ആ ഫോട്ടോഗ്രാഫറുടെ വാക്കുകൾ വിഷമിപ്പിച്ചു; മധുരപ്രതികാരമായി ജസീന മൂന്നുമാസം കൊണ്ട് 23 കിലോ കുറച്ചു

HIGHLIGHTS
  • എന്നെ കാണുമ്പോൾ എല്ലാവരും ചോദിച്ച് തുടങ്ങി, 'നല്ല ചെറുപ്പമായല്ലോ എന്ന്
jaseena kadavil
SHARE

മേക്കോവര്‍ എന്ന വാക്കിന് ആത്മവിശ്വാസം എന്ന അര്‍ഥം കൂടി എഴുതിച്ചേര്‍ത്ത മേക്കപ്പ് ആര്‍ടിസ്റ്റാണ് ജസീന കടവില്‍. സാധാരണക്കാരുടെ അസാധാരണ പകര്‍ന്നാട്ടങ്ങള്‍ക്ക് ജസീന ചായക്കൂട്ടുകള്‍ ഒരുക്കിയപ്പോള്‍ മാറി മറിഞ്ഞത് അവരുടെ ജീവിതങ്ങള്‍ മാത്രമല്ല, തോല്‍ക്കാന്‍ മനസില്ലെന്നുറപ്പിച്ച അവരുടെ സ്വന്തം ജീവിതം കൂടിയായിരുന്നു. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ കൂടെ കൂടിയ ശരീരഭാരത്തിനും ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 88 കിലോഗ്രാമില്‍ നിന്ന് മൂന്നു മാസം കൊണ്ട് ജസീന എത്തിയത് 65 കിലോയിലേക്കാണ്. പരിചയസമ്പന്നയായ ഒരു ഡോക്ടറുടെ നിര്‍ദേശങ്ങളും ചിട്ടയായ ജീവിതരീതിയുമാണ് ഈ മാറ്റത്തിന് വഴി വച്ചത്. ആ വെയ്റ്റ്‌ലോസ് യാത്രയുടെ വിശേഷങ്ങളുമായി ജസീന കടവില്‍ മനോരമ ഓണ്‍ലൈനില്‍. 

ജീവിതപ്പാച്ചിലിൽ ഒപ്പം കൂടിയ തടി

ജീവിതത്തിൽ ഒരുപാട് ദുർഘടമായ വഴികളിലൂടെ കടന്നു വന്ന ഒരാളാണ് ഞാൻ. വ്യക്തിപരമായ കുറെ കുടുംബപ്രശ്നങ്ങൾ കാരണം പലസമയത്തും ഒറ്റപ്പെട്ടുപോയി. ഡിഗ്രി കഴിഞ്ഞതിനു ശേഷം വർക്ക് ചെയ്യുന്നതിന് ഇടയിൽ ഒരു പ്രണയമുണ്ടായി. പുരോഗമന ചിന്താഗതി ഉള്ള കുടുംബമായിരുന്നെങ്കിലും കാര്യത്തോട് അടുത്തപ്പോൾ അവർ ഇത് അനുകൂലിച്ചില്ല. വീട്ടുകാരുടെ പിന്തുണയില്ലാതെ ഞങ്ങൾ 2000ൽ വിവാഹിതരായി. സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ട വർഷങ്ങളായിരുന്നു. ദാരിദ്ര്യം വന്നപ്പോൾ പ്രണയം പയ്യെ പോയി. 2002ൽ ഞങ്ങൾ പിരിഞ്ഞു. കൈക്കുഞ്ഞുമായി വെറും കയ്യോടെയാണ് ഞാൻ എറണാകുളത്ത് എത്തിയത്. ഒരു ജോലി അത്യാവശ്യമായിരുന്നു. മാർക്കറ്റിങ് രംഗത്താണ് അവസരം കിട്ടിയത്. അതിനിടയിൽ, എന്റെ കുഞ്ഞിനെ വിട്ടു കൊടുക്കാൻ ആവശ്യപ്പെട്ട് ഭർത്താവ് കേസ് കൊടുത്തു. എനിക്ക് സാമ്പത്തിക ഭദ്രത ഇല്ലാതിരുന്നതിനാൽ കുഞ്ഞിനെ അയാൾക്കൊപ്പം വിടാനായിരുന്നു കോടതി വിധി. ഞാൻ കൂടുതൽ ഒറ്റപ്പെട്ട ദിവസങ്ങളായിരുന്നു അത്. വട്ടപ്പൂജ്യത്തിൽ നിന്ന് ജീവിതം വീണ്ടും തുടങ്ങേണ്ട അവസ്ഥ. ഇതിനിടയിൽ ശരീരം ഒന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല.  

image-health

ആ തമാശ എന്നെ ചിന്തിപ്പിച്ചു

മാർക്കറ്റിങ് മേഖലയിൽ കരിയർ തുടങ്ങിയ ഞാൻ പല തരത്തിലുള്ള ജോലികൾ ചെയ്തു. ഹോട്ടൽ നടത്തി. ഹെയർ സ്റ്റൈലിസ്റ്റ് ആയി... മേക്കപ്പ് ആർടിസ്റ്റ് ആയി. ഈ യാത്രയും അനുഭവങ്ങളും എന്റെ കാഴ്ചപ്പാടുകളെയും ഏറെ മാറ്റി മറിച്ചു. ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാനും ജീവിതത്തെ നോക്കിക്കാണാനും ഞാൻ പഠിച്ചു. ഇതിന് ഇടയിൽ എന്റെ ശരീരഭാരം എനിക്കൊരു പ്രശ്നമായി തോന്നിയതുമില്ല. സുഹൃത്തുക്കളുടെ ഇടയിൽ നിൽക്കുമ്പോൾ വല്ലപ്പോഴുമൊക്ക എന്റെ വണ്ണം ചർച്ചാവിഷയമാകാറുണ്ട്. തടിയുണ്ടെങ്കിലും എനിക്ക് ഇത് ഓകെ ആണെന്ന ഭാവമായിരുന്നു അവർക്ക്. ഒരിക്കൽ ഒരു പോസ്റ്റ് വെഡിങ് ഷൂട്ടിനു പോയി. അതിന് ഇടയിൽ ഒരു ഫോട്ടോഗ്രാഫറോട്, 'ചേട്ടാ എന്റെ ഒരു പടം എടുത്ത് തരുമോ' എന്ന്  ചോദിച്ചു. 'ഈ വണ്ണം വച്ച് ഫോട്ടോ എടുത്താൽ വീപ്പക്കുറ്റി പോലെ ഇരിക്കും' എന്നായിരുന്നു ആളുടെ മറുപടി. തമാശ ആയാണ് പറഞ്ഞതെങ്കിലും ആ വാക്കുകൾ എന്നെ വിഷമിപ്പിച്ചു. പിന്നീട് അതിനെക്കുറിച്ച് ആലോചിച്ചപ്പോൾ അതൊരു ഇൻസ്പിരേഷൻ ആയി എടുത്തു കൂടെ എന്നു തോന്നി. എന്റെ ശരീരത്തെക്കുറിച്ച് തീരുമാനം എടുക്കാനുള്ള കഴിവ് എനിക്കുണ്ട് എന്ന് എനിക്ക് തെളിയിക്കണമായിരുന്നു. നമ്മുടെ മനസ്സ് പോലെ തന്നെ ശരീരവും നമ്മുടെ നിയന്ത്രണത്തിലാക്കുക എന്ന ഒരു നിർബന്ധം കൂടിയാണ് ശരീരഭാരം കുറയ്ക്കുന്നതിലേക്ക് എന്നെ എത്തിച്ചത്. 

വഴി പറഞ്ഞു തന്ന ഡോക്ടർ

ആദ്യമൊക്കെ സ്വന്തം നിലയിലായിരുന്നു ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ. എന്നാൽ, ദൃശ്യമാകുന്ന തരത്തിലൊരു മാറ്റം ഒന്നും സംഭവിച്ചില്ല. ഇനി എന്തൊക്കെ ചെയ്‌താലും തടി കുറയുമെന്ന് തോന്നുന്നില്ല എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഒരു ദിവസം യാദൃച്ഛികമായി സുഹൃത്ത് സൗമ്യയെ കണ്ടത്. നല്ല തടിയുണ്ടായിരുന്ന സൗമ്യ മെലിഞ്ഞു കാഴ്ചയിൽ തന്നെ നല്ല വ്യത്യാസം വന്നു. ഇതെങ്ങനെ സാധിച്ചെന്ന് ചോദിച്ചപ്പോൾ ഇടപ്പള്ളി മാമംഗലത്തുള്ള നേതാജി ആയുർവേദ ഹോസ്‌പിറ്റലിൽ ഡോ. ആശ.പി. മേനോന്റെ നേതൃത്വത്തിലുള്ള ചികിത്സാ രീതി ആണെന്ന് പറഞ്ഞു. പിന്നെ ഒന്നും ചിന്തിച്ചില്ല. പിറ്റെ  ദിവസം ഞാനും എന്റെ ഒരുസുഹൃത്തും കൂടി ഡോക്ടറെ വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്ത് അവിടെ ചെന്നു. ചിട്ടയായ ആഹാരക്രമവും ആയുർവേദ ചികിത്സയും ആയൂർക്ഷേത്രയിൽ തന്നെ നിർമിക്കുന്ന മരുന്നുകളും ഉൾപ്പെടുത്തിയായിരുന്നു ചികിത്സ. ഒരു ഡോക്ടർ എന്നതിലുപരി ഒരു കൂട്ടുകാരിയെപോലെ ഡോ. ആശ കൂടെ നിന്നു. പട്ടിണിയൊന്നും ഇരിക്കാതെ ആഹാരം കൃത്യ സമയത്ത് കഴിച്ചുകൊണ്ടാണ് ഞാൻ തടി കുറച്ചത്. ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടയിലും ഡോക്ടർ തരുന്ന കഷായവും മരുന്നുകളും കൂടെ കൊണ്ട് പോകും. കഴിയുന്നതും വ്യായാമങ്ങളും ഭക്ഷണക്രമവും ഡോക്ടർ പറഞ്ഞ രീതിയിൽ പാലിച്ചു. 2019 ഫെബ്രുവരി 14 നാണ് ഞാൻ ഹോസ്പിറ്റലിൽ പോയത്. അന്ന് 88 കിലോഗ്രാം ആയിരുന്നു. പതുക്കെ പതുക്കെ ഭാരം കുറഞ്ഞു തുടങ്ങി. അതിലുപരി inch loss അറിയാൻ തുടങ്ങിയപ്പോൾ ആത്മവിശ്വാസം വർധിച്ചു. എന്നെ കാണുമ്പോൾ എല്ലാവരും ചോദിച്ച്  തുടങ്ങി, 'നല്ല ചെറുപ്പമായല്ലോ... സുന്ദരിയായല്ലോ' എന്നൊക്കെ. അതും പ്രചോദനമായി. മൂന്നു മാസം കൊണ്ട് ഏകദേശം 10 കിലോഗ്രാം ഞാൻ കുറച്ചു. ഒരു വർഷം കൊണ്ട് പതിയെപ്പതിയെ 25 കിലോ കൂടി കുറച്ചു. ഇപ്പോൾ എന്റെ ഭാരം 65 കിലോഗ്രാമിൽ എത്തി നിൽക്കുന്നു. പ്രകൃതിദത്തമായ ആയുർവേദ വഴികളിലൂടെ ആയതിനാൽ ഈയൊരു ഭാരത്തിൽ നിന്ന് കാര്യമായ വ്യത്യാസം ഒന്നും വന്നില്ല.  

സ്വയം സ്നേഹിച്ചു തുടങ്ങുക

ലോക്ഡൗണിനു മുൻപാണ് ഞാൻ ശരീരഭാരം കുറച്ചത്. എന്നാൽ, ഇത്രയും മാസം വീട്ടിലിരിക്കേണ്ടി വന്നപ്പോഴും കൃത്യമായി വ്യായാമം ചെയ്യാനും മറ്റും ഞാൻ ശ്രദ്ധിച്ചിരുന്നു. പല സ്ത്രീകളും വിവാഹത്തിനു ശേഷം സ്വന്തം ശരീരവും സ്വന്തം ഇഷ്ടങ്ങളും ഒന്നും കാര്യമായി ശ്രദ്ധിക്കില്ല. അതിന്റെ കൂടി റിസൾട്ട് ആണ് ശരീരഭാരം അമിതമായി വർധിക്കുന്നത്. മുപ്പത് കഴിഞ്ഞാൽ ജീവിതം തന്നെ അവസാനിച്ച പോലെയാണ് പലരും. എന്നാൽ, യാഥാർത്ഥ്യം അതല്ല. ഏതു പ്രായത്തിലും ആത്മവിശ്വാസത്തോടെ തലയുയർത്തി നിൽക്കാൻ കഴിഞ്ഞാൽ അതു തന്നെയാണ് ഏറ്റവും വലിയ സൗന്ദര്യം. ആരാണ് സൗന്ദര്യത്തിന് അഴകളവുകൾ നിശ്ചയിച്ചിരിക്കുന്നത്? ഈ ലോകത്ത് എല്ലാവരും സുന്ദരന്മാരും സുന്ദരികളും തന്നെയാണ്. ഈ ആശയം മുൻനിറുത്തിയാണ് ഞാൻ മേക്കോവർ ഫോട്ടോഷൂട്ട് നടത്തിയത്. സ്വയം സ്നേഹിക്കുക. ആത്മവിശ്വാസത്തോടെ നടക്കുക. സ്വന്തം ശരീരസംരക്ഷണത്തിനായി അൽപം സമയം നീക്കി വയ്ക്കുന്നതിൽ തെറ്റില്ല. എനിക്ക് എന്റെ ജീവിതം തന്നെ അദ്ഭുതമാണ്. മുടിയൊന്നു പിന്നിയിടാനോ ഒന്നു അണിഞ്ഞൊരുങ്ങാനോ അറിയാത്ത ഒരാളായിരുന്നു ഞാൻ. ഇപ്പോൾ ഞാൻ അതെല്ലാം പഠിച്ചു... മെയ്ക്കപ്പ് ആർടിസ്റ്റായി. എങ്കിലും അന്നും ഇന്നും എന്റെ സൗന്ദര്യം എന്റെ ആത്മവിശ്വാസം തന്നെയാണ്. 

English Summary : Jaseena Kadavil's weight loss tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA