sections
MORE

നിങ്ങളുടെ അമിതവണ്ണത്തിനു കാരണം അമ്മയാണോ?

weight-loss
SHARE

കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നു എന്നതാണ് മിക്ക അമ്മമാരുടെയും പരാതി. പല സൂത്രപ്പണികൾക്കൊടുവിൽ അമ്മമാർ കണ്ടുപിടിക്കുന്ന ഒരു എളുപ്പവഴിയുണ്ട് കുഞ്ഞുങ്ങളെ ആഹാരം കഴിപ്പിക്കാൻ. മറ്റൊന്നുമല്ല, മധുരമുള്ള ഡയറ്റ്. എന്തിനും ഏതിനും അൽപം പഞ്ചസാരയുടെ അതിമധുരം ചേർത്തു നൽകും. സംഗതി ഏറ്റ സന്തോഷത്തിൽ അമ്മമാർ പരാതിപറച്ചിൽ മതിയാക്കും. കുഞ്ഞുങ്ങൾ നല്ല തക്കിടിക്കുട്ടന്മാരായി വളരുകയും ചെയ്യും. എന്നാൽ ഈ ‘മധുരംപരിപാടി’ ഭാവിയിൽ കുട്ടികൾക്ക് അമിതവണ്ണത്തിനു കാരണമാകുന്നുവെന്ന് പാവം അമ്മമാർ അറിയുന്നില്ല. 

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെന്നസിയിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്. അമിതവണ്ണമുള്ള ഒട്ടേറെ പേരിൽ നടത്തിയ പഠനത്തിൽനിന്നാണ് അമിതവണ്ണത്തിന്റെ കാരണം  ഇപ്പോഴത്തെ ജീവിതശൈലിയേക്കാൾ കുട്ടിക്കാലത്തെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ടതാണെന്നു കണ്ടെത്തിയത്. ‘സാധാരണ ഒരാളുടെ അമിതവണ്ണത്തിന്റെ കാരണങ്ങളായി പറയുന്നത് അയാളുടെ ഇപ്പോഴത്തെ ജീവിത ശൈലിയും വ്യായാമക്കുറവും ജങ്ക് ഫുഡ് ആഹാരരീതിയുമാണ്. എന്നാൽ ഇപ്പോൾ ഈ ദുശ്ശീലങ്ങൾ ഇല്ലാത്ത ആളുകൾക്കും എന്തുകൊണ്ട് അമിതവണ്ണം ഉണ്ടാകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തേടിയായിരുന്നു  ഗവേഷണം. ആ അന്വേഷണം ചെന്നവസാനിച്ചത്  കുട്ടിക്കാലത്തെ ഭക്ഷണക്രമത്തിലാണ്. അക്കാലത്ത് അമിതമായ അളവിൽ അവർ മധുരം കഴിച്ചിരുന്നു എന്ന കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ നിഗമനം’’ യൂണിവേഴ്സിറ്റി ഓഫ് ടെന്നസിയിലെ ഗവേഷകവിഭാഗം തലവന്റെ വാക്കുകൾ.  

2016ൽ യുഎസിലെ 40 ശതമാനത്തിലേറെ പേർ, അതായത് 93 ദശലക്ഷം പേർ അമിതവണ്ണത്തിന് അടിമകളായിരുന്നു. മധുരപലഹാരങ്ങളും മധുരപാനീയങ്ങളുമാണ് പ്രധാനവില്ലന്മാർ. കുട്ടികൾക്കായെന്ന ലേബലിൽ വരുന്ന പല പായ്ക്കഡ് ഭക്ഷണ പദാർഥങ്ങളും കുട്ടികളുടെ ഇഷ്ടം നേടിയെടുക്കുന്നതിനു വേണ്ടി അമിതമായ അളവിൽ മധുരം ചേർത്താണത്രേ കമ്പനികൾ ഉണ്ടാക്കുന്നത്. കുഞ്ഞായിരിക്കുമ്പോൾ മുതൽ മധുരം ശീലിച്ചു തുടങ്ങുന്നതിനാൽ ഇവർ മുതിർന്നാലും ഇതേ അളവിൽ മധുരം കഴിക്കാൻ ഉൽസാഹം കാണിക്കും. ഇതുമൂലം കൗമാരത്തിലേ അമിതവണ്ണം പിടിപെടുന്നു. 

ഗർഭാവസ്ഥയിൽ അമ്മമാർ അമിതമായി മധുരം ഉപയോഗിക്കുന്നതും കുഞ്ഞുങ്ങളിലെ ഫാറ്റ് സെല്ലുകൾ വർധിപ്പിക്കുന്നതിന് ഒരു കാരണമാണ്. ചുരുക്കത്തിൽ പൊണ്ണത്തടിയന്മാരെ അങ്ങനെ ആക്കിത്തീർത്തതിൽ അമ്മമാരും കൂട്ടുപ്രതികളാണെന്നും സാരം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA