‘എന്തൊരു വയറാടാ നിനക്ക്... വല്ല ജിമ്മിലും പോയി ഇതൊന്നു കുറയ്ക്കാൻ നോക്ക്’ മൂന്നു മാസം മുൻപുവരെ യുഎഇ റാസൽഖൈമയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഷമീർ സ്ഥിരം കേട്ടുകൊണ്ടിരുന്ന ഒരു പല്ലവിയായിരുന്നു ഇത്. അവസാനം, ഇങ്ങനെ പറഞ്ഞവരെ ഷമീർ ഞെട്ടിച്ചതാകട്ടെ 10–ാം ക്ലാസിൽ പഠിക്കുന്ന മകന്റെ ടീഷർട്ട് ഇട്ടുകൊണ്ട്. ശരീരഭാരവും വയറും കൂടിയതിനെത്തുടർന്ന് അഭിമുഖീകരിച്ച പ്രശ്നങ്ങളെപ്പറ്റിയും അതിൽനിന്നു രക്ഷപ്പെട്ടതിനെപ്പറ്റിയും ഷമീർ പറയുന്നു.
‘ഇതു കണ്ടോ, മോന്റെ ടീഷർട്ടാ’
ഇഷ്ടപ്പെട്ട പല ടീഷർട്ടുകളും ഷോപ്പിൽ വച്ച് ഇട്ടുനോക്കി, തള്ളിനിൽക്കുന്ന വയറു കണ്ട് എടുക്കാതെ പോന്ന ഒരു കാലമുണ്ടായിരുന്നു. നോക്കുമ്പോൾ മഹാ ബോറ്. ഇപ്പോ ആ വെള്ള ടീഷർട്ട് ഇട്ട ഫോട്ടോ കണ്ടോ? പത്താം ക്ലാസിൽ പഠിക്കുന്ന മോന്റെ ടീഷർട്ടാണ്. ഒന്നു പോയി ഈ വയറ് കുറയ്ക്കടേ എന്നു പറഞ്ഞവരെ വെറും മൂന്നു മാസം കൊണ്ട് അതിശയിപ്പിച്ചത് മകന്റെ ടീഷർട്ട് ഇട്ട് ഓഫിസിൽ ചെന്നാണ്. ഇപ്പോൾ ടിപ്സ് ചോദിച്ച് എല്ലാവരും പിറകേ നടക്കുന്നുണ്ട്. എന്നിൽനിന്ന് ഇങ്ങനെ ഒരു മാറ്റം ആരും അധികം പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു
ടയർ പോലെ ആയ വയറ്
ഭക്ഷണ പ്രിയനാണ് ഞാൻ. പ്രത്യേകിച്ചു ചോറ്. പിന്നെ കൂടുതൽ സമയവും ഇരുന്നു കൊണ്ടുള്ള ജോലി. എല്ലാം കൂടി ആയപ്പോൾ വയർ നല്ല ടയർ പോലെ ആയെന്നു പറഞ്ഞാൽ മതീലോ. വയറിന്റെ വലുപ്പം കൊണ്ട് ഏറ്റവും ബുദ്ധിമുട്ടു തോന്നിയത് ഡ്രസ്സ് എടുക്കാൻ പോകുമ്പോൾ ആയിരുന്നു .
പിന്നെ കാൽമുട്ടു വേദന ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഭാര്യ തസ്‌ലീമ മനോരമ ഓൺലൈനിൽ ഒാൺലൈൻ ഫിറ്റ്നസ് ഗ്രൂപ്പ് വഴി വെയ്റ്റ്‌ലോസ് ചെയ്തവരുടെ സ്റ്റോറി വായിച്ചതായി പറഞ്ഞത്. അതൊന്നു ശ്രമിച്ചു നോക്കാൻ പറഞ്ഞതും ആദ്യം ആ ഗ്രൂപ്പിൽ ചേർന്നതും ഭാര്യ തന്നെ. എന്നെയും നിർബന്ധിച്ചു ചേർത്തു. ഒരുമിച്ചു ജോയിൻ ചെയ്‌താൽ വർക്ഔട്ട് ഒറ്റയ്ക്ക് ചെയ്യുമ്പോഴുള്ള ബോറടി മാറിക്കിട്ടും എന്ന ഗുണവുമുണ്ട്. തിരിഞ്ഞു നോക്കുമ്പോൾ ...That was one of the best decision.
മൂന്നു മാസം, കുറച്ചത് 9 കിലോ
ഗ്രൂപ്പിൽ ചേർന്ന് ആദ്യ മാസം തന്നെ നല്ല വ്യത്യാസം കണ്ടു തുടങ്ങി. 70 കിലോ ആയിരുന്ന ശരീരഭാരം മൂന്നുമാസം ആയപ്പോഴേക്കും 61 ൽ എത്തി. അബ്ഡോമനാകട്ടെ 96 സെന്റിമീറ്ററിൽനിന്ന് 84 സെമീ ആയി.
മാത്രമല്ല, അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളും പൂർണമായി മാറി. ആദ്യമൊക്കെ കുറച്ചു നടക്കുമ്പോഴേക്കും നെഞ്ചെരിച്ചിൽ, കിതപ്പ് എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. പിന്നെ സ്ഥിരമായി ഉണ്ടായിരുന്ന മുട്ടുവേദന മാറിക്കിട്ടി.
ഫിലിപ്പിനോ കോളീഗ്സിന്റെ സംശയം
ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയപ്പോൾ പോസിറ്റീവും നെഗറ്റീവുമായ കമന്റുകളും വന്നുതുടങ്ങി. ‘എന്തു പറ്റി, ഷുഗറാണോ?’ ഓഫിസിലെ ഫിലിപ്പിനോ കോളീഗ്സിന്റെ സംശയം ഇതായിരുന്നു. അല്ലെന്നു അറിഞ്ഞപ്പോൾ, എന്താ നിന്റെ സീക്രട്ട്, ഞങ്ങളോടും ഷെയർ ചെയ്യൂ എന്നായി.
വിജയത്തിലെത്തിച്ചത് ഗ്രൂപ്പിന്റെ സപ്പോർട്ട്
ദിവസവും ചെയ്യേണ്ട വർക്ഔട്ടുകൾ കൃത്യമായി ഗ്രൂപ്പിലൂടെ നൽകും. അതെല്ലാം ഫോളോ ചെയ്‌തു. നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണമെല്ലാം കഴിക്കാം എന്നുള്ളതാണ് ഈ ഗ്രൂപ്പിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ മടുപ്പു തോന്നില്ല. കൂടുതലായി ഇലക്കറികൾ , പരിപ്പ്, കടല, ഫ്രൂട്സ് ഒക്കെ ഉൾപ്പെടുത്തി പ്രോട്ടീൻ റിച്ചായ ഭക്ഷണങ്ങളാണ് കഴിച്ചിരുന്നത്. ആഴ്ചയിൽ 5 ദിവസം HIIT പിന്നെ എല്ലാ മസിലുകൾക്കും റസിസ്റ്റൻസ് ട്രെയ്നിങ്. ഇതായിരുന്നു ഗ്രൂപ്പിലെ ഷെഡ്യൂൾ. എല്ലാ വർക്ഔട്ടും നമ്മൾ ഫ്രീ ആകുന്ന സമയത്തു വീട്ടിലിരുന്നു ചെയ്യാമെന്നതും സൗകര്യമായിരുന്നു. പിന്നെ ഗ്രൂപ്പ് അഡ്മിൻസും അംഗങ്ങളുമെല്ലാം നല്ല മോട്ടിവേറ്റിങ്ങും സപ്പോർട്ടീവും. അതുകൊണ്ടുതന്നെ മടിപിടിച്ചിരിക്കാനും തോന്നിയില്ല.
ജീവിതരീതിയേ മാറിപ്പോയി
മുൻപ് കൈയിൽ കിട്ടുന്നതെന്തും കഴിച്ചിരുന്ന ഞാൻ ദിവസവും വേണ്ട കാലറി കണക്കാക്കി ആഹാരം കഴിച്ചു തുടങ്ങിയപ്പോൾതന്നെ നല്ല ഉണർവ് കിട്ടി. കൂടുതൽ ഹെൽത്തി ആയ രീതിയിൽ ഡയറ്റ് ക്രമീകരിക്കാൻ സാധിച്ചു. ഇപ്പോൾ എനർജിയും ഫ്രഷ്നസും തോന്നുന്നുണ്ട്. വയർ കുറച്ചു കൂടി കുറയ്ക്കണം. അതിനുള്ള ശ്രമം തുടരുന്നു.
വീട്ടുകാര്യവും കുട്ടികളുടെ കാര്യങ്ങളും ഓഫിസ് കാര്യങ്ങളും അതിനിടയിൽ എന്റെ ഡയറ്റ് കാര്യങ്ങളും ശ്രദ്ധയോടെ നോക്കുന്നതിൽ കട്ടയ്ക്ക് കൂടെ നിന്ന എന്റെ പ്രിയതമയ്ക്കും ‘അച്ഛന് എന്റെ ടീഷർട്ട് പാകമാകും, ഇട്ടു നോക്കിയേ’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ച മകനും ഒരുപാടു സ്നേഹം.
English Summary : Belly fat and weight loss tips of Shamir