sections
MORE

തടി ഒട്ടും കുറയില്ലെന്നു ചിന്തിക്കുന്നവർ അറിയണം സൂര്യ 12 കിലോ കുറച്ച കഥ

surya-weight-loss
സൂര്യ തടി കുറയ്ക്കുന്നതിനു മുൻപും(ഇടത്) ശേഷവും
SHARE

കുട്ടിക്കാലം മുതലേ അത്യാവശ്യം വണ്ണമുള്ള കുട്ടി, ഒരിക്കൽപ്പോലും താൻ ഒരു തടിച്ചി ആണെന്ന് തോന്നാത്ത ഒരാൾ. കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമായി കുട്ടിക്ക് എട്ടു വയസ്സുമായി കഴിഞ്ഞപ്പോൾ ഒരു സംശയം തടി കുറച്ചധികം കൂടുതൽ അല്ലേ എന്ന്. ആദ്യം ഭർത്താവിനോടും പിന്നെ അമ്മയോടും ചോദിച്ചെങ്കിലും ഏയ് വല്യ കുഴപ്പമൊന്നുമില്ലല്ലോ എന്ന മറുപടി. എങ്കിലും വീണ്ടും വീണ്ടും ആ ഫോട്ടോ കണ്ടപ്പോൾ, അതിൽ ഏറ്റവും തടിച്ചി താനാണെന്ന് ബോധ്യപ്പെട്ടപ്പോൾ മുൻപിൻ നോക്കാതെ അങ്ങ് ഇറങ്ങിതിരിക്കയാരുന്നു കൊച്ചി  വൈറ്റില സ്വദേശിയും രവിപുരത്ത് ആർക്കിടെക്ടുമായ സൂര്യ. വണ്ണം കുറയ്ക്കണമെന്ന ബോധോദയം എപ്പോഴാണ് ഉണ്ടായതെന്നും എങ്ങനെയാണ് താൻ 12 കിലോ കുറച്ചതെന്നും പറയുകയാണ് സൂര്യ.

ചിലർ പറയാറില്ലേ പച്ചവെള്ളം കുടിച്ചാലും വണ്ണം വയ്ക്കുമെന്ന്. എന്റെ കാര്യത്തിലും അതാണു സത്യം. സ്കൂൾ കാലഘട്ടം മുതലേ അത്യാവശ്യം തടിയുള്ള കൂട്ടത്തിലായിരുന്നു ഞാനും. ആദ്യം മുതലേ എന്നെ അങ്ങനെ കാണുന്നതു കൊണ്ടാകാം ബോഡി ഷെയ്മിങ് പോലുള്ള സംഭവങ്ങളൊന്നും കൂട്ടുകാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുകൂടിയാകാം എന്റെ ശരീരത്തെക്കുറിച്ച് ഞാൻ ഒട്ടും ബോധവതിയേ അല്ലായിരുന്നു.

പഠനമൊക്കെ കഴിഞ്ഞ് കല്യാണം കഴിഞ്ഞെങ്കിലും ആരുംതന്നെ തടി കൂടുതലാണ് എന്നു പറഞ്ഞിട്ടുമില്ല. ഈ അടുത്തകാലത്ത് ഭർത്താവ് പ്രശാന്തിന്റെ സഹോദരന്റെ കല്യാണമായിരുന്നു. ആ വിവാഹആൽബത്തിൽ സാരി ഉടുത്ത് ഫോട്ടോ കണ്ടപ്പോഴാണ് എനിക്ക് എന്നെക്കുറിച്ച് അൽപം ബോധം ഉണ്ടായത്. ആകപ്പാടെ ഒരു വീപ്പലുക്ക്. ഗ്രൂപ്പ്ഫോട്ടോകളിലൊക്കെ കുറച്ചു തടി കൂടുതൽ അല്ലേ എന്നൊരു സംശയം. പിന്നെ എന്തായാലും ഒന്നു കുറച്ചു നോക്കാമെന്ന തീരുമാനമെടുത്തു.

surya2

ആദ്യം കുറച്ചു ഡയറ്റിങ്ങൊക്കെ ചെയ്തുനോക്കിയെങ്കിലും ഒന്നും അങ്ങോട്ട് വിജയിച്ചില്ല. ഇതെന്റെ ജൻമസിദ്ധമായിരിക്കുമെന്ന് കരുതി ഇരിക്കുമ്പോഴാണ് മനോരമ ഓൺലൈനിൽത്തന്നെ തടി കുറച്ചവരെക്കുറിച്ചുള്ള ആർട്ടിക്കിൾ കാണുന്നത്. ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ്ലോസ് ഗ്രൂപ്പിൽ ചേർന്ന് ശരീരഭാരം കുറച്ചവരായിരുന്നു അവർ. അതു വായിച്ചപ്പോൾ എനിക്കും കുറയ്ക്കാൻ സാധിച്ചാലോ എന്ന ഒരു സംശയം. എന്തായാലും ഒന്നു ചേർന്നു നോക്കാമെന്നു കരുതി.

ആ സമയത്ത് 73 കിലോയായിരുന്നു എന്റെ ശരീരഭാരം. ആകെ ഉയരം അഞ്ചടിയുമാണ്. ഈ സമയത്ത് ഉപ്പൂറ്റി വേദനയും നന്നായി ഉണ്ടായിരുന്നു. 73–ൽ നിന്ന് ഒരു അര കിലോ കുറഞ്ഞാൽതന്നെ ഞാൻ ഹാപ്പി എന്ന ഫീലിങ് ആയിരുന്നു എനിക്ക്. കാരണം ഇതൊട്ടും കുറയ്ക്കാൻ കഴിയില്ലെന്ന ധാരണയിലാണല്ലോ ഞാൻ പൊയ്ക്കൊണ്ടിരുന്നത്. 

ഗ്രൂപ്പിൽ നൽകുന്ന ഡയറ്റും വർക്ക്ഒട്ടുമെല്ലാം കൃത്യമായി പിന്തുടർന്നു. ആദ്യത്തെ ഒരു മാസം കഴിഞ്ഞ് വെയ്റ്റ് നോക്കിയപ്പോൾ   രണ്ടു കിലോ കുറഞ്ഞു. അതു കണ്ടപ്പോൾ ഇരട്ടി ആവേശമായി. അങ്ങനെ മൂന്നു  മാസമായപ്പോഴേക്കും ആറു  കിലോ കുറച്ചു. നാലാം മാസമായപ്പോഴേക്കും നല്ല രീതിയിലുള്ള മാറ്റമായി. കാണുന്നവരൊക്കെ ചോദിച്ചുതുടങ്ങി മെലിഞ്ഞുതുടങ്ങിയല്ലോ എന്നൊക്കെ. ഇപ്പോൾ ആറു മാസമായപ്പോഴേക്കും 12 കിലോയോളം കുറഞ്ഞിട്ടുണ്ട്.

surya3

ആദ്യമൊക്കെ എന്റെ കഷ്ടപ്പാടു കാണുമ്പോൾ ഭർത്താവും അമ്മയും പറയുമായിരുന്നു നിനക്ക് അമിതവണ്ണമൊന്നുമില്ല. ഇതിന്റെ ഒന്നും ആവശ്യമില്ലാന്നൊക്കെ. ചോറൊക്കെ അളവു കുറച്ചെടുത്ത് കഴിക്കുമ്പോള്‍ അമ്മയ്ക്കു സംശയം ഇവളുടെ വിശപ്പു മാറുമോയെന്ന്. എന്നാൽ പച്ചക്കറികളും മീനുമെല്ലാം കൂടുതൽ കഴിക്കുന്നതു കണ്ടപ്പോൾ അമ്മയ്ക്ക് ആശ്വാസമായി.

ഗ്രൂപ്പിൽ പറയുന്നതനുരിച്ച് ഓരോ ദിവസവും വേണ്ട കാലറി കണക്കാക്കിയാണ് ഡയറ്റ് നിശ്ചയിച്ചിരുന്നത്. ഒരു ദിവസം വേണ്ട പ്രോട്ടീനും ന്യൂട്രിയന്റ്സും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിച്ചിരുന്നു. ആദ്യമൊക്കെ എന്റെ ഈ കഷ്ടപ്പാടു കാണുമ്പോൾ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ച ഭർത്താവായിരുന്നു പിന്നീട് എനിക്ക് ആവശ്യമുള്ള പ്രോട്ടീനു വേണ്ടി ചിക്കനും മീനും ഉൾപ്പടെയുള്ള സാധനങ്ങൾ വാങ്ങാൻ മുന്നിൽ നിന്നത്. ഓഫീസ് വിട്ട് വീട്ടിൽവന്ന ശേഷം വർക്ക്ഔട്ട് ചെയ്തു വിയർക്കുന്ന എന്നെക്കണ്ട് അമ്മായിഅമ്മയും പറഞ്ഞു ഇതൊന്നും വേണ്ട. ഇപ്പോൾ ആരാ നിനക്കു തടി കൂടുതലാന്നു പറഞ്ഞെ എന്നൊക്കെ. എന്നാൽ ഫലം കണ്ടു തുടങ്ങിയപ്പോൾ ഏറ്റവുമധികം പ്രാത്സാഹനം തന്നതും അമ്മതന്നെ.

സത്യം പറഞ്ഞാൽ ഈ ഗ്രൂപ്പിൽ ചേരുന്നതിനു മുൻപ് വീണ്ടും വണ്ണം വയ്ക്കുമോ എന്നുള്ള ഭയംകൊണ്ട് അധിക ഭക്ഷണം കഴിച്ചിരുന്നില്ല. ഇതിൽ ചേർന്നു കഴിഞ്ഞപ്പോഴാണ് നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങിയതെന്നു പറയാം. പച്ചക്കറികളും പഴങ്ങളുമൊക്കെ കൂടുതൽ കഴിച്ചു തുടങ്ങിയപ്പോൾ കോൺസ്റ്റിപേഷൻ പോലുള്ള പ്രശ്നങ്ങളും മാറിക്കിട്ടി. മൊത്തത്തിലുള്ള ലൈഫ്സ്റ്റൈലേ മാറിപ്പോയി. ഹെൽത്തിയായുള്ള ആഹാരത്തെക്കുറിച്ച് ഒരു ബോധവുമുണ്ടായി.

ഓട്സ് കൊണ്ടുള്ള പുട്ട്, കടല, പയർ, നാലു മുട്ടയുടെ വെള്ളയും പച്ചക്കറിയുമൊക്കെ ചേർത്തുള്ള ഓംലറ്റ് ഒക്കെയായിരുന്നു പ്രാതൽ. പാൽചായ കുടി ഉപേക്ഷിച്ചു. വ്യായാമം  ചെയ്യുന്നതിനാൽ പ്രോട്ടീൻ ഷെയ്ക്ക് കുടിക്കും. ഉച്ചയ്ക്കു കഴിക്കുന്ന ചോറിന്റെ അളവു കുറച്ചു. പകരം മീനും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തി. രാത്രി മിക്കപ്പോഴും ചിക്കനും ഒരു ചപ്പാത്തിയുമായിരുന്നു. അല്ലെങ്കിൽ ട്യൂണ സാലഡ്, സോയ ചങ്ക്സ് എന്നിവയായിരുന്നു.

surya4

രാവിലെ അര മണിക്കൂർ HIIT വർക്ക്ഔട്ട്, രാത്രി ഭക്ഷണശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വെയ്റ്റ് ട്രെയിനിങ് വ്യായാമങ്ങളും ചെയ്തു. ഡംബെല്ലും റസിസ്റ്റന്റ് ബാൻഡും ഉപയോഗിച്ച് വീട്ടിൽത്തന്നെയായിരുന്നു ഇവയൊക്കെ ചെയ്തത്. വ്യായമശേഷം പ്രോട്ടീൻ പൗഡറും ഒരു ഗ്ലാസ്സ്പാലും കുടിക്കും. 

നന്നായി ചൂടാകുന്ന ശരീരപ്രകൃതമായിരുന്നു എനിക്ക്. രാത്രി ഉറക്കമൊക്കെ അതുകാരണം പ്രയാസമായിരുന്നു. ഭാരം കുറഞ്ഞുതുടങ്ങിയതോടെ ഈ പ്രശ്നം മാറിക്കിട്ടി. അതുപോലെ കോൺസ്റ്റിപേഷൻ പ്രശ്നവും ഉപ്പൂറ്റിവേദനയുമെല്ലാം പൂർണമായും മാറി. 

"സൂര്യയുടെ അനിയത്തി ആണോ, ബോഡി നല്ല ഫിറ്റ് ആയല്ലോ, നല്ല ബോഡി ഷെയ്പ്പ് ആയി".. എന്നു തുടങ്ങി കോംപ്ലിമെന്റ്സുകളും ഇപ്പോൾ കിട്ടുന്നുണ്ട്. ശരീരഭാരം കുറഞ്ഞതിനെക്കാളുപരി നല്ലൊരു ഹെൽത്തി ലൈഫ്സ്റ്റൈൽ പിന്തുടരാൻ സാധിക്കുന്നതിൽ ഏറെ സന്തോഷം. 

English summary: Weightloss tips of Surya Prasanth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA