മനസ്സിനും ശരീരത്തിനും വിശ്രമം ആവശ്യമാണോ; ചെയ്യാം ശവാസനം

SHARE

മനസ്സിനും ശരീരത്തിനും ഒരേ സമയം കൊണ്ട്  പരിപൂർണ വിശ്രമം ലഭിക്കുന്നു. ഉറങ്ങിയാൽ പോലും ഇതേപോലൊരു വിശ്രമം നമുക്കു കിട്ടുകയില്ല. ഏകാഗ്രത വർധിക്കുന്നു. രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ ഉറക്കം വരാത്ത ഘട്ടങ്ങളിൽ ശവാസനം വേണ്ടവിധം ചെയ്താൽ താനേ ഉറക്കം കിട്ടുന്നതാണ്. നവചൈതന്യം വീണ്ടെടുക്കുന്നതിനു വളരെയധികം സഹായിക്കുന്നൊരാസനമാണിത്. ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനം ശാന്തമായും വളരെ ഭംഗിയായും നടക്കുന്നു. ഒരു രാത്രി മുഴുവനും ഉറങ്ങാതിരുന്നാലും അര മണിക്കൂർ ശവാസനം ചിട്ടയോടുകൂടി ചെയ്താൽ അതിന്റെ ന്യൂനതകൾ പരിഹരിക്കുവാൻ സാധിക്കുന്നതാണ്. 

രോഗത്തിന്റെ കാഠിന്യം മൂലമുണ്ടാക്കുന്ന മാനസിക പിരിമുറുക്കവും ശാരീരിക അസ്വസ്ഥതകളും ഒരു പരിധിവരെ കുറയ്ക്കുന്നതിനു സഹായിക്കുന്നൊരാസനമാണ് ശവാസനം. അതോടൊപ്പം ശരീരത്തിന്റെയും മനസ്സിന്റെയും പല ബലഹീനതകളും പരിഹരിക്കാൻ സാധിക്കുന്നതാണ്.

ശവാസനം ചെയ്യുന്ന വിധം: കൈകാലുകൾ നീട്ടിവച്ചു മലർന്നു കിടക്കുക. തുടകൾ തമ്മിൽ മുട്ടാത്തവിധം കാലുകൾ അകത്തി വച്ചു തളർത്തിയിടുക. കൈകളും അതതു വശങ്ങളിൽ നീട്ടി മലർത്തി തളർത്തിയിടുക. വിരലുകളും തളർത്തിയിടണം.  കൈകൾ കക്ഷവുമായി  ചേർന്നിരിക്കാതെ നോക്കേണ്ടതാണ്. കണ്ണുകൾ രണ്ടും ബലം പിടിക്കാതെ അടയ്ക്കുക. തല നേരെയോ അൽപ്പം ചരിച്ചോ തളർത്തിയിടാവുന്നതാണ്. കാലുകളു ടെ വിരലുമുതൽ തല വരെയുള്ള ഭാഗങ്ങൾ എല്ലാം വിശ്രമിക്കുന്നതായി സങ്കൽപ്പിക്കുക. ഒരു ഭാഗത്തും  ഒരു തരത്തിലുള്ള ബലമോ വലിച്ചിലോ തോന്നരുത്. ശരീരത്തിനുള്ളിലുള്ള അവയവങ്ങളായ ഹൃദയം, കരൾ, ശ്വാസകോശം, വൻകുടൽ, ചെറുകുടൽ, ആമാശയം, പാൻക്രിയാസ് എന്നുവേണ്ട ശരീരത്തിലെ എല്ലാ അവയവങ്ങളെയും മനസ്സിൽ കാണുകയും  അതെല്ലാം വിശ്രമിക്കുന്നതായി സങ്കൽപ്പിക്കുകയും ചെയ്യുക. ശ്വാസോച്ഛ്വാസം സാധാരണ ഗതിയിൽ മാത്രം. ഈ സമയം ഉറങ്ങിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഈ അവസ്ഥയിൽ കിടന്നതിനുശേഷം നൂറു മുതൽ പുറകോട്ട് ഒന്നുവരെ മനസ്സിൽ എണ്ണാൻ ശ്രമിക്കുക. ഒന്നാകുമ്പോൾ വീണ്ടും ഇതേ പോലെ ആവർത്തിക്കുക. ഇതേ പോലെ കുറഞ്ഞത് അഞ്ചു മിനിറ്റെങ്കിലും ശവാസനം ചെയ്യേണ്ടതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA