ADVERTISEMENT

എപ്പോഴെങ്കിലുമൊക്കെ വല്ലാതെ സങ്കടം വരാത്തവരോ നിരാശപ്പെടാത്തവരോ ആയി ആരുമുണ്ടാവില്ല. എന്നാൽ, ആ സങ്കടവും നിരാശയും നമ്മുടെ ജീവനെയും ജീവിതത്തെയും ബാധിക്കുന്ന അവസ്ഥയിലെത്തിയാലോ? ഇത്തരമൊരു രോഗാവസ്ഥയാണ്‌ ഡിപ്രഷൻ അഥവാ വിഷാദരോഗം. ഇന്ന് ഒരുപാടു പേരെ ബാധിച്ചിരിക്കുന്ന ഒന്നാണിത്‌. കൃത്യമായ വർക്കൗട്ടുകളും ഡയറ്റും ഒരു വ്യക്തിയെ ഡിപ്രഷനിൽ നിന്നു കരകയറാൻ എത്രത്തോളം സഹായിക്കും എന്ന് നോക്കാം.

സാധാരണ അനുഭവപ്പെടുന്ന നിരാശയും സങ്കടവും ഡിപ്രഷൻ സ്റ്റേജിൽ ആണോ എന്നറിയാൻ ചില മാനദണ്ഡങ്ങളുണ്ട്‌. ഇനി പറയുന്ന ഒമ്പത്‌ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

1. വല്ലാതെ ഡിപ്രസ്‌ഡ്‌ ആയ മൂഡ്‌ അല്ലെങ്കിൽ സങ്കടം വരുക.

2. മുൻപ്‌ ആസ്വദിച്ച്‌ ചെയ്തിരുന്ന കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടുക.

3. മരണത്തെയും ആത്മഹത്യയെയും പറ്റി ചിന്തിക്കുക.

4. എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ തീരുമാനങ്ങളെടുക്കാനോ പറ്റാതിരിക്കുക.

5. ഉറങ്ങുന്നതിൽ വരുന്ന മാറ്റങ്ങൾ. എന്നു വച്ചാൽ ഉറക്കം സാധാരണയിൽ കൂടുതലോ കുറവോ ആവുക.

6. എപ്പോഴും ക്ഷീണം.

7. വിശപ്പിലും ശരീരഭാരത്തിലും വരുന്ന മാറ്റങ്ങൾ. ഉറക്കം പോലെതന്നെ ഇതും കൂടുതലോ കുറവോ ആവാം.

8. ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാതിരിക്കുക, അവനവനെ ഒട്ടും വിലയില്ലാതെ കാണുക, കുറ്റബോധം തോന്നുക.

9. വല്ലാതെ റെസ്റ്റ്‌ലെസ് ആവുക, അല്ലെങ്കിൽ വല്ലാതെ സ്ലോ ആവുക.

ഈ ഒൻപതെണ്ണത്തിൽ ആദ്യത്തെ രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്നും, ബാക്കിയുള്ളവയിൽ നാലോ അതിലധികമോ ലക്ഷണങ്ങളും ഉണ്ടാവണം. ഇവ മറ്റെന്തെങ്കിലും അസുഖമോ മരുന്നുകളോ കാരണമാകരുത്. ഇത്‌ ദൈനംദിനജീവിതത്തെ ബാധിക്കുകയും അതു രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുകയും വേണം. ഇത്രയും ലക്ഷണങ്ങളുണ്ടെങ്കിലാണ് ഒരാൾ ഡിപ്രഷനിലാണോ ആണോ എന്നു പരിശോധിക്കാനുള്ള രോഗനിർണയത്തിലൂടെ കടന്നു പോവേണ്ടത്‌. സ്വയം പരിശോധന പാടില്ല, ഒരു മെഡിക്കൽ പ്രഫഷനൽ നിർദ്ദേശിക്കുന്ന രീതിയിലൂടെ മാത്രമേ അതു പാടുള്ളു.

ശാരീരികാരോഗ്യത്തെ ഈ അവസ്ഥ സാരമായി ബാധിക്കും. ഈ അവസ്ഥയിലുള്ളവർക്ക് അവരെ കേള്‍ക്കാനും ആശ്വസിപ്പിക്കാനും ആളുകള്‍ വേണം. മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട്‌ തോന്നിയാൽ ഉടനെതന്നെ അടുത്ത സുഹൃത്തുക്കളോടും മറ്റും തുറന്നു സംസാരിക്കുന്നത്‌ ഡിപ്രഷൻ അപകടകരമായ അവസ്ഥയിലേക്ക്‌‌ പോകുന്നതിനു മുൻപ്‌ കണ്ടെത്താൻ സഹായിക്കും. പലപ്പോഴും അവര്‍ക്ക് മനോരോഗവിദഗ്ധരുടെയും മനഃശാസ്ത്രജ്ഞരുടെയും സഹായം വേണ്ടി വന്നേക്കാം. ഡിപ്രഷൻ സ്ഥിരീകരിച്ചു കഴിഞ്ഞാൽ അതിന്‌ മരുന്നുകളും സൈക്കോതെറപ്പിയും ഇലക്ട്രോകൺവൾസീവ്‌ തെറപ്പിയും അടക്കം പലതരം ട്രീറ്റ്‌മെന്റുകളുണ്ട്‌.

ആർക്കും ഡിപ്രഷൻ വരാമെങ്കിലും ഇതിനുള്ള സാധ്യത കൂട്ടുന്ന ചില ഘടകങ്ങളുണ്ട്‌. ആരോഗ്യപ്രശ്നങ്ങളും വ്യായാമമില്ലായ്മയും ഈ ലിസ്റ്റിലെ പ്രധാന കാരണങ്ങളാണ്‌. കൃത്യമായും പതിവായും ചെയ്യുന്ന വ്യായാമങ്ങൾക്ക്‌ നമ്മെ ശാരീരികമായും മാനസികമായും കരുത്തരാക്കാൻ കഴിയും.

ചിട്ടകൾ മറന്ന്‌ ചിതറിക്കിടക്കുന്ന ജീവിതമാണ്‌ വിഷാദരോഗിക്ക്‌. ആ വ്യക്‌തി വ്യായാമം ചെയ്യുന്നതുവഴി ആത്മവിശ്വാസം വർധിക്കും. വിഷാദരോഗം തടയാൻ മാത്രമല്ല, ജീവിതശൈലീരോഗങ്ങളും നാഡീസംബന്ധമായ ചില രോഗങ്ങളും ചിലയിനം അർബുദങ്ങളെപ്പോലും തടയുന്ന മാജിക്കാണ്‌ വർക്കൗട്ട്‌. അങ്ങനെ ആ രോഗങ്ങൾ വരുന്നതു വഴിയുണ്ടാവുന്ന സ്ട്രെസ് ഡിപ്രഷനിലേക്ക്‌ ചെന്നെത്തുന്നത്‌ ഇല്ലാതാക്കാനുമാവും. വ്യായാമം ഒരിക്കലും ഡിപ്രഷനുള്ള ചികിത്സയല്ല, മറിച്ച് വിഷാദം വരാതെ തടയുന്ന, വന്നാൽ ചികിത്സ എളുപ്പമാക്കുന്ന ഒരു ഘടകമാണ്.

മേലനങ്ങുന്നത്‌ വഴി ശരീരം ആകെയൊന്ന്‌ ഉഷാറായി നമ്മളെ ഹാപ്പിയാക്കുന്ന എൻഡോർഫിനുകൾ ഉണ്ടാകുമെന്ന്‌ പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്വയം വില തോന്നുന്നതും ബൗദ്ധികശേഷി വർധിക്കുന്നതും എന്നു വേണ്ട ഇടയ്ക്കിടെ മുറിയുന്ന ഉറക്കം പോലും പഴയ പടിയാകാൻ ഇത്‌ സഹായിക്കും.

വർക്കൗട്ട്‌ എന്നു പറയുമ്പോൾ ജിമ്മിലും മറ്റും ചെന്ന് മണിക്കൂറുകൾ കസർത്ത്‌ ചെയ്യണം എന്ന് അർഥമില്ല. ദിവസവും അൽപനേരം നടക്കുന്നതു പോലും ഡിപ്രഷൻ റിസ്ക്‌ കുറയ്‌ക്കുന്ന ഒന്നാണ്‌. ആദ്യമൊക്കെ തോന്നുന്ന ക്ഷീണം തികച്ചും സ്വാഭാവികമാണ്‌. പത്ത്‌ മിനിറ്റ്‌ നടന്ന്‌ തുടങ്ങി ക്രമേണ അത്‌ ഇരുപതിലും മുപ്പതിലുമെത്തിക്കാം. കൂടെ വീട്ടിൽതന്നെ ചെയ്യാവുന്ന ലഘുവ്യായാമങ്ങളുമാവാം. കൂട്ടിന്‌ ആളില്ലെങ്കിൽ വലിയൊരു കണ്ണാടിക്ക്‌ മുന്നിൽ നിൽക്കാം, ഇഷ്‌ടമുള്ള പാട്ട്‌ വയ്ക്കാം, സന്തോഷമായി നമുക്ക്‌ നമ്മളെ സ്‌നേഹിച്ചു കൊണ്ട്‌, കണ്ടു കൊണ്ട്‌ ഭാരമിറക്കാം.

നേരത്തേ സൂചിപ്പിച്ചതുപോലെ ഭക്ഷണത്തോടുള്ള താൽപര്യക്കൂടുതലോ താൽപര്യമില്ലായ്‌മയോ വിഷാദരോഗത്തിന്റെ കൂടെപ്പിറപ്പാണ്‌. ഡയറ്റ്‌ തീരുമാനിക്കാനോ നടപ്പിൽ വരുത്താനോ ഉള്ള മോട്ടിവേഷൻ തരി പോലും ബാക്കി വയ്ക്കാത്ത മനസ്സും ‘ഇതൊക്കെ എന്തിനു വേണ്ടി’ എന്ന തോന്നലും കൂടിയാകുമ്പോൾ സംഗതി പൂർത്തിയാകും.

ഇതിനൊപ്പം ചേർത്ത്‌ വായിക്കേണ്ട ഒന്നാണ്‌ സ്‌ട്രെസ്‌ ഈറ്റിങ്. ടെൻഷൻ വന്നാൽ ഉടൻ വല്ലതും സ്‌പെഷൽ ഉണ്ടാക്കി കഴിക്കണം, സ്‌നാക്സ്‌ പെറുക്കി തിന്നണം. ഇതിനൊന്നും അളവോ കണക്കോ കാണുകയുമില്ല. ചിലയിനം ആന്റിഡിപ്രസന്റ്‌ മരുന്നുകളും വണ്ണം വർധിപ്പിച്ചേക്കാം.

എന്നാൽ കൃത്യമായി എല്ലാ പോഷകങ്ങളുമടങ്ങിയ ആഹാരം ആവശ്യമായ അളവിൽ നേരത്തിനു കഴിക്കുന്നതുതന്നെ ശരീരത്തിന്‌ ആരോഗ്യവും ഉണർവും നൽകും. വർക്കൗട്ടിന്റെ കാര്യത്തിലെന്നതുപോലെ, പല രോഗങ്ങളെയും തടയാൻ നല്ല ഭക്ഷണശീലത്തിനു സാധിക്കും എന്നതുകൊണ്ട്‌ ആ വഴിയിലും ഡയറ്റ്‌ ഡിപ്രഷനെ തടുക്കുന്നുണ്ട്‌.

ചുരുക്കത്തിൽ, ഡിപ്രഷൻ വരാതെ തടയുന്നതിലും ഡിപ്രഷൻ ചികിത്സ ഫലപ്രദമാവുന്നതിലും ജീവിതശൈലിക്ക്‌ വളരെയധികം പ്രാധാന്യമുണ്ട്‌. അതുകൊണ്ടുതന്നെ കൃത്യമായി വ്യായാമം ചെയ്യുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുന്ന ഒരാൾക്ക്‌ ഡിപ്രഷൻ വരാനുള്ള സാധ്യത കുറയ്‌ക്കാനും വന്നാൽത്തന്നെ അതിൽനിന്നു വേഗം പുറത്തുകടക്കാനും സാധിക്കും. 

English Summary: Depression: Diet and workout

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com