ADVERTISEMENT

കോവിഡ് ലോക്ഡൗൺ ഏറ്റവും പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്തിയത് സുജാതയാണെന്നാണ് സുഹൃത്തുക്കളുടെ പക്ഷം. കാരണം അറിയണമെങ്കിൽ ആദ്യം നമ്മൾ ലോക്ഡൗണിനു മുൻപുള്ള സുജയെ കാണണമായിരുന്നത്രേ. സുന്ദരിയായിരുന്നെങ്കിലും തടിച്ചുരുണ്ട് വയറു ചാടിയ കോലത്തിൽനിന്ന് ഇപ്പോഴത്തെ ആരോഗ്യവതിയായി ശരീരസൗന്ദര്യം വീണ്ടെടുത്ത സുജയെ തെല്ലൊരു അസൂയയോടെയാണ് ഇപ്പോൾ ഏവരും നോക്കുന്നത്. മൂന്നു വയസ്സായ ഇരട്ടക്കുഞ്ഞുങ്ങളെയും കൊണ്ട് ഇതൊക്കെ എങ്ങനെ സാധിച്ചുവെന്നു ചോദിച്ചാൽ സുജാത ആദ്യം ഒന്നു ചിരിക്കും. പിന്നെ, വയറു നിറയെ കഴിച്ചിരുന്നപ്പോൾ പോലും, പട്ടിണി കിടന്നു ചാകല്ലേ എന്നു തുടങ്ങിയുള്ള ഉപദേശങ്ങൾ വരെ മോട്ടിവേറ്റ് ചെയ്ത കഥ പറയും. ആ കഥ മനോരമ ഓൺലൈനിലൂടെ സുജാത നിങ്ങൾക്കായി പങ്കുവയ്ക്കുകയാണ്.

മുകളിലെ ഫോട്ടോ കണ്ട് ആരും നോക്കേണ്ട. രണ്ടും ഞാൻ തന്നെ. ബെംഗളൂരുവിൽ ഐടി പ്രഫഷനൽ ആണ്. വിവാഹത്തിനു മുൻപുവരെ സാധാരണ ശരീരപ്രകൃതിയായിരുന്നു എനിക്ക്. ട്വിൻ പ്രെഗ്നൻസിക്കും ഡെലിവറിക്കും ശേഷം എന്റെ ഭാരം 68 ൽനിന്ന് 85 ലേക്ക് റോക്കറ്റ് വേഗത്തിൽ എത്തി. ഇതിനെ തുടർന്നു നടുവേദന, മുട്ടുവേദന തുടങ്ങിയവരും കൂട്ടിനെത്തി. ഫ്രണ്ട്സിന്റെയും റിലേറ്റീവ്സിന്റെയും വക വണ്ണം വച്ചു എന്ന പറച്ചിലും ഓഫിസിലെ ഒരു ഡാൻസ് പ്രോഗ്രാമിനു വേണ്ടി പാകമാകുന്ന ഒരു ഡ്രസ്സ്‌ കണ്ടുപിടിക്കാനുള്ള ഭയങ്കരമായ കഷ്ടപ്പാടും എല്ലാം എന്നെ ആകെ നിരാശപ്പെടുത്തിയിരുന്നു.

ഭാരം കുറയ്ക്കാൻ പലതരം ഡയറ്റും ജിമ്മിൽ പോകലും ഒക്കെ ശ്രമിച്ചു നോക്കി. ഓഫിസ് തിരക്കുകളും ഇരട്ടക്കുട്ടികളും ഉള്ളതുകൊണ്ട് ഒന്നും കൃത്യമായി ഫോളോ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ആകെ മനസ്സ് മടുത്തിരുന്ന സമയത്താണ് കോവിഡ് വന്നതും പിന്നാലെ ലോക്ഡൗൺ പ്രഖ്യാപിച്ചതുമെല്ലാം. ഈ സമയത്താണ് സമൂഹമാധ്യമത്തിൽ ഒരു ഫാറ്റ്‌ലോസ് ആൻഡ് ഫിറ്റ്നസ് ഗ്രൂപ്പിന്റെ പുതിയ ബാച്ചിനെക്കുറിച്ച് കണ്ടത്. ചേരണം എന്നു പറഞ്ഞപ്പോൾ ഹസ്ബന്റിന്റെ വക ഒരു ചിരി മാത്രം. ആ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. രണ്ടും കല്പിച്ചു ഞാൻ ബാച്ചിൽ ചേരാൻ പോകുകയാണെന്നു പറഞ്ഞപ്പോൾ പുള്ളിയും കട്ട സപ്പോർട്ട്. പിന്നെ തോറ്റുകൊടുക്കാൻ പാടില്ലല്ലോ.

sujatha2

ജിമ്മിൽ പോകാതെ വീട്ടിലിരുന്നുതന്നെ വ്യായാമം ചെയ്യാമെന്നതാണ് ഏറ്റവും വലിയ ഗുണം ചെയ്തത്. മാത്രമല്ല, ഇഷ്ടമുള്ള ഏതു ഭക്ഷണവും കഴിക്കാം. എങ്കിലും മധുരം അധികം കഴിച്ചിരുന്നില്ല. കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി സ്വയം മനസ്സിലാക്കി കഴിച്ചതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്തു. മൂന്നു നേരം ഭക്ഷണം കഴിച്ചിരുന്ന ഞാൻ അത് അഞ്ചു നേരമാക്കി കൂട്ടിയപ്പോഴും പലരും ഉപദേശിച്ചു, പട്ടിണി കിടന്നു ചാകാനാണോ പരിപാടിയെന്ന്. കാരണം ഒരു മാസമായപ്പോഴേക്കും ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നു. ലോക്ഡൗൺ സമയം കൂടിയായതു കൊണ്ടാകാം എല്ലാവരും വിചാരിച്ചത് ഞാൻ ഭക്ഷണം കഴിക്കാതിരുന്നു മെലിയുകയായിരുന്നെന്ന്.

79 കിലോ ആയിരുന്ന ശരീരഭാരം മൂന്നു മാസം കൊണ്ട് 11 കിലോ കുറഞ്ഞു. വെയ്റ്റ് ലോസിനെക്കാൾ ഫാറ്റ് ലോസ് ആണ് വന്നത്. ചാടിയിരുന്ന വയറൊക്കെ എവിടെപ്പോയെന്ന് അറിയാൻ പറ്റാത്ത സ്ഥിതിയായി. 10 വർഷം മുൻപുള്ള ഡ്രസ്സ്‌ എനിക്കു പാകമായിത്തുടങ്ങി. ഭാരക്കൂടുതൽ കാരണം ഉണ്ടായ നടുവേദനയും മുട്ടു വേദനയും ഇപ്പോൾ അടുത്തേക്കു പോലും എത്തിനോക്കുന്നില്ല.

എന്റെ കൂടെ ഡയറ്റും വർക്ഔട്ടും ചെയ്യാമെന്ന് ദിവസവും പറഞ്ഞു പറ്റിച്ച ഭർത്താവും പിന്നെ എന്റെ കൂടെ എക്സർസൈസ് ചെയ്ത ട്വിൻ ബേബീസും എനിക്കുവേണ്ടി ഡയറ്റ് ഫുഡ് തയാറാക്കിതന്ന അമ്മായിഅമ്മയും ആയിരുന്നു എന്റെ വലിയ സപ്പോർട്ട്.

പട്ടിണി കിടന്നല്ല, ആവശ്യത്തിന് ആഹാരം കഴിച്ചുതന്നെയാണ് ഈ രൂപം സ്വന്തമാക്കിയതെന്നു പറയുമ്പോൾ എങ്ങനെ എന്ന ചോദ്യവുമായി അതിശയോക്തിയോടെ എത്തുകയാണ് കളിയാക്കിയിരുന്ന ബന്ധുക്കളും കൂട്ടുകാരുമൊക്കെ.

English Summary : Weight loss tips of Sujatha Manilal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com