ADVERTISEMENT

കുടവയർ കുറയ്‌ക്കാൻ വേണ്ടി എത്രയൊക്കെ തലകുത്തിനിന്ന് വർക്കൗട്ടുകൾ ചെയ്താലും ഡയറ്റ് കൃത്യമല്ലെങ്കിൽ ഒരു ഗ്രാം ഫാറ്റ് പോലും ശരീരത്തിൽനിന്നു പോവില്ല. ഡയറ്റ് എന്ന് പറയുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പട്ടിണികിടക്കലാണ്. മറ്റു ചിലർക്കാവട്ടെ ചോറിനു പകരം ചപ്പാത്തിയോ ഓട്‌സോ കഴിക്കുന്നതും ധാരാളം സാലഡുകൾ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതുമൊക്കെയാണ് ഡയറ്റ്. എന്നാൽ ഒരു കാര്യം  മനസ്സിൽ വച്ചോളൂ, ഓരോ ശരീരത്തിന്റെയും ആവശ്യം കൃത്യമായി മനസ്സിലാക്കി അതിനു വേണ്ട ഊർജവും പ്രോട്ടീനും കാർബും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമൊക്കെ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് യഥാർഥ ഡയറ്റ്. ഇതിൽ പ്രോട്ടീനെപ്പറ്റി സംസാരിക്കുമ്പോഴൊക്കെ അവിടെ കടന്നു വന്ന് രാജകീയമായി ഇരിപ്പുറപ്പിക്കുന്ന ഒരു വിഐപി ആയ കോഴികളെപ്പറ്റിയാണ് നമ്മളിന്ന് സംസാരിക്കുന്നത്. ഫിറ്റ്നസുമായും ഡയറ്റുമായും ബന്ധപ്പെട്ട വളരെ പ്രധാനമായ ഒരു പാഠം ഈ കോഴികൾ നമ്മളെ പഠിപ്പിക്കുന്നുമുണ്ട്. 

മാംസഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ആവശ്യത്തിനു പ്രോട്ടീൻ ലഭിക്കാൻ ഏറ്റവും നല്ല ചോയ്‌സുകളിലൊന്നാണ് ചിക്കൻ. പ്രോട്ടീൻ മാത്രമല്ല, പല വൈറ്റമിനുകളുടെയും മിനറലുകളുടെയും ‘കമനീയ ശേഖരം’ കൂടിയാണിത്. ബീഫ് പോലെയുള്ള റെഡ് മീറ്റുകൾക്കുള്ളത്ര സാചുറേറ്റഡ് ഫാറ്റും കൊളസ്ട്രോളും ചിക്കനിൽ ഇല്ലാത്തതുകൊണ്ട് വലിയ ആശങ്കകളില്ലാതെ മെനുവിൽ ഉൾപ്പെടുത്തുകയും ചെയ്യാം. വറുത്തും പൊരിച്ചും കറിവച്ചും ബേക്ക് ചെയ്തും ഗ്രിൽ ചെയ്തുമൊക്കെ ഒരു നൂറു രുചികളിൽ ചിക്കൻ തയാറാക്കാം. ഹായ്... ഓർക്കുമ്പോൾ തന്നെ നല്ല ബെച്ച കോയീന്റെ മണം മൂക്കിൽ അടിക്കുന്നുണ്ടല്ലേ... എനിക്കുമതേ...

പക്ഷേ ഒരു കുഴപ്പമുണ്ടല്ലോ. ഡയറ്റിന്റെ കാര്യത്തിൽ, ഭക്ഷണത്തിന്റെ ക്വാളിറ്റി പോലെതന്നെ പ്രധാനമാണ് അളവും അനുപാതവും. പ്രോട്ടീൻ ലഭിക്കാനായി ധാരാളം ചിക്കൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ പല കണക്കുകളും നമ്മളറിയാതെ കൈവിട്ട് പോവും. ഇതെങ്ങനെ സംഭവിക്കുന്നു എന്നു നോക്കാം...

നമ്മുടെ ശരീരത്തിനു വേണ്ട പോഷകങ്ങളെ മാക്രോന്യൂട്രിയന്റുകൾ എന്നും മൈക്രോന്യൂട്രിയന്റുകൾ എന്നും തരം തിരിക്കാം. ദിവസവും വലിയ അളവിൽ വേണ്ട പ്രോട്ടീൻ, കാർബോ‌ഹൈഡ്രേറ്റ്, ഫാറ്റ് എന്നിവയാണ് മാക്രോന്യൂട്രിയന്റുകൾ. ചെറിയ അളവിൽ വേണ്ട വൈറ്റമിനുകളും മിനറലുകളുമാണ് മൈക്രോ ന്യൂട്രിയന്റുകൾ.

ഡയറ്റ് ചെയ്യുന്നവർ ദിവസവും കഴിക്കുന്ന ഭക്ഷണം കൃത്യമായി ട്രാക്ക് ചെയ്താലേ വേണ്ട റിസൽറ്റ് ലഭിക്കൂ എന്നറിയാമല്ലോ. ട്രാക്ക് ചെയ്യുക എന്നു പറഞ്ഞാൽ, മുകളിൽ പറഞ്ഞ എല്ലാ പോഷകങ്ങളും ആവശ്യമായ അളവിൽ തന്നെയാണ് ശരീരത്തിൽ എത്തുന്നതെന്ന് ഉറപ്പുവരുത്തുക. കിച്ചൺ സ്കെയിൽ ഉപയോഗിച്ചും മെഷറിങ് കപ്പുകളും മെഷറിങ് സ്പൂണും ഉപയോഗിച്ചുമെല്ലാം ഇങ്ങനെ ഭക്ഷണം അളക്കാം. ഈ അളവ് കിട്ടിയാൽ അതിൽ എത്ര പ്രോട്ടീനും കാലറിയുമെല്ലാം അകത്തു ചെന്നു എന്ന് മനസ്സിലാക്കുകയുമാവാം. എന്നാൽ ഇങ്ങനെ അളന്നു കഴിക്കുന്ന തുടക്കക്കാരിൽ മിക്കവർക്കും പറ്റുന്നൊരു അബദ്ധമുണ്ട്.

ഇത് വ്യക്തമാക്കാനായി നമ്മൾ ഇന്നത്തെ വിഐപിയായ ചിക്കനിലേക്കുതന്നെ വരാം. ഇനിയങ്ങോട്ട് കുറച്ച് കണക്കുകൾ പറയാൻ പോവുകയാണ്, എളുപ്പം മനസ്സിൽ പതിയാനായി സംഖ്യകൾ റൗണ്ട് ചെയ്താണ് പറയുന്നത്. കാലറിയും പ്രോട്ടീനും ഫാറ്റുമാണ് ചിക്കൻ തരുന്ന പ്രധാന മാക്രോ പോഷകങ്ങൾ. ഒരു നൂറു ഗ്രാം ചിക്കനിൽ ഇവ എത്രയുണ്ട് എന്നറിയാനായി നമ്മൾ ഇന്റർനെറ്റിൽ തിരഞ്ഞെന്നിരിക്കട്ടെ. പലപ്പോഴും 20 ഗ്രാമിനടുത്ത് പ്രോട്ടീനും 4 ഗ്രാമിനടുത്ത് ഫാറ്റും 120 കാലറിക്കടുത്ത് ഊർജവും എന്നൊരു അളവ് കാണും. സന്തോഷത്തോടെ നമ്മൾ ഇത് നോട്ട് ചെയ്യും. അവിടുന്നങ്ങോട്ട് എപ്പോഴൊക്കെ ചിക്കൻ കഴിക്കുമ്പോഴും ഈ അളവ് അനുസരിച്ച് കഴിക്കുകയും ചെയ്യും. എന്നാൽ നമ്മുടെ കണക്കുകളെ അപ്പാടെ തെറ്റിക്കുന്ന ഒന്നാണിത്. കാലങ്ങളായി പലതരം വർക്കൗട്ടുകളും ഡയറ്റും ചെയ്തിട്ടും കുടവയറും അമിതവണ്ണവും കുറയാത്ത ഒരാളാണ് നിങ്ങളെങ്കിൽ ഒരു പക്ഷേ അതിനുള്ള ഉത്തരം കൂടിയാണ് ഈ തെറ്റുന്ന കണക്കുകൾ. എങ്ങനെയാണിത് സംഭവിക്കുന്നതെന്നു നോക്കാം...

മുകളിൽ നൽകിയ ചിക്കന്റെ കാലറി കണക്ക് ശരിയാണോ എന്നു ചോദിച്ചാൽ ശരിയാണ്. പക്ഷേ അത് സ്‌കിൻ കളഞ്ഞ ചിക്കൻ മീറ്റിന്റെ കാലറിയും പ്രോട്ടീനും ഫാറ്റുമാണ്. ഇനി ഇതേ ചിക്കൻ തന്നെ സ്‌കിൻ കളയാതെയാണെങ്കിൽ പ്രോട്ടീൻ അളവ് അതുപോലെ തന്നെ നിൽക്കുമെങ്കിലും ഫാറ്റിന്റെ അളവ് ഇരട്ടിയിലധികം, അതായത് 10 ഗ്രാമിനടുത്താവും. ആകെ കാലറി 170 കടക്കുകയും ചെയ്യും. ഇതുതന്നെ ചിക്കൻ ഓരോ ഭാഗങ്ങളായി എടുത്താൽ അളവുകളിൽ പിന്നെയും വ്യത്യാസങ്ങൾ വരുന്നതു കാണാം. ചിക്കൻ ബ്രസ്റ്റ് ആവുമ്പോൾ 100 ഗ്രാമിന് 120 കാലറിയാണ് വരുന്നതെങ്കിൽ അതേ ഭാരം ചിക്കൻ തൈസ് എടുത്താൽ അത് 220 കാലറി വരും. വിങ്സ് ആണെങ്കിൽ 190 കാലറിയും.

ഇത്ര നേരം നമ്മൾ സംസാരിച്ചതെല്ലാം വേവിക്കുന്നതിനു മുൻപുള്ള കണക്കാണ്. പാകം ചെയ്ത ചിക്കന്റെ കാര്യത്തിൽ അത് എങ്ങനെയാണ് പാകം ചെയ്യുന്നത്, അതിനായി എന്തൊക്കെ ചേരുവകൾ ഉപയോഗിക്കുന്നു, എത്ര എണ്ണ ആവശ്യമാണ് എന്നതിനൊക്കെ അനുസരിച്ച് വീണ്ടും ഈ അളവൊക്കെ അപ്പാടെ മാറിമറിയും. മുകളിൽ പറഞ്ഞ ചിക്കൻ ബ്രസ്റ്റ് ഉദാഹരണം തന്നെയെടുക്കാം. പാകം ചെയ്യാത്ത 100 ഗ്രാം ചിക്കൻ ബ്രസ്റ്റിൽ 120 കാലറിയാണ് ഉള്ളത് എന്നു പറഞ്ഞല്ലോ. നോർമൽ രീതിയിൽ വേവിക്കുമ്പോൾ അതിൽനിന്ന് അല്പം ജലാംശം നഷ്ടപ്പെടും, അതോടെ വേവിച്ച 100 ഗ്രാമിന്റെ ഊർജം 150 കാലറി കടക്കും. ഇനി ഫാസ്റ്റ് ഫുഡ് സെന്ററുകൾ ചെയ്യുന്നതുപോലെ ഫ്രൈ ചെയ്താലോ, ഇതേ ചിക്കൻ തന്നെ ഊർജം ഇരട്ടിയും കടന്ന് 270 കാലറിക്കടുത്തെത്തും. ഇതുപോലെ ചിക്കൻ കറി വയ്‌ക്കുമ്പേഴും വരട്ടുമ്പോഴും കബാബ് ആക്കുമ്പോഴുമെല്ലാം അതിൽ ചേർക്കുന്ന ചേരുവകൾ മാറുന്നതിനനുസരിച്ച് കാലറിയും പ്രോട്ടീനുമെല്ലാം അപ്പാടെ മാറി മറിയും.

ഇനി ഈ കണക്കുകൾ എങ്ങനെയാണ് നിങ്ങളുടെ കുടവയർ കുറയ്‌ക്കൽ റിസൽറ്റിനെ ബാധിക്കുന്നതെന്നോ? നമ്മുടെ ശരീരത്തിന് ഒരു ദിവസം വേണ്ട ആകെ കാലറി കൃത്യമായി കണക്കാക്കി അതിൽ ഒരു 500 കാലറിക്കടുത്ത് കുറവ് വരുത്തി, കൂട്ടത്തിൽ ആവശ്യത്തിന് പ്രോട്ടീനും മറ്റു പോഷകങ്ങളും കൂടി കഴിക്കുന്നതാണല്ലോ നല്ല ഡയറ്റ്. എന്നാൽ ദേ ഒരു പിടി ചിക്കൻ തന്നെ പല വിധത്തിൽ പല കാലറി കണക്ക് കാണിക്കുന്നത് കണ്ടോ. ഇത് നോക്കിയും കണ്ടും കണക്ക് കൂട്ടാതെ, ഇന്റർനെറ്റിൽ കാണുന്ന കണക്കുകൾവച്ച് കൂട്ടിയാൽ ഓരോ ദിവസത്തെയും കാലറിയിൽ വലിയ വ്യത്യാസം വരും. ചിക്കൻ മാത്രമല്ല, അന്ന് കഴിക്കുന്ന മറ്റ് പല ഭക്ഷണത്തിലും ഏറിയും കുറഞ്ഞും ഇതുപോലെ തന്നെയായിരിക്കും അവസ്ഥ. ഇവയെല്ലാം കൂടി ഒരു ദിവസം നമ്മളറിയാതെതന്നെ നമ്മുടെ കാലറി കണക്കിൽ അഞ്ഞൂറും ആയിരവും വ്യത്യാസങ്ങൾ വരുത്തിയേക്കാം. ഇതു കൊണ്ടു കൂടിയാണ് ഒരുപാട് പേർ കഷ്ടപ്പെട്ട് വർക്കൗട്ടും ഡയറ്റുമെല്ലാം ചെയ്തിട്ടും റിസൽറ്റ് കാണാതിരിക്കുന്നത്.

അപ്പോൾ ഫിറ്റ്നസ് ലോകത്തെ കോഴികൾ ഇന്നു നമുക്ക് പഠിപ്പിച്ചുതന്നത് വളരെ വളരെ പ്രാധാന്യമുള്ളൊരു ഫിറ്റ്നസ് പാഠമാണ്. ഇതുപോലെ ചില ലളിതമായ അടിസ്ഥാനപാഠങ്ങൾ മനസ്സിലാക്കുകയും ശരിയായി നടപ്പിലാക്കുകയും ചെയ്താൽ ഏത് കഠിനമായ കുടവയറിനെയും അമിതവണ്ണത്തെയും നമുക്ക് പുഷ്പം പോലെ നേരിടാം..

English Summary: Weight loss, belly fat loss tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com