ADVERTISEMENT

ഏതു ഫിറ്റ്നസ് ഫ്രീക്കുകളെയും നാണിപ്പിക്കുന്ന ശരീരത്തിനുടമയാണ് റാണാ ദഗുബട്ടി. ചലച്ചിത്ര രംഗത്തെ ഏറ്റവും ‘ഫിറ്റ്’ ആയ ദക്ഷിണേന്ത്യൻ സൂപ്പർ താരം ആരെന്ന ചോദ്യത്തിനും ഒരുത്തരമേയുള്ളൂ, റാണാ ദഗുബട്ടി. അദ്ദേഹം ഒരു ചിത്രത്തിനു വേണ്ടി നടത്തിയ മാറ്റം എല്ലാവർക്കും പ്രചോദനമേകുന്നതാണ്. 

ബാഹുബലി സീരീസിലെ കഥാപാത്രത്തിനു ശേഷം ബൻദേവ് എന്ന കാട്ടു മനുഷ്യനായി തിരിച്ചുവരവിനൊരുങ്ങുകയാണ് റാണ. ധാരാളം ഗ്രൗണ്ട് വർക്കുകളും റിസർച്ചുകളും ആവശ്യമായ ഈ റോൾ ശാരീരികമായും കാഠിന്യമേറിയതാണ്. ഈ കഥാപാത്രത്തിനായി 30 കിലോ കുറയ്ക്കേണ്ടി വന്ന 35 കാരനായ റാണ, ഇതത്ര എളുപ്പമായിരുന്നില്ല എന്നു പറയുന്നു. വലിയ ശരീരമുള്ള തനിക്ക് കഠിനമായ ശാരീരിക പരിശീലനങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു എന്നും ഭക്ഷണത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി എന്നും താരം പറയുന്നു. വർക്കൗട്ടിൽ പൂർണമായും മാറ്റങ്ങൾ വരുത്തി. പരിശീലനത്തിൽ ശ്രദ്ധിച്ചു. റിയൽ ആയി തോന്നണം എന്നത് സംവിധായകൻ പ്രഭു സോളമന്റെ ആഗ്രഹമായിരുന്നു റാണ പറഞ്ഞു. കുറച്ച് ‘ബൾക്കി’ ആയിരുന്ന തന്റെ മാറ്റം കണ്ട് ആരാധകർ റാണയെ ‘സ്കിന്നി’ എന്നു വിളിക്കാൻ തുടങ്ങി. തങ്ങളുടെ ഭല്ലാല ദേവന് എന്തുപറ്റി എന്ന് ഇൻസ്റ്റഗ്രാമിലെ ചിത്രം കണ്ട് ആരാധകർ ചോദിച്ചു തുടങ്ങി. 

വെയ്റ്റ് ലോസിനു പിന്നിൽ

ഏതൊരു വെയ്റ്റ് ലോസ് ജേണിയെയും പോലെ റാണയുടെ മാറ്റവും അത്ര എളുപ്പമല്ലായിരുന്നില്ല. വർക്കൗട്ടിനെക്കാൾ ഡയറ്റ് ആണ് ഈ വലിയ മാറ്റത്തിനു കാരണമായതെന്ന് റാണ പറയുന്നു. കടുത്ത മാംസാഹാരിയായിരുന്ന റാണ സസ്യാഹാരം ശീലമാക്കി. ഭക്ഷണത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. 

പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതു നിർത്തി. മാസങ്ങളോളം സസ്യഭക്ഷണം മാത്രം ശീലമാക്കി. ഉപ്പിന്റെ അളവ് കുറച്ചു. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറച്ചു. 

വർക്കൗട്ട്

വെയ്റ്റ് ട്രെയ്നിങ് എക്സർസൈസിൽ മാത്രം ശ്രദ്ധിക്കാതെ കഠിനമായ കാർഡിയോസെഷനുകൾക്കായി കൂടുതൽ സമയം ചെലവിട്ടു. ഒരു ചലച്ചിത്രത്തിനായി റാണ മാറ്റങ്ങൾ വരുത്തുന്നത് ഇതാദ്യമല്ല. ബാഹുബലിയിലെ ഭല്ലാല ദേവൻ ആകാൻ, കുനാൽ ഗിർ എന്ന പെഴ്സണൽ ട്രെയിനർക്കു കീഴിൽ മൂന്നുവർഷമാണ് വർക്കൗട്ട് ചെയ്തത്. ദിവസവും രണ്ടു മണിക്കൂറോളം ജിമ്മിൽ ചെലവഴിച്ചാണ് മസിലുകൾ സ്വന്തമാക്കിയത്. 

ഇത്തരം കഠിനമായ പരിശീലനങ്ങൾ കടുത്ത വെല്ലുവിളിയാണെങ്കിലും റാണയ്ക്ക് അതിൽ പരാതിയില്ല. താൻ തന്റെ ജോലിയെ ഏറെ സ്നേഹിക്കുന്നതായി അദ്ദേഹം പറയുന്നു. ‘‘നിങ്ങൾക്ക് ഒരു അത്‍ലറ്റിനെയോ ബോഡി ബിൽഡറെയോ പോലെ പരിശീലിക്കേണ്ടി വരും ഫിറ്റ്നസ് എന്റെ നിത്യജീവിതത്തിന്റെ ഭാഗമല്ല. അത് എന്റെ ജോലിയുടെ ഭാഗമാണ്. ഓഫീസില്‍ പോകുന്നതു പോലെയാണ് ഞാൻ ജിമ്മിൽ പോകുന്നത്. ഞാൻ അഭിനയിക്കുന്ന ചില റോളുകൾ പോലെ അത് ഞാൻ ശരിക്കും ആസ്വദിക്കുന്നു’’ റാണ പറഞ്ഞു. 

തികഞ്ഞ ഒരു ഭക്ഷണപ്രിയൻ ആയ റാണ നന്നായി ഭക്ഷണം കഴിക്കുന്നതോടൊപ്പം ആർക്കും അസൂയ തോന്നുന്ന തരത്തിൽ ഭക്ഷണങ്ങളുടെ പടം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. 

പ്രത്യേകിച്ച് ചിത്രങ്ങൾക്കു വേണ്ടിയുള്ള ട്രെയിനിങ്ങിൽ അല്ലെങ്കിൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് (ഓട്മീൽ, മുട്ടയുടെ വെള്ള) അടങ്ങിയ പ്രഭാതഭക്ഷണവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം മറ്റ് സമയങ്ങളിലും കഴിക്കും. ഇതു കൂടാതെ പഴങ്ങളും പ്രോട്ടീൻ ഷേക്കുകളും ഇടയ്ക്ക് കഴിക്കാനും റാണ ഇഷ്ടപ്പെടുന്നു. 

റാണയുടെ ആറ്റിറ്റ്യൂഡും ഫിറ്റ്നസ് രീതികളും എല്ലാം ആരെയാണ് പ്രചോദിപ്പിക്കാതിരിക്കുക അല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com