3 മാസം കൊണ്ട് കുറച്ചത് 14 കിലോ! തടിയും വയറും കുറയില്ലെന്നു പറഞ്ഞവർ കാണുന്നുണ്ടല്ലോ അല്ലേ!

preeti weight loss
പ്രീതി
SHARE

‘പ്രസവത്തിനു ശേഷം വന്ന വയറും തടിയുമൊന്നും കുറയില്ലെന്നേ... അതിനു വേണ്ടി സമയം കളയാതിരിക്കുന്നതാ നല്ലത്’. – പാലക്കാട് സ്വദേശിയും ഇപ്പോൾ അബുദാബിയിൽ താമസക്കാരിയുമായി പ്രീതിയോട് അടുപ്പക്കാരൊക്കെ പറഞ്ഞ ഡയലോഗാണിത്. 

‘54 കിലോയിൽനിന്ന് 72 കിലോയിലെത്തിയ എന്നെ കണ്ടാൽ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളു. എന്നാൽ ആ കമന്റുകൾക്ക് എന്റെ നിശ്ചയദാർഢ്യത്തെ തോൽപ്പിക്കാനായില്ല’. – മൂന്നു മാസം കൊണ്ട് 14 കിലോ കുറച്ച് മുൻപത്തെക്കാളും ഫിറ്റ് ആൻഡ് ഹെൽത്തി ആയ പ്രീതി അബുദാബിയിൽ നിന്ന് മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

ശരീരഭാരം കൂടിയതു പ്രസവത്തോടെ
2014–ൽ 54 കിലോയായിരുന്നു എന്റെ ശരീരഭാരം. ആദ്യ പ്രസവം വരെ നോർമൽ വെയ്റ്റേ ഉണ്ടായിരുന്നുള്ളു. ആദ്യ പ്രസവം കഴിഞ്ഞതോടെ അത്യാവശ്യം നന്നായി തടിവച്ചു. എന്നാൽ ജിമ്മിൽ വർക്ക്ഔട്ട് ചെയ്ത് ആ തടി കുറച്ചിരുന്നു. 2018 ഡിസംബറിൽ രണ്ടാമത്തെ പ്രസവം കഴിഞ്ഞതോടെ നന്നായി തടി വച്ചു. ആറുമാസം കുഞ്ഞിനു മുലപ്പാൽ മാത്രമാണ് നൽകിയത്. അതിനാൽ നന്നായി ഭക്ഷണം കഴിക്കുകയും അതു ശരീരത്തിൽ പ്രതിഫലിക്കുകയും ചെയ്തു. രണ്ടാമതു ഗർഭം ധരിച്ചപ്പോഴുള്ള ശരീരഭാരം 56 കിലോയായിരുന്നു. അവിടുന്ന് പിന്നെ  72–ലേക്ക് ഒറ്റച്ചാട്ടമായിരുന്നു.

അത്യാവശ്യം ബോഡിഷെയ്മിങ്ങും കിട്ടി
ചെറിയ രീതിയിലുള്ള ബോഡിഷെയ്മിങ് അനുഭവിച്ചിട്ടുണ്ട്. നാട്ടിലാണെങ്കിലും ഇവിടെ അബുദാബിയിലാണെങ്കിലും പരിചയമുള്ളവർ കാണുമ്പോൾ പറയും ‘പ്രസവത്തിനു ശേഷം നല്ല വെയ്റ്റ് കൂടീട്ടോ. ഇതെപ്പ കുറയ്ക്കാനാ.‌ പ്രസവത്തിനു ശേഷം കിട്ടിയ വയറും തടിയൊന്നും എന്തായാലും പോകില്ല. ഞങ്ങളൊക്കെ എത്ര ട്രൈ ചെയ്തിട്ടുള്ളതാണ്. അതിലൊന്നും കാര്യമില്ല. ഇങ്ങനെ തടിച്ചിട്ട് എങ്ങോട്ട് പോകുവാണ്.’ – ഇങ്ങനെ, ഫ്രണ്ട്‌ലിയായി എന്നാൽ അതിലൊരു കമന്റ് കൂടി ചേർത്ത് പറയുമായിരുന്നു.

ജിമ്മിൽ പോകണം, നോ എന്നു ഭർത്താവ്
ഭാരം നാൾക്കുനാൾ കൂടിക്കൂടി വരുന്നു. വാങ്ങിവച്ച പല ഡ്രസ്സും ഇടാൻ പറ്റാത്ത അവസ്ഥ. ഇട്ടു കൊതിതീരാത്ത പല വസ്ത്രങ്ങളും എന്നെ നോക്കി കൊതിപ്പിക്കാൻ തുടങ്ങി. സ്മോൾ, മീഡിയം സൈസ് വിട്ട് ഡബിൾ എക്സ് എൽ ലേക്ക് എത്തി. ഇനി ജിമ്മിൽ പോയി എന്തെങ്കിലുമൊക്കെ ചെയ്തേ മതിയാകൂ എന്നു തീരുമാനിച്ചു. ഭർത്താവിനോടു പറഞ്ഞപ്പോൾ, കുഞ്ഞിനെ നോക്കാൻ ആളില്ലാതെ ജിമ്മിൽ പോക്ക് പ്രായോഗികമല്ല അതുകൊണ്ട് ആ മോഹം ഉപേക്ഷിച്ചേക്കാൻ പറഞ്ഞു. പകരം അദ്ദേഹം ഒരു വഴിയും കണ്ടുപിടിച്ചു തന്നിരുന്നു.

വേദനകൾ നൊമ്പരപ്പെടുത്തിയ ആ കാലം
എങ്ങനെയും ശരീരഭാരം കുറയ്ക്കണമെന്ന തീരുമാനത്തിനു കാരണമായത് എന്നെ അലട്ടിയിരുന്ന അനാരോഗ്യം തന്നെയാണ്. അസഹനീയമായ കാലുവേദനയും മുട്ടുവേദനയും നടുവേദനയുമായി ഡോക്ടറെ സമീപിച്ചപ്പോൾ വെയ്റ്റ് കുറച്ചോളൂ എന്ന ഉപദേശമാണ് കിട്ടിയത്. വേദന സഹിക്കുന്നതിനെക്കാൾ നല്ലതാണല്ലോ കുറച്ച് കഷ്ടപ്പെട്ടാണേലും ഭാരം കുറയ്ക്കുന്നത്. എനിക്ക് ശരീരത്തിന്റെ അപ്പർ പാർട്ട് നല്ല ബോഡി വെയ്റ്റും ലോവർ പാർട്ട് തിന്നും ആയിരുന്നു. അപ്പർ ബോഡിയുടെ വെയ്റ്റ് കാലുകൾക്ക് താങ്ങാൻ പറ്റില്ലായിരുന്നു. ലെഗ് ബാലൻസിങ് പ്രശ്നമായി. ഡോക്ടർ പറഞ്ഞത് അപ്പർ ബോഡിയുടെ വെയ്റ്റ് കാരണം ഇങ്ങനെ വരാമെന്നായിരുന്നു. രാവിലെ എഴുന്നേറ്റ് കാൽ നിലത്തു വയ്ക്കുമ്പോൾ ഉപ്പൂറ്റിയുടെ ഭാഗത്ത് വേദന. ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. 

ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് എന്ന മോഹിപ്പിക്കും ഗ്രൂപ്പ്
ഫെയ്സ്ബുക്കിൽ അഞ്ജു ഹബീബിന്റെ ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പ് ഉണ്ടെന്നും അത് ഒന്നു ശ്രമിച്ചു നോക്കാനും ഭർത്താവ് നിർദേശിച്ചു. ഞാനാകട്ടെ, ജിമ്മിൽ പോയി വെയ്റ്റ് ലിഫ്റ്റിങ്ങൊക്കെ ചെയ്താലേ സ്‌ലിം ആകൂ എന്നു മനസ്സിൽ ഉറപ്പിച്ചു വച്ചിരിക്കുന്ന കൂട്ടത്തിലും. കേട്ടപാടേ ഞാൻ നോ പറഞ്ഞു. ‘നിനക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ സൗകര്യത്തിനുള്ള പരിപാടിയാണ്. അര മണിക്കൂർ വർക്ക്ഔട്ടിനു മാറ്റി വച്ചാൽ മതി. പിന്നെ ഗ്രൂപ്പിൽ പറയുന്ന പോലെ ആഹാരം നിയന്ത്രിച്ചാൽ മതി’ എന്നു ഭർത്താവും. 

അങ്ങനെയാണ് ഗ്രൂപ്പിൽ ചേർന്നത്. അപ്പോഴും ഇതു തുടർച്ചയായി ഫോളോ ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഭർത്താവിന്റെ തീരുമാനം എന്തുകൊണ്ടും നന്നായി എന്നു തോന്നുന്നു.

preeti2

പിന്നെ സംഭവിച്ചതെല്ലാം ഒരു മാജിക്
ഒന്നും നടക്കില്ലെന്ന ധാരണയോടെയാണ് ജൂൺ 17ന് ഗ്രൂപ്പിൽ ചേർന്നതെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾതന്നെ കാര്യം സീരിയസ് ആണെന്നു മനസ്സിലായി. വെയ്റ്റ് കുറയ്ക്കാൻ തീരുമാനെമടുത്തുവെന്ന്  ആരോടും പറഞ്ഞിരുന്നുമില്ല. ഗ്രൂപ്പിലെ ‍ഡയറ്റും വർക്ക്ഔട്ടും പെർഫെക്ട് ആയിരുന്നു. പൊതുവേ ഡയറ്റ് എന്നു കേൾക്കുമ്പോൾത്തന്നെ, ഭക്ഷണമൊന്നും കഴിക്കില്ല എന്ന രീതിയിലാണ് എടുക്കുന്നത്. എന്നാൽ ഇവിടെ നേരേ തിരിച്ചാണ്, എന്നു പറഞ്ഞാൽ ഇഷ്ടഭക്ഷണം കഴിച്ചുള്ള ഡയറ്റിങ്. നമുക്ക് ഇഷ്ടമുള്ളത്, നമ്മുടെ വീട്ടിൽ ഉള്ളത് എന്തും കഴിക്കാം. അത് എത്ര അളവിൽ കഴിക്കാമെന്നത് നമ്മൾതന്നെ വർക്ക്ഔട്ട് ചെയ്തു കണ്ടുപിടിക്കണം. ഇതിനൊക്കെ100 ശതമാനം ഡെഡിക്കേഷൻ കൊടുത്തുപോകും. അത്ര നല്ല അഡ്വൈസാണ് അവർ തരുന്നത്. നല്ല മോട്ടിവേഷൻ. എന്തെങ്കിലും ചെയ്തില്ലെങ്കിൽ കുറ്റബോധം വരും. വെള്ളം ധാരാളം കുടിക്കുക. പ്രോട്ടീൻ കൂടുതലുള്ള ദാൽ, ഇലവർഗങ്ങൾ, ചിക്കൻ, ചിക്കൻ ബ്രെസ്റ്റ്, മുട്ടയുടെ വെള്ള, കടല, മത്സ്യം തുടങ്ങി വീട്ടിലുള്ള ഭക്ഷണം തന്നെയാണ് കഴിച്ചത്. എനിക്കുവേണ്ടി പ്രത്യേക ഭക്ഷണം എന്ന രീതിയേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ എക്സ്ട്രാ ചാർട്ട് ആയി ഡയറ്റ് കൊണ്ടുപോകേണ്ട ആവശ്യം ഇല്ലായിരുന്നു

ഹൈ ഇന്റൻസിറ്റി വർക്ക്ഒൗട്ടാണ് ചെയ്തത്. ഓരോ ദിവസവും ചെയ്യേണ്ട വർക്ക്ഔട്ട് ഗ്രൂപ്പിൽ പറയും. അതു ചെയ്യും. പിന്നെ റസിസ്റ്റൻസ് ബാൻഡ് ഉപയോഗിച്ചുള്ള റസിസ്റ്റൻസ് എക്സർസൈസ് ഉണ്ട്. ആഴ്ചയിൽ 5 ദിവസം ഐ ഇന്റൻസിറ്റി ഹിറ്റ് ചെയ്യണം. മൂന്നു ദിവസമാണ് റസിസ്റ്റൻസ് വർക്ക്ഔട്ട് വരുന്നത്. ഓരോ ശരീരഭാഗത്തിനു വേണ്ടിയുമുള്ള വർക്ക്ഔട്ടുണ്ട്. വീട്ടിലല്ല, വേറെ എവിടെയെങ്കിലുമാണെങ്കിലും ഒരു അര മണിക്കൂർ മാറ്റിവച്ച് ചെയ്യാമെന്നതാണ് ഈ വർക്ക്ഔട്ടുകളുടെ ഗുണം. ഗ്രൂപ്പിലെ കാര്യങ്ങളെല്ലാം ചിട്ടയോടെ ചെയ്തപ്പോൾ മൂന്നു മാസംകൊണ്ട് ഞാനെത്തിയത് 58 കിലോയിലേക്കാണ്. വർക്ക്ഔട്ടും ഡയറ്റും എല്ലാം കൂടിയായപ്പോൾ പെർഫെക്ട് ആയി. ഇപ്പോൾ ഫിറ്റ് ആൻഡ് ഹെൽതി. വെയ്റ്റ് കുറഞ്ഞതോടെ ആരോഗ്യപ്രശ്നങ്ങളെല്ലാം അകന്നു. 

ജിമ്മിൽ നിന്നു കിട്ടാഞ്ഞത്
ജിമ്മിൽ പൊയ്ക്കൊണ്ടിരുന്നപ്പോൾ ട്രെഡ്മിൽ പോലുള്ളവ ചെയ്യുമെന്നുള്ളതല്ലാതെ കൂടുതൽ കോൺസൻട്രേറ്റ് ചെയ്തിട്ടില്ല. ഇവിടെയൊക്കെ പഴ്സണൽ ട്രെയിനറെ വേണമെങ്കിൽ നല്ല തുകയും ചെലവാക്കണം. ആദ്യ പ്രസവത്തിനു ശേഷം ജിമ്മിൽ പോയി ഭാരം കുറച്ചെങ്കിലും തുടയിലെ ഫാറ്റൊക്കെ അതുപോലതന്നെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ ഫാറ്റ് മുഴുവൻ പോയി. ഫാറ്റ് മുഴുവൻ പോയതുതന്നെയാണ് പെട്ടെന്നുള്ള വെയ്റ്റ് ലോസിനു കാരണവും. ഇപ്പോൾ നല്ല ഉൻമേഷവും എല്ലാ കാര്യങ്ങളും എനർജെറ്റിക്കായി ചെയ്യാനും സാധിക്കുന്നുണ്ട്. 

സൂപ്പർ, ഇതെങ്ങനെ സംഭവിച്ചു?
ആദ്യ ഒരു മാസം കഴിഞ്ഞതോടെതന്നെ ശരീരത്തിൽ കാര്യമായ മാറ്റങ്ങളും കണ്ടുതുടങ്ങിയിരുന്നു. വെയ്റ്റ്‌ലോസിനു ശേഷം കിടിലൻ കമന്റ്സാണു കിട്ടിയത്. ജൂലൈയിൽ നാട്ടിൽ പോയപ്പോൾ ബന്ധുക്കളൊക്കെ മാറ്റം കണ്ടു പറയാൻ തുടങ്ങി. പ്രസവം സമ്മാനിച്ച തടിയും വയറും കുറയില്ലെന്നു പറഞ്ഞവരൊക്കെ ‘പ്രീതിയെ നോക്കൂ, ഇപ്പോൾ എന്തു ഫിറ്റ് ആയി. മനസ്സുവച്ചാൽ നടക്കാത്ത കാര്യങ്ങളൊന്നും ഇല്ല’ എന്ന് മറ്റുള്ളവരോടു പറഞ്ഞു കൊടുക്കുന്നു. ഡ്രസ്സ് ചെയ്ഞ്ചാണ് ഏറ്റവും വലിയ സംഭവം. ഡബിൾ എക്സ്എൽ സൈസ് വരെ ഉപയോഗിച്ചിരുന്ന ഞാൻ ഇപ്പോൾ മീഡിയത്തിൽ എത്തി. മുൻപ് എന്നെ കൊതിപ്പിച്ച വസ്ത്രങ്ങളെല്ലാം വീണ്ടുമിട്ട് ഞാനവരെ കൊതിപ്പിക്കുന്നു. മുഴുവൻ ക്രെഡിറ്റും ഭർത്താവിനാണ്. പിന്നെ എന്റെ രണ്ടു മക്കളും വ്യായാമം ചെയ്യുമ്പോൾ ബുദ്ധിമുട്ടിച്ചില്ലെന്നതും വലിയൊരു സപ്പോർട്ടാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA