ADVERTISEMENT

പണ്ട് വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നെങ്കിൽ ഇപ്പോഴത് ‘വാട്‌സാപ് യൂണിവേഴ്‌സിറ്റികൾ’ ഏതെങ്കിലുമൊരു ഇല്ലാത്ത അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ഡോക്ടറുടെ പേരുമായി കൂട്ടിച്ചേർത്ത് പടച്ചിറക്കുന്നു എന്നേയുള്ളു. പറഞ്ഞു വരുന്നത് ഡയറ്റുമായി ബന്ധപ്പെട്ട അബദ്ധവിവരങ്ങളാണ്. കേട്ട പാതി കേൾക്കാത്ത പാതി, അതിന്റെ യാതൊരു ആധികാരികതയും അന്വേഷിക്കാതെ കണ്ണും പൂട്ടി അനുകരിക്കാനും അബദ്ധത്തിൽ ചെന്നുചാടാനും ഇഷ്ടം പോലെ ആളുകളുമുണ്ട്. അത്തരം അഞ്ച് ഡയറ്റ് അബദ്ധധാരണകളെ തിരുത്തിത്തരുകയാണ് ഇവിടെ. 

1. രാവിലെ എണീറ്റാൽ വെറും വയറ്റിൽ കുടിക്കുന്ന മാജിക്കൽ വെള്ളം കോംപിനേഷനുകൾ

ലെമൺ വാട്ടർ, ആപ്പിൾ സിഡർ വിനീഗർ, ഹണി വാട്ടർ എന്നിങ്ങനെ ഇഷ്ടം പോലെ രീതികൾ പ്രചാരത്തിലുണ്ട്.  മിക്കവയും രാവിലെ എണീറ്റ ഉടൻ വെറും വയറ്റിൽ കുടിക്കാനാണ് പറയുന്നത്. ചിലത് രാത്രി കിടക്കുന്നതിനു മുൻപും. കുടിക്കുന്ന സമയം ഏതായാലും ഏതാനും ആഴ്ചകൾ കൊണ്ട് ഏത് കുടവയറും ഫ്ലാറ്റ് ആവും എന്ന രീതിയിലാണ് അവകാശവാദങ്ങൾ. അത്രയും വെള്ളം ശരീരത്തിൽ ചെല്ലും എന്നതിലുപരി ഇങ്ങനെ എന്തെങ്കിലും മാത്രം കുടിച്ച് ഒരിക്കലും കുടവയർ കുറയ്‌ക്കാനാവില്ല. അതിന് കൃത്യമായ വ്യായാമവും ഡയറ്റും ചെയ്യണം. മാത്രമല്ല, പലരും ആവേശം മൂത്ത് ഒരുപാട് അളവിൽ നാരങ്ങാനീരും മറ്റും കഴിക്കുന്നത് അസിഡിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. 

2. ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാൽ ശരീരത്തിലെ ഫാറ്റ് കൂടും

കാർബോഹൈഡ്രേറ്റ്സിനെയും പ്രോട്ടീനെയും അപേക്ഷിച്ച് ഇരട്ടിയിലുമധികം കാലറിയാണ് ഫാറ്റിലുള്ളത്. ഒരു ഗ്രാം കാർബിലും പ്രോട്ടീനിലും വെറും 4 കാലറി ഉള്ളപ്പോൾ ഒരു ഗ്രാം ഫാറ്റിൽ ഇത് 9 കാലറിയാണ്. അതായത് ഓരോ ഗ്രാം ഫാറ്റ് കഴിക്കുമ്പോഴും നമ്മുടെ കുടവയർ കൂടാനുള്ള ചാൻസും ഇരട്ടിയിലധികമാണെന്നർത്ഥം.  എന്നു വച്ച് അപ്പാടെ തൂക്കിയെടുത്ത് ദൂരെക്കളയണ്ട ഒന്നല്ല ഈ കൊഴുപ്പ്. ശരീരത്തിലെ പ്രധാന അവയവങ്ങളുടെ സംരക്ഷണത്തിനും കോശങ്ങളുടെ നിർമാണത്തിനും ശരീരം ചൂടായി സൂക്ഷിക്കാനും ഹെൽത്തി ആയ സ്കി‌ന്നിനും ദഹനവ്യവസ്ഥയ്‌ക്കും ഹോർമോണുകളുടെ ഉൽപാദനത്തിനും A,D,E,K വൈറ്റമിനുകളുടെ ആഗിരണത്തിനും  ഒക്കെ  ഫാറ്റ് കൂടിയേ തീരൂ... അതുകൊണ്ടുതന്നെ ഫാറ്റ് അടങ്ങിയ നല്ല ഭക്ഷണപദാർഥങ്ങൾ ആവശ്യമായ അളവിൽ കഴിക്കണം. 

3. പട്ടിണി കിടന്നാൽ വേഗം ഭാരം കുറയും

ശരീരഭാരം കുറയണമെങ്കിൽ ഓരോരുത്തർക്കും ആവശ്യമുള്ള കാലറി കണക്കാക്കി അതിൽനിന്ന് അല്പം കുറവ് വരുത്തി കഴിക്കണം എന്നത് ശരിയാണ്. എന്നാൽ കയ്യും കണക്കും ഇല്ലാതെ പട്ടിണി കിടന്നാൽ ശരീരത്തിന്റെ മെറ്റബോളിസവും മറ്റും അപ്പാടെ താളം തെറ്റുകയും ആദ്യത്തെ കുറച്ചു നാളുകൾക്കു ശേഷം വെയ്റ്റ് ലോസ് വല്ലാതെ സ്ലോ ആവുകയും ചെയ്യും. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഓരോരുത്തരുടെയും ഉയരവും ഭാരവും മാത്രമല്ല, എത്രത്തോളം ആക്റ്റീവ് ആണ് എന്നതും കൂടി കണക്കിലെടുത്ത് വേണം കാലറി കണക്കാക്കാൻ. രാവിലെ മുതൽ വൈകിട്ട് വരെ ഓഫിസിലെ കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്ന ആളിനും ശാരീരിക അധ്വാനമുള്ള ജോലികൾ ചെയ്യുന്ന ആളിനും ഒരേ ഉയരവും ഭാരവും ആണെങ്കിലും അവരുടെ ശരീരത്തിന് ഒരു ദിവസത്തെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ട കാലറി വ്യത്യസ്തമായിരിക്കും. ഇത് കൃത്യമായി കണക്കാക്കാനുള്ള കാൽക്കുലേറ്ററുകളും മൊബൈൽ ആപ്പുകളും ലഭ്യമാണ്. ഈ കാലറിയിൽ നിന്ന് ഒരു 500 കാലറി കുറവ് വരുത്തി ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. 

4. വെജിറ്റേറിയൻസിന് നല്ല ഡയറ്റുകൾ ചെയ്യാൻ പറ്റില്ല

അങ്ങനെയൊന്നും ഇല്ല. ഭക്ഷണം വയറ്റിൽ എത്തുമ്പോൾ അത് വെജിറ്റേറിയൻ ആണോ നോൺ വെജിറ്റേറിയൻ ആണോ എന്നതിനേക്കാൾ, അതിൽ എത്ര കാർബോഹൈഡ്രേറ്റും ഫാറ്റും പ്രോട്ടീനും വൈറ്റമിനുകളും മിനറലുകളും ഫൈബറുമൊക്കെ അടങ്ങിയിട്ടുണ്ട് എന്നതിനാണ് പ്രാധാന്യം. വെജിറ്റേറിയൻ ആളുകൾക്ക് ഭക്ഷണത്തിൽ പ്രോട്ടീൻ കുറവാണ്  എന്നൊരു ധാരണയുണ്ട്. എന്നാൽ നോൺ വെജിറ്റേറിയൻ ശീലമുള്ളവരായാലും ഭക്ഷണം ശ്രദ്ധയോടെ കഴിച്ചില്ലെങ്കിൽ പ്രോട്ടീൻ കുറയാം. വെജിറ്റേറിയൻ ആളുകൾ കഴിക്കുന്ന ധാന്യങ്ങളും പയറുവർഗങ്ങളും പാലും പാലുൽപന്നങ്ങളും സോയാബീനും ചീരയുമൊക്കെ ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ തന്നെയാണ്. ഇവ വേണ്ട അളവിലും അനുപാതത്തിലും തിരഞ്ഞെടുത്ത് ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ വെജിറ്റേറിയൻ ഭക്ഷണത്തിൽനിന്നു ലഭിക്കും. 

5. പ്രോട്ടീൻ റിച്ച് ആയ ഭക്ഷണങ്ങൾ ധാരാളം കഴിച്ചാൽ അത്രയും മസിൽ കൂടും

ജിമ്മിൽ ആദ്യമായി പോവുന്ന ആളുകൾക്കിടയിലാണ് ഈ അബദ്ധധാരണ ഏറ്റവും കൂടുതൽ. അതുകൊണ്ടുതന്നെ ഇവർക്ക് പ്രോട്ടീൻ പൗഡറും മറ്റും വാങ്ങി വാരിക്കോരിക്കഴിക്കാൻ ഭയങ്കര ആവേശമാണ്. വർക്കൗട്ട് ചെയ്യുന്ന ഒരാൾക്ക് ഡയറ്റിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തണം എന്നത് വസ്തുതയാണ്. എന്നാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ആവശ്യത്തിലും കൂടുതൽ കഴിച്ചാൽ ശരീരത്തെ സംബന്ധിച്ചിടത്തോളം അതും അധിക കാലറി തന്നെയാണ്. സ്വാഭാവികമായും ഇത് ഫാറ്റ് ആയി സ്റ്റോർ ചെയ്യും. മസിൽ കൂടാൻ വേണ്ടി പ്രോട്ടീൻ കഴിച്ചിട്ട് പകരം വയർ ചാടുന്ന അവസ്ഥ ഒന്ന് സങ്കൽപിച്ച് നോക്കൂ!

ചുരുക്കത്തിൽ, പട്ടിണിയല്ല ഡയറ്റ്‌. ഡയറ്റെടുക്കാൻ നേരമോ കാലമോ ഭൂഗോളത്തിന്റെ ഏത്‌ മൂലയിലാണ്‌ നിങ്ങൾ എന്നതോ പ്രസക്‌തമേയല്ല. ഒന്നുകൂടി: എല്ലാം ആവശ്യമുള്ള അളവിൽ ആവശ്യമുള്ള സമയത്ത്‌ കഴിക്കുന്നതാണ്‌ ഡയറ്റ്‌, ഒഴിവാക്കലുകളല്ല ചേർക്കലാണ്‌ കൂടുതൽ. അപ്പോൾ ഹാപ്പി ഡയറ്റിങ് ഡേയ്‌സ്‌.

(സർട്ടിഫൈഡ് പേഴ്സണൽ ട്രെയിനറും ഫിറ്റ്നസ് ന്യൂട്രീഷൻ സ്പെഷലിസ്റ്റുമാണ് ലേഖിക)

English summary: Weight loss dieting mistakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com