sections
MORE

3 മാസം കൊണ്ട് 20 കിലോ കുറച്ചു! ആ രഹസ്യം വെളിപ്പെടുത്തി സൈനബ

sainaba
സൈനബ
SHARE

കോഴിക്കോട് ഫറൂഖ് സ്വദേശിയും പോസ്റ്റ് വുമണുമായ സൈനബയുടെ പുതിയ മേക്കോവർ കണ്ട് എല്ലാവരും അദ്ഭുതപ്പെടുകയാണ്. കാറ്റ് ഊതിവിട്ട പോലെ 84 കിലോയിൽ നിന്ന് സൈനബ ലാൻഡ് ചെയ്തത് 64 കിലോയിലേക്ക്! അതും 3 മാസം കൊണ്ട്...എങ്ങനെയാണ് 20 കിലോ കുറച്ചതെന്നു സൈനബ തന്നെ പറയട്ടെ.

അത്യാവശ്യം നന്നായി ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. ശരീരഭാരം 84 കിലോയും ഉണ്ടായിരുന്നു. ഓഫിസിൽ ഞാനൊഴികെ എല്ലാവരും പുരുഷജീവനക്കാരാണ്. അവരാകട്ടെ നാലു മണിക്ക് ഡ്യൂട്ടി സമയം കഴിഞ്ഞ് ഷട്ടിൽബാറ്റ് കളിക്കും, അതുകണ്ട് ഞാനും അവരുടെ ഒപ്പം കൂടി. കുറച്ചു കഴിഞ്ഞപ്പോൾ ചിലർ ജിമ്മിൽ ചേർന്നു. അതുകണ്ടപ്പോൾ എനിക്കും ജിമ്മിൽ ചേർന്നാൽ കൊള്ളാമെന്ന ആഗ്രഹമായി. 

കോഴിക്കോടുള്ള ഹെയ്ൽ ഫിറ്റ്നസ് സെന്ററിലാണ് ഞാൻ ചേർന്നത്. വൈകിട്ട് നാലു മുതൽ 5.30 വരെയായിരുന്നു വർക്ഔട്ട് ചെയ്തിരുന്നത്. അര മണിക്കൂർ ഫ്ലോർ എക്സസൈസ്, 20 മിനിറ്റ് ട്രെഡ് മിൽ ഇതു കൂടാതെ ട്രെയിനർ നൽകുന്ന നിർദേശമനുസരിച്ചുള്ള വ്യായാമങ്ങളും ചേർത്ത് ഒന്നര മണിക്കൂർ നീക്കിവച്ചിരുന്നു. അവർ നൽകിയ ഡയറ്റും കൃത്യമായി പാലിച്ചു, ഫലമോ മൂന്നു മാസം കൊണ്ട് 20 കിലോ കുറഞ്ഞു.

രാവിലെ എഴുന്നേറ്റാൽ ഉടൻ തേനും അപ്പിൾ ലെമണും ചേർത്ത ഇളം ചൂടുവെള്ളം ഒരു ഗ്ലാസ്സ് കുടിക്കും. ശേഷം രണ്ടു ചപ്പാത്തി, ചെറുപയർ കറി, പുറത്തുപോയി ജോലി ചെയ്യുന്ന അളായതിനാൽതന്നെ 11 മണിക്ക് പാൽ ചേർക്കാത്ത എന്തെങ്കിലും ജ്യൂസ് കുടിക്കാനായിരുന്നു നിർദേശം. അതിനാൽ മുന്തിരി ജ്യൂസോ മുസംബി ജ്യൂസോ ആയിരുന്നു കുടിച്ചിരുന്നത്. ആദ്യമൊക്കെ ഉച്ചഭക്ഷണം ഒരു കപ്പ് റൈസും സാലഡും മറ്റെന്തെങ്കിലും കറിയുമായിരുന്നു. എന്നാൽ ശരീരഭാരം 67 ആയപ്പോൾ മാറ്റമില്ലാതെ നിൽക്കുന്നതുകണ്ട് ഉച്ചയ്ക്കത്തെ ചോറ് ഒഴിവാക്കി, പകരം രണ്ടു ചപ്പാത്തിയാക്കി. വൈകിട്ട് ഒരു കപ്പ് ബ്ലാക് ടീയും അഞ്ചു ബദാമും, രാത്രി പാലു ചേർക്കാത്ത ഓട്സ് ഇങ്ങനെയായിരുന്നു ഭക്ഷണകാര്യത്തിൽ മാറ്റങ്ങൾ വരുത്തിയത്. ശരീരഭാരം 64 കിലോയിലെത്തിയതിനാൽ കട്ട ഡയറ്റിങ് ആണിപ്പോൾ എന്നു പറയാനാവില്ല, ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ച് ശരീരഭാരം മെയിന്റയിൻ ചെയ്തു പോകുന്നുണ്ട്.

രാവിലെ എഴുന്നേൽക്കുമ്പോൾ കാലു നിലത്തു കുത്താൻ പറ്റാത്ത വിധം വേദനയും കാലിന്റെ തള്ളവിരലിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടിയുള്ള വേദനയും എന്നെ അലട്ടിയിരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ ചെരുപ്പ് മാറ്റി ഉപയോഗിച്ചു നോക്കുക അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കുക എന്നീ നിർദേശങ്ങളാണു കിട്ടിയത്. ശരീരഭാരം കുറഞ്ഞതോടെ ഈ രണ്ടു പ്രശ്നങ്ങളും പൂർണമായും മാറി. ശരീരത്തിന് പുതിയൊരുണർവ് കിട്ടിയ ഫീലിങ്ങാണ് ഇപ്പോൾ.

പോസ്റ്റ്‌വുമൺ ആയതിനാൽത്തന്നെ ധാരാളം പരിചയക്കാരുമുണ്ട്. മെലിഞ്ഞു തുടങ്ങിയപ്പോൾതന്നെ ഓരോരുത്തരും ഇതെന്തു പറ്റി എന്ന് അന്വേഷിക്കുന്നുമുണ്ടായിരുന്നു. 'ഷുഗർ' എങ്ങാനും പിടിപെട്ട് ക്ഷീണിച്ചു പോയതാണോ എന്നു ചോദിച്ചവരുമുണ്ട്. ഇതൊന്നുമല്ല പിന്നിലെന്ന കാര്യം പറയുമ്പോൾ എല്ലാവരും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അതിലുപരി വീട്ടിൽ നിന്ന് മക്കളും അച്ഛനും അമ്മയുമൊക്കെ തന്ന പ്രോത്സാഹവും ചില്ലറയല്ല. 

എന്റെ 'വേദന പറച്ചിൽ' തീർന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് അവരെല്ലാം. ഏറ്റവും സന്തോഷം പ്ലസ്‌വണ്ണിനു പഠിക്കുന്ന മൂത്ത മകൾക്കാണ്. കാരണം ശരീരഭാരം കുറഞ്ഞ് ഫിറ്റ് ആയതോടെ ഞാൻ ജീൻസും കുർത്തയുമൊക്കെ ധരിക്കാൻ തുടങ്ങി. ഇതൊക്കെ അവൾക്കും പാകമായതിനാൽ യൂണിഫോം ഇടാത്ത ദിവസങ്ങളിൽ എന്റെ വേഷം ധരിച്ചാണ് അവളുടെ നടപ്പ്. ഇപ്പോൾ ഉമ്മയ്ക്കും മോൾക്കും ഒരേ ഡ്രസ്സ് മതിയെന്ന സന്തോഷവും.

English summary: Weight loss tips of Sainaba, the post woman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA