ADVERTISEMENT

ഡയറ്റുകൾ പലതും പരീക്ഷിച്ചു നോക്കി, ഭക്ഷണം ഒരു നേരം മാത്രമാക്കി... ഇതൊക്കെ ചെയ്തിട്ടും ശരീരം ക്ഷീണിക്കുന്നതല്ലാതെ വയർ തീരെ കുറയുന്നതേ ഇല്ല. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ 'വിശേഷം ഉണ്ടല്ലേ' എന്നു കൂടി ചോദിക്കാൻ തുടങ്ങിയതോടെ സിന്ധുവിനുതന്നെ മനസ്സിലായി, ഇങ്ങനെ പോയാൽ ശരിയാകില്ലെന്ന്. ഈ തോന്നൽ ഒടുവിൽ വിജയം കണ്ടു. പ്ലസ്ടുവിനു പഠിക്കുന്ന മോളോട്, ചേച്ചി ആണോയെന്നു ചോദിക്കുന്നതുവരെ എത്തി കാര്യങ്ങൾ. ഇതിനു പിന്നിലെ രഹസ്യം എന്തായിരുന്നുവെന്ന് ദോഹയിൽ താമസിക്കുന്ന സിന്ധു മനോരമ ഓൺലൈനോടു പറയുന്നു.

കോളജില്‍ പഠിക്കുന്ന സമയം വരെ ശരാശരി ശരീരഭാരം മാത്രമുണ്ടായിരുന്ന ആളായിരുന്നു ഞാൻ. വിവാഹം കഴിഞ്ഞപ്പോഴും അധികം മാറ്റമൊന്നും ഉണ്ടായില്ല. എന്നാൽ ആദ്യത്തെ പ്രസവം കഴിഞ്ഞതോടെ ശരീരഭാരം കൂടി. ആരോഗ്യം ശ്രദ്ധിക്കുന്നതിനാലും തടി കൂടുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അറിയാവുന്നതിനാലും നാലഞ്ചു മാസം കഴിഞ്ഞപ്പോൾത്തന്നെ ഡയറ്റു ചെയ്തു ഭാരം കുറച്ചു. രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോഴും ഇതേ രീതിയിൽ ഭാരം കുറച്ചു. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്, ആഹാരം ക്രമീകരിച്ച് ഭാരം കുറച്ചപ്പോൾ ശരീരഭാരം കുറഞ്ഞു, പക്ഷേ ഫാറ്റ് അതുപോലെ തന്നെയുണ്ട്. അതായത്, മെലിഞ്ഞു എന്നാൽ കുടവയറുണ്ട് എന്ന അവസ്ഥ. ഈ സമയത്താണ് 'വിശേഷമുണ്ടോ' എന്ന ചോദ്യം ഞാൻ കേട്ടു തുടങ്ങിയത്. പിന്നെ എങ്ങനെയെങ്കിലും വയർ കുറയ്ക്കാനുള്ള ശ്രമങ്ങളായി.

അപ്പോഴാണ് തൃശൂരുള്ള ഒരു പാർലറിൽ വയറിലെ ഫാറ്റ് കുറയ്ക്കുന്ന പരിപാടിയുണ്ടെന്നു കേട്ടത്. അതൊന്നു പരീക്ഷിക്കാമെന്നു വിചാരിച്ചു. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് അതൊരു മെഷീൻ ട്രീറ്റ്മെന്റാണ്. അതു വിജയം കാണാത്തതുകൊണ്ട് അവർ നിർത്തിവച്ചിരിക്കുകയാണെന്ന്. വയർ കുറയ്ക്കാനുള്ള ശസ്ത്രക്രിയയുണ്ടെന്നും അവർ പറഞ്ഞു. അങ്ങനെ ഒരു റിസ്കെടുത്ത് വയർ കുറയ്ക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ട് അതൊന്നും വേണ്ടായെന്നു തീരുമാനിച്ചു. 

അതു കഴിഞ്ഞപ്പോഴാണ് വെയ്റ്റ്‌ലോസ് ചാലഞ്ചിനെക്കുറിച്ചുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നത്. ആ സമയത്ത് ഞാൻ നാട്ടിൽ ആയതിനാൽ ആ ഗ്രൂപ്പിൽ ചേരാൻ സാധിച്ചില്ല. പക്ഷേ ആ ഗ്രൂപ്പിലുണ്ടായിരുന്നവരുടെ വിജയഗാഥകൾ ഞാൻ മനോരമ ഓൺലൈനിൽ വായിച്ചിരുന്നു. അപ്പോൾ ശരിക്കും നഷ്ടബോധം തോന്നി. ഫെബ്രുവരിയിൽ പുതിയ ബാച്ച് തുടങ്ങിയപ്പോൾ ഞാനും ഭാഗമായി. ശരീരഭാരം നിയന്ത്രിക്കുക എന്നതിലുപരി വയർ കുറയ്ക്കുക എന്നതായിരുന്നു എനിക്കു പ്രധാനം.

ഫെബ്രുവരിയിൽ ശരീരഭാരം 55 ആയിരുന്നു. നാലു മാസം ആയപ്പോഴേക്കും അത് 51 ആയി. ഏറ്റവും സന്തോഷം എന്റെ വയറു കുറഞ്ഞതുതന്നെയാണ്. അബ്ഡോമൻ 90 ഉണ്ടായിരുന്നത് ഇപ്പോൾ 68 ആയി. ഡ്രസ്സ് ഇടുമ്പോഴെല്ലാം വയർഭാഗം തള്ളി നിന്നിരുന്ന പ്രശ്നം ഇപ്പോൾ പൂർണമായും മാറി. എങ്കിലും ഇനിയും കുറയ്ക്കണമെന്ന ആഗ്രഹമുണ്ട്. ഇപ്പോഴും അതിനുള്ള വർക്ക്ഔട്ടുകളും ഡയറ്റും ചെയ്യുന്നുമുണ്ട്.

പല ഡയറ്റുകളും ഇതിനു മുൻപ് പരീക്ഷിച്ചിട്ടുള്ളതിനാൽ ഇവിടെ ഒരു മേൻമയായി എനിക്കു തോന്നിയത്, ഈ ഗ്രൂപ്പിൽ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുകയല്ല, പകരം ആഹാരം കഴിച്ച് വർക്ക്ഔട്ട് ചെയ്ത് ശരീരം സൂക്ഷിക്കുകയാണ് ചെയ്യുന്നത് എന്നതാണ്. ഒഴിവാക്കുന്നത് ജ‍ങ്ക്ഫുഡ്, മധുര പലഹാരങ്ങൾ എന്നിവ മാത്രമാണ്. വർക്ക്ഔട്ട് ചെയ്യുമ്പോൾ ശരീരത്തിനും മനസ്സിനും ഒരു പോസിറ്റീവ് എനർജി ഉണ്ടാകുകയും ചെയ്യുന്നു. ഓരോ ദിവസവും ചെയ്യേണ്ട വർക്ക്ഔട്ടും ഡയറ്റുമെല്ലാം ഗ്രൂപ്പിൽ കൃത്യമായി പറഞ്ഞുതരും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും പണിഎടുപ്പിച്ചുള്ള വർക്ക്ഔട്ടാണ് നടക്കുന്നത്. 

എച്ച്ഐഐറ്റിയും റസിസ്റ്റന്റ്സ് ട്രെയ്നിങ്ങും കൂടിയിട്ടുള്ള വർക്ക്ഔട്ടാണ് ഞാൻ ചെയ്തത്. ഈ വർക്ക്ഔട്ടൊക്കെ എനിക്കു പറ്റുന്ന കാര്യമാണോ എന്ന ചിന്ത തുടക്കത്തിൽ എനിക്കുണ്ടായിരുന്നു. മുൻപ് ഞാൻ വൺ വീക്ക് ഡയറ്റ്, അതായത് ഒരു ദിവസം ഫ്രൂട്ട്സ്, മറ്റൊരു ദിവസം വെജിറ്റബിൾസ് ഇങ്ങനെയുള്ള ഡയറ്റ് പരീക്ഷിച്ചിട്ടുണ്ടായിരുന്നു. ആദ്യ ദിവസം  ഫ്രൂട്ട്സ് ആയിരുന്നു. അത് പകുതി സമയം ആയപ്പോഴേക്കും എനിക്കു തീരെ പറ്റാതെ വന്നു. ഇവിടെയും എനിക്ക് ആ പേടി ഉണ്ടായിരുന്നു. എന്നാൽ യാതൊരു പ്രശ്നവും തോന്നിയില്ലെന്നു മാത്രമല്ല, ഞാൻ ഡയറ്റിങ്ങിലാണ് എന്ന ഫീലിങ് പോലും ഉണ്ടായില്ല എന്നതാണ് വാസ്തവം. 

വയറിൽ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങിയപ്പോൾതന്നെ സൂംബയാണോ ജിമ്മാണോ സീക്രട്ട് എന്നൊക്കെ ചോദിച്ച് സുഹൃത്തുക്കളും എത്തി. അതോടെ എനിക്കും ആശ്വാസമായി. എന്റെ അധ്വാനം ഫലം കണ്ടുതുടങ്ങിയെന്നെു മനസ്സിലായി. വിശേഷം തിരക്കിയവരൊക്കെ സീക്രട്ട് ചോദിക്കാൻ തുടങ്ങി. പ്രോത്സാഹനവും നല്ല വാക്കുകളുമായി അവർ കൂടെനിന്നു. പ്രായം 40നോട് അടുക്കുന്ന എന്നോട്, മോളുടെ കൂടെ കോളജിൽ അഡ്മിഷ്ൻ നോക്കിക്കോ എന്നു പറയുന്നു. മോളുടെ, എന്നെ പരിചയമില്ലാത്ത സുഹൃത്തുക്കൾ ചേച്ചി ആണോയെന്നു ചോദിക്കുന്നു... ഇതൊന്നും ഞാനൊരിക്കലും പ്രതീക്ഷിച്ചതേ ആയിരുന്നില്ല. ഇഷ്ടപ്പെട്ടു വാങ്ങിയ പല ഡ്രസ്സുകളും ഇടുമ്പോൾ ആത്മവിശ്വാസം തോന്നാതെ മാറ്റിവച്ചിരുന്നു. അവയൊക്കെ ഇപ്പോൾ ഇടാൻ പറ്റുന്നുവെന്നതും ഇരട്ടി സന്തോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com