ADVERTISEMENT

' ശരീരഭാരം സെഞ്ചുറിയും പിന്നിട്ട് 110 കിലോയിലെത്തി. കൂടാതെ കൊളസ്ട്രോൾ, യൂറിക് ആസിഡ് പ്രശ്നങ്ങളും കൂട്ടുവന്നു. മേലനങ്ങാതെ എങ്ങനെ ഇതിനൊരു പരിഹാരം കണ്ടെത്താമെന്ന ആലോചനയിലായിരുന്നു. അപ്പോഴാണ് ഒരു താരം ( പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത) കീറ്റോ ഡയറ്റിനെക്കുറിച്ചു പറയുന്നത്. വ്യായാമം ചെയ്യാൻ മടിയുള്ള എനിക്ക് അതു യോജിച്ചതാണെന്നു തോന്നി. അങ്ങനെ ഒരു മാസംകൊണ്ട് 12 കിലോ കുറച്ച് 98 കിലോയിലെത്തി. പക്ഷേ കീറ്റോ ഡയറ്റ് അതുപോലെ പിന്തുടരുന്നതിനു പകരം എന്റേതായ രീതിയിൽ ചെറിയ ചില മാറ്റങ്ങളും വരുത്തി ' - പറയുന്നത് പ്രശസ്ത ജ്യോതിഷൻ ഹരി പത്തനാപുരം.

ശരീരഭാരത്തിനൊപ്പം വേദനകളും അസുഖങ്ങളും പടിയിറങ്ങി

കീറ്റോ ഡയറ്റാണ് ഞാൻ ഫോളോ ചെയ്തത്. ഈ ഡയറ്റിൽ പറയുന്നതനുസരിച്ച് നോൺ വെജ് വിഭവങ്ങളെല്ലാം ഫ്രൈ ചെയ്തു കഴിക്കാം. അതായത് ചിക്കൻ, ബീഫ്, മട്ടൻ തുടങ്ങിയവയൊക്കെ വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തു കഴിക്കാം. അരി, ഗോതമ്പ്, മൈദ എന്നിവ പാടില്ല. മധുരം പൂർണമായും ഉപേക്ഷിക്കണം. മധുരമുള്ള പഴങ്ങൾ പോലും കഴിക്കാൻ പാടില്ല. അവക്കാഡോ, ബെറികൾ, തണ്ണിമത്തൻ എന്നിവ മാത്രമാണ് പഴവർഗത്തില്‍ കഴിക്കാൻ സാധിക്കുന്നത്. 

യൂറിക് ആസിഡിന്റെ പ്രശ്നം ഉണ്ടായിരുന്നതുകൊണ്ട് അസഹനീയമായ 'ജോയിന്റ് പെയ്ൻ' എന്നെ അലട്ടിയിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ഉപ്പൂറ്റി നിലത്തു കുത്താൻ പറ്റാത്ത അവസ്ഥ. വിരലിന്റെ ജോയിന്റിനു വരെ അസഹനീയ വേദനയായിരുന്നു. പക്ഷേ ഈ ഡയറ്റ് പിന്തുടർന്നതോടെ ഒരു മാസം കൊണ്ടുതന്നെ ആ വേദനയെല്ലാം പൂർണമായും മാറി. എന്റെ കൊളസ്ട്രോൾ നില 248 ആയിരുന്നു. ഇപ്പോൾ അത് 168 ആയി. കൊളസ്ട്രോളിനു മരുന്നു തുടങ്ങണമെന്നു പറഞ്ഞിരുന്നെങ്കിലും മരുന്നൊന്നും കഴിച്ചിരുന്നില്ല. പക്ഷേ ഒരു മാസം കഴിഞ്ഞ് കൊളസ്ട്രോൾ പരിശോധിച്ചപ്പോൾ ഞാൻതന്നെ അദ്ഭുതപ്പെട്ടു പോയി. 

ആദ്യ ഒരാഴ്ച ' കഠിനം' 

ഈ ഡയറ്റ് പിന്തുടരുമ്പോള്‍ ആദ്യത്തെ ഒരാഴ്ച നല്ല ക്ഷീണവും തലവേദനയും ഒന്നും ചെയ്യാൻ കഴിയാതെ വരികയും തളർച്ചയുമൊക്കെ തോന്നാം. ഇതിനെ അതിജീവിക്കാൻ വെള്ളം ധാരാളം കുടിക്കണം. ഇല്ലെങ്കിൽ ഡിഹൈഡ്രേഷൻ ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ ഉപദേശം കൂടി സ്വീകരിച്ച ശേഷം ചെയ്യുന്നതാകും നല്ലത്. 

ഡയറ്റ് ഇങ്ങനെ

രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡെർ വിനഗർ ചേർത്തു കുടിക്കും. ഇത് പല്ലിന്റെ ഇനാമലിനു പ്രശ്നം ഉണ്ടാക്കുമെന്നുള്ളതുകൊണ്ട് സ്ട്രോ ഉപയോഗിച്ചാണ് കുടിച്ചിരുന്നത്. അതിനുശേഷം ഉടൻ വായ കഴുകും. പിന്നെ ഒരു ബട്ടർ കോഫി, താറാവിന്റെ മുട്ട രണ്ടെണ്ണം ഉള്ളി കൂടുതലിട്ട് ഒംലെറ്റ്. ഇടസമയത്ത് കുക്കുമ്പർ, ചെറിയഉള്ളി, സവാള , നാരങ്ങാനീര് ഇത്രയുമിട്ട സാലഡ്. ഇടയ്ക്കിടെ ഉപ്പിട്ട നാരങ്ങാ വെള്ളം, സാധാരണ വെള്ളം, മോരും വെള്ളം എന്നിവ ധാരാളം കുടിക്കും. ഉച്ചയ്ക്ക് കുറച്ച് ബീഫ് ഫ്രൈ ചെയ്തു കഴിക്കും. കുറച്ച് എനെർജി നിലനിർത്താൻ വേണ്ടി മാത്രമാണ് ബീഫ് കഴിച്ചിരുന്നത്. പുറമേ ബദാം, വാൾനട്ട്, കാഷ്യുനട്ട് എന്നിവയും കഴിച്ചിരുന്നു. വാൾനട്ട് കഴിച്ചാൽ വിശപ്പു തോന്നില്ലെന്ന പ്രത്യേകതയുമുണ്ട്. ഡയറ്റിൽ നോൺ വെജ് ഫ്രൈ ചെയ്തു കഴിക്കാമെന്നു പറഞ്ഞിരുന്നെങ്കിലും സ്ഥിരമായി ഞാനതു പിന്തുടർന്നിരുന്നില്ല. ഒരാഴ്ച കഴിയുമ്പോൾ മനസ്സിലാകും ഈ ഡയറ്റ് നമുക്ക് ചെയ്യാൻ പറ്റുന്നതാണോ അല്ലെയോ എന്ന്. പറ്റുന്നതാണെന്നു ബോധ്യപ്പെട്ടതോടെ ഞാൻ ബീഫെല്ലാം കുറച്ച് പതിയെ പച്ചക്കറികൾ കൂട്ടിക്കൂട്ടി കൊണ്ടുവന്നു. ബീഫും ചിക്കനുമൊക്കെ കഴിക്കാമെന്നു പറയുമ്പോൾ ആഹാ.. അതു കഴിക്കാമല്ലോ എന്ന സന്തോഷത്താൽ കഴിക്കരുത്. അത്യാവശ്യം ഒരു എനർജി കിട്ടാൻ വേണ്ടി മാത്രം കഴിക്കുക. 

എന്തൊരു മാറ്റം

ഇടയ്ക്കിടെ ഞാൻതന്നെ എന്റേതായ രീതിയിലുള്ള വ്യത്യാസങ്ങളും കൊണ്ടുവന്നു. ചിലപ്പോൾ ഒരു ദിവസം ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിക്കും. തുടങ്ങിക്കഴിഞ്ഞപ്പോൾ എങ്ങനെയും കുറയ്ക്കണെമെന്ന ഭ്രാന്തമായ അവസ്ഥയിലായെന്നു പറയാം. കുറച്ച് ആയപ്പോൾ ശരീരമൊക്കെ ഒന്നു വെളുത്തു. അങ്ങനെ സുന്ദരനാണെന്നൊക്കെയുള്ള ഒരവസ്ഥ തോന്നുമ്പോൾ നമുക്കുതന്നെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നു തോന്നുമല്ലോ. അതുതന്നയാണ് എന്റെയും കാര്യത്തിൽ സംഭവിച്ചത്.

ഈ ഡയറ്റ് പിന്തുടരുന്നതിനു മുൻപ് ഭീകര ചിത്രമായിരുന്നെന്നു പറയാം. 12 കിലോ എന്റെ ശരീരത്തിൽ നിന്നു പോയതോടെ എനിക്ക് എന്നെക്കുറിച്ചുതന്നെ അദ്ഭുതമായി. ശരീരഭാരം 90 കിലോയിലെത്തിച്ച ശേഷം ഈ ഡയറ്റ് നിർത്തി, ആഹാരം നിയന്ത്രിച്ചു പോകാമെന്നാണ് എന്റെ തീരുമാനം. 110 കിലോയിലെത്തിയെങ്കിലും അതിൽനിന്ന് ഒരു കിലോ എങ്കിലും കുറയ്ക്കാൻ പറ്റുമെന്ന യാതൊരു കോൺഫിഡൻസും എനിക്കില്ലായിരുന്നു. എന്നാൽ ഒരു മാസംകൊണ്ട് 12 കിലോ കുറഞ്ഞപ്പോൾ ആത്മവിശ്വാസവും ഇരട്ടിച്ചു. ഇപ്പോൾ 90 കിലോയിലെത്തിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. 

കീറ്റോ ഡയറ്റ് പിന്തുടരുന്നവരിൽ ചില ആരോഗ്യപ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ടെന്നു ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന കൊളസ്ട്രോളും യൂറിക് ആസിഡ് പ്രശ്നവും കുറഞ്ഞു കിട്ടുകയും ചെയ്തു. ഓരോരുത്തരുടെ ആരോഗ്യരീതിയും ജീവിതശൈലിയും ഡയറ്റുമൊക്കെ വച്ചാകും അങ്ങനെ പറയുന്നത്. ഈ ഡയറ്റ് പിന്തുടരുമ്പോൾ ഇടയ്ക്കിടെ രക്തപരിശോധന നടത്തണമെന്നും പറയുന്നുണ്ട്. എന്റെ കാര്യത്തിൽ ഞാനങ്ങനെ ചെയ്തിരുന്നില്ല, ഒരു മാസം ആയപ്പോഴാണ് കൊളസ്ട്രോൾ പരിശോധിച്ചു നോക്കിയത്. മുമ്പൊക്കെ എവിടയെങ്കിലും പോകുമ്പോൾ വയറു തള്ളിനിൽക്കുന്നതു കൊണുമ്പോൾ എനിക്കുതന്നെ അസ്വസ്ഥത തോന്നിയിരുന്നു. ഇപ്പോൾ ആ വയറൊക്കെ അങ്ങു കുറഞ്ഞു. ഒരു കാലിൻ മുകളിൽ മറ്റേ കാലു കയറ്റിവച്ച് ഇരിക്കാൻ സാധിക്കില്ലായിരുന്നു. ചിലരൊക്കെ അങ്ങനെ ഇരിക്കുന്നതു കാണുമ്പോൾ ഒരു കൊതി തോന്നിയിരുന്നു. ഇപ്പോൾ എനിക്കും ആസ്വദിച്ച് അതുപോലെ ഇരിക്കാൻ സാധിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com