ADVERTISEMENT

എങ്ങനെയെങ്കിലും ഈ വണ്ണമൊന്നു കുറഞ്ഞുകിട്ടിയാൽ മതി എന്നു കരുതുന്നവർ അതിനുവേണ്ടി എന്തുപായം പരീക്ഷിക്കാനും തയാറാവും. ‘വെയ്റ്റ് ലോസ്’ ഡയറ്റ് ഒക്കെ പരീക്ഷിക്കും മുൻപ് ജീവിതശൈലിയിൽ കുറച്ചൊരു വ്യത്യാസം കൊണ്ടു വന്നു നോക്കൂ. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ലളിതമായ ചില മാറ്റങ്ങൾ വരുത്തുന്നത് വെയ്റ്റ് ലോസ് സപ്ലിമെന്റുകൾ കഴിക്കുന്നതിനെക്കാൾ ഫലവത്താണ്. 

അൽപം എരിവൊക്കെയാകാം

സ്പൈസി ഭക്ഷണം കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. നാം ദിവസവും കറികളിൽ ചേർക്കുന്ന പച്ചമുളക് നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. വൈറ്റമിൻ സി യെ കൂടാതെ ധാരാളം ആന്റി ഓക്സിഡന്റുകളും ഭക്ഷ്യനാരുകളും ഇതിലുണ്ട്. കൂടാതെ ജീവകം എ, പൊട്ടാസ്യം, അയൺ എന്നിവയും പച്ചമുളകിലുണ്ട്.

പച്ചമുളക് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത് ഇങ്ങനെ

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഭക്ഷണത്തിൽ പച്ചമുളക് ഉൾപ്പെടുത്താം. അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇതു സഹായിക്കും. എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ അത് ഉപാപചയ പ്രവർത്തനം (metabolism) വേഗത്തിലാക്കും. ഭക്ഷണം കഴിച്ച്  മൂന്നു മണിക്കൂറിനുശേഷമാണ് ഇത് സംഭവിക്കുന്നത്. ‘ആപ്പിറ്റൈറ്റ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് സ്പൈസി ആയ ഭക്ഷണം കഴിക്കുമ്പോൾ വയറു നിറഞ്ഞതായി തോന്നുകയും വിശപ്പ് കുറയുകയും ചെയ്യും എന്നാണ്. അതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിക്കുകയുമില്ല. 2008–ൽ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, മുളകിൽ അടങ്ങിയ കാപ്സെയ്സിൻ എന്ന സംയുക്തം ഉദരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കും എന്നു തെളിഞ്ഞിട്ടുണ്ട്. 

പച്ചമുളക് എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം?

ഭാരം കുറയ്ക്കാൻ നല്ലതാണല്ലോ എന്നു കരുതി നാളെ മുതൽ പച്ചമുളക് വെറുതെ കഴിക്കാനൊന്നും ഒരുങ്ങല്ലേ. ഓംലൈറ്റ് ഉണ്ടാക്കുമ്പോഴും ഉപ്പുമാവിലും ഒക്കെ അരിഞ്ഞിടുന്ന മുളക് എടുത്തു മാറ്റാതെ കഴിക്കാം. കറികളിൽ പച്ചമുളക് അരച്ചു ചേർക്കുക വഴിയും ഇതിന്റെ ഗുണം ശരീരത്തിനു കിട്ടും. വെറുതെ കടിച്ചു തിന്നാൻ ഇഷ്ടമുള്ളവർക്ക് അങ്ങനെയും ആകാം. 

ഓർമിക്കാൻ

വയറുവേദനയോ വയറിന് എന്തെങ്കിലും പ്രശ്നമോ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ പച്ചമുളകോ എരിവുള്ള ഭക്ഷണമോ കഴിക്കാവൂ. എല്ലാം മിതമാകുന്നതാണ് എപ്പോഴും നല്ലത്. പച്ചമുളക് അധികം കഴിച്ച് ഗുണത്തേക്കാളേറെ ദോഷം വരുത്താതെ ശ്രദ്ധിക്കുമല്ലോ.  

English summary: Weight loss: How green chilli can help you lose weight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com