ADVERTISEMENT

പാട്ടിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കാൻ താൽപര്യമുണ്ടെങ്കിൽ തടിയും കുറയും എപ്പോഴും സന്തോഷമായിട്ടുമിരിക്കാം. സുംബ എന്നു കേൾക്കുമ്പോൾ എന്താണത് എന്ന് ചോദിക്കുന്നവർ ഇപ്പോൾ കുറവായിരിക്കും. എങ്കിലും വൈകി വായിക്കുന്നവർ അറിയാൻ സുംബ എന്നാൽ വിവിധ നൃത്തങ്ങളുടെ സമന്വയമായ ഡാൻസ് ഫിറ്റ്നസ് പ്രോഗ്രാമാണ്. ലാറ്റിൻ അമേരിക്കയിൽ പിറവിയെടുത്ത സുംബയുടെ ആരോഗ്യത്താളം നമ്മുടെ നാട്ടിലും പ്രചാരം നേടി. സുംബയുടെ ആരോഗ്യനേട്ടങ്ങളെക്കുറിച്ച് കോട്ടയം ഷൈനി-ഷിവാനി സുംബ ഫിറ്റ്നസ് ടീമിന്റെ പരീശിലകരിലൊരാളായ ഡോ. ഷൈനി റൗഫ് സംസാരിക്കുന്നു.

 

സന്തോഷത്തിന്റെ താക്കോൽ

സന്തോഷമുള്ള മനസോടെ ഉൗർജ്വസ്വലരായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പാട്ടിന്റെ താളത്തിനൊപ്പം സുംബ ചെയ്യുന്നതോടെ സീറോടോണിൻ (serotonin) എന്നൊരു ഹോർമോൺ നമ്മുടെ ശരീരത്തിൽ വ്യാപിക്കുന്നു. സീറോടോണിനെ ഹാപ്പി ഹോർമോണെന്നും വിളിക്കുന്നു. സുംബ ചെയ്ത് കഴിയുമ്പോൾ സീറോടോണിൻ ഹോർമോണിന്റെ വ്യാപനത്താൽ നമ്മുക്ക് സന്തോഷം അനുഭവപ്പെടുന്നു. മറ്റു വർക്കൗട്ടുകൾ നമ്മൾ വ്യക്തിപരമായി ചെയ്യുമ്പോൾ മടുക്കാൻ സാധ്യതയുണ്ട്. സംഘം ചേർന്ന് ചടുലമായ പല താളങ്ങൾക്ക് ചുവടുവയ്ക്കുമ്പോൾ മടുപ്പ് അനുഭവപ്പെടാനുള്ള സാധ്യത തീരെയില്ല. മറ്റുള്ളവർ ചുവടുവയ്ക്കുന്നത് കാണുമ്പോൾ തന്നെ നമ്മളും ഒപ്പം ചുവടുവയ്ക്കുന്നതാണ് വലിയൊരു മാജിക്.

 

മസിലുകൾ ക്രമമാകുന്നു

പാട്ടിന്റെ താളത്തിനൊപ്പം ചുവടുവയ്ക്കുമ്പോൾ ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള മസിലുകൾക്ക് അനായാസമായി വ്യായാമം ലഭിക്കുന്നു. കൈകളും കാലുകളുമെല്ലാം ശരിയായ താളത്തിൽ ചലിക്കുമ്പോൾ സ്വാഭാവികമായി മികച്ച ആകാരവടിവ് നേടാൻ സഹായിക്കുന്നു. ഉദാഹരണത്തിനു കൈകൾ ഉയർത്തുമ്പോൾ ഉദരത്തിന്റെ ഇരുവശങ്ങളിലുമുള്ള പേശികൾക്ക് വ്യായാമം ലഭിക്കുന്നു. സുംബ സെഷൻ ചെറിയൊരു വാം അപ്പ് സെഷനോടെയാണ് തുടങ്ങുന്നത്. അതിനു ശേഷം പടിപടിയായി വേഗത്തിലുള്ള പാട്ടിനൊപ്പം ചുവടുവയ്ക്കുന്നു. ഇടയ്ക്ക് ഒരു കാർഡിയോ സെഷനും കാലുകളുടെ മസിലുകൾ ബലപ്പെടുത്താനുള്ള സെഷനും ഉൾപ്പെടുത്തിയിരിക്കുന്നു. സ്ട്രെച്ചിങ് സെഷനോടെ അവസാനിക്കുന്നു. സുംബ ചെയ്യുമ്പോൾ കുടൂതൽ സമയം ശ്വാസമെടുക്കുന്നതിനാൽ നമ്മുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുന്നു.

 

പ്രായം തോൽക്കും സുംബ

സുംബ ചെയ്യാൻ പ്രായമൊരും പ്രശ്നമല്ല. ഏഴ് മുതൽ എഴുപതു വയസ് വരെയുള്ളവർ സുംബ ചെയ്യുന്നുണ്ട്. നമ്മളുടെ ശരീര ആരോഗ്യ സ്ഥിതി അനുവദിക്കുന്നുണ്ടെങ്കിൽ പ്രായം തോൽക്കും സുംബയുടെ മുന്നിൽ. സാധാരണ രീതിയിൽ ഒരു സെഷന്റെ ദൈർഘ്യം നാൽപ്പത്തിയഞ്ച് മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാണ്. ഒരാഴ്ചയിൽ കുറഞ്ഞത് മുന്നു ദിവസവും കൂടിയത് അഞ്ചു ദിവസവും. 

 

അമിതവണ്ണം കുറയ്ക്കാനൊരു എളുപ്പവഴി

സുംബ ചെയ്യുന്നതിനോടൊപ്പം അമിത വണ്ണം കുറയ്ക്കാൻ ഭക്ഷണരീതിയും നിയന്ത്രിക്കാം. ശരീരത്തിനു ശരിയായ വ്യായാമവും ഒപ്പം സമീകൃതാഹരവും ലഭിക്കുന്നതോടെ വണ്ണം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. അമിവണ്ണം കുറയ്ക്കുന്നത് പോലെ ശരീരത്തിന്റെ തൂക്കം കൂട്ടാനും സുംബയ്ക്ക് കഴിയും.  സൂംബ ചെയ്ത് കഴിഞ്ഞാൽ നല്ല വിശപ്പ് അനുഭവപ്പെടുമ്പോൾ പോഷക ഗുണമുള്ള ആഹാരം കഴിച്ചാൽ ശരീരത്തിന്റെ തൂക്കം കൂട്ടാനും സാധിക്കും. ശരിയായ ക്രമത്തിലുള്ള ഭക്ഷണവും സുംബയും ചേർന്നാൽ മികച്ച ആകാരവടിവ് നേടാനാകും. സുംബ ചെയ്യുമ്പോൾ ശരീരത്തിൽ നിന്നും 600 മുതൽ 1000 കലോറി കുറയുന്നതായി കണക്കാക്കപ്പെടുന്നു. 

 

സുംബയ്ക്കുള്ള വസ്ത്രധാരണം

ഫിറ്റ്നസ് വർക്കൗട്ടുകൾക്കുളളതുപോലെ സുംബയ്ക്കുമുണ്ടൊരു ഡ്രസ് കോഡ്. ഡാൻസ് ചെയ്യുമ്പോൾ ശരീരത്തിന്റെ മുകൾ ഭാഗത്ത് ടീ - ഷർട്ട് ധരിക്കാവുന്നതാണ്. താഴെ ഭാഗത്ത് ലെഗിൻസോ, ത്രീ ഫോർത്തോ, ട്രാക്ക് പാന്റ്സോ ധരിക്കാം. കുടൂതൽ സമയം ചുവടുവയ്ക്കുന്നതിനാൽ നിലാവാരമുള്ള സ്പോർട്സ് ഷൂ ധരിക്കേണ്ടതാണ്.

 

ഭക്ഷണക്രമം

പ്രാതൽ നന്നായി കഴിക്കണമെന്ന് പറയുമെങ്കിലും സുംബ ചെയ്യാൻ വരുന്നതിനു രണ്ടു മണിക്കൂർ മുൻപ് മിതമായ രീതിയിൽ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ശരീര ഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ സുംബ ചെയ്തതിനു ശേഷം അത്താഴം പോഷകകരമായ വിഭവങ്ങളുമായി നല്ലൊരു അളവിൽ കഴിക്കാവുന്നതാണ്. 

 

ചുവടിന്റെ താളത്തിലല്ല കാര്യം

സുംബ എന്നത് ഡാൻസ് രൂപമല്ല, മറിച്ചു ഫിറ്റ്നസ് പ്രോഗ്രാമാണ്. അക്കാരണത്താൽ സുംബ ചെയ്യാൻ ഡാൻസ് പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല. മുഖത്ത് പുഞ്ചിരിയും പാട്ടിന്റെ താളത്തിനൊപ്പം അവനവനു കഴിയുന്ന രീതിയിൽ ചുവട് വയ്ക്കുക. നന്നായി ശ്വസിക്കുകയും നന്നായി വിയർക്കുന്നതു വരെ ഡാൻസ് ചെയ്യുകയും ചെയ്താൽ ശരീരത്തിനു ആവശ്യമുള്ള വ്യായാമം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com