ADVERTISEMENT

മെയ്‌ 28 ലോകമമ്പാടും ആര്‍ത്തവശുചിത്വദിനമായാണ് ആചരിക്കുന്നത്. സ്ത്രീകള്‍ക്കിടയില്‍ ആര്‍ത്തവശുചിത്വത്തെ കുറിച്ച് കൂടുതല്‍ അവബോധം നല്‍കാനാണ് ഈ ദിനം ആചരിക്കുന്നത്. ആര്‍ത്തവം ഒരു സ്ത്രീയുടെ വളരെ സാധാരണമായ ഒരു ശാരീരികാവസ്ഥയാണെന്നും ആരോഗ്യമുള്ള എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതുണ്ടാകുമെന്നു തിരിച്ചറിയുകുമാണ് ആദ്യം വേണ്ടത്. ഒപ്പം ആര്‍ത്തവകാലത്ത് പാലിക്കേണ്ട ശുചിത്വത്തെ കുറിച്ച് കൂടുതല്‍ ബോധവത്കരണം നടത്താന്‍ കൂടി ഈ ദിനം ആഘോഷിക്കുന്നു.

'ടൈം ഫോര്‍ ആക്‌ഷന്‍ ' എന്നതാണ് ഈ വര്‍ഷത്തെ തീം. ആര്‍ത്തവകാലത്ത് ഒരു സ്ത്രീ ഒരുപാട് സമ്മര്‍ദങ്ങളിലൂടെയാണ് കടന്നു പോകുന്നത്. വയറുവേദന, തലകറക്കം, ഛര്‍ദി, രക്തസ്രാവം എന്നിങ്ങനെ ശാരീരികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നാളുകള്‍ കൂടിയാണ് ആര്‍ത്തവകാലം. എന്നാല്‍ ആര്‍ത്തവകാലത്തെ യോഗയുടെ അദ്ഭുതഗുണങ്ങളെ കുറിച്ച് പലപ്പോഴും നമ്മള്‍ അറിയാറില്ല. ചെറിയ ചെറിയ യോഗാസനങ്ങള്‍, ശ്വസനക്രിയകള്‍, എന്തിന് മെഡിറ്റേഷന്‍ കൊണ്ടുപോലും ആര്‍ത്തവവേദനയെ ഒരുപരിധി വരെ ചെറുക്കാന്‍ സാധിക്കും. പെല്‍വിക് ഏരിയയുടെ വികാസത്തിനും ആര്‍ത്തവകാലത്ത് ഉണ്ടാകുന്ന മാനസികപിരിമുറുക്കങ്ങളെ തരണംചെയ്യാനുമെല്ലാം യോഗയ്ക്ക് സാധിക്കും.

മൂഡ്‌ സ്വിങ്ങ്സ്, ദേഷ്യം, വിഷാദം, സങ്കടം എന്നിവ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് സാധാരണമായി കാണുന്നതാണ്. എന്നാല്‍ എല്ലാത്തരം യോഗാസനങ്ങളും ആര്‍ത്തവകാലത്ത് ചെയ്യാന്‍ സാധിക്കുന്നതല്ല. ഉദാഹരണത്തിന് ചില ആസനങ്ങള്‍ അമിതരക്തസ്രാവത്തിന് കാരണമായേക്കാം. ഇത് ആര്‍ത്തവസമയത്ത് ഒഴിവാക്കണം. ശീര്‍ഷാസന, സര്‍വാംഗാസന, ധനുരാസന, ഹലാസന, കര്‍ണപീഡാസന, ബാഗാസന എന്നിവ ആര്‍ത്തവകാലത്ത് ചെയ്യരുതെന്ന് വിദഗ്ധര്‍ പറയുന്നു.

ആര്‍ത്തവകാലത്ത് ചെയ്യാവുന്ന ചില യോഗാസനങ്ങള്‍ ചുവടെ :

ബലാസന  (Child’s Pose): നിങ്ങളുടെ ഉപ്പൂറ്റിയിന്മേല്‍ ഇരുന്ന് കൈകള്‍ മുന്‍പോട്ട് നീട്ടുകയോ കൈകള്‍ പതുക്കെ പിറകില്‍ ഉപ്പുറ്റി തൊടുകയോ ചെയ്യുക. ഈ രീതി നിങ്ങളുടെ നട്ടെല്ലിനെ സ്ട്രെച്ച് ചെയ്യാനും ബലമുള്ളതാക്കുവാനും സഹായിക്കുന്നു. ഒപ്പം കഴുത്തു വേദന, പുറം വേദന എന്നിവയ്ക്കും ആശ്വാസം ലഭിക്കും. 

ദണ്ഡാസനം  (Staff Pose): നടുവ് നിവര്‍ത്തി തറയില്‍ ഇരുന്ന ശേഷം കാലുകള്‍ വിടര്‍ത്തി പാദങ്ങള്‍ നിവര്‍ത്തി ഇരിക്കുക. ശേഷം നിങ്ങളുടെ നിതംബം തറയില്‍ അമര്‍ത്തുകയും ശരീരഭാരം നിതംബത്തില്‍ ബാലന്‍സ് ചെയ്യപ്പെടുകയും ചെയ്യണം. തല മുന്നിലേക്ക് നോക്കി നിവര്‍ത്തി പിടിക്കുക. ഉപ്പൂറ്റികള്‍ തറയില്‍ അമര്‍ത്തി വയ്ക്കുക.. കൈപ്പത്തികള്‍ ഇടുപ്പിന് സമീപത്തായി തറയില്‍ അമര്‍ത്തി വയ്ക്കുക.. കാലുകള്‍ അയച്ചിട്ട ശേഷം ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 

ഗുണങ്ങള്‍ : നടുവിന്‍റെ പേശികളും വയറും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. നെഞ്ചും തോളുകളും വികസിപ്പിക്കാനും സമ്മര്‍ദം അകറ്റാനും ഏകാഗ്രത വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ആസ്മ സുഖപ്പെടുത്താനും ശരീരത്തിന്‍റെ നില മെച്ചപ്പെടുത്താനും ദണ്ഡാസനം ഫലപ്രദമാണ്

സന്തുലനാസന  (Plank Pose):പുഷ് അപ്പ് ചെയ്യുന്ന വിധമാണ് ഈ പോസ്. വയറിനു നല്ല ആയാസം ലഭിക്കുന്ന വ്യായാമം കൂടിയാണിത്. 

പശ്ചിമോത്താനാസനം(Paschimottanasana):കാൽ നീട്ടിയിരുന്ന് കാലുകൾ തമ്മിൽ അകറ്റക. ശ്വാസം വിട്ടുകൊണ്ട് മുന്നോട്ട് കുനിയുക. നെഞ്ചും ചുമലും നിലത്ത് പതിയണം. താടി നിലത്ത് പതിച്ച് കൈകൾ മുന്നോട്ടോ ഇരു വശങ്ങളിലേക്കോ പിടിക്കണം. അൽപ്പസമയത്തിനുശേഷം ശ്വാസമെടുത്ത് വീണ്ടും പൂർവസ്ഥിതിയിലേക്ക് തിരിച്ച് വരിക. ആര്‍ത്തവംക്രമത്തിലാകാന്‍ കൂടി ചെയ്യാവുന്ന ഒരു യോഗയാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com