ADVERTISEMENT

മധ്യവയസ്സു പിന്നിട്ടിരിക്കുന്നു, ഇനി എന്ത് ഡയറ്റും ശരീരഭാരവുമൊക്കെ എന്നു ചിന്തിക്കുന്നവർ ഒട്ടനവധിയാണ്. അങ്ങനെയുള്ളവർക്ക് ഒരു പ്രചോദനമാണ് കോഴിക്കോടുകാരി ഷാഹിദ റസാഖ്. മനസ്സിലാകാത്തവർക്കായി ഒന്നുകൂടെ പരിചയപ്പെടുത്താം നമ്മുടെ പ്രിയ തിരക്കഥാകൃത്തായിരുന്ന ടി. എ റസാഖിന്റെ പ്രിയപത്നിയും ന്യൂനപക്ഷക്ഷേമ വകുപ്പിൽ എൽഡി ക്ലർക്കുമാണ് കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിയായ ഷാഹിദ.

വയസ്സ് 41 ആയില്ലേ, ഇനി എന്ത് വണ്ണം കുറയ്ക്കൽ എന്നു പറയുന്നവരുടെ മനസ്സിലേക്കാണ് ആറു മാസം കൊണ്ട് 12 കിലോ കുറച്ച് ആരോഗ്യപ്രശ്നങ്ങളും അകറ്റി ഷാഹിദ നടന്നു കയറിയിരിക്കുന്നത്. ഇതൊക്കെ എങ്ങനെ സാധിച്ചു എന്നല്ലേ... ഷാഹിദയുടെ വാക്കുകളിൽത്തന്നെ അറിയാം ആ സീക്രട്ട്സ്.

ഡിഗ്രിക്കു പഠിക്കുന്ന ഒരു മകളും മെഡിക്കൽ കോഴ്സിനായി തയാറെടുക്കുന്ന ഒരു മകനും അമ്മയും അടങ്ങിയതാണ് കുടുംബം. ഈ വർഷം തുടങ്ങുമ്പോൾ എന്റെ ശരീരഭാരം 80 കിലോയായിരുന്നു. ശരീരഭാരം കൂടുതലായിരുന്നെന്നു മാത്രമല്ല പിസിഒഡി, അലർജി, നടക്കാനും പടികൾ കയറാനുമുള്ള ബുദ്ധിമുട്ട്, കാൽമുട്ടുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. കുനിഞ്ഞു നിന്ന് വീടു വൃത്തിയാക്കാൻവരെ കാൽമുട്ടു വേദന വില്ലനായിരുന്നു. ശരീരഭാരം കുറച്ചാൽ കാൽമുട്ടു വേദനയ്ക്ക് ശമനം കിട്ടുമെന്ന ബോധ്യമുണ്ടായിരുന്നു. അതെങ്ങനെ എന്ന അന്വേഷണത്തിനിടയിലാണ് ഫെയ്സ്ബുക്കിൽ അ‍ഞ്ജു ഹബീബിന്റെ വെയ്റ്റ് ലോസ് ഗ്രൂപ്പ് ശ്രദ്ധയിൽപ്പെടുന്നത്. 

അങ്ങനെ ഫെബ്രുവരിയിൽ തുടങ്ങിയ ഗ്രൂപ്പിൽ ഞാനും ചേർന്നു. ചേരുമ്പോഴുള്ള ശരീരഭാരം 80 കിലോയായിരുന്നു. ആദ്യമേതന്നെ എന്തൊക്കെയായിരിക്കും ചെയ്യേണ്ടത് എന്ന അറിവു കിട്ടിയിരുന്നതിനാൽ വേണ്ട മുന്നൊരുക്കങ്ങളോടൊയാണ് ഗ്രൂപ്പിൽ ചേർന്നത്. 

മധുരവും വറുത്ത പലഹാരങ്ങളും ഉപേക്ഷിച്ചപ്പോൾതന്നെ ഒരു കിലോ കുറഞ്ഞു. അതോടെ എന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. ഗ്രൂപ്പ് ആക്ടീവ് ആയതോടെ പല പുതിയ അറിവുകളും ലഭിച്ചു. എന്താണു കഴിക്കേണ്ടത്, അതു കഴിച്ചാലുള്ള കുഴപ്പം എന്താണ്, ഗുണം എന്താണ്, ശരീരത്തിലേക്ക് എത്ര ഇൻടേക്ക് വേണം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫാറ്റ് ഇവ എത്ര വേണം തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലായി. നമുക്കു വേണ്ട കാലറി ലിമിറ്റ് എത്രയെന്ന് അവർ പറഞ്ഞുതരും. 

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത, പക്ഷേ അതിന്റെ അളവ് ഒന്നു കുറയ്ക്കണമെന്നു മാത്രം. ഒപ്പം കുറച്ച് വ്യായാമങ്ങളും. ജിമ്മിൽ പോയുള്ള വർക്ക്ഔട്ട് വേണ്ട, പകരം നമുക്കു വീട്ടിൽതന്നെ ചെയ്യാവുന്ന വ്യായാമങ്ങളാണുള്ളത്. എന്നെപ്പോലുള്ള ജോലിക്കാർക്ക് ചിലപ്പോൾ ജിമ്മിൽ പോകാനുള്ള സമയം കിട്ടിയെന്നു വരില്ല. അങ്ങനെയുള്ളവർക്ക് ഇതൊരു വലിയ സഹായമായിരുന്നു. പച്ചക്കറികളും സാലഡും കൂടുതൽ കഴിച്ച് ചോറിന്റെ അളവു കുറച്ചു. റെസിസ്റ്റന്റ് ബാൻഡും ഡംബെല്ലും ഉപയോഗിച്ചുള്ള വ്യായാമങ്ങൾ തനിയെ ചെയ്തു. ഇതിനിടയിൽ നോമ്പും തുടങ്ങി. അങ്ങനെ മൂന്നു മാസമായപ്പോഴേക്കും 80–ൽ നിന്ന് 71 ആയിരുന്നു.

ഇടയ്ക്ക് കുറച്ച് ഭക്ഷണം കൂടുതൽ കഴിക്കുമ്പോൾ ഓർക്കും പടച്ചോനേ... ഇങ്ങനെ കഴിക്കാൻ പാടില്ലല്ലോന്ന്. ഭക്ഷണരീതിയിൽ അങ്ങനെ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരുന്നു. പൊതുവേ എല്ലാം തുടങ്ങിവയ്ക്കും, എന്നാൽ അത് എത്രത്തോളം മുന്നോട്ടു കൊണ്ടുപോകും എന്ന സംശയം ഉണ്ടായിരുന്നതിനാൽ ആരോടുംതന്നെ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. മെലിയാനും തുടങ്ങി, മുളപ്പിച്ച പയറും കടലയുമൊക്കെ കഴിക്കുന്നതും കണ്ടപ്പോൾ എന്താ സംഭവമെന്നു സഹപ്രവർത്തകർ ചോദിച്ചുതുടങ്ങി.

വെയ്റ്റ്‌ലോസ് മാത്രമല്ല, ശരീരത്തിൽ ആവശ്യമില്ലാത്ത ഫാറ്റ് എല്ലാം പുറത്തുകളയാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ മേൻമ. നല്ല കുടവയറും എനിക്കുണ്ടായിരുന്നു. റസാഖ് ഉള്ള സമയത്തു പറയുമായിരുന്നു നീ നിത്യഗർഭിണി ആണല്ലോ, എപ്പോഴും ഒരു നാലുമാസം ഗർഭം പറയുംന്ന്. അതുകൊണ്ടുതന്നെ പുറത്തൊക്കെ പോകുമ്പോൾ ചുരിദാർ മാത്രമേ ഇടുള്ളായിരുന്നു. അതും വയറൊക്കെ ഷാൾ ഉപയോഗിച്ച് പുതച്ച് വയ്ക്കും. ഈ ഗ്രൂപ്പിൽ ചേർന്നതോടെ ആദ്യം കുറഞ്ഞുതുടങ്ങിയത് എന്റെ വയറാണ്. മാത്രമല്ല പിസിഒഡി പ്രശ്നത്തിനും നല്ല മാറ്റമുണ്ട്. കാൽമുട്ടു വേദന, നടക്കുമ്പോഴുള്ള ശ്വാസം തിങ്ങൽ എന്നിവയും മാറിക്കിട്ടി, ഇപ്പോൾ കാൽമുട്ടു വേദന വരുന്നുണ്ടോ എന്നറിയാൻ നാലുനില കെട്ടിടത്തിന്റെ ലിഫ്റ്റ് ഉപയോഗിക്കാതെ പടികൾ കയറി ഇറങ്ങും, കുനിഞ്ഞു നിന്ന് തൂത്തു വാരൽ, തുണി അലക്കൽ ഒക്കെ ചെയ്തു നോക്കുന്നുണ്ട്. മുട്ടുവേദന എന്ന പ്രശ്നം തോന്നാതെ ഇവയെല്ലാം ഈസിയായി ചെയ്യാൻ പറ്റുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നതല്ല.

രാവിലെ എഴുന്നേറ്റ ഉടൻ ഒരു ഗ്ലാസ്സ് ഗ്രീൻടീ. പ്രാതലിന് രണ്ടു സ്പൂൺ ഓട്സ് ഒപ്പം കുറച്ച് ഡ്രൈഫ്രൂട്സ്, പിന്നെ രണ്ടോ മൂന്നോ മുട്ടയുടെ വെള്ള മാത്രം വച്ചുള്ള ഓംലെറ്റ്. 11മണിക്ക് മധുരം ചേർക്കാത്ത ബ്ലാക്ടീയും പുഴുങ്ങിയ മുട്ടയുടെ വെള്ളയും. ഉച്ചയ്ക്ക് 100 ഗ്രാം ചോറ്, 150–200 ഗ്രാം മുരിങ്ങ ഇല തോരൻ, ചെറിയ മീനുകൾ കറിവച്ചത്, മിക്സഡ് വെജിറ്റബിൾ സാലഡ്. 4 മണിക്ക് ബ്ലാക്ടീയും കടലയോ മുറുക്കോ ബിസ്കറ്റോ എന്തെങ്കിലും കഴിക്കും. 7 മണിയോടു കൂടി കൊഴുപ്പു നീക്കിയ ഒരു ഗ്ലാസ്സ് പാൽ കുടിച്ച ശേഷം അര മുതൽ മുക്കാൽ മണിക്കൂർവരെ വർക്ക്ഔട്ട്. രാത്രി വീണ്ടും ഓട്‌സും മുട്ടയുടെ വെള്ളയും, അല്ലെങ്കിൽ രണ്ടു ചപ്പാത്തി ഇങ്ങനെയായിരുന്നു ഭക്ഷണക്രമം. ഇതിനു പുറമേ ഒരു ദിവസം നാലു ലീറ്റൽ വെള്ളം കുടിക്കും. 

shahida2

ഇപ്പോൾ കാണുന്ന പരിചയക്കാരൊക്കെ ചോദിക്കുന്നത് അയ്യോ, ഇതെന്തു പറ്റി ഷുഗർ ഉണ്ടായിരുന്നോ... ഇങ്ങനെ മെലിഞ്ഞെ, കവിൾ ഒട്ടിപ്പോയല്ലോ, കഴുത്തു നീണ്ടു എന്നൊക്കെയാണ്. എന്നാൽ ചിലർ പറയും ആ പൊണ്ണത്തടിയൊക്കെ പോയി ഒന്ന് ഒതുങ്ങിയല്ലോ എന്നും. എല്ലാ കമന്റ്സും ഞാൻ പോസിറ്റീവായാണ് എടുക്കുന്നത്. 

വീട്ടിൽ നിന്നും നല്ല സപ്പോർട്ട് ആയിരുന്നു. ആദ്യം മക്കളായിരുന്നു പ്രോത്സാഹനം, ചോറൊക്കെ കുറച്ചു കഴിക്കുമ്പോൾ അമ്മയ്ക്ക് ആദ്യം വലിയ പ്രശ്നമായിരുന്നു. എന്നാൽ പിന്നീട് മാറ്റങ്ങൾ കണ്ടു തുടങ്ങിയപ്പോൾ ഏററവും വലിയ പ്രോത്സാഹനം തന്നതും അമ്മയായിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com