ഇഡ‌്‌ലിയും സാമ്പാറും കഴിച്ചു വണ്ണം കുറയ്ക്കാം; സംഗതി സിംപിളും പവര്‍ഫുളുമാണ്

breakfast
SHARE

ഇഡ‌്‌ലിയും സാമ്പാറും കഴിച്ചാല്‍ വണ്ണം പോകുമെന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍വയ്ക്കാന്‍ വരട്ടെ...സംഗതി സത്യമാണ്. ഉഴുന്ന്, ചോറ്, റവ, പച്ചരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഇഡ‌്‌ലി ഒരു സംഭവം തന്നെയാണെന്ന് നമുക്കറിയാം. ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പ്രാതല്‍ വിഭവം തന്നെയാണ് ഇത്. ആവിയില്‍ ഉണ്ടാക്കിയെടുക്കുന്ന ആഹാരം എന്ന നിലയിലും ആരോഗ്യഗുണങ്ങളാലും ഇഡ‌്‌ലി സമ്പന്നമാണ്. എന്നാല്‍ ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമായ ഒന്ന് കൂടിയാണത്രെ ഇത്. എങ്ങനെയെന്നോ ?

എണ്ണ ഒട്ടും ഇല്ലാതെ ആവിയിലാണ് ഇഡ‌്‌ലി ഉണ്ടാക്കുന്നത്‌. അതിനാല്‍ കാലറി തീരെ കുറവാണ്. അരി ചേര്‍ന്നതിനാല്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാകും എന്നും കരുതേണ്ട. കാരണം ഉഴുന്ന് അല്ലെങ്കില്‍ റവയുടെ അളവ് കൂട്ടിയാല്‍ ഇതിന് പരിഹാരമാകും. ഇനി ഇഡ്‌ലി മാവില്‍ അല്‍പ്പം പച്ചക്കറികള്‍ ചേര്‍ത്താല്‍ ഗുണവും രുചിയും കൂടുകയേയുള്ളൂ.  ഫെര്‍മെന്റഡ് ആഹാരമാണ് ഇഡ‌്‌ലി. ഇങ്ങനെയുള്ള ആഹാരങ്ങള്‍ പൊതുവേ ഗുണകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് കുടലിലെ pH ലെവല്‍ നിയന്ത്രിക്കുന്നു. 

ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ധാരാളം ഇഡ‌്‌ലിയിലുണ്ട്. ഇത് ദഹനത്തിനും ഭാരം കുറയാനും സഹായകമാണ്.  അതുപോലെ തന്നെയാണ് സാമ്പാറിന്റെ കാര്യവും. പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ സാമ്പാര്‍ ഇഡ‌്‌ലിയ്ക്കൊപ്പം കഴിക്കുന്നത്‌ ഇരട്ടി ഫലം ചെയ്യും. എത്ര പച്ചക്കറികള്‍ കൂടുതല്‍ ചേര്‍ക്കുന്നുവോ അത്രയും ഗുണം ചെയ്യുമെന്ന് സാരം. ഇഡ‌്‌ലി മാവില്‍  അല്‍പ്പം സിട്രസ് ജ്യൂസ് കൂടിയായാല്‍ കാര്‍ബോഹൈഡ്രേറ്റ് ശരീരം കൂടുതലായി വലിച്ചെടുക്കുന്നതും തടയും. ഓട്സ് ചേര്‍ത്തു ഇഡലി മാവ് തയാറാക്കുന്നതും ഗുണം ചെയ്യുന്നതാണ്. എന്തായാലും ഇഡ‌്‌ലിയും സാമ്പാറും നിസ്സാരക്കാരല്ല എന്ന് മനസിലായല്ലോ .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA