ADVERTISEMENT

അങ്ങനെ ഇക്കൊല്ലത്തെ ഓണമിങ്ങെത്തി.... ഇത്ര കാലം കേട്ടുകേൾവി പോലും ഇല്ലാതിരുന്നൊരു കൊറോണം വലിഞ്ഞുകേറി വന്ന് ഇപ്പോ നമ്മളെല്ലാവരും "വീട്ടിലിരുന്നോണം" ആണല്ലോ ഇത്തവണ. എന്നുവച്ച് കാണം വിറ്റും ഓണം ഉണ്ണാതിരിക്കുന്ന കാര്യം ആലോചിക്കാൻ തന്നെ വയ്യ. അങ്ങനെ ഉള്ളതു കൊണ്ട് ഓണം ആഘോഷിക്കുമ്പോഴും ആസ്വദിച്ച് മൂക്കുമുട്ടെ അടിച്ച് കേറ്റാൻ പോവുന്ന ഓണസദ്യയുടെ കാലറിയും പോഷകങ്ങളുമൊക്കെ ഏത് റേഞ്ചിലാണ് വരുന്നതെന്ന് ഡയറ്റ് ചെയ്യുന്ന പലരുടെയും ആശങ്കയാണ്. ഇങ്ങ് വരൂ... ഓണ സദ്യയുടെ കാര്യത്തിൽ മാത്രമല്ല, ഇടയ്ക്കിടെ കല്യാണം പോലെയുള്ള ആഘോഷങ്ങളിലും മറ്റുമായി കഴിക്കേണ്ടി വരുന്ന സദ്യയിലും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നൊക്കെ പറഞ്ഞുതരാം.

നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ ധാരാളം പോഷകങ്ങൾ വേണം എന്നറിയാമല്ലോ. ഇതിൽ ദിവസവും വലിയ അളവിൽ വേണ്ട പ്രോട്ടീൻ, കാർബോ‌ഹൈഡ്രേറ്റ്, ഫാറ്റ് എന്നിവയാണ് മാക്രോന്യൂട്രിയന്റുകൾ. ചെറിയ അളവിൽ വേണ്ട വൈറ്റമിൻസും മിനറൽസും ആണ്‌ മൈക്രോ ന്യൂട്രിയന്റുകൾ. കറികൾ, തൊടുകറികൾ, വറുത്തത്, ഉപ്പിലിട്ടത്, മധുരം എന്നിവ കൂട്ടി വിശാലമായി ചോറുണ്ണലാണല്ലോ സദ്യ. എന്നും ചോറുണ്ണുന്ന നമ്മൾ കേരളീയർക്ക് കാർബോ‌ഹൈഡ്രേറ്റ് കിട്ടാൻ മറ്റെവിടെയും പോവേണ്ട, സദ്യയിലാണെങ്കിൽ ചോറിനു പുറമേ കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ കിഴങ്ങുകൾ കാളനിലും എരിശ്ശേരിയിലും കൂട്ടുകറിയിലും അവിയലിലുമൊക്കെയായി പല രൂപത്തിൽ വരുന്നുണ്ട്.

അടുത്ത പ്രധാന പോഷകമായ പ്രോട്ടീൻ ലഭിക്കാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് പയറു വർഗങ്ങൾ. ഓലനും എരിശ്ശേരിയും പരിപ്പുമൊക്കെ ഉള്ളപ്പോൾ അക്കാര്യവും കുശാലാണ്. സദ്യയോടൊപ്പം ചിക്കനും മീനും വിളമ്പുന്ന സ്ഥലങ്ങളിലാണെങ്കിൽ പിന്നെ പറയാനുമില്ല. സമ്പൂർണ പ്രോട്ടീൻ കിട്ടാൻ ഏറ്റവും നല്ല ഭക്ഷ്യവിഭവങ്ങളാണ് മാംസവും മത്സ്യവും എല്ലാം. ഇനി ശരീരത്തിന് വേണ്ട ഫാറ്റ് ആണെങ്കിൽ നേരിട്ട് വെളിച്ചെണ്ണയുടെ രൂപത്തിലും, അതല്ലാതെ മറ്റ് ഭക്ഷണപഥാർത്ഥങ്ങളിൽ അടങ്ങിയ ഫാറ്റും മറ്റുമായി ഒട്ടുമിക്ക കറികളിലുമുണ്ട്.

അപ്പോൾ കാർബും പ്രോട്ടീനും ഫാറ്റും കിട്ടി. ഇനി വൈറ്റമിൻസും മിനറൽസുമാണെങ്കിൽ എണ്ണിയാൽ തീരാത്ത ലിസ്റ്റാണ്. എല്ലാ പ്രധാന വൈറ്റമിനുകളും മഗ്നീഷ്യവും പൊട്ടാസ്യവും സിങ്കും അയേണും ഒക്കെ തരുന്ന അവിയലും, കാളനിലെ തൈരും പായസത്തിലെ പാലും തരുന്ന കാൽസ്യവും വൈറ്റമിൻ ഡി യും, പച്ചടിയിലും മറ്റുമായി പലയിനം പഴങ്ങളും അത്‌ നൽകുന്ന പോഷകങ്ങളും, വൈറ്റമിൻ സി സമ്പുഷ്ടമായ നാരങ്ങാക്കറിയും, ഇഞ്ചിപ്പുളിയിലും മറ്റും ചേർക്കുന്ന ശർക്കരയിൽ നിന്നും ഇരുമ്പ്... ഹായ്! അങ്ങനെ എണ്ണി നോക്കുമ്പോൾ എല്ലാ പോഷകങ്ങളുടെയും കമനീയ ശേഖരം നിറഞ്ഞു തുളുമ്പി കിടക്കുകയാണ്. മനുഷ്യശരീരത്തിന് ആവശ്യമായ ഏതാണ്ടെല്ലാ പോഷകങ്ങളും ഒരു സദ്യയിൽ നിന്ന് കിട്ടും. ഇനി ഇതെല്ലാം ദഹനവ്യവസ്ഥയിലൂടെ കടന്നു പോകാൻ ഫൈബർ അഥവാ നാരുകളുടെ സഹായം കൂടെ വേണം. അതിനാണല്ലോ ഇഞ്ചിക്കറിയും തോരനും പച്ചടിയും അവിയലുമെല്ലാം.... അപ്പോ അതുമായി...

"ശ്ശേടാ...." ഇതൊക്കെ നല്ലതല്ലേ... അപോൾ പിന്നെ എന്നും സദ്യ തന്നെ കഴിച്ചാൽ പോരേ എന്നല്ലേ ഇപ്പോൾ ആലോചിച്ചത്. അതേയ്, അധികമായാൽ അമൃതും വിഷം എന്നാണല്ലോ ചൊല്ല്... അത് തന്നെയാണ് ഇവിടെയും വില്ലൻ. സദ്യയുടെ ദോഷം അതിന്റെ അളവിലും അനുപാതത്തിലുമാണ്. ശരാശരി ഉയരവും വണ്ണവുമുള്ള വ്യക്തികൾക്ക് ഒരു ദിവസം ആവശ്യമായ ആകെ ഊർജ്ജം മിക്കപ്പോഴും 1500 - 2000 കാലറി റേഞ്ചിലാണ് നിൽക്കുന്നതെങ്കിൽ ഒരു നേരം കഴിക്കുന്ന സദ്യയിൽ മാത്രം ഇത് 2500 കാലറിക്കടുത്ത് എത്തും. കഴിക്കുന്ന പായസത്തിന്റെ എണ്ണവും അതിൽ തന്നെ ഓരോ പായസത്തിലെ ഗ്ലാസിന്റെ എണ്ണവുമൊക്കെ കൂടുന്നതിനനുസരിച്ച് ഈ കാലറി പിന്നെയും കൈവിട്ട് പോവും. എന്നുവച്ചാൽ ഒരു ദിവസം ആകെ ശരീരത്തിന് വേണ്ടതിലും എത്രയോ കൂടുതലാണ് ഒരു നേരത്തെ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടന്നു ചെല്ലുന്നത്. ഇങ്ങനെ അധികമായി ചെല്ലുന്ന കാലറിയും അകമ്പടിയായി വ്യായാമവും കൂടിയാണല്ലോ കുടവയറും അമിതവണ്ണവും ഒപ്പം നൂറായിരം ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഉണ്ടാക്കി വയ്‌ക്കുന്നത്.

അപ്പോൾ പിന്നെ എന്താണ് ചെയ്യേണ്ടതെന്നോ...! "തിരുവോണ ദിവസം" ഇതൊന്നുമാലോചിക്കണ്ട, ആസ്വദിച്ച് തന്നെ സദ്യ കഴിക്കുക. എന്തെങ്കിലും മെഡിക്കൽ കണ്ടീഷൻ കാരണം ഡോക്ടർ ഇന്ന ഇന്ന ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞവർ ഇതും കേട്ട് ചാടിപ്പോയി മൂക്കുമുട്ടെ തട്ടരുത്. ബാക്കിയുള്ളവരുടെ കാര്യമാണ് പറഞ്ഞത്. ശാരീരിക ആരോഗ്യം പോലെ വളരെ പ്രധാനമാണ് മാനസികാരോഗ്യവും... ഓണം പോലെ വർഷത്തിലൊരിക്കൽ കുടുംബത്തിലെല്ലാവരും ഒത്തൊരുമിക്കുന്ന അവസരങ്ങളിൽ ഇത്രെത്ര കാലറി വരും... അതെത്ര ഫാറ്റുണ്ടാക്കും എന്നൊന്നും ആലോചിക്കാൻ നിൽക്കരുത്. അല്ലെങ്കിലും ഇപ്പോൾ നന്നായി കഴിച്ചൊരു തിരുവോണ സദ്യയിൽ ഏറിപ്പോയാൽ എന്ത് സംഭവിക്കും? ഒരു രണ്ടായിരം കാലറി അധികമായി അങ്ങ് അകത്ത് കയറിയേക്കും. അത്രയല്ലെ ഉള്ളു! കേറട്ടെന്നേ... സാരമില്ല. അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ ഒന്ന് ശ്രദ്ധയോടെ വ്യായാമവും ഡയറ്റും ചെയ്താൽ ഈ അധികമായി കയറിയ കലോറി ഉണ്ടാക്കിയ ഫാറ്റിനെയൊക്കെ കൂൾ കൂളായി ഓടിച്ച് വിടാം.

എന്നാൽ തിരുവോണം പോലെ വർഷത്തിലൊരിക്കൽ വരുന്നൊരു ആഘോഷവും കല്യാണസദ്യ പോലെ ഇടക്കിടെ വരുന്ന സദ്യകളും ഒരുപോലെ കാണരുത്, ഇവിടെ പണി പാളും. മാനസിക സന്തോഷം കിട്ടുമല്ലോ എന്നൊക്കെ ന്യായം പറഞ്ഞ് ഇടക്കിടെ സദ്യ തട്ടിവിട്ടാൽ മുകളിൽ പറഞ്ഞ അധികം രണ്ടായിരം കാലറി എന്നത് ഇരുപതിനായിരവും അമ്പതിനായിരവുമൊക്കെ ആവാൻ അധിക ദിവസമൊന്നും എടുക്കില്ല... ഭാരം കിലോക്കണക്കിന് കൂടുകയും ആരോഗ്യം അവിയലിലെ പടവലങ്ങാ പോലെ താഴോട്ടും വരുകയും ചെയ്യും.

സദ്യകളുടെ എണ്ണം കുറയ്‌ക്കുക എന്നതാണ് ഒരു വഴി. എന്നാൽ കുടുംബത്തിനകത്ത് തന്നെ നടക്കുന്ന ചടങ്ങുകൾ പോലെ ഒട്ടും ഒഴിവാക്കാനാവാത്ത സദ്യകൾ വന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഇതിനെ പരിധിക്കകത്ത് നിർത്താം. സദ്യ കഴിക്കുന്നതിന് അല്പ സമയം മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ വയർ നിറഞ്ഞത് പോലെ തോന്നുകയും സ്വാഭാവികമായും കഴിക്കുന്ന ആകെ ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുകയും ചെയൂം. ഇലയിൽ ചോറ് വിളമ്പുമ്പോൾ കുറച്ച് മതി എന്ന് പറയാനും, നിർബന്ധിക്കുമ്പോൾ സ്നേഹപൂർവം നിരസിക്കാനും മറക്കണ്ട. ഒരു സദ്യയിൽ ആകെ കാലറി 2500 നടുത്ത് വരും എന്ന് പറഞ്ഞല്ലോ... ഇതിൽ ചോറ്, പായസങ്ങൾ, അവിയൽ, കൂട്ടുകറി, ഓലൻ തുടങ്ങിവയയാണ് പ്രധാന കാലറിക്കാർ... അതേ സമയം കാബേജ് പോലുള്ള തോരനുകളും രസവും മോരും

പരിപ്പുകറിയുമൊക്കെ കാലറിയിൽ താഴെ നിരയിലാണ്. ഇക്കാര്യം മനസ്സിലുണ്ടെങ്കിൽ കാലറി കൂടുതലുള്ള വിഭവങ്ങൾ പരിമിതപ്പെടുത്തിയും കാലറി കുറവുള്ളവ ആവശ്യത്തിനെടുത്തും കഴിക്കാം. മാംസവിഭവങ്ങളും മീനുമൊക്കെ വിളമ്പുന്ന സദ്യയാണെങ്കിൽ നല്ല ക്വാളിറ്റിയുള്ള പ്രോട്ടീൻ ഇതിൽ നിന്ന് കിട്ടിക്കോളും, ഈ വിഭവങ്ങൾ ആവശ്യത്തിനുള്ളതെടുത്ത് കഴിക്കാൻ മറക്കണ്ട. ധൃതി പിടിച്ച് കഴിക്കാതെ സാവധാനം ആസ്വദിച്ച് കഴിക്കുന്നതും ആകെ കഴിക്കുന്ന അളവ് കുറയാൻ സഹായിക്കുന്ന സൂത്രമാണ്. പായസം ഒരു മധുരത്തിനുള്ളത് മാത്രമായി നിർത്തണം, പലരും സദ്യം കഴിഞ്ഞാലും ഇടക്ക് ഓരോ ഗ്ലാസിൽ പായസം തട്ടിവിടുന്നത് അറിയാതെ കാലറി റോക്കറ്റ് പോലെ മുകളിലേക്ക് കയറ്റിക്കൊണ്ടിരിക്കും. ഇതുപോലെ തന്നെയാണ് ഇടക്ക് ഒരു പിടി വാരിയെടുത്ത് കൊറിക്കുന്ന ശർക്കര ഉപ്പേരിയും ചിപ്സും പിന്നെ നേന്ത്രപ്പഴവുമെല്ലാം ...

ചുരുക്കത്തിൽ, സർവപോഷകങ്ങളാലും സമ്പന്നമായ ഒരു ഭക്ഷണം തന്നെയാണ് സദ്യ. അതിലെ അളവും അനുപാതവുമാണ് കാര്യങ്ങൾ തകിടം മറിക്കുന്നത്. തിരുവോണം പോലെ വർഷത്തിലൊരിക്കൽ വരുന്ന ആഘോഷങ്ങളിൽ ഇതൊക്കെ ഒന്ന് റിലാക്സാക്കാം. എന്നാൽ ഇടക്കിടെ വരുന്ന സദ്യകളിൽ നമ്മൾ വേണ്ടത് ഒഴിവാക്കിയും ആവശ്യമുള്ളത് ആവശ്യമുള്ള അളവിൽ ഉൾപ്പെടുത്തിയും ശ്രദ്ധയോടെ മുന്നോട്ട് പോവുക തന്നെ വേണം... പ്പോ എല്ലാർക്കും ഹാപ്പി ഓണം....

English Summary: Onam sadya and diet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com