ADVERTISEMENT

ഭക്ഷണം കുറയ്ക്കുന്നു. കഠിനമായി വ്യായാമം ചെയ്യുന്നു. എന്തൊക്കെ ചെയ്തിട്ടും ഭാരവും കുറയുന്നില്ല. വയറും കുറയുന്നില്ല. ഇത്തരത്തില്‍ സങ്കടപ്പെടുന്ന പലരെയും കാണാം. ഇവിടെ ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണുകളാകും വില്ലനാകുന്നത്. 

ശരീര ഭാരം നിലനിര്‍ത്തുന്നതില്‍ വിവിധ ഹോര്‍മോണുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിശപ്പിനെയും ശരീരം ശേഖരിച്ച് വയ്ക്കുന്ന കൊഴുപ്പിനെയുമെല്ലാം ഹോര്‍മോണുകള്‍ സ്വാധീനിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഇനി പറയുന്ന അഞ്ച് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് അറിയേണ്ടതുണ്ട്. 

1. ഇന്‍സുലിന്‍

പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്‍ താളം തെറ്റുമ്പോള്‍ അത് ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിക്കും. ശരീരത്തിന് ഇന്‍സുലിനെ കൈകാര്യം ചെയ്യാന്‍ കഴിയാതെ ആകുമ്പോള്‍ നിങ്ങള്‍ക്ക് ഭാരം കുറയ്ക്കാനും ബുദ്ധിമുട്ടാകും. പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും നിയന്ത്രിച്ചും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉള്‍പ്പെടുത്തിയും ശരിയായ വ്യായാമത്തിലൂടെയും ഇന്‍സുലിന്‍ തോത് നിയന്ത്രിക്കാവുന്നതാണ്. 

2. കോര്‍ട്ടിസോള്‍

നിങ്ങളുടെ മൂഡിനെയും പ്രചോദനത്തെയും ഭയത്തെയുമൊക്കെ നിയന്ത്രിക്കുന്ന സമ്മര്‍ദ ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ഇന്‍സുലിനുമായും കോര്‍ട്ടിസോളിന് ബന്ധമുണ്ട്. കോര്‍ട്ടിസോള്‍ തോത് ഉയരുന്നത് ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധം തീര്‍ക്കും. ഇതും ഭാരം കൂടാന്‍ കാരണമാകാം. വയര്‍ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞു കൂടാനും ഉയര്‍ന്ന കോര്‍ട്ടിസോള്‍ തോത് കാരണമാകും. സമ്മര്‍ദം ഒഴിവാക്കിയും നന്നായി ഉറങ്ങിയും ധ്യാനിച്ചും കോര്‍ട്ടിസോള്‍ തോത് ഉയരാതെ നോക്കാം. 

3. ഗ്രെലിന്‍

വിശപ്പ് ഹോര്‍മോണ്‍ എന്നു കൂടി അറിയപ്പെടുന്ന ഗ്രെലിന്‍ ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ട്രാക്ടിലെ എന്ററോഎന്‍ഡോക്രൈന്‍ കോശങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. നിങ്ങള്‍ക്ക് വിശക്കുമ്പോഴാണ് ഈ ഹോര്‍മോണ്‍ ഉത്തേജിപ്പിക്കപ്പെടുന്നത്. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ഇത് സാധാരണ തോതിലേക്ക് മടങ്ങും. അമിതവണ്ണമുള്ളവരില്‍ ഗ്രെലിന്‍ തോത് പലപ്പോഴും കുറവായിരിക്കും. അതായത് വയര്‍ നിറഞ്ഞാലും തീറ്റ നിര്‍ത്തണമെന്ന സന്ദേശം  ഇവര്‍ക്ക് തലച്ചോറില്‍ ലഭിക്കാറില്ല. ഇത് അമിതമായി ഭക്ഷണം കഴിക്കാന്‍ ഇടയാക്കും. 

4. ലെപ്റ്റിന്‍

കൊഴുപ്പ് കോശങ്ങളാണ് ലെപ്റ്റിന്‍ നിര്‍മിക്കുന്നത്. ശരീരത്തില്‍ ആവശ്യത്തിന് കൊഴുപ്പ് ശേഖരിച്ചു വച്ചിട്ടുണ്ടെന്ന് തലച്ചോറിനെ അറിയിക്കുന്നത് ഈ ഹോര്‍മോണ്‍ ആണ്. ഇത് വിശപ്പിനെ നിയന്ത്രിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. ഈ ഹോര്‍മോണിന്റെ താളം തെറ്റുമ്പോള്‍ തലച്ചോറിന് തെറ്റായ സന്ദേശംലഭിക്കുകയും കൂടുതല്‍ കഴിക്കാന്‍ ഇടയാക്കുകയും ചെയ്യും. ഉയര്‍ന്ന ഇന്‍സുലിന്‍ തോതും ഹൈപോതലാമസിലെ അണുബാധയും ലെപ്റ്റിന്‍ പ്രതിരോധത്തിന് കാരണമാകാം. 

5. ഈസ്ട്രജന്‍

സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണും ഭാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈസ്ട്രജന്‍ കൂടുന്നതും കുറയുന്നതും ഭാരം കൂട്ടാന്‍ കാരണമാകും. വിവിധ ഭക്ഷണങ്ങളോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ സ്വാധീനിക്കാന്‍ ഈസ്ട്രജനും മറ്റ് ചില ഹോര്‍മോണുകള്‍ക്കും സാധിക്കും. ഈസ്ട്രജന്‍ ആവശ്യത്തിന് ഇല്ലാതിരിക്കുന്നത് ശരീരം രക്തത്തിലെ പഞ്ചസാരയും സ്റ്റാര്‍ച്ചും കാര്യക്ഷമമായി ഉപയോഗിക്കാതിരിക്കാന്‍ കാരണമാകും. ഇതും ഭാരം കൂടാന്‍ കാരണമാകും. 

ഈ ഹോര്‍മോണുകളെ സമതുലിതാവസ്ഥയില്‍ കൊണ്ടു പോകേണ്ടത് ഭാരം കുറയാന്‍ അത്യാവശ്യമാണ്. മധുരം അധികമുള്ള ഭക്ഷണം, മദ്യം എന്നിവ ഒഴിവാക്കിയും നിത്യവും വ്യായാമം ചെയ്തും, ആവശ്യത്തിന് ഉറങ്ങിയുമൊക്കെ ഹോര്‍മോണുകളുടെ താളം തെറ്റാതെ നോക്കാവുന്നതാണ്. സമ്മര്‍ദം ലഘൂകരിക്കാനും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡും ഫൈബറും ഭക്ഷണത്തില്‍ ഉല്‍പ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്. 

English Summary : Weight loss: Reset these hormones to lose stubborn belly fat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com