ADVERTISEMENT

ജലനേതി ചെയ്യുന്നതിനായി വാൽക്കിണ്ടി പോലുള്ള ഒരു പാത്രമാണ് ഉപയോഗിക്കേണ്ടത്. ചെമ്പ്, പിച്ചള, ഓട്, സ്റ്റീൽ, പ്ലാസ്റ്റിക് എന്നിവ കൊണ്ടുള്ള പാത്രങ്ങളാണ് ഈ ക്രിയയ്ക്ക് ഉപയോഗിക്കാറ്, വേനൽക്കാലത്ത് തണുത്ത ജലവും തണുപ്പുകാലത്ത് അൽപ്പം ചൂടുള്ള ജലവുമാണ് ഇതിന് ഉപയോഗിക്കുന്നത്. ചൂടും തണുപ്പും അധികം കൂടരുത്, മിതമായിരിക്കണം. ഒരു ലീറ്റർ വെള്ളത്തിന് രണ്ടു ടീസ്പൂൺ എന്ന അളവിൽ ഉപ്പു ചേർക്കേണ്ടതാണ്. 

ഈ പറഞ്ഞ പാത്രത്തിൽ വെള്ളമെടുത്ത് തറയിൽ കുന്തം കാലിൽ ഇരിക്കുക. കാൽപ്പാദം രണ്ടും തറയിൽ പതിഞ്ഞിരിക്കണം. ഇനി മൂക്കിന്റെ വലത്തെ ദ്വാരത്തിലേക്കു പാത്രത്തിന്റെ വാലറ്റം കടത്തുക. പാത്രം പിടിച്ചിരിക്കുന്ന കൈമുട്ട് ആ വശത്തെ കാൽമുട്ടിൽ താങ്ങി നിർത്തുക. അതോടൊപ്പം തല എതിർവശത്തേക്കു ചെരിച്ച് അൽപ്പം മുന്നോട്ടും കുനിയുക. അപ്പോള്‍ എതിർമൂക്കിലൂടെ ജലം പുറത്തേക്കു പോകും. ഈ സമയം വായിലൂടെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ഇതേ പോലെ മറുവശത്തെ മൂക്കിലൂടെയും ചെയ്യേണ്ടതാണ്. ഈ ക്രിയ ചെയ്യുമ്പോൾ അൽപ്പം പോലും ബലം പിടിക്കേണ്ട ആവശ്യമില്ല. ജലം തനിയെ പുറത്തു പോകും. 

ജലദോഷമോ മൂക്കടപ്പോ ഉള്ളപ്പോൾ ഈ ക്രിയ ചെയ്താൽ ജലം പുറത്തുവരാൻ അൽപ്പം താമസം നേരിടുമെന്നു മാത്രം. ചിലപ്പോൾ വായിലൂടെ വന്നെന്നിരിക്കും. കുറെ സമയം കൊണ്ടു മൂക്കു തുറന്നു മൂക്കിലൂടെ തന്നെ പുറത്തുപോകും. ഈ ക്രിയ ഒന്നോ രണ്ടോ തവണ കൂടി ചെയ്യാവുന്നതാണ്. ഈ സമയമത്രയും വായിലൂടെ മാത്രമേ ശ്വാസമെടുക്കുകയും വിടുകയും ചെയ്യാവൂ.

ഇത്രയും ചെയ്തതിനുശേഷം സാവധാനം എഴുന്നേറ്റു നിൽക്കുക. ഇരുകാലുകളും ചേർത്തുവച്ചു വേണം നിൽക്കുവാൻ. ഇനി അരയ്ക്കു മേലോട്ടു തലവരെയുള്ള ഭാഗം അൽപ്പം മുന്നോട്ടു വളച്ചു പിടിച്ച് കുനിഞ്ഞു നിൽക്കുക. ഇങ്ങനെ നിൽക്കുമ്പോൾ മൂക്കിലുള്ള പോകാത്ത ജലമെല്ലാം തുള്ളിയായി പുറത്തുപോകുന്നു. ഇതു കഴിഞ്ഞു നിവർന്ന് രണ്ടു മൂക്കിലൂടെയും വളരെ ശക്തിയായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. 

രോഗികൾക്കുണ്ടാകുന്ന മാറ്റങ്ങൾ 

അടഞ്ഞിരിക്കുന്ന മൂക്കു തുറന്നു കിട്ടുന്നതിനു വളരെയധികം സഹായിക്കുന്ന ക്രിയയാണിത്. തൊണ്ടയിലെയും തലച്ചോറിലെയും എല്ലാ നാഡികളും ശുദ്ധിചെയ്യുന്നു. മൂക്കു വൃത്തിയാക്കുന്നതിനു വളരെയധികം സഹായിക്കുന്നു. ടോൺസിലൈറ്റിസ്, സൈനസൈറ്റിസ്, തൊണ്ടവേദന, തലവേദന, മൂക്കടപ്പ്, പലതരം അലർജികൾ എന്നിവയ്ക്കെല്ലാം ഈ ക്രിയ പ്രയോജനപ്പെടുന്നു. തലയിലെ കഫം ഇളകിപ്പോകുന്നതുമൂലം തലയ്ക്കും കണ്ണിനും കുളിര്‍മ കിട്ടുന്നു. കൂടെക്കൂടെയുണ്ടാകുന്ന ജലദോഷത്തെയും അതുമൂലമുണ്ടാകുന്ന സൈനസൈറ്റിസിനെയും ചെറുത്തു നിർത്തുന്നതിനു വളരെയധികം സഹായിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com