വർക്ഔട്ടിനിടയിലെ വെള്ളംകുടിയും ജിമ്മിലെ വർക്ഔട്ടും; ഫിറ്റ്നസ് തെറ്റിദ്ധാരണകൾ തിരുത്താം

fitness
Photo credit : antoniodiaz / Shutterstock.com
SHARE

കേരളത്തിൽ ഫിറ്റ്നസ് സെന്ററുകൾ കൂണുകളേക്കാളും വേഗത്തിൽ മുളച്ചു പൊന്തുന്ന കാലമാണിത്. പുലരുമ്പോഴും വൈകുമ്പോഴും ആൺപെൺവ്യത്യാസമില്ലാതെ പുതിയ ചെറുപ്പം ജിമ്മിലേക്കു പായുന്നു. ശരീരം ഫിറ്റ് ആക്കുമ്പോഴും സംശയങ്ങളൊടുങ്ങാത്ത മനസുകളുമായാണ് കൂടുതൽ പേരും ജിമ്മുകളിൽ കയറിയിറങ്ങുന്നത്.അത്തരം ചില സംശയങ്ങൾ അറിയാം.

1 ജിമ്മിൽ പോകുന്നവരുടെയെല്ലാം വളർച്ചമുരടിച്ചു പോകും?

ജിമ്മിൽ പോകുന്നവരുടെയെല്ലാം വളർച്ച മുരടിച്ചതുപോലെയാകും എന്നതു മിഥ്യാധാരണയാണ്. എന്നാൽ പ്രായപൂർത്തിയാകുന്നതിനു മുമ്പ് ജിമ്മിൽ പോകരുത്. പുരുഷന്റെ വളർച്ചയുടെ കാലഘട്ടം 25 വയസുവരെയാണ്. കുറഞ്ഞത് ഇരുപതുവയസെങ്കിലും ആകാതെ പുരുഷൻ വെയിറ്റ് ട്രയിനിങ് പോലെയുള്ള വർക്ഔട്ടുകൾ ആരംഭിക്കരുത്. മസിൽ ഉണ്ടാകുന്ന വളർച്ചാഘട്ടങ്ങൾക്കിടയിൽ ഭാഗം എടുത്തുള്ള വ്യായാമങ്ങൾ വളർച്ചമുരടിപ്പിക്കാൻ ഇടയാക്കും.

2. സ്ഥിരമായി വർക് ഔട്ട് ചെയ്തുകൊണ്ടിരിക്കുന്നയാൾ വർക്ഔട്ട് നിർത്തിയാൽ മസിലുകൾ തൂങ്ങിപ്പോകും. കൊഴുപ്പ് കൂടുതൽ അടിയും?

ബോഡിബിൽഡിങ്ങിനല്ലാതെ ശരീരസൗന്ദര്യത്തിനും ഫിറ്റ്നസിനുമായി ജിമ്മുകളിൽ പോകുന്നവരെ സംബന്ധിച്ച് ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ചിട്ടയായ വർക്ഔട്ടും ഭക്ഷണക്രമീകരണത്തിലൂടെ മസിൽ വളർച്ചയും ഉണ്ടാക്കിയെടുക്കുന്നവർക്ക് വർക്ഔട്ട് നിർത്തിയാലും മസിൽ തൂങ്ങുകയോ കൂടുതൽ കൊഴുപ്പ് അടിഞ്ഞ് ശരീരം വണ്ണം വയ്ക്കുകയോ ചെയ്യില്ല. 60—65 വയസു കഴിയുമ്പോൾ സ്വാഭാവികമായും മസിലുകളുടെ ബലം കുറഞ്ഞ് തൂങ്ങാൻ ഇടയുണ്ട്. അല്ലാതെ വർക്ഔട്ട് ചെയ്തതുകൊണ്ടു മാത്രം സംഭവിക്കുന്നതല്ല ഇത്.

ജിമ്മിൽ പോയുള്ള വർക്ഔട്ട് പെട്ടെന്ന് തുടങ്ങുകയും പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്യരുത്. വർക്ഔട്ട് അവസാനിപ്പിക്കുമ്പോഴും പതിയെപ്പതിയെ വേണം നിർത്താൻ. ലഘുവായ വർക്ഔട്ടുകൾ ഇടയ്ക്കു ചെയ്യണം. സ്റ്റിറോയിഡുകൾ കൊണ്ടും മറ്റും മസിൽ വളർത്തുന്നവർക്ക് ഭാവിയിൽ മസിൽ തൂങ്ങുകയും ചർമം ചുളിഞ്ഞു കാണപ്പെടുകയും ചെയ്യാം. വർക്ഔട്ട് നിർത്തുന്നതോടെ മസിലുകൾ ചുരുങ്ങും. പക്ഷേ, ചർമം അതിനനുസരിച്ച് ചുരുങ്ങില്ല. മസിലുകൾ കൊഴുപ്പു കലകളായി മാറും എന്നുള്ളതിൽ യാതൊരു ശാസ്ത്രീയതയുമില്ല.

3. അസ്ഥിപ്രശ്നങ്ങൾ ഉള്ളവർ വ്യായാമം ചെയ്യരുത്?

ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് മുതലായ അസ്ഥിപ്രശ്നങ്ങളുള്ളവർ വർക്ഔട്ട് പോയിട്ട് ജിമ്മിലേക്ക് നോക്കാൻ പോലും പാടില്ല എന്ന മട്ടിലുള്ള ധാരണകൾ പ്രചരിക്കുന്നുണ്ട്. തെറ്റാണിത്. ഇത്തരം രോഗങ്ങളുള്ളവർക്ക് വർക്ഔട്ട് ചെയ്യാം എന്നു മാത്രമല്ല അതു രോഗപരിഹാരത്തിനു സഹായിക്കുകയും ചെയ്യും. ഇത്തരം രോഗാവസ്ഥകളുള്ളവർ ഡോക്ടറിന്റേയും അംഗീകൃത ട്രയിനറിന്റേയും സംയോജിതമായ നിർദേശം സ്വീകരിച്ചതിനു ശേഷം മാത്രമേ വ്യായാമങ്ങൾ തിരഞ്ഞെടുക്കുകയും പരിശീലിക്കുകയും ചെയ്യാവൂ.

4.  പ്രോട്ടീൻ കൂടുതൽ കഴിച്ചാൽ കൂടുതൽ മസിൽ ഉണ്ടാകും?

ഏതെങ്കിലും ഭക്ഷ്യവസ്തു കൂടുതൽ കഴിച്ചാൽ കൂടുതൽ മസിൽ ഉണ്ടായി വരും എന്നു പറയുന്നത് ശരിയല്ല. ഓരോരുത്തർക്കും വിഭിന്നമായ ശരീരപ്രകൃതമാണുള്ളത്. അതിനാൽ മസിൽ കൂട്ടാൻ ഓരോരുത്തരും ഓരോ മാർഗങ്ങളായിരിക്കും സ്വീകരിക്കേണ്ടത്. അവർ ഫിറ്റ്നസ് ട്രയിനറുടെ സഹായത്തോടെ അവ സ്വീകരിക്കണം.

5. വർക്ഔട്ടിനിടയ്ക്ക് ഒരു കാരണവശാലും വെള്ളം കുടിക്കരുത്?

തീർച്ചയായും വെള്ളം കുടിക്കണം. പക്ഷേ, വർക്ഔട്ടിനിടയ്ക്ക് ലീറ്റർ കണക്കിന് വെള്ളം കുടിക്കുന്നതാണ് തടയേണ്ടത്.

വ്യായാമത്തിനിടെ ശരീരത്തിൽ നിന്നു ജലം നഷ്ടപ്പെടാറുണ്ട്. നഷ്ടപ്പെടുന്ന ജലം ശരീരത്തിലേക്കു തിരിച്ചു നൽകേണ്ടതുണ്ട്. അല്ലെങ്കിൽ ശരീരത്തിനു നിർജലീകരണം സംഭവിക്കും. ചില ട്രയിനർമാർ വർക്ഔട്ട് ചെയ്യുന്നവരെ വെള്ളം കുടിക്കാൻ സമ്മതിക്കാറില്ല. ഇതു ശരീരത്തിനു തീർച്ചയായും ദോഷം ചെയ്യും. വർക്ഔട്ട് പുരോഗമിക്കുന്നതിനിടെ സിപ്പ് ചെയ്ത് സിപ്പ് ചെയ്ത് വെള്ളം കുടിക്കാം.

6. വർക്ഔട്ടിനു പറ്റിയ സമയം രാവിലെയാണോ?

അല്ല. രാത്രിയിൽ ഒഴിച്ച് ബാക്കി ഏതുനേരവും വർക്ഔട്ട് ചെയ്യാൻ അനുയോജ്യമാണ്. രാത്രിയിലെ വർക് ഔട്ട് ഉറക്കത്തെ ബാധിക്കും. ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളുടെ ആരംഭത്തിൽത്തന്നെ വ്യായാമം സംഭവിച്ചാൽ (രാവിലത്തേത്) അതു കൂടുതൽ കാലറി പുറന്തള്ളാൻ സഹായിക്കും എന്നെല്ലാം കരുതുന്നവരുണ്ട്. എന്നാൽ ഈ ധാരണയ്ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല.

7.  വിയർത്തില്ലെങ്കിൽ ഗുണമില്ല?

വ്യായാമം ചെയ്യുമ്പോൾ വിയർക്കുന്നതാണ് വ്യായാമഫലത്തിന്റെ അളവുകോലെന്നു ധരിക്കുന്നവരുണ്ട്. അതിനാൽ ചിലർ വിയർക്കും വരെ വ്യായാമം ചെയ്യുകയും വിയർക്കുമ്പോഴേക്കും പിൻമാറുകയും ചെയ്യും. ഇതു വെറും തെറ്റിദ്ധാരണയാണ്. വ്യായാമത്തിനിടെ പേശികൾ നല്ലവണ്ണം ചൂടാകുമ്പോൾ ചിലരിൽ വിയർപ്പുണ്ടാകാം. എന്നാൽ ചിലരിൽ ഇതു കാണപ്പെടണമെന്നുമില്ല.

English Smmary : Fitness misconceptions

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA