ADVERTISEMENT

ഇപ്പോൾ കംപ്യൂട്ടറും ലാപ്പ്ടോപ്പും ടാബ്‍ലറ്റുകളും ഉപയോഗിക്കാത്തവർ വളരെ ചുരുക്കം. ദീർഘനേരം ഈ സ്ക്രീനിനു മുന്നിലിരുന്നുള്ള ജോലി പലരിലും കഴുത്തുവേദന ഉണ്ടാക്കുന്നുണ്ട്. കഴുത്തുവേദന ഇല്ലാത്ത ഐടി പ്രഫഷണലുകൾ വളരെ ചുരുക്കമാണ്. ത്രികോണാസനം യോഗ ശീലിക്കുന്നതിലൂടെ ഈ കഴുത്തുവേദന അകറ്റാവുന്നതാണ്

ത്രികോണാസനം ചെയ്യുന്ന വിധം: ഇരുകാലുകളും ചേർത്തു വച്ചു നിവർന്നു നിൽക്കുക. അതോടൊപ്പം ഇരുകൈകളും ശരീരത്തിനിരുവശത്തും ചേർത്തു കമഴ്ത്തിവയ്ക്കുക. ഇനി ഇരുകാലുകളും മൂന്നടിയോളം അകത്തി വയ്ക്കുക. സാവധാനം ശ്വാസമെടുത്തു കൊണ്ട് രണ്ടു കൈകളും ശരീരത്തിനിരുവശങ്ങളിലേക്കു കമഴ്ത്തിപ്പിടിച്ച് തറയ്ക്കു സമാന്തരമായി ഉയർത്തുക. അതോടൊപ്പം ശ്വാസം വിട്ടു കൊണ്ട് കുനിഞ്ഞ് ഇടതു കൈ ഇടതുകാലിന്റെ പാദത്തിൽ കമഴ്ത്തി വയ്ക്കുക. ഉടൻതന്നെ വലതുകൈ ഉയർത്തി മലർത്തിപ്പിടിച്ച് അതിലേക്ക് തല ഉയർത്തി നോക്കുക. 

വീണ്ടും ശ്വാസമെടുത്തുകൊണ്ട് ശരീരം നിവർത്തുകയും അതോടൊപ്പം ഇരുകൈകളും ശരീരത്തിനിരുവശത്തും തറയ്ക്കു സമാന്തരമായി കമഴ്ത്തിപ്പിടിക്കുകയും ചെയ്യുക. ഇനി ശ്വാസം വിട്ടു കൊണ്ടു കുനിഞ്ഞ് വലതുകൈ വലതുകാലിന്റെ പാദത്തിൽ വയ്ക്കുകയും അതിന്റെ കൂടെ ഇടതുകൈ മേൽപ്പോട്ടുയർത്തി ആ കൈവെള്ളയിലേക്കു തല ഉയർത്തി നോക്കുകയും ചെയ്യുക. ഇനി ശ്വാസം എടുത്തുകൊണ്ട് ശരീരം നിവർത്തുകയും അതോടൊപ്പം ഇരുകൈകളും ശരീരത്തിനിരുവശത്തും തറയ്ക്കു സമാന്തരമായി കമഴ്ത്തിപ്പിടിക്കുകയും ചെയ്യുക.

ഇതേ പോലെ  അഞ്ചോ എട്ടോ തവണകൂടി ആവർത്തിക്കാവുന്നതാണ്. ഇതു ചെയ്യുമ്പോൾ കൈകാലുകൾ മടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

രോഗികള്‍ക്കുണ്ടാകുന്ന മാറ്റങ്ങൾ

ഇതു ചെയ്യുന്നതു മൂലം കൈകാലുകളിലെ മരവിപ്പ് മാറിക്കിട്ടുന്നു. തോൾ, കഴുത്ത്, അരക്കെട്ട്, നെഞ്ച് എന്നീ ഭാഗങ്ങളിലെ പേശികളെയും ഞരമ്പുകളെയും ശക്തങ്ങളാക്കുന്നു. കഴുത്തിന്റെ കശേരുക്കളെ അയച്ച് രക്തചംക്രമണം സുഗമമാക്കുന്നു. കൈകളുടെ പുകച്ചിൽ കുറയുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com