ADVERTISEMENT

ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിതയായി അറിയപ്പെട്ടിരുന്ന അമിത രജാനിക്ക് ആ പേര് നഷ്ടമാകുന്നു. ശസ്ത്രക്രിയയിലൂടെ 214 കിലോയാണ് അമിത കുറച്ചിരിക്കുന്നത്. ഇപ്പോൾ ശരിക്കും സാധാരണ ജീവിതത്തിലേക്കു മടങ്ങിവന്നു കഴിഞ്ഞു അമിത.

42 കാരിയായ അമിതയ്ക്ക് 300 കിലോയായിരുന്നു ശരീരഭാരം. നാലു വർഷം കൊണ്ടാണ് 214 കിലോ കുറച്ചത്. ഇപ്പോൾ 86 കിലോണ് ശരീരഭാരം. മഹാരാഷ്ട്രയിലെ വസായ് സ്വദേശിയായ അമിത ജനിക്കുമ്പോൾ തൂക്കം സാധാരണ കുട്ടികളെപ്പോലെ മൂന്നു കിലോയായിരുന്നു. ആറാം വയസ്സിലേക്ക്‌ കടന്നതോടെയാണ് ശരീരഭാരം കൂടാൻ തുടങ്ങിയതെന്ന് അമിത ഓർക്കുന്നു. 16-ാം വയസ്സിൽ 126 കിലോ ആയതോടെ അസുഖങ്ങളും കൂട്ടിനെത്തി. ശ്വസതടസ്സം കൂടിവന്നതോടെ ഓക്സിജൻ എപ്പോഴും വേണമെന്നായി. 2007 മുതൽ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയായി. ആ കിടപ്പ് എട്ടുവർഷത്തോളം നീണ്ടു. ശരീരം തുടയ്ക്കാനും വൃത്തിയാക്കാനുമായി ദിവസം നൂറിലധികം തൂവാലകൾ ഉപയോഗിക്കേണ്ടിവന്നു.

അസ്വസ്ഥതകൾ കൂടിയതോടെ ശരീരഭാരം കുറയ്ക്കാതെ രക്ഷയില്ലാത്ത അവസ്ഥയായി. അങ്ങനെയാണ് മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോ. ശശാങ്ക് ഷായെ കാണുന്നത്. വർഷങ്ങൾക്കു ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങിയത് ഡോക്ടറെ കാണാനായിരുന്നെന്ന് അമിത പറയുന്നു. അതിനും വീടിന്റെ വാതിൽ പൊളിച്ചുമാറ്റേണ്ടി വന്നു. ആംബുലൻസിൽ വലിയൊരു സോഫ പണിതുറപ്പിച്ചു. ആശുപത്രിയിൽ പ്രത്യേകം കിടക്കയുണ്ടായിരുന്നു. 

രണ്ടു ഘട്ടമായായിരുന്നു ചികിത്സ. 2015-ൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം പരസഹായമില്ലാതെനടക്കാൻ തുടങ്ങി. 2017-ലെ രണ്ടാം ശസ്ത്രക്രിയയ്ക്കു ശേഷം 140 കിലോ കൂടി കുറഞ്ഞു. ഏകദേശം 35 ലക്ഷത്തോളം രൂപയാണ് അമിതയുടെ ഈ ചികിത്സയ്ക്കായി ചെലവായത്. ഇപ്പോൾ സാധാരണ ഒരാൾ ചെയ്യുന്ന ജോലികളെല്ലാം ചെയ്യാൻ സാധിക്കുന്നുണ്ട്. അമിതയെ അലട്ടിയിരുന്ന പ്രമേഹം, രക്തസമ്മർദം, കിഡ്നി പ്രശ്നങ്ങൾ എന്നിവയും പൂർണമായി മാറിയെന്ന് ഡോക്ടർ ഷാ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com