ടെൻഷനും വിഷാദവും അകറ്റാൻ ചെയ്യാം പ്രാണായാമം

pranayama yoga
SHARE

തലച്ചോറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മനസിന്റെ ചലനം വഴിയാണ് നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും ശരിയായി പ്രവർത്തിക്കുന്നത്. മനസിന്റെ ചലനത്തെ സഹായിച്ചുകൊണ്ടിരിക്കുന്ന പ്രാണവായു ശരിയായ രീതിയിലും സുഗമമായും എളുപ്പത്തിലും പ്രവർത്തിക്കാൻ വേണ്ടിയാണു തലച്ചോറിനടുത്തായി തന്നെ മൂക്ക്, ചെവി, വായ, കണ്ണ് എന്നീ അവയവങ്ങളെ പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത്. ഈ അവയവങ്ങൾ അമിതമായോ, സാധാരണ രീതിയിലും കുറഞ്ഞോ പ്രവർത്തിക്കുമ്പോൾ മനസിന്റെ പ്രവർത്തനം തെറ്റുന്നു. ഇത് പലതരം രോഗങ്ങൾക്കും കാരണമാകുന്നു. ഇതിനെ ക്രമീകരിക്കുവാൻ പ്രാണവായുവിൽ നിന്നും കിട്ടുന്ന ഊർജത്തിന്റെ ആവശ്യം മുഖ്യമാണ്. ഇതിനായി ലഘു പ്രാണായാമവും അനുലോമ, വിലോമ പ്രാണായാമവും ശീലിക്കുന്നതു വളരെ ഉത്തമമാണ്.

മനസുമാറ്റവും രോഗങ്ങളും

മനസിന്റെ ചലനത്തിൽ അഞ്ചു വ്യത്യസ്ത ഭാവമാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. (1) സ്വസ്ഥമായ മനസ് (2) അസ്വസ്ഥ മനസ് (ടെൻഷൻ) (3) വിഷാദമനസ് (4) വിഭ്രാന്തിയുള്ള മനസ് (5) മനോരോഗമുള്ള മനസ് എന്നിവയാണത്. ഈ അവസ്ഥകളിൽ ഒന്നിൽ നിന്നു വ്യതിചലിക്കുമ്പോഴാണു മറ്റ് അവസ്ഥകളിലേക്കു മാറുന്നത്. സ്വസ്ഥതയിൽ നിന്നു മനസിനു മാറ്റം വരുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നു. ഇതിനെ ടെൻഷൻ എന്നും പറയുന്നു. ടെൻഷൻ അനുഭവപ്പെടുമ്പോൾ തലച്ചോറിൽ രക്തത്തിന്റെ ആവശ്യം കൂടിവരുന്നതിനാൽ മറ്റ് അവയവങ്ങളിൽ പ്രവർത്തിക്കേണ്ട രക്തത്തിന്റെ അളവു കുറയാം. അപ്പോൾ ആ അവയവങ്ങളിൽ പ്രവർത്തിക്കേണ്ട രക്തത്തിന്റെ അളവു കുറയാം. അപ്പോൾ അവയവങ്ങളിൽ രോഗം വരാനിടയുണ്ട്. അസ്വസ്ഥതയിൽ നിന്നു വിഷാദം, വിഭ്രാന്തി, മനോരോഗം എന്നിവയിലേക്കു മനസു മാറുമ്പോൾ ശരീരത്തിന്റെ ആരോഗ്യവും സ്വഭാവവും ജീവിതരീതിയും മാറാനിടവരുന്നു. മനോരോഗമൊഴികെ മറ്റവസ്ഥകളെ ലഘുപ്രാണായാമത്തിലൂടെയും ലളിതയോഗകളിലൂടെയും മാറ്റിയെടുക്കാം.

പ്രകൃതിയെപ്പോലും നിലനിർത്തിക്കൊണ്ടിരിക്കുന്ന പ്രധാന ഊർജമാണു പ്രാണവായു. ഈ പ്രാണവായുവിനെ നാം അറിഞ്ഞുകൊണ്ട് ഒരു നിശ്ചിതസമയം ശ്വാസോച്ഛ്വാസത്തിലൂടെ ശ്വാസകോശത്തിൽ എത്തിക്കുമ്പോൾ സാധാരണ കിട്ടുന്ന ഊർജത്തിന്റെ ഇരട്ടി കിട്ടുന്നതിനാൽ തലച്ചോറിലേക്ക് ആവശ്യമായ രക്തം എത്തിക്കുന്നതിനും അതുവഴി ടെൻഷൻ, വിഷാദം, വിഭ്രാന്തി എന്നിവ മാറ്റിയെടുക്കുന്നതിനും കഴിയും. 21 ദിവസത്തെ പാക്കേജിലൂടെ ഈ രോഗാവസ്ഥകൾ മാറ്റിയെടുക്കാം.

ലഘു പ്രാണായാമം

സൂര്യോദയത്തിനു മുമ്പു മലമൂത്രവിസർജനം കഴിഞ്ഞശേഷം കാലും മുഖവും കഴുകി ശരീരം ശുദ്ധിയാക്കി. പ്രാണവായുവും വെളിച്ചവും കിട്ടുന്നിടത്തു വിരിപ്പോ പായയോ ഇട്ടു സൂര്യന് അഭിമുഖമായി ഇരിക്കണം. വലതുകാൽ മടക്കി ഇടതുകാൽ തുടയിൽ ചവുട്ടിവച്ച് ഇടതുകാൽ മടക്കി മടക്കിയ വലതുകാലിനടുത്തായി ഉപ്പൂറ്റി പുറത്തു വരത്തക്കവിധം വേണം ഇരിക്കാൻ. ഈ ഇരിപ്പിനു സുഖാസനം എന്നു പറയും. ഈ അവസരത്തിൽ നട്ടെല്ലു നന്നായി നിവർത്തി, മാറ് അൽപം മുമ്പോട്ടു തള്ളിപിടിച്ചു താടി നെഞ്ചിനു സമം വരത്തക്കവിധത്തിൽ ആയിരിക്കണം. കൈകൾ കൊണ്ടു കാൽമുട്ടിൽ പിടിച്ചിരിക്കുക. കൈമുട്ടുകളും നിവർന്നിരിക്കണം. ഈ നിലയിൽ ഇരുന്നു പ്രാണാവായുവിനെ രണ്ടു നാസാദ്വാരങ്ങളിൽക്കൂടെ ഉള്ളിലോട്ടു വലിക്കുക. ഈ സമയം നാസാദ്വാരത്തിനു ബലം കൊടുക്കരുത്. ശ്വാസകോശം നിറഞ്ഞു എന്നു തോന്നിയാൽ ഉടൻ തന്നെ വായുവിനെ സാവധാനത്തിൽ പുറംതള്ളുക. ഇങ്ങനെ ശ്വാസം ഉള്ളിലോട്ട് എടുക്കുമ്പോഴും പുറംതള്ളുമ്പോഴും വല്ലതരത്തിലും വിമ്മിട്ടം ഉണ്ടാകുന്നുവെങ്കിൽ ശ്വാസോച്ഛ്വാസത്തിന്റെ ശക്തി അൽപം കുറച്ചു ചെയ്യുക. ഈ സമയം ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതും പുറത്തേക്കു വിടുന്നതും ശ്രദ്ധിച്ചുകൊണ്ടിരിക്കണം. ഉള്ളിലേക്ക് എടുക്കുന്നതിന്റെ ഇരട്ടി പുറത്തേക്കു വിടാനുണ്ടാവും.

മനസിന്റെ ചലനത്തെയും ഏകാഗ്രതയെയും സഹായിക്കുന്ന ഈ പ്രാണവായുവിനെ കൊണ്ടു മനസിന്റെ ടെൻഷൻ (അസ്വസ്ഥത) എളുപ്പം മാറ്റാൻ കഴിയുന്നതാണ്. ഈ പ്രവർത്തനത്തെ ലഘു പ്രാണായാമം എന്നു പറയുന്നു. ഇതു ചുരുങ്ങിയത് 60 തവണയെങ്കിലും ആവർത്തിച്ചു ചെയ്യണം. ഏകദേശം അഞ്ചു മിനിറ്റു മാത്രം കൊണ്ട് വായുവിലെ ഊർജം കൂടുതൽ ഉൾക്കൊണ്ടു തലച്ചോറിലേക്കുള്ള രക്തസഞ്ചാരം സുഗമമാക്കാൻ പ്രാണായാമത്തിലൂടെ മാത്രമേ കഴിയൂ. 

അനുലോമ പ്രാണായാമം

സുഖാസനത്തിൽ ലഘുപ്രാണായാമം കഴിഞ്ഞ ഉടൻ തന്നെ വലതുകൈയിലെ നടുവിരൽ നാസാഗ്രത്ത് നടുവിലായി വയ്ക്കുക. മോതിരവിരൽകൊണ്ട് ഇടതു നാസാദ്വാരവും ചൂണ്ടുവിരൽകൊണ്ടു വലതു നാസ്വാദ്വാരവും അടച്ചു പിടിച്ച് ഉടൻ തന്നെ ഇടതു നാസാദ്വാരം അടച്ചു വലതു നാസാദ്വാരത്തിലൂടെ വായു പുറത്തു വിടുക. ഉടൻ തന്നെ വലതു നാസാദ്വാരത്തിലൂടെ ശ്വാസം എടുത്ത് അടച്ചുപിടിച്ച് ഇടതു നാസാദ്വാരത്തിലൂടെ പുറത്തേക്കു വായു തള്ളുക. ഇങ്ങനെ ഒരു ദ്വാരത്തിൽ കൂടി എടുക്കുന്നതു മറുദ്വാരത്തിൽ കൂടി പുറത്തേക്കു വിടുകയും തിരിച്ചും ചെയ്യുക. ഇങ്ങനെ മാറിമാറി ചുരുങ്ങിയതു 10 തവണയെങ്കിലും ചെയ്യുക. ഇതു ചെയ്യുമ്പോഴും ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. മനസിനെ ഏകാഗ്രതയിൽ എത്തിക്കുന്നതിനു വളരെ എളുപ്പം ഇതുകൊണ്ടു സാധിക്കുന്നതാണ്. ഈ പ്രാണായാമം ധമനി, സിര എന്നിവകളിൽ ഊർജം എത്തിക്കുന്നതിനു സഹായിക്കുമെന്നാണു യോഗാചാര്യന്മാരുടെ പക്ഷം.

വിലോമപ്രാണായാമം

അനുലോമപ്രാണായാമത്തിൽ നിന്നും അൽപം വ്യത്യസ്തമായി ചെയ്യുന്നതാണു വിലോമപ്രാണായാമം. വിരലുകൾകൊണ്ട് അടച്ചുപിടിച്ചിരിക്കുന്ന ഇടതു നാസാദ്വാരം തുറന്ന് അതിലൂടെ സാവധാനത്തിൽ ശ്വാസം എടുത്തു ശ്വാസകോശം നിറഞ്ഞ ഉടൻ തന്നെ പുറത്തേക്കുള്ള വായു അതേ നാസാദ്വാരത്തിൽകൂടെ തള്ളുക. ഉടൻ തന്നെ ഇടതു നാസാദ്വാരം അടച്ചു വലതു നാസാദ്വാരത്തിലൂടെ ശ്വാസം എടുത്ത് അതിലൂടെ തന്നെ വായു പുറംതള്ളുക. ഇതു ചെയ്യുമ്പോഴും ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധിച്ചുകൊണ്ടേയിരിക്കണം. ഇതും മാറിമാറി ചുരുങ്ങിയതു 10 തവണയെങ്കിലും ചെയ്യുക. വിലോമപ്രാണായാമവും ധമനി, സിര എന്നീ ഞരമ്പുകളിലെ രക്തസഞ്ചാരത്തെ സുഗമമാക്കാൻ സഹായിക്കുന്നതാണ്.

പ്രാണായാമവും ശരിയായ ഭക്ഷണവും കൃത്യനിഷ്ഠയും പാലിച്ചു ടെൻഷൻ ഒഴിവാക്കിയാൽ അസ്വസ്ഥത കാരണം ശരീരത്തിലുണ്ടാവുന്ന പല രോഗങ്ങളെയും നിയന്ത്രിക്കാൻ കഴിയുന്നു. ദിവസം ഏഴോ എട്ടോ മിനിറ്റു സമയം പ്രാണായാമങ്ങളും കൂടെ എട്ടു മിനിറ്റു ലളിതമായ യോഗ വ്യായാമങ്ങളും അഞ്ചു മിനിറ്റു ശവാസനവും ചെയ്തുകൊണ്ടിരുന്നാൽ ഒരു തരത്തിലും ടെൻഷനും മറ്റു രോഗങ്ങളും വരില്ല.

English Summary: Pranayamam Yoga

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA