sections
MORE

പരിഹസിച്ചവരിൽ നിന്നും അഭിമാന വാക്കുകൾ; ശ്രീപദ് പറയുന്നു തടി കുറച്ച ആ കഥ

sreepadh weight loss tips
ശ്രീപദ്
SHARE

ചുറ്റിൽ നിന്നും തടിയൻ എന്നു വിളിച്ചുള്ള കളിയാക്കലുകൾ, ഫിസിക്കലി ഫിറ്റ് ആയിട്ടുള്ള കൂട്ടുകാരോടൊപ്പം ചേരാനുള്ള മടി, അവർ പറയുന്ന പരിഹാസ വാക്കുകൾ, ഇഷ്ട വസ്ത്രങ്ങൾ കിട്ടാനുള്ള ബുദ്ധിമുട്ട്, നടക്കുമ്പോഴുള്ള കിതപ്പ്... ഇങ്ങനെ തടി കൂടിയതു കൊണ്ടുള്ള പ്രശ്നങ്ങൾ ആവോളം അനുഭവിച്ചിട്ടുണ്ട് മലപ്പുറം സ്വദേശിയും കോട്ടയ്ക്കൽ അർബൻ ബാങ്ക് ജീവനക്കാരനുമായ ശ്രീപദ്. തടി കുറയ്ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു, എന്നാൽ അത് എങ്ങനെ കുറയ്ക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നു, എന്റെ സമയത്തിനനുസരിച്ച് ജിമ്മിൽ പോയുള്ള വർക്ക്ഒഔട്ടുകളും നടക്കില്ല. ഭക്ഷണം നിയന്ത്രിച്ചു നോക്കിയിട്ടോ നോ രക്ഷ. എന്നാൽ പിന്നെ ഇങ്ങനെയൊക്കെ പോകുന്നിടം വരെ പോകട്ടെ എന്നു ചിന്തിച്ചിരുന്ന ശ്രീപദിനു മുന്നിലേക്കാണ് വെയ്റ്റ്‌ലോസ് ചെയ്യാനുള്ള പുതിയ വഴി എത്തിയത്. അതിനെക്കുറിച്ച് ശ്രീപദ് മനോരമ ഓൺലൈനോടു പറയുന്നു.

ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ ഒരുപാട് പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. ഈ പ്രായത്തിലേ ഇങ്ങനെ ആണെങ്കിൽ കുറച്ചു വർഷംകൂടി കഴിയുമ്പോഴുള്ള അവസ്ഥ എന്തായിരിക്കുമെന്ന് പറഞ്ഞ് പലരും പേടിപ്പെടുത്തിയിട്ടുമുണ്ട്. എനിക്കും അറിയാം തടി കൂടുതലാണെന്ന്. പക്ഷേ ഞാനെന്തു ചെയ്യാനാ എന്ന നിസ്സഹായാവസ്ഥയിൽ പലരുടെയും മുന്നിൽ നിന്നിട്ടുമുണ്ട്. ഇതിനു വേണ്ടി എന്തു ചെയ്യാമെന്ന് രഹസ്യമായി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ഒരു ദിവസം മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു വെയ്റ്റ്‌ലോസ് സ്റ്റോറി കണ്ണിലുടക്കിയത്. വായിച്ചു നോക്കിയപ്പോൾ മനസ്സിലായി ഒരു വെയ്റ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്ന് ഭാരം കുറച്ചതായിരുന്നു അവരെന്ന്. എന്തായാലും ആ ഗ്രൂപ്പിൽ ചേരണമെന്ന തീരുമാനം അന്നെടുത്തു.

പതിയെ ആ ഗ്രൂപ്പിനെ ഫോളോ ചെയ്തു. അവർ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ ഞാനും ഗ്രൂപ്പിൽ ചേർന്നു. ആദ്യം ഒടു ടൈംപാസിനാണ് ചേർന്നത്. ഇടയ്ക്ക് നിർത്തി പോരാം എന്നൊക്കെ വിചാരിച്ചിരുന്നു. ഗ്രൂപ്പിൽ ചേർന്നു കഴിഞ്ഞപ്പോൾ കാര്യം സീരിയസ് ആകുകയായിരുന്നു. ഓരോരുത്തരും നൽകുന്ന മോട്ടിവേഷനിലൂടെ അറിയാതെ ആ പാതയിലായിപ്പോകും. അവർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു. 95 കിലോയായിരുന്നു ശരീരഭാരം. നാലു മാസംകൊണ്ട് 17 കിലോ കുറയ്ക്കാൻ സാധിച്ചു. ഇപ്പോൾ 78 കിലോയായി. ഉയരം 170 സെ.മീറ്റർ ആണ്. അതിനാൽ 70 കിലോയിലെത്തിക്കാനാണ് ആഗ്രഹം. അതിനായി വർക്ക്ഔട്ടുകളും ഡയറ്റും ഇപ്പോഴും ചെയ്യുന്നുണ്ട്. 

ചോറ് പൂർണമായും ഒഴിവാക്കി. ചപ്പാത്തി, വീറ്റ് ബ്രഡ്, മുട്ടയുടെ വെള്ള, ഗ്രീൻപീസ് തുടങ്ങിയ കടലകൾ എന്നിവയായിരുന്നു ഭക്ഷണരീതി. ഇവ ഓരോന്നും ഇഷ്ടമനുസരിച്ച് മാറ്റും. രാവിലെ കുറച്ച് കൂടുതൽ കഴിക്കുകയാണെങ്കിൽ അതു ബാലൻസ് ചെയ്യാൻ രാത്രി ഭക്ഷണം കുറച്ചു കുറയ്ക്കും. ആഹാരം കഴിക്കുന്നതിനു മുൻപ് മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം കുടിക്കും. അപ്പോൾ അധികം ആഹാരം കഴിക്കാൻ സാധിക്കില്ല. ആദ്യ മാസങ്ങളിലൊക്കെ ഈ രീതി പിന്തുടർന്നു. പ്രോട്ടീൻ കൂടുതലുള്ള പച്ചക്കറികൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തി. രാവിലെ അല്ലെങ്കിൽ ഉച്ചയ്ക്ക് കഴിക്കണം എന്നതിനു പകരം വിശക്കുമ്പോൾ ആഹാരം കഴിക്കുക എന്നതായിരുന്നു എന്റെ രീതി. നാലു മണിക്കുള്ള സ്നാക്സ് ഒഴിവാക്കി. ഗ്രൂപ്പിലൂടെ നൽകുന്ന വർക്ക്ഔട്ടുകൾക്കു പുറമേ സ്വിമ്മിങ്ങും ചെയ്യുന്നുണ്ടായിരുന്നു.

ആദ്യമൊക്കെ കുറച്ച് വിശപ്പ് തോന്നിയിരുന്നെങ്കിലും ഇപ്പോൾ വയറെല്ലാം സെറ്റ് ആയി. കുറച്ചു കഴിക്കുമ്പോഴേ വിശപ്പ് മാറും. ഇപ്പോൾ ഏതെങ്കിലും ഫങ്ഷനൊക്കെ പോയാലും ചോറ് കഴിക്കാറില്ല. 

മുൻപു കളിയാക്കിയവരെല്ലാം ഇതെന്തൊരു മാറ്റമാടാ എന്നു പറഞ്ഞ് പ്രോത്സാഹനവുമായി വരുന്നുണ്ട്. എന്താ ചെയ്തത്, എങ്ങനെയാ നീ ഈ രൂപത്തിലായത് എന്നൊക്കെയാ അവരുടെ സംശയങ്ങൾ. എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു മാറ്റം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കളൊക്കെ പറയുന്നത്. 

അമ്മയായിരുന്നു ഏറ്റവും വലിയ സപ്പോർട്ട്. ഞാൻ പറയുന്നതനുസരിച്ചുള്ള ആഹാരങ്ങൾ ഉണ്ടാക്കിത്തരും. അവർക്കു വേണ്ടത് ചോറും കറികളുമാണ്. പക്ഷേ എനിക്കുള്ള ചപ്പാത്തി അവിടെ റെഡിയായിരിക്കും. മഴ കാരണം രാവിലെ എഴുന്നേൽക്കാതെ മടി പിടിച്ചു കിടന്നാലും അമ്മ വന്ന് വിളിച്ചുണർത്തും. ഇനി പഴയ പോലെ ആകണ്ട എഴുന്നേറ്റ് വർക്ക്ഔട്ട് ചെയ്യാൻ പറയും. ഇവരുടെയൊക്കെ പ്രോത്സാഹനത്തിന്റെ ഫലമാണ് എന്റെ ഇന്നു കാണുന്ന രൂപം. ഇനി ഒരിക്കലും പഴയ ജീവിതരീതിയിലേക്കു പോകാൻ ഒട്ടും താൽപര്യമില്ലെന്നും ശ്രീപദ് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA