ശ്വാസം വിട്ടുകൊണ്ടു പൂർവസ്ഥിയിൽ വരിക. പത്തു തവണ പരിശീലിക്കാം.

5 പവനമുക്താസനം: മലർന്നു കിടക്കുക, ദീർഘമായി ശ്വാസം എടുക്കുക. ശ്വാസം വിട്ടുകൊണ്ട് ഒരു കാൽമടക്കി നെഞ്ചോടമർത്തുക. തല ഉയർത്തി താടിയും കാൽമുട്ടും തൊടുവിക്കാൻ ശ്രമിക്കുക. മാറിമാറി നാലോ അഞ്ചോ തവണ പരിശീലിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com