ADVERTISEMENT

ഒരു ഡോക്ടർക്ക് ഫിറ്റ്നസ് വളരെ പ്രധാനമാണ്. ജീവിതശൈലീ രോഗങ്ങൾ പിടിമുറുക്കുന്ന ഇക്കാലത്ത് രോഗികളോട് ജീവിതശൈലി ക്രമീകരിക്കുന്നതിനെക്കുറിച്ച് പറയേണ്ടി വരുമ്പോൾ, ഫിറ്റ് ആയ ഡോക്ടറാണെങ്കിൽ കുറ്റബോധമില്ലാതെ അവരെ ഉപദേശിക്കാം. മെഡിക്കൽ പഠനകാലത്തുതന്നെ ശരീരഭാരം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അഖിലാ ബീഗത്തിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. എങ്ങനെയെങ്കിലും ബോഡി മാസ് ഇൻഡക്സ് ബാലൻസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അവസാനം ഏറെ പണിപ്പെട്ട് ശരീരഭാരം കുറച്ച് ഫിറ്റ്നസ് കൈവരിച്ചതിനെപ്പറ്റി ഡോ. അഖിലാ ബീഗം മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

58 ല്‍ നിന്ന് 70 ലേക്കുള്ള കുതിച്ചു ചാട്ടം

സ്കൂൾ – കോളജ് കാലത്തൊക്കെ ഒരു ചബ്ബി ഗേൾ ആയിരുന്നു. 58–60 കിലോ ആയിരുന്നു ഭാരം. കല്യാണം കഴിഞ്ഞ് കുഞ്ഞ് ജനിച്ചതോടെ 70 കിലോ വരെയെത്തി. ഗർഭകാലത്തു കൂടേണ്ട ശരീരഭാരം, പ്രസവശേഷമാണ് കൂടിയത്. ഇത്രയും ഭാരം നല്ലതല്ലെന്ന് അറിയാമായിരുന്നെങ്കിലും എങ്ങനെ കൃത്യമായ പ്ലാനിങ്ങോടെ കുറയ്ക്കുമെന്ന് അറിയില്ലായിരുന്നു. ഇടയ്ക്ക് യുട്യൂബ് വിഡിയോകളൊക്കെ കണ്ട് ഡയറ്റിങ് തുടങ്ങിയെങ്കിലും എന്തുകൊണ്ടോ അതൊന്നും ഫലവത്തായില്ല. 

കിട്ടിയ പിടിവള്ളി

എനിക്ക് ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യുന്നതും മടുപ്പായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പ്രോത്സാഹിപ്പിച്ച് കാര്യങ്ങളൊക്കെ പറഞ്ഞ് ചെയ്യാൻ ഒരാളുകൂടി ഉണ്ടായിരുന്നെങ്കിൽ ആവേശത്തോടെ ചെയ്യാമായിരുന്നെന്ന ആഗ്രഹമുണ്ടായിരുന്നു. ഇങ്ങനെ വിഷമിച്ചിരുന്ന ഒരു സമയത്താണ് ഫെയ്സ്ബുക്കിൽ അഞ്ജു ഹബീബിന്റെ ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പ് കാണുന്നത്. ‌പിജി പരീക്ഷാസമയമായതിനാൽ ആ ഗ്രൂപ്പിൽ ചേരാൻ സാധിച്ചില്ല. പരീക്ഷ കഴിഞ്ഞു നോക്കിയപ്പോഴാണ് അടുത്ത ഗ്രൂപ്പിലേക്കുള്ള അനൗൺസ്മെന്റ് കണ്ടത്. കിട്ടിയ അവസരത്തിൽ ഞാൻ ജോയിൻ ചെയ്തു. 

ലഭിച്ചത് പുതിയ അറിവുകൾ

മുൻപ് പല ഡയറ്റുകളും വ്യായാമങ്ങളുമൊക്കെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഡയറ്റ് എന്താണെന്നോ വ്യായാമങ്ങൾ എങ്ങനെയാണെന്നോ ഒരു ബോധ്യവുമില്ലായിരുന്നു. ആഹാരത്തിന്റെ അളവു കുറച്ചിട്ടോ ഒരു നേരം പട്ടിണി കിടന്നെന്നു വച്ചോ ഭാരം കുറയില്ലെന്ന് അറിയാമായിരുന്നെങ്കിലും ഇതിനു വേണ്ടി എന്തു ചെയ്യണമെന്നു പഠിച്ചത് ഗ്രൂപ്പിൽ നിന്നാണ്. ആവശ്യമായ പോഷകങ്ങൾ ശരീരത്തിനു ലഭിക്കത്തക്ക രീതിയിൽ ഡയറ്റ് ക്രമീകരിച്ചും ഒരു ദിവസം വേണ്ട കാലറി മാത്രം ലഭിക്കത്ത രീതിയിൽ, പ്രോട്ടീനും കാർബോഹൈഡ്രേറ്റ് അളവുമൊക്കെ ക്രമീകരിച്ചും ഭക്ഷണം കഴിക്കാൻ തുടങ്ങി. പച്ചക്കറികൾ കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്തി. ഗ്രൂപ്പിൽ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി പിന്തുടർന്നു. ഇതോടെ ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾതന്നെ കൂടുതൽ എനർജറ്റിക് ആയതായി തോന്നിത്തുടങ്ങി. പക്ഷേ ശരീരഭാരം കാര്യമായി കുറഞ്ഞില്ല. ഒരു കിലോയൊക്ക കുറവു വന്നെങ്കിലും അതു ഫീൽ ചെയ്യുന്നുണ്ടായിരുന്നില്ല.

akhila2

ഡിപ്രഷനിൽ നിന്ന് ആവേശത്തിലേക്ക്

അങ്ങനെ ആകെ ഡിപ്രഷനിലിരുന്നപ്പോഴാണ് മോട്ടിവേഷനുമായി ഭർത്താവ് വരുന്നത്. ഒപ്പം ഗ്രൂപ്പിലുള്ളവരും കട്ട സപ്പോർട്ടുമായി നിന്നു. ചില ആളുകൾക്ക് വളരെ പെട്ടെന്ന് കാര്യമായ മാറ്റങ്ങൾ വരില്ലെന്നും ബോഡി ടൈപ്പ് അനുസരിച്ച് വ്യത്യാസങ്ങൾ വരുമെന്നുമൊക്കെയുള്ള കാര്യങ്ങൾ ഗ്രൂപ്പിലൂടെ മനസ്സിലാക്കി. ഭർത്താവ് കൂടി എന്റെ കൂടെ വ്യായാമം ചെയ്യാനും കൂടിയതോടെ വീണ്ടും ആവേശമായി, ഡിപ്രഷനൊക്കെ അതിന്റെ വഴിക്കും പോയി. ഏകദേശം അഞ്ചു മാസം പിന്നിട്ടപ്പോൾ കാര്യമായ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി. ശരീരഭാരം 63 കിലോയിലെത്തി. കാണുന്നവരൊക്കെ തടി കുറഞ്ഞല്ലോ എന്നൊക്കെ പറഞ്ഞു തുടങ്ങി. അപ്പോഴും ആഹാരം അധികം കഴിക്കുന്നില്ലെന്ന പരാതി അമ്മായിഅമ്മയ്ക്കും മകൾ മെലിഞ്ഞുപോകുന്നല്ലോ എന്ന പരാതി അമ്മയ്ക്കും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഇരുവരും ഡബിൾ ഹാപ്പിയാ...

ഡോക്ടറേ... ആ മരുന്ന് എനിക്കു കൂടി

എംബിബിഎസ് പഠനകാലത്ത് അധികം വണ്ണമില്ലാത്തതിനാൽ ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല. പിജി ചെയ്തത് പതോളജി ആയതിനാലും രോഗികളുമായി നേരിട്ട് ഇടപഴകേണ്ട സാഹചര്യവും അധികം ഉണ്ടായിട്ടില്ല. ഇപ്പോൾ അസിസ്റ്റന്റ് സർജനായി ജോലിയിൽ പ്രവേശിച്ചതോട ഒപി നോക്കുന്നുണ്ട്. ഇതിനിടയിൽ ആദ്യമായാണ് എന്റെ ബോഡിയെക്കുറിച്ച് ഒരു രോഗിയിൽനിന്ന് ആദ്യമായി കേൾക്കേണ്ട അനസരമുണ്ടായത്. ഞാൻ ജൂണിലാണ് ആശുപത്രിയിൽ എത്തുന്നത്. രണ്ടു മാസം മുൻപ് രോഗിവന്നു പറഞ്ഞു: ‘ഡോക്ടർ ഇവിടെ വന്നപ്പോഴുള്ള വെയ്റ്റ് അല്ല ഇപ്പോഴുള്ളത്, നന്നായി  മെലിഞ്ഞിട്ടുണ്ട്. ഡോക്ടർ എങ്ങനെയാ വണ്ണം കുറച്ചത്, എനിക്കു കൂടി അതിനുള്ള മരുന്ന് തരാമോ’ എന്ന്. ഇപ്പോൾ ഒപിയിൽ കാണുന്ന രോഗികൾക്ക്, പ്രത്യേകിച്ച് അമിതവണ്ണവും ഡയബറ്റിസും ഉയർന്ന രക്തസമ്മർദവും ഒക്കെയായി ബുദ്ധിമുട്ടുന്നവർക്ക് കൃത്യമായ വ്യായാമത്തെക്കുറിച്ചും ശരിയായ ഭക്ഷണരീതികളെക്കുറിച്ചുമൊക്കെ ആധികാരികമായിതന്നെ പറഞ്ഞു കൊടുക്കാറുണ്ട്.

വെയ്റ്റ്‌ലോസ് ഉണ്ടായി എന്നതിനെക്കാൾ പുതുതായി കുറേ കാര്യങ്ങൾ പഠിക്കാനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും കഴിഞ്ഞു. ഒരു ഹെൽത്തി ലൈഫ്സ്റ്റൈൽ കിട്ടി. ഇതാണ് ഏറ്റവും വലിയ ഗുണം.

English Summary: Weight loss and fitness tips of Dr. Akhila Beegum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com