ADVERTISEMENT

ഭാരം കുറയ്ക്കാന്‍ എന്തു സാഹസത്തിനും ആളുകള്‍ തയാറാണ്. എത്ര ബുദ്ധിമുട്ടുള്ള ഡയറ്റും പിന്തുടരും. ഇന്റര്‍നെറ്റിലും മറ്റും ഒന്നു തിരഞ്ഞാല്‍ ഇത്തരം ആയിരം ഡയറ്റ് പ്ലാനുകള്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില സംഗതികളെ കുറിച്ച് യോഗ ആന്‍ഡ്‌ ഫിറ്റ്നസ് വിദഗ്ധന്‍ മുന്‍മുന്‍ ഗുനെറിവാള്‍ പറയുന്നത് കേള്‍ക്കാം.

ഡയറ്റ് പ്ലാനുകള്‍ വേണ്ട - ഡയറ്റ് പ്ലാനുകളാണ് ഇപ്പോൾ ട്രെന്‍ഡ്. അവയ്ക്കു പൊതുവേയുള്ള പ്രശ്നം ഏതെങ്കിലും ഒരു ആഹാരം കൂടുതല്‍ കഴിക്കാനും മറ്റൊന്ന് പൂര്‍ണമായും ഒഴിവാക്കാനും പറയും. ഉദാഹരണത്തിന്, കീറ്റോ ഡയറ്റ് പറയുന്നത് പ്രോട്ടീനും ഫാറ്റും കൂടുതല്‍ കഴിക്കാനും കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കാനുമാണ്. എന്നാല്‍ ബയോകെമിസ്ട്രി പറയുന്നത് ഫാറ്റ് പുറംതള്ളാന്‍ കാര്‍ബോഹൈഡ്രേറ്റ് ആവശ്യമാണ് എന്നാണ്. അതേസമയം 'ലോ ഫാറ്റ് ഡയറ്റ്' പറയുന്നത്, ഇഷ്ടമുള്ളതെല്ലാം കഴിക്കാം പക്ഷേ എണ്ണയോ നെയ്യോ കഴിക്കരുതെന്നാണ്.  ഇങ്ങനെ എന്തെങ്കിലും അപാകതകള്‍ ഉള്ളതാണ് ഡയറ്റ് പ്ലാനുകളെല്ലാം എന്നാണ് ഗുനെറിവാള്‍ പറയുന്നത്.

ഒന്നില്‍നിന്ന് ഒന്നിലേക്ക് അടിക്കടി മാറണ്ട- വണ്ണം കുറയ്ക്കാന്‍ ഓരോ സമയവും ഓരോ പ്ലാൻ പിന്തുടരുന്ന ശീലം ഉണ്ടോ? എങ്കില്‍ അത് ആദ്യം നിര്‍ത്തുക. ഒരു ഡയറ്റ് പിന്തുടരുമ്പോള്‍ത്തന്നെ അതില്‍ നിന്നു മറ്റൊന്നിലേക്ക് മാറുക, ഒരു വ്യായാമമുറയില്‍ ഉറച്ചു നില്‍ക്കാതെ മറ്റൊന്നിലേക്ക് മാറുക, ഓരോ നേരവും ഓരോതരം സൂപ്പര്‍ ഫുഡുകള്‍ കഴിക്കുക തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക. 

എപ്പോഴും വെയിങ് സ്കെയിലിനെ ആശ്രയിക്കേണ്ട -  ഭാരം കുറയുക എന്നാല്‍ എപ്പോഴും ഫിറ്റായി ഇരിക്കുക എന്നല്ല അര്‍ഥം. വെയിങ് സ്കെയിലിലെ ഭാരവ്യത്യാസം ഒരിക്കലും ഫിറ്റ്നസ് ആയി തെറ്റിദ്ധരിക്കരുത്. ഇതൊരിക്കലും ആരോഗ്യത്തെയല്ല കാണിക്കുന്നത്. ഭാരം കുറഞ്ഞ ആളുകള്‍ക്ക് രോഗങ്ങള്‍ വരാറുണ്ടല്ലോ. അതുപോലെതന്നെ അല്‍പം തടിയുള്ള ആളുകള്‍ സദാ ആരോഗ്യവാൻമാരും ഉന്മേഷവാൻമാരുമായി നടക്കുന്നുമുണ്ട്. അതുകൊണ്ട് ജീവിതശൈലിയിലാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്. നല്ല ആഹാരം, വ്യായാമം, മനസ്സിന്റെ സന്തോഷം ഇവയിലാണ് കാര്യം എന്നോര്‍ക്കുക. 

ഉറക്കം - ഉറക്കം നന്നായില്ലെങ്കില്‍ അത് ആരോഗ്യത്തെ മൊത്തത്തില്‍ ബാധിക്കും. ആരോഗ്യമുള്ള ഒരാള്‍ ദിവസവും കുറഞ്ഞത്‌ എട്ടു മണിക്കൂര്‍ ഉറങ്ങണം. ഉറക്കത്തെ ഹനിക്കുന്ന ഒന്നും ബെഡ്റൂമില്‍ ഉണ്ടാകരുത്. മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ്‌, കംപ്യൂട്ടര്‍ എന്നിവയോടെല്ലാം കിടപ്പറയില്‍ 'നോ ' പറയുക.  ഉറക്കത്തെ സഹായിക്കുന്ന മെലാടോണിൻ ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ഇവ സാരമായി ബാധിക്കും. ഉറക്കം ശരിയല്ലെങ്കില്‍ അത് ഹോര്‍മോണ്‍ ലെവലില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. അമിതവണ്ണത്തിന്റെ ഒരു കാരണമാണ് ഉറക്കമില്ലായ്മ. അതുകൊണ്ട് ഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ നല്ലയുറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com