ADVERTISEMENT

ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കാതെതന്നെ ശരീരഭാരം കുറയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇത് സാധ്യമാണ്; ഫൈവ് ബൈറ്റ് ഡയറ്റിലൂടെ. ഭാരം കുറയ്ക്കാനുള്ള സർജറിക്ക് പകരം നിൽക്കുന്ന ഈ ഡയറ്റ്, പെട്ടെന്ന് ഫലം തരുന്നതും പിന്തുടരാൻ വളരെ എളുപ്പമുള്ളതുമാണ്. 

ഡോ. ആൽവിൻ ലൂയിസ് 2007 –ൽ  പുറത്തിറങ്ങിയ ‘Why weight Around’ എന്ന തന്റെ പുസ്തകത്തിലാണ് ഈ ഡയറ്റിനെക്കുറിച്ച് പറയുന്നത്. ലളിതമാണെങ്കിലും വൈദ്യനിർ‌ദേശമനുസരിച്ചേ ഡയറ്റ് പിന്തുടരാവൂ.

ഈ ഡയറ്റ് എങ്ങനെ പിന്തുടരാം
വയറു കുറയ്ക്കുന്ന ഗാസ്ട്രിക് ബൈപാസ്സ് സർജറിക്കു വിധേയനായ ഒരാൾ കഴിക്കുന്ന ഭക്ഷണമാണ് 5 ബൈറ്റ് ഡയറ്റ് പിന്തുടരുന്ന ഒരാൾ കഴിക്കേണ്ടത്. ഒരു ദിവസം ഒരേ വലുപ്പത്തിലുള്ള പരമാവധി പത്തോ പന്ത്രണ്ടോ കടികൾ (bites) ആയി ഭക്ഷണം ചുരുക്കണം. 

പ്രഭാത ഭക്ഷണത്തിനു പകരം കട്ടൻ കാപ്പി കുടിക്കണം. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാം. പക്ഷേ ഓരോ നേരവും അഞ്ച് ബൈറ്റ്സ് മാത്രമേ ആകാവൂ. 

ഒരു ഭക്ഷണത്തിനും നിയന്ത്രണം ഇല്ലാത്തതിനാൽ ദിവസം കുറഞ്ഞത് 2 ബൈറ്റ് എങ്കിലും പ്രോട്ടീൻ ധാരാളം അടങ്ങിയ ഇറച്ചി, മീൻ, മുട്ട, പാലുൽപന്നങ്ങൾ, ടോഫു പയറുവർഗങ്ങൾ ഇവയാകാൻ ശ്രദ്ധിക്കണം. 

പ്രധാന ഭക്ഷണങ്ങള്‍ക്കിടയ്ക്ക് പരമാവധി രണ്ട് ബൈറ്റ് ആകാം. ലഘുഭക്ഷണം ദിവസം ഒരു ബൈറ്റ്. എന്നാൽ കാലറി കുറഞ്ഞ പാനീയങ്ങൾ എത്ര വേണമെങ്കിലും കുടിക്കാം. 

ഈ ‍ഡയറ്റിലായിരിക്കുമ്പോൾ ലഘു വ്യായാമങ്ങൾ ആകാം. എന്നാൽ കഠിനവ്യായാമങ്ങൾ ഒഴിവാക്കണം. പോഷകങ്ങളുടെ അഭാവം ഉണ്ടെങ്കിൽ, ലക്ഷ്യത്തിലെത്തിയ ശേഷം ഒമേഗ 3 സപ്ലിമെന്റുകളോ മൾട്ടിവൈറ്റമിനുകളോ കഴിക്കാം; ഒപ്പം പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കാനും ഈ ഫലം നിലനിർത്താനും ശ്രദ്ധിക്കണം. 

ഭാരം കുറയുമോ
ശരീരഭാരം കുറയാൻ ഫൈവ് ബൈറ്റ് ഡയറ്റ് സഹായിക്കും. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാം. ഈ ഡയറ്റ് നിർത്തിയ ശേഷം വീണ്ടും ശരീരഭാരം കൂടാം. അതുകൊണ്ടുതന്നെ വിദഗ്ധനിർദേശപ്രകാരം മാത്രമേ ഈ ഡയറ്റ് പിന്തുടരാവൂ.

ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, സന്ധിവേദന കുറയ്ക്കാനും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായകം.

പോരായ്മകൾ
കാലറി നിയന്ത്രിത ഡയറ്റുകളെപ്പോലെ ഫൈവ് ബൈറ്റ് ഡയറ്റിനും ദോഷ വശങ്ങളുണ്ട്. ശരീരത്തിനാവശ്യമായ പോഷകങ്ങൾ എല്ലാം ലഭിക്കില്ല എന്നതാണ് പ്രധാന പോരായ്മ. ഉപാപചയ പ്രവർത്തനങ്ങളെ ഇത് സാവധാനത്തിലാക്കും. ക്രമമില്ലാത്ത ഭക്ഷണരീതിയാണിത്. ദീർഘ കാലത്തേക്ക് ശരീരഭാരം കുറയ്ക്കാൻ ഈ ഡയറ്റിനു കഴിയില്ല. എന്നാൽ പെട്ടെന്നു ഭാരം കുറയ്ക്കാൻ മികച്ച ഡയറ്റ് ആണിത്. തീർച്ചയായും വൈദ്യനിർദേശപ്രകാരം മാത്രമേ ഈ ഡയറ്റ് ആരംഭിക്കാവൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com