ADVERTISEMENT

എങ്ങനെയെങ്കിലും ഒന്നു വണ്ണം വച്ചാൽ മതിയെന്നു കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു ശ്രുതി ശ്രീധറിന്. ഇതിനായി എന്തുമാത്രം നേന്ത്രപ്പഴവും ശർക്കരയും നെയ്യുമൊക്കെ വരട്ടികഴിച്ചിരിക്കുന്നു. അന്നൊന്നും ഇത് ഫലം കണ്ടില്ല. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞ്കൂടി ജനിച്ചതോെട കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. അന്ന് വണ്ണം വയ്ക്കാൻ കഴിച്ചതൊക്കെ ഫലം കണ്ടത് ഈ സമയത്തായിരുന്നെന്നു തോന്നുന്നു. കാണുന്നവർക്കൊക്കെ ഒരു കാര്യമേ പറയാനുണ്ടായിരുന്നുള്ളു, ശ്രുതി വല്ലാണ്ട് വണ്ണം വച്ചല്ലോ എന്ന്. എന്നാൽ അതിൽ നിന്ന് എങ്ങനെ പഴയരൂപത്തിലേക്ക് തിരിച്ചെത്തി വീണ്ടും എല്ലാവരെയും അതിശയിപ്പിച്ച കഥ ശ്രുതി പറയുന്നു.

വണ്ണം വയ്ക്കാൻ വേണ്ടി ശ്രമിച്ച ചെറുപ്പം

ഞാനും ഹസ്ബൻഡും കണ്ണൂരുകാരാണ്. ഇപ്പോൾ യുഎഇ യിൽ അബുദാബിയിൽ ആണ്  താമസം. ഇവിടെ ഞാൻ വന്നിട്ട് എട്ടു കൊല്ലത്തിനു മേലെയായി. ഞാൻ യുഎഇ യിൽ ബാങ്കിങ് സെക്ടറിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. മോൻ ജനിച്ചതിനു ശേഷം ഇപ്പോൾ ജോലിക്കു പോകാറില്ല. 

ചെറുപ്പം മുതൽ മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു എനിക്ക്. അന്നൊക്കെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം ഞാൻ എങ്ങനെയെങ്കിലും ഒന്നു വണ്ണംവച്ചു കണ്ടാൽ മതിയെന്നായിരുന്നു. കല്യാണം കഴിക്കുന്നതു വരെയും  മെലിഞ്ഞിട്ടായിരുന്നു. ആ സമയത്ത് 56 കിലോയായിരുന്നു ശരീരഭാരം. ആ സമയത്ത് വണ്ണം വയ്ക്കാൻ വേണ്ടി നെയ്യും ശർക്കരയും നേന്ത്രപ്പഴവും ഒക്കെ വരട്ടി കഴിച്ചിട്ടുണ്ട്. പക്ഷേ അന്നൊന്നും തടി വച്ചില്ല. അതിനുശേഷം യുഎഇ യിൽ ചെന്ന് ജോലിക്കു പോകാൻ തുടങ്ങി. 8 മുതൽ 4 വരെ ഒരേ ഇരിപ്പുള്ള ജോലി, സ്‌ട്രെസ്, മൂവ്മെന്റ്സ് കുറഞ്ഞു അങ്ങനെ വണ്ണം വയ്ക്കാൻ തുടങ്ങി. അപ്പോൾ എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല. എന്നാൽ പ്രസവത്തിനുശേഷം വണ്ണം വയ്ക്കാൻ തുടങ്ങിയപ്പോഴാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. ബാക്പെയ്ൻ, ടെയ്ൽ ബോൺ പെയ്ൻ എന്നിവയും അലട്ടാൻ തുടങ്ങി. ഇരുന്നു കഴിഞ്ഞാൽ എഴുന്നേൽക്കാൻ ആരുടെയെങ്കിലും സഹായം വേണ്ടുന്ന അവസ്ഥ. 

എല്ലാം മാറ്റിമറിച്ച ആ ഫോട്ടോ

കുഞ്ഞിനെ എടുക്കുമ്പോൾ നടുവിന് വേദന ഉണ്ടായിരുന്നു. എന്നിട്ടും എനിക്ക് വെയിറ്റ് കുറയ്ക്കണമെന്ന ചിന്ത തോന്നിയിരുന്നില്ല. പിന്നെ ഒരു ഫങ്‍ഷനു പോയപ്പോൾ എടുത്ത് ഫോട്ടോ കണ്ടപ്പോഴാണ് ഞാൻ ശരിക്കും ഷോക്കിങ് ആയത്. ആ ഫോട്ടോയിൽ വളരെ തടിച്ച്  ഉരുണ്ട്  വയറൊക്കെ ചാടി,  അത് കണ്ടതോടെ എന്റെ കോൺഫിഡൻസ് മുഴുവൻ പോയീന്ന് പറഞ്ഞാല് മതീലോ. ഈ ഫോട്ടോയാണ് ശരിക്കുംഎന്നെ വെയ്റ്റ്‌ലോസ് എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. ആദ്യം ഞാൻ എന്റേതായ രീതിയിൽ എന്തൊക്കെയൊക്കെയോ ചെയ്തു. ചിലപ്പോൾ ഭാരം കുറയും പിന്നീട് വീണ്ടും കൂടും. ഒരു കൺസിസ്റ്റൻസി ഉണ്ടായിരുന്നില്ല. ആ സമയത്താണ് മനോരമ ഓൺലൈനിൽ ഒരു  വെയ്റ്റ്‌ലോസ് ആർട്ടിക്കിൾ കണ്ടത്. അങ്ങനെയാണ് ഒരു വെയ്റ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നത്. 

sruthi2

ഏഴുമാസം, കുറച്ചത് 20 കിലോ

തുടക്കത്തിൽ വെയിറ്റ് 87.6 കിലോയായിരുന്നു ഭാരം. ഇപ്പോൾ  67 കിലോയിലെത്തി നിൽക്കുന്നു. fat 24. 8  % ആണ്. ഏഴു മാസം കൊണ്ട് 20 കിലോയാണ് കുറയ്ക്കാൻ സാധിച്ചത്. ഏറ്റവും സന്തോഷം എന്റെ വയർ നന്നായി കുറഞ്ഞതിലാണ്. വയറിന്റെ ഏരിയയിൽ നിന്നും 10–12 സെ.മീയും ഹിപ്പ് ഏരിയയിൽ നിന്ന് 20 സെന്റീമീറ്ററും കുറഞ്ഞിട്ടുണ്ട്. ഇതിനു ശേഷം എനിക്ക് പുറം വേദന വന്നിട്ടേ ഇല്ല. അതാണ് എനിക്ക് ഏറ്റവും ഗുണമായത്. കുറച്ചുകൂടി കുറയ്ക്കണമെന്നുണ്ട്. അതിനായി ഡയറ്റും വർക്ക്ഔട്ടും ഇപ്പോഴും തുടരുകയാണ്.

കിട്ടിയിട്ടുണ്ട്, ആവശ്യത്തിലധികം ബോഡി ഷെയ്മിങ്

ബോഡി ഷെയ്മിങ് അത്യാവശ്യം കിട്ടിയിട്ടുള്ള ഒരാളാണ് ഞാൻ. ചെറുപ്പത്തിൽ മെലിഞ്ഞിരുന്ന ഒരാൾകൂടി ആകുമ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ. ‘ശ്രുതീ നീ എന്ത് വൃത്തികേടായിപ്പോയി, ഈ വണ്ണം നിനക്ക് ഭയങ്കര വൃത്തികേടാ...’ എന്നൊക്കെ എത്രപേർ ഒരു ദാഷണ്യവുമില്ലാതെ മുഖത്തു നോക്കി പറഞ്ഞിരിക്കുന്നു. ചിലർ പറഞ്ഞു ആഹാരം കഴിക്കുന്നത് കുറയ്ക്കാനൊക്കെ. ഇതൊക്കെ കേട്ടപ്പോൾ ഞാനും വിചാരിച്ചിരുന്നു ഇനി കഴിക്കുന്നതിന്റെ അളവ് കൂടിയിട്ടാകും ഞാൻ വണ്ണം വയ്ക്കുന്നതെന്ന്.

പക്ഷേ ഈ ഗ്രൂപ്പിൽ ചേർന്നതിനു ശേഷമാണ് മനസിലായത് ഞാൻ കഴിക്കുന്നത് വളരെ കുറച്ചായിരുന്നുവെന്ന്. ദിവസവും വേണ്ട കാലറി ഉണ്ടെന്നും അതനുസരിച്ചാണ് കഴിക്കേണ്ടതെന്നുമൊക്കെയുള്ള കാര്യങ്ങൾ മനസ്സിലാക്കിയതോടെ കാര്യങ്ങൾ എന്റെ വഴിക്കായി. ഇപ്പോൾ ഇത്രയും വണ്ണം കുറഞ്ഞിട്ട് അവരുടെയൊക്കെ മുൻപിൽ പോയി നിൽക്കുമ്പോൾ അത്രയ്ക്കും സന്തോഷവും അഭിമാനവും ഉണ്ട്.  

വെയ്റ്റ് ലോസിനുശേഷം വന്ന മാറ്റം 

ഒന്നാമത് വെയ്റ്റ് ലോസ്സിന്റെ മെക്കാനിസം ഇത്രയും ഡീറ്റൈൽ ആയി പഠിക്കാൻ പറ്റി. രണ്ടാമത് ലൈഫ് സ്റ്റൈൽ ചേഞ്ച്. എന്റേതു മാത്രമല്ല ഭർത്താവും മോനുമൊക്കെ ഇപ്പോൾ പിന്തുടരുന്നത് എന്റെ ലൈഫ്സ്റ്റൈൽതന്നെയാണ്. വണ്ണം കുറഞ്ഞതോടെ കോൺഫിഡൻസ് ലെവലിന്റെ ഒരു ബൂസ്റ്റ് അപ്പ്തന്നെയുണ്ടായീന്നു പറയാലോ. കാരണം കുറച്ച് മുന്നേ ഒരു ഫോട്ടോ എടുക്കണമെങ്കിൽ എന്നെ കൊല്ലാൻ കൊണ്ടു പോകുന്നതു പോലെയായിരുന്നു. ഈ വണ്ണം വച്ച്  എനിക്ക് അത്രയ്ക്ക് നാണക്കേടായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് അങ്ങനെ ഒരു സംഭവമേ ഇല്ല. ഇഷ്ടമുള്ള ഡ്രസ്സ് ഇടാം. കല്യാണം കഴിഞ്ഞ സമയത്ത് എടുത്തു വച്ച ഡ്രസ്സൊക്കെ ഞാൻ ഇപ്പോൾ ഇടാറുണ്ട്.  ഇതൊക്കയാണ് ഇപ്പോഴുള്ള എന്റെ സന്തോഷം. 

ഡയറ്റും വർക്ഔട്ടും

ഡയറ്റ് എന്നുപറയാൻ വേണ്ടിയൊന്നും ഞാൻ ഒന്നും ചെയ്തിരുന്നില്ല. വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം എന്താണോ അതുതന്നെയാണ് കഴിച്ചത്.  അതുകൊണ്ടുതന്നെ ഡയറ്റ് ഫുഡ് എന്നു പറഞ്ഞുള്ള ബോറിങ് ഫീലിങ്സ് ഒന്നും ഉണ്ടായതേ ഇല്ല. ബ്രേക്ഫാസ്റ്റിനും ലഞ്ചിനും ഡിന്നറിനും ഒരേ പാറ്റേൺതന്നെയായിരുന്നു. കാർബോഹൈഡ്രേറ്റ്, വെജിറ്റബിൾ, പ്രോട്ടീൻ ഈ  ഒരു പോർഷൻ  എന്തായാലും എന്റെ പ്ലേറ്റിൽ ഉണ്ടായിരിക്കും. ചിലപ്പോൾ ചോറ് കഴിക്കും, അല്ലെങ്കിൽ ചപ്പാത്തി, ഫിഷ്, ധാന്യം ഇവയൊക്കെ  കഴിക്കും. പുറത്തുപോയി കഴിക്കേണ്ടി വന്നാലും ഈ  ഒരു പോർഷൻ എന്റെ പ്ലേറ്റിൽ ഉണ്ടായിരിക്കും. അത് വിട്ടൊരു കളിയില്ല. ഇന്നതേ കഴിക്കാവൂ എന്നൊക്കെയുള്ള ഡയറ്റ് ചാർട്ട് ഫീഡ് ചെയ്യുന്നതിന് പകരം ഈ വെയ്റ്റ്‌ലോസ് ഗ്രൂപ്പിൽ നമ്മളെ സ്വന്തമായൊരു ഡയറ്റ് ചാർട്ട് പ്രീപെയർ ചെയ്യാനും ഈ ഒരു വെയിറ്റ് ലോസിന്റെ പുറകെ നടക്കുന്ന ഒരു മെക്കാനിസത്തിനെ കുറിച്ച്  മനസ്സിലാക്കാനും അവർതന്നെ സഹായിക്കും. പിന്നെ ഈ ഡയറ്റീഷൻസ് ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട് ഇന്നത് കഴിക്കണം ഇന്നത് കഴിക്കേണ്ട എന്നൊക്കെ. ആ ഒരു സംഭവമേ  ഇവിടില്ല. എന്താണ് നിങ്ങളുടെ വീട്ടിൽ കുക്ക് ചെയ്യുന്നത് അത് കഴിക്കുക. പക്ഷേ അളന്ന് കഴിക്കുക. ആ മെഷർ ചെയ്യുന്നതിലുള്ള ഒരു ഫാക്ടർ ആണ് ഒരു ഹൈലൈറ്റ്. 

ആഴ്ചയിൽ അഞ്ചു ദിവസമായിരുന്നു വർക്ഔട്ട് ചെയ്തിരുന്നത്. എങ്കിലും ചില ദിവസങ്ങളിൽ വർക്ഔട്ട് മുടങ്ങാറുമുണ്ട്. എങ്കിലും ഡയറ്റിൽ മാത്രം  ഒരു കോംപ്രമൈസിനും തയാറായിട്ടില്ല. ആഴ്ചയിൽ ഒരിക്കൽ ചീറ്റ് മീൽ കഴിക്കാറുണ്ട്. 

ഫാമിലി എന്ന സപ്പോർട്ട്

എന്റെ ഏറ്റവും വലിയ സപ്പോർട് ഫാമിലിതന്നെയായിരുന്നു. ഹസ്ബൻഡ് ഒത്തിരി സപ്പോർട്ട് ചെയ്യും. വണ്ണം ഉള്ള സമയത്തും നമുക്കിത് ശരിയാക്കാം എന്നു പറഞ്ഞ് ഒരു മോട്ടിവേഷൻ തന്നിരുന്നു. ഇപ്പോഴും ആ മോട്ടിവേഷൻ എന്റെ കൂടെ ഉണ്ട്. മോൻ ചെറുതായതു കൊണ്ട് ജിമ്മിൽ പോകാൻ റെസ്ട്രിക്‌ഷൻസ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ എന്റെ വീട്ടിൽ ഒരു കുഞ്ഞ് ജിം ഉണ്ട്. അതെല്ലാം ഹസ്ബൻഡിന്റെ ഒരു സപ്പോർട്ടാണ്. വണ്ണം കുറഞ്ഞപ്പോൾ ഇത് എങ്ങനെ സംഭവിച്ചുവെന്നു ചോദിച്ച് സുഹൃത്തുക്കൾ എത്തിയിരുന്നു. നമ്മുടെ ഹാർഡ്‍വർക് ഫലം കണ്ടല്ലോ എന്നറിയുമ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. 

English Summary : Weight loss diet and tips of Sruthi Sreedhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com