ഡബിൾ ചിൻ അഥവാ ഇരട്ടത്താടി കുറയാനുള്ള വ്യായാമങ്ങൾ; വിഡിയോ

double chin exercise
SHARE

താടിയുള്ളപ്പനെയേ പേടിയുള്ളൂ എന്നൊരു പഴഞ്ചൊല്ലുണ്ട്... വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നല്ല ഗംഭീരമായി താടിയൊക്കെ വളർത്തി ആജ്ഞാപിച്ചാലേ ഏൽക്കൂ എന്നോ മറ്റോ ആണ് അതിന്റെ അർത്ഥം... എന്നു വച്ച് ഒന്നിലധികം താടിയായാലോ? ചിലർ "ഓ പിന്നേ, ഇതൊക്കെ ഒരു ഇഷ്യു ഒന്നും അല്ലെന്നേ" എന്ന് പറയും, എന്നാൽ ചിലർക്കാകട്ടെ ഇതൊരു സൗന്ദര്യപ്രശ്നവുമാണ്. എന്നാൽ ഒരു ഫിറ്റ്നസ് പ്രൊഫഷണൽ എന്ന നിലയിൽ ഞാൻ പറയുന്നു, ഇരട്ടത്താടി ഒരു സൗന്ദര്യപ്രശ്നമാണോ അല്ലയോ എന്നതൊക്കെ തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ്. എന്നാൽ പലപ്പോഴും ഇതൊരു ആരോഗ്യപ്രശ്നത്തിലേക്കുള്ള ചൂണ്ടുപലക കൂടിയാവാം. എന്തായാലും ഡബിൾ ചിൻ അഥവാ ഇരട്ടത്താടി എങ്ങനെയൊക്കെയാണ് ഉണ്ടാവുന്നത്, എന്തൊക്കെ മാർഗങ്ങൾ വഴി ഇതിനെ മാറ്റിയെടുക്കാം എന്നൊക്കെ നമുക്കിന്ന് നോക്കാം.

ചിൻ അഥവാ താടിയുടെ താഴെയുള്ള ഭാഗം തൂങ്ങി നിന്ന് ഒരു ലെയർ കൂടി ഉള്ളതുപോലെ തോന്നിപ്പിക്കുന്ന അവസ്ഥയാണ് ഡബിൾ ചിൻ അഥവാ ഇരട്ടത്താടി. ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത് വരാം. അമിതവണ്ണമാണ് ഇരട്ടത്താടിക്ക് പിന്നിലെ ഒരു പ്രധാന വില്ലൻ. വയറിനു ചുറ്റും കൊഴുപ്പ് അടിയുമ്പോൾ അത് കുടവയർ ആവുന്നത് പോലെ താടിയുടെ താഴ്ഭാഗത്തെ കൊഴുപ്പ് താഴോട്ട് തൂങ്ങി നിൽക്കുന്നതാണിത്. ചില ആളുകൾക്ക് പാരമ്പര്യമായി ഇരട്ടത്താടി കണ്ടുവരാറുണ്ട്. മറ്റു ചിലർക്ക് ചെറുപ്പം പിന്നിട്ട് മധ്യവയസ്സിലേക്ക് കടക്കുമ്പോൾ താടിയുടെ താഴെയുള്ള മസിലിന്റെ ബലം കുറയുന്നത് വഴി ഡബിൾ ചിൻ വരും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പുതിയൊരു കാരണം കൂടി ഡബിൾ ചിന്നിനു പിറകിലുണ്ട്, മൊബൈലാണ് ആ വില്ലൻ. തുടർച്ചയായി കഴുത്ത് താഴോട്ട് വളച്ച് മൊബൈലിൽ തലപൂഴ്‌ത്തി ഇരിക്കുന്നത് താടിയെല്ലിനു താഴെയുള്ള മസിലുകളുടെ ബലത്തെ ബാധിക്കും, താടിയുടെ എണ്ണം കൂടുകയും ചെയ്യും. ഇനി ഇതൊന്നുമല്ലാതെ എല്ലുകളിലെ ന്യൂനതകൾ കാരണം താടി ആവശ്യത്തിന് മുന്നിലേക്ക് തള്ളി നിൽക്കാതെ ഇരട്ടത്താടി പോലെ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ശരീരത്തിൽ ഒട്ടും ഫാറ്റ് ഇല്ലെങ്കിൽ പോലും ഡബിൾ ചിൻ ഉണ്ടാവും.

ഈ കാരണങ്ങളിൽ എല്ലിന്റെ ഘടനയിൽ വരുന്ന കുഴപ്പമാണ് നിങ്ങളിൽ ഡബിൾ ചിൻ ഇണ്ടാക്കുന്നത് എങ്കിൽ അതിന് ഒരുപക്ഷേ സർജ്ജറി തന്നെ വേണ്ടി വന്നേക്കാം. നിങ്ങളെ നേരിട്ട് കാണുന്ന ഡോക്ടർക്കേ ഇക്കാര്യം വ്യക്തമായി പറയാൻ സാധിക്കൂ... ആ നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ട് പോവുക. ബാക്കിയുള്ളവർ ഇങ്ങോട്ട് വരൂ, നിങ്ങളുടെ ഡബിൾ ചിൻ കുറയ്‌ക്കാനും ആ ഭാഗത്തെ പേശികളെ ബലപ്പെടുത്താനും സഹായിക്കുന്ന വളരെ ലളിതമായ ചില വ്യായാമങ്ങൾ പറഞ്ഞ് തരാം.

ഇതു കേൾക്കുമ്പോൾ ആ ചെറിയേ സ്പാനറിങ്ങെടുത്തേ, ഇപ്പോ ശരിയാക്കിത്തരാം എന്ന രീതിയിൽ ചിന്തിക്കരുത്. രണ്ട് കാര്യങ്ങൾ ഓർക്കുക. ഒന്ന്, പ്രായവും മറ്റും കാരണം മസിലുകൾ ഒരുപാട് ബലം നഷ്ടപ്പെടുന്നതിനെ നൂറുശതമാനം തിരികെ യൗവനത്തിലേക്ക് കൊണ്ടുവരാനൊന്നും പറ്റില്ല. എന്നാൽ ആ ഭാഗത്തെ പേശികളെ ബലപ്പെടുത്തുന്നത് വഴി അവസ്ഥ മെച്ചപ്പെടുത്താം. രണ്ടാമതായി, ഏതൊരു വർക്കൗട്ടിനുമെന്ന പോലെ മാറ്റങ്ങൾ കണ്ട് തുടങ്ങാൻ ഇതിനും ഏതാനും ആഴ്ചകളോ ഒരുപക്ഷേ രണ്ടോ മൂന്നോ മാസങ്ങളോ ഒക്കെ എടുത്തേക്കാം. ഒരാഴ്ച കൊണ്ട് ഡബിൾ ചിൻ അപ്രത്യക്ഷമാക്കാം എന്നൊക്കെ പറഞ്ഞ് ഒരുപാട് വിഡിയോയും ലേഖനങ്ങളും പ്രചരിക്കുന്നുണ്ട്, അവയെല്ലാം ശുദ്ധ തട്ടിപ്പാണ്, അങ്ങനെ സ്വിച്ചിട്ടത് പോലെ മായ്ച്ച് കളയാൻ പറ്റുന്ന ഒന്നല്ല ഇത്.

അമിതവണ്ണമോ കുടവയറോ ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ ഇനി പറയാൻ പോവുന്ന വ്യായാമങ്ങൾക്കൊപ്പം കുടവയർ കളയാനുള്ള വ്യായാമങ്ങളും ഡയറ്റും കൂടെ ചെയ്യണം. കാരണം ഫാറ്റ് ശരീരത്തിൽ ഉള്ളിടത്തോളം കാലം ഡബിൾ ചിൻ പോവാൻ ബുദ്ധിമുട്ടാണ്.

ഡബിൾ ചിൻ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് വ്യായാമങ്ങളുണ്ട്. ആദ്യമായി ഏതൊരു ശരീരഭാഗത്തിനുമെന്ന പോലെ ഡബിൾ ചിൻ കുറയാനുള്ള വ്യായാമങ്ങൾക്കും വാം അപ് ആവശ്യമാണ്. ഇതിനായി കഴുത്ത് പതിയെ അഞ്ച് തവണ ഇങ്ങനെ ഇരു വശത്തേക്കും ചലിപ്പിക്കുക. അതുപോലെ തന്നെ മുകളിലേക്കും താഴേക്കും അഞ്ച് തവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക. ഓക്കെ വാം അപ് പൂർത്തിയായി. ഇനി ഒരു മുപ്പത് സെക്കൻഡ് റെസ്റ്റ് എടുക്കാം.

double chin exercise 1

ആദ്യത്തെ വ്യായാമം ഇഷ്ടപ്പെട്ടയാൾക്ക് ഉമ്മ കൊടുക്കലാണ്. ഇതിന് ആൾ കൂടെയുണ്ടെങ്കിൽ നേരിട്ട് തന്നെ കൊടുക്കാം, ഇല്ലെങ്കിൽ കൂടെയുണ്ടെന്ന് സങ്കൽപ്പിച്ചാലും മതി. മനോരാജ്യത്തിൽ അർധരാജ്യം വേണ്ടെന്നല്ലേ... അതുകൊണ്ടുതന്നെ സങ്കൽപ്പിക്കുമ്പോൾ ഭാവന നന്നായി പടന്നുപന്തലിച്ച് വിശാലമായി തന്നെ സങ്കൽപ്പിച്ചോളൂ... വ്യായാമത്തിന്റെ ആരോഗ്യത്തിനൊപ്പം ഒരു എന്റർടെയി‌ൻമെന്റ് കൂടെ ആയിക്കോട്ടെന്നേ...

ഓക്കെ. എവിടെയെങ്കിലും റിലാക്സായി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുക. എന്നിട്ട് കഴുത്ത് ഉയർത്തി ഇങ്ങനെ നേരെ മുകളിലേക്ക് നോക്കുക. നേരത്തെ പറഞ്ഞത് പോലെ ഇഷ്ടപ്പെട്ടയാളെ ചുണ്ടിനു മുന്നിൽ നേരിട്ടോ സങ്കൽപ്പത്തിലോ ഒക്കെ സൗകര്യം പോലെ കൊണ്ടുവന്ന് നിർത്താവുന്നതാണ്. ഇനി ചുണ്ടുകൾ ഇങ്ങനെ പരമാവധി കൂർപ്പിച്ച് ഉമ്മ കൊടുക്കുക. ഓരോ ഉമ്മയും അഞ്ച് മുതൽ പത്ത് സെക്കൻഡ് വരെ നീണ്ട് നിൽക്കാം. ഇടയ്ക്ക് കഴുത്ത് വേദനിക്കുകയാണെങ്കിൽ കഴുത്ത് സാധാരണ പോലെ കൊണ്ടുവന്ന് ഒന്ന് റിലാക്സ് ആയിട്ട് വീണ്ടും ഉമ്മയിലേക്ക് തിരിച്ച് പോവാം. ഇങ്ങനെ പത്ത് തവണ ഉമ്മ കൊടുത്താൽ ഈ വർക്കൗട്ട് പൂർത്തിയായി.

double chin exercise 2

ഇനി അടുത്ത വ്യായാമത്തിന് മുഖം സ്നേഹപൂർവം കൈക്കുമ്പിളിൽ കോരിയെടുക്കണം. അതിനായി രണ്ട് കൈകൾ കൊണ്ടും ഇരു കവിളിലും താടിയിലും സപ്പോർട്ട് ചെയ്ത് പിടിക്കാം. ഇനി ഒരേ സമയം കൈകൾ കൊണ്ട് താടി മുകളിലേക്കും താടി കൊണ്ട് തിരികെ താഴെ കൈകളിലേക്കും തള്ളുക. ഒരുപാട് ബലം കൊടുത്ത് തള്ളി മറിക്കരുതേ, കഴുത്താണ്, പതിയെ ചെയ്താൽ മതി. ഈ പൊസിഷനിൽ അഞ്ച് മുതൽ പത്ത് സെക്കൻഡ് വരെ ഹോൾഡ് ചെയ്യുക. ഇങ്ങനെ പത്ത് തവണ ചെയ്താൽ ഈ വർക്കൗട്ടും പൂർത്തിയായി.

double chin exercise 3

അടുത്തത് ഓ-ഈ-ഊ എക്സർസൈസാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നന്നായി നീട്ടി ഒരു തവണ "ഓ" എന്ന് പറയുക, പിന്നാലെ തന്നെ "ഈ" എന്നും, പിന്നെ "ഊ" എന്നും. ഇങ്ങനെ പത്ത് തവണ ചെയ്താൽ ഓ-ഈ-ഊ വർക്കൗട്ട് പൂർത്തിയായി. പതുക്കെ പറഞ്ഞാൽ മതി കേട്ടോ... അതുപോലെ ഓഫിസിലും മറ്റും ഇരുന്ന് ജോലിക്കിടയിൽ ഇത് ചെയ്യുമ്പോൾ ആവേശത്തിന് ഉറക്കെ ഓ പോടാതെ ശ്രദ്ധിക്കണം. എത്ര മനോഹരമായ വർക്കൗട്ടുകൾ, അല്ലെ!

double chin exercise 4

ഇനി നാവിന് പുറത്ത് വരാനുള്ള സമയമായി. പണ്ട് ഒന്നാം ക്ലാസിൽ പടിക്കുമ്പോൾ പെൻസിൽ ചോദിച്ചിട്ട് തരാത്ത ഫ്രണ്ടിനോട് നാവു നീട്ടി കാണിച്ചിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ അടവൊക്കെ പൊടിതട്ടി എടുക്കണം. നാവ് പുറത്തേക്ക് നീട്ടിയിട്ട് മൂന്നു സെക്കന്റ് പിടിക്കുക. അകത്തേക്ക് കൊണ്ടുപോവാനായില്ല, അതിനു മുൻപ് അതേ നാവ് താഴോട്ട് പരമാവധി വളച്ച് മൂന്നു സെക്കൻഡ് പിടിക്കുക. ഇനി മുകളിലേക്ക് വളച്ച് മുക്കിൽ തൊടാൻ ശ്രമിക്കുന്നത് പോലെ മൂന്നു സെക്കൻഡ്. ഇനി ഇടത്തോട്ട് മൂന്നു സെക്കൻഡ്, വലത്തോട്ട് മൂന്നു സെക്കൻഡ്. ഹാവൂ, ഇനി നാവ് അകത്തേക്ക് തന്നെ ഇട്ടോളൂ. ഇങ്ങനെ അഞ്ച് തവണ ചെയ്താൽ ഈ വർക്കൗട്ട് പൂർത്തിയായി.

double chin exercise 5

ഡംബെൽ എടുത്ത് ചെസ്റ്റിനും ബൈസപ്സിനും വർക്കൗട്ട് ചെയ്യുന്നതും സ്ക്വാട്ട് ചെയ്യുന്നതും ഒക്കെപ്പോലെ മറ്റുള്ളവരുടെ മുന്നിൽ വച്ച് ഈ വർക്കൗട്ടുകൾ ചെയ്യാൻ പലർക്കും ഒരു ചമ്മലൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. അങ്ങനെയുള്ളവർ ആരും അടുത്തില്ലാത്ത സമയത്തേക്ക് ഇതൊക്കെ മാറ്റി വയ്‌ക്കാം. അതിനിടയിൽ അപ്രതിക്ഷിതമായി ആരെങ്കിലും കയറി വന്നാൽ നല്ല ജഗപൊകയായിരിക്കും. അത്തരം രസകരമായ അനുഭവങ്ങൾ ഉള്ളവർ കമന്റിൽ പറയണം ട്ടോ...

ഇനി ഒരു വർക്കൗട്ട് കൂടെ ചെയ്താൽ നമ്മുടെ ഡബിൾ ചിൻ സെഷൻ പൂർത്തിയായി. അതിനായി നേരെ മുന്നിലേക്ക് നോക്കി, വായ തുറന്ന് കീഴ്‌ചുണ്ടുകൾ താഴെയുള്ള പല്ലുകളുടെ മുകളിലൂടെ ഉള്ളിലേക്ക് പരമാവധി വളച്ച് പിടിക്കുക. ഇനി താടിയെല്ല് പതിയെ നെഞ്ചിനടുത്തേക്ക് കൊണ്ടുവരുക. ഇനി മേൽചുണ്ട് കൊണ്ട് വായ അടച്ച് പിടിച്ച് തിരികെ സ്റ്റാർട്ടിംഗ് പൊസിഷനിലേക്ക് വരുക. ഇങ്ങനെ പത്ത് തവണ ചെയ്താൽ ഈ വർക്കൗട്ട് പൂർത്തിയായി.

double chin exercise 6

അങ്ങനെ ഡബിൾ ചിന്നിനെ ഓടിച്ച് വിടാനുള്ള അഞ്ച് വ്യായാമങ്ങൾ നമ്മൾ പഠിച്ചെടുത്തു. ഇവയെല്ലാം ദിവസത്തിൽ നിങ്ങൾക്ക് സൗകര്യമുള്ള ഏത് സമയത്ത് വേണമെങ്കിലും ചെയ്യാം. ഓഫിസിലോ വീട്ടിലോ പാർക്കിലോ അങ്ങനെ എവിടെ നിന്നും ചെയ്യാം. ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു തവണ ഇവ ചെയ്യണം. എന്നാൽ പിന്നെ തുടങ്ങുകയല്ലേ....

English Summary: Effective exercises to reduce double chin

 


ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA