sections
MORE

'ബോഡി ഷെയ്മിങ് ഇപ്പോൾ എന്നെ ബാധിക്കാറില്ല, കാരണമുണ്ട്'...ശ്രദ്ധ നേടി പെൺകുട്ടിയുടെ കുറിപ്പ്

body shaming
SHARE

അൽപം വണ്ണമുള്ളവരെ കളിയാക്കുന്നത് ചിലരുടെ ഹോബിയാണ്. പെൺകുട്ടികളാണെങ്കിൽ പറയുകയും വേണ്ട. ഇപ്പോഴേ ഇങ്ങനെ തടിച്ചാൽ കല്യാണം കഴിഞ്ഞ് കുട്ടിയൊക്കെ ആകുമ്പോൾ എന്താകും അവസ്ഥ എന്നു പറഞ്ഞാകും ഭയപ്പെടുത്തൽ. ബോഡി ഷെയ്മിങ് ചിലർ ഒരു ഹോബിയായി ഏറ്റെടുത്തിട്ടുമുണ്ട്. അനാരോഗ്യ പ്രവണതകൾ ഒന്നുമില്ലെങ്കിൽ അൽപം തടിയുള്ളത് കാര്യമാക്കേണ്ടതില്ല. ചിലർക്ക് അത് പാരമ്പര്യമായി കിട്ടുന്നതുമാകാം. എന്തൊക്കെ അഭ്യാസം കാണിച്ചിട്ടും വണ്ണം വിട്ടുപോകാത്തവരുമുണ്ട്. ഇത്തരം കളിയാക്കലുകൾ ഏറെ കേട്ട ഒരു പെൺകുട്ടി ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പ് വായിക്കാം:

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ശരീരഭാരത്തെ കുറിച്ചുള്ള കമന്റുകൾ ഞാൻ കേട്ടുതുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി, അവളുടെ രൂപത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രായമായില്ലെന്നോ, ജീവിതം ആസ്വദിക്കുന്ന പ്രായമാണെന്നോ മനസ്സിലാക്കാതെയാണ് ആളുകൾ എനിക്കു നേരേ പരിഹാസം ചൊരിഞ്ഞത്. ഞാൻ നടന്നു പോകുമ്പോൾ കളിയാക്കി ചിരിക്കുകയും എന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കുകയുമൊക്കെ ചെയ്തിരുന്നു. എന്റെ സുഹൃത്തുക്കളും ഈ കൂട്ടത്തിലുണ്ടായിരുന്നു. ഞാൻ തടിച്ചിട്ട് ആണെന്നു പറഞ്ഞ് 9–ാം ക്ലാസ്സിൽ ആയപ്പോൾ അവർ എന്നോടു സംസാരിക്കാതെയുമായി.

ഞാൻ ഒറ്റയ്ക്കായതിനാൽത്തന്നെ പരിഹാസവും കൂടി വന്നു. ചില പ്രത്യേക ഗ്രൂപ്പിലെ കുട്ടികൾ എംആർഎഫ് ടയറിനോട് എന്നെ ഉപമിച്ച് മൈം വരെ ക്രിയേറ്റ് ചെയ്തു. ഇത് അധ്യാപക രക്ഷകർതൃ ഗ്രൂപ്പുകളിലൊക്കെ ഇട്ട് എന്നെ പരസ്യമായി അപമാനിച്ചു. എന്നെ വിഷമിപ്പിക്കാനായി അവർ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് എംആർഎഫ് ടയേഴ്സ് എന്ന് നാമകരണവും ചെയ്തു. 

എന്നാൽ ഞാൻ എന്നെ സ്നേഹിക്കുന്നിടത്തോളം കാലം വിഷമിക്കേണ്ട ഒരു കാര്യവുമില്ലെന്ന് മാതാപിതാക്കൾ എന്നെ ഉപദേശിച്ചു. അതിനാൽ ഇതൊന്നും ഞാൻ കാര്യമാക്കിയില്ല. കോളജിൽ ആയപ്പോഴേക്കും കാര്യങ്ങളെല്ലാം മാറിത്തുടങ്ങി. ഞാൻ എങ്ങനെ ഇരിക്കുന്നു എന്നതുവച്ച് ആരും എന്നെ വിധിച്ചില്ല, പകരം ഞാൻ ആരാണെന്നറിഞ്ഞ് അവരെന്നെ സ്നേഹിച്ചു. ഈ സമയം നൃത്തത്തോടുള്ള എന്റെ താൽപര്യവും വർധിച്ചു. ധാരാളം മത്സരങ്ങളിൽ വിജയിക്കുകയും എല്ലാവരും എന്റെ കഴിവിനെ പുകഴ്ത്തുകയും ചെയ്തു. എന്റെ കോളജിലും  മത്സരത്തിൽ ഞാൻ വിജയിച്ചു. എങ്കിലും ആളുകൾ അപ്പോഴും എന്നെ കളിയാക്കുന്നുണ്ടായിരുന്നു. എന്റെ നേട്ടങ്ങളെക്കുറിച്ചുള്ള പോസ്റ്റും ഫോട്ടോകളും കണ്ട് ആ പഴയ കൂട്ടുകാർ കളിയാക്കി ചിരിച്ചു. എന്നെ നിരുത്സാഹപ്പെടുത്താൻ ആവുന്നത്ര അവർ ശ്രമിച്ചു. ഒരുപാടു പേരിൽ നിന്ന് സ്നേഹവും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെങ്കിലും ഇവരിൽനിന്നു ലഭിച്ച വിദ്വേഷം എന്നെ സങ്കടപ്പെടുത്തിയിരുന്നു. 

എന്നാൽ ഇപ്പോൾ എനിക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല. ഞാൻ മുൻപത്തേതു പോലെയല്ല. എന്നെ സപ്പോർട്ടു ചെയ്യാൻ സുഹൃത്തുക്കളുണ്ട്. എനിക്കു കിട്ടുന്ന സ്നേഹം വച്ചു നോക്കുമ്പോൾ മുൻപ് ലഭിച്ച വെറുപ്പ് എത്രയോ ചെറുതാണ്. 

കുറച്ച് പ്രയാസങ്ങളുണ്ടായെങ്കിലും ഇപ്പോൾ ഞാൻ ജീവിതത്തിന്റെ ഏറ്റവും സന്തോഷകരമായ അവസ്ഥയിലാണ്. എന്റെ മൂല്യം തെളിയിക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് സങ്കടം തോന്നുന്നില്ല. അവർ ഇപ്പോഴും എന്നെ പരിഹസിക്കാറും അധിക്ഷേപിക്കാറുമുണ്ട്. എന്നാൽ എനിക്കറിയാം ഞാൻ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഞാൻ എന്തായിരിക്കണമെന്നും. അവർക്കു നേരേ വിദ്വേഷം കാണിക്കുന്നതിനു പകരം മറ്റുള്ളവരെ ഉയർത്തിക്കൊണ്ടു വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA