sections
MORE

എന്റെ തണ്ണീർമത്തൻ 'വയർ' ദിനങ്ങൾ; മെയ്ക് ഓവർ രഹസ്യം വെളിപ്പെടുത്തി കോസ്റ്റ്യൂം ഡിസൈനർ

femina weight loss
ഫെമിന ജബാർ
SHARE

പറയുമ്പോൾ കോസ്റ്റ്യൂം ഡിസൈനറൊക്കെയാണ്, പക്ഷേ ഇഷ്ടപ്പെട്ട പല വസ്ത്രങ്ങളോടും നോ പറയേണ്ടി വന്നിട്ടുണ്ട് ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ഹിറ്റ് ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈനർ ഫെമിന ജബാറിന്. കാരണം മറ്റൊന്നുമല്ല, തന്റെ വയറു തന്നെയെന്ന് ഫെമിന. മറ്റുള്ളവർക്ക് മനോഹരങ്ങളായ വസ്ത്രങ്ങളായ ഡിസൈൻ ചെയ്യുമ്പോഴും തന്റെ വയർ ഒതുങ്ങി ഇരിക്കുന്നതരം വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നെന്നു ഫെമി പറയുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ പഴയ കഥയായി. ഫെമിയെ കാണുന്നവരൊക്കെ അതിശയത്തോടെ ചോദിച്ചുതുടങ്ങി ‘എന്നാലും ആ 'വയറ്' എവിടെ കളഞ്ഞൂന്ന് ഒന്നു പറഞ്ഞേ’ എന്ന്. ഇവർക്കായി മനോരമ ഓൺലൈനിലൂടെ ആ രഹസ്യം പങ്കുവയ്ക്കുകയാണ് ഫെമി.

‘അമിതഭാരം എന്നു പറയാൻമാത്രമുള്ള ശരീരഭാരം എനിക്കില്ല. പക്ഷേ വില്ലനായി വയറുണ്ടായിരുന്നു. ആഹാരരീതിയും ജീവിതശൈലിയും തന്നെയായിരുന്നു ഇതിനു പ്രധാന കാരണം. മധുരം ഒരുപാടു കഴിക്കുന്ന ആളായിരുന്നു ഞാൻ. കൃത്യസമയത്തു ഭക്ഷണം കഴിക്കണം എന്നത് എന്റെ നിഘണ്ടുവിലേ ഇല്ലായിരുന്നൂന്ന് പറയാം. അനാരോഗ്യകരമായ ജീവിതശൈലിയാണ് പിന്തുടരുന്നതെന്ന് എനിക്കും അറിയാമായിരുന്നു.

ഈ ശീലങ്ങൾ മാറ്റിയെടുക്കണമെന്നു പലപ്പോഴും വിചാരിക്കാറുണ്ട്. എന്നാൽ തിരക്കുകൾ കൊണ്ടും മറ്റും കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് അടുത്ത കൂട്ടുകാരി അഞ്ജു ഹബീബ് ഇതുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പ് തുടങ്ങുന്നത്. എന്നാൽ ഇതൊന്നു പരീക്ഷിച്ചു നോക്കാമെന്നു കരുതി.

ഗ്രൂപ്പിൽ ചേർന്നു കഴിഞ്ഞപ്പോഴാണ് എന്റെ ആഹാരരീതി എത്രത്തോളം ദോഷകരമാണെന്നു മനസ്സിലായത്. ദിവസവും വേണ്ടതിലധികം കഴിക്കുന്നുണ്ടായിരുന്നെന്നു മാത്രമല്ല, അതിൽ മുക്കാലും മധുരപലഹാരങ്ങളും എണ്ണ കലർന്ന പലഹാരങ്ങളുമായിരുന്നു. പ്രോട്ടീൻ പോലെ ശരീരത്തിന് അത്യാവശ്യമുള്ള പലതും ഭക്ഷണത്തിൽ തീരെ ഉണ്ടായിരുന്നില്ല. ചിലപ്പോൾ രാവിലെ കഴിക്കാതിരുന്നിട്ട് അതിനുകൂടി ഉച്ചയ്ക്ക് ഇരട്ടി കഴിക്കുക ഇങ്ങനെയൊക്കെയായിരുന്നു ശീലം.

വർക്കൗട്ടാണെങ്കിലും ഡയറ്റാണെങ്കിലും സ്വിച്ചിട്ടതു പോലെ ഒരു ദിവസം കൊണ്ട് എല്ലാം ശരിയാക്കാൻ തുടങ്ങിയാൽ പെട്ടെന്നുതന്നെ മടുത്തു നിർത്തിപ്പോവും. അതുകൊണ്ടുതന്നെ, പതിയെ ഓരോന്നായി മാറ്റിക്കൊണ്ടുവരികയായിരുന്നു. ഡയറ്റ് ക്രമീകരിച്ചപ്പോൾത്തന്നെ ചർമത്തിലും മുടിയിലും മുഖത്തുമൊക്കെ കാര്യമായ വ്യത്യാസമുണ്ടായി. ശരീരത്തിനു മൊത്തം ഒരു ഊർജ്ജസ്വലത കൈവന്നത് ഇപ്പോഴാണ്. അനാവശ്യ ഫാറ്റ് കളഞ്ഞപ്പോൾതന്നെ ആരോഗ്യത്തിലും പുരോഗതി ഉണ്ടായി. അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളൊന്നും ഇപ്പോൾ അടുത്തുകൂടി പോലും പോകുന്നില്ല. നമുക്കു വേണ്ടി സ്പെഷൽ ആഹാരം ഉണ്ടാക്കേണ്ടി വരുന്നില്ല എന്നതാണ് ഒരു പ്രത്യേകത. നമ്മൾ സാധാരണ വീട്ടിലുണ്ടാക്കുന്ന ആഹാരം തന്നെയാണ് കഴിക്കുന്നത്. അതിലെ പ്രോട്ടീനും കാർബോഹൈഡ്രേറ്റും ഫാറ്റും എത്രയുണ്ടെന്ന അളവൊക്കെ ശ്രദ്ധിച്ചു കഴിച്ചാൽ മതി.

99 സെന്റിമീറ്റർ ആയിരുന്നു എന്റെ അബ്ഡോമെൻ സൈസ്. രണ്ടു മാസത്തെ പ്രയത്നം കൊണ്ട് എന്റെ വയറിൽ അടിഞ്ഞു കൂടിയിരുന്ന അനാവശ്യ കൊഴുപ്പു മുഴുവൻ കളഞ്ഞ് 84 ലേക്ക് എത്തി.

ഡയറ്റിനു പുറമേ ചെയ്യേണ്ട വ്യായാമങ്ങളെക്കുറിച്ചും കൃത്യമായ പാഠങ്ങൾ ഗ്രൂപ്പിലൂടെ നൽകുന്നുണ്ടായിരുന്നു. ജിമ്മിൽ പോവാൻ പറ്റിയില്ലെങ്കിൽ പകരം വീട്ടിലോ ഹോട്ടലിലോ ഗ്രൗണ്ടിലോ എവിടെയും വ്യായാമം ചെയ്യാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേൻമ. ജോലി സംബന്ധമായി ഒരുപാടു യാത്രകൾ വേണ്ടി വന്നിട്ടും വർക്കൗട്ട് മുടങ്ങാതിരിക്കാൻ സഹായിച്ചത് ഇതാണ്. 

ഫാറ്റ് പോയതിനൊപ്പം ശരീരഭാരവും രണ്ടു കിലോ കുറഞ്ഞു. ശരീരഭാരം കുറച്ചുകൂടി ക്രമീകരിക്കണം. ഉയരമുള്ളതുകൊണ്ട് കാണുമ്പോൾ അമിതഭാരമായി തോന്നില്ലെങ്കിലും ബിഎംഐ ഇപ്പോഴും കുറച്ചു കൂടുതലാണ്. അതുകൂടി ഇനിയൊന്ന് റെഡിയാക്കിയെടുക്കണം. ഫസ്റ്റ് ഫോക്കസ് വയറിനു കൊടുത്തു. അതു വിജയം കണ്ടു. ഇനി അടുത്ത പടിയിലേക്കു കടക്കണം’ – ഫെമി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA