ഇത് നിങ്ങളുടെ ആ ‘തക്കുടുമുണ്ടി’തന്നെ; തുലാഭാര നേർച്ച പ്രചോദനമാക്കി 18 കിലോ കുറച്ച് സജീഷ്മ

HIGHLIGHTS
  • 85–ൽ നിന്ന് 18 കിലോ കുറച്ച് 67–ൽ എത്തി
sajeeshma weight loss tips
സജീഷ്മ
SHARE

ഗുണ്ടുമണി, തക്കുടുമുണ്ടി, തടിച്ചിപ്പാറു തുടങ്ങിയ വിളികൾ അറിവുവച്ച പ്രായം മുതൽ സജീഷ്മ കേൾക്കുന്നുണ്ട്. അന്നൊന്നും 'ലേശം ഉളുപ്പ്' വിളിക്കുന്നവർക്കുമുണ്ടായില്ല, കേൾക്കുന്ന സജിഷ്മയ്ക്കും ഉണ്ടായില്ല. വീട്ടിലുള്ള ആഹാരം മുഴുവൻ ഇവളാണോ കഴിക്കുന്നതെന്ന ക്രെഡിറ്റും കിട്ടാറുണ്ടായിരുന്നു. അപ്പോഴും കുലുങ്ങാത്ത സജീഷ്മയുടെ ചിന്തകളെ മാറ്റിമറിച്ചത് ഗുരുവായൂർ അമ്പല ദർശനം ആയിരുന്നെന്നു പറയാം. എന്തുതന്നെയായാലും ഇനി വണ്ണം കുറച്ചിട്ടുതന്നെ കാര്യമെന്ന ദൃഢനിശ്ചയത്തോടെയാണ് സജീഷ്മ ഗുരുവായൂർ നിന്നു തിരിച്ചെത്തിയത്. അതാകട്ടെ ഫലം കാണുകയും ചെയ്തു. വണ്ണം കുറച്ച് ആരോഗ്യമുള്ള ശരീരം വീണ്ടെടുത്തതിനു പിന്നിലെ കഥ സജീഷ്മ മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

അറിയാത്ത പ്രായം മുതലേ ബോഡിഷെയ്മിങ്

ഞാൻ എന്നെ കാണാൻ തുടങ്ങിയ കാലംതൊട്ടേ തടി എന്റെ കൂടെ ഉണ്ടായിരുന്നെന്നു പറയാം. ഗുണ്ടുമണി, തക്കുടുമുണ്ടി, തടിച്ചിപ്പാറു എന്ന ബന്ധുക്കളുടെയും അയൽക്കാരുടെയുമൊക്കെ വിളികൾ എനിക്കു സ്വന്തമായിരുന്നു. അന്നൊന്നും ഇതൊക്കെ ബോഡിഷെയ്മിങ് ആണെന്നൊന്നും അറിയില്ലല്ലോ. സ്നേഹം കൊണ്ട് അവർ ലാളിച്ചു വിളിക്കുന്നതാണെന്നായിരുന്നു എന്റെ ധാരണ. സ്കൂളിലും കോളജിലുമൊക്കെ കൂട്ടുകാർക്ക് ഞാൻ 'തടിച്ചി' ആയിരുന്നു. അനിയനും അനിയത്തിക്കും നല്ല ആരോഗ്യം ഉണ്ടെങ്കിലും മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു. ഞാൻ അവർക്കിടയിലും ഒരു 'തക്കുടുമുണ്ടി' ആയി. ബന്ധുക്കളൊക്കെ ചോദിക്കും നീ മാത്രം എന്താ വണ്ണം വച്ചിരിക്കുന്നെ അവരുടെ ആഹാരം കൂടി നീയാണോ കഴിക്കുന്നത് എന്നൊക്കെ. എന്നെ പറയിപ്പിക്കാൻ വേണ്ടി ഉണ്ടായതാണ് അവരെന്നു പറഞ്ഞാൽ മതീല്ലോ.  അത്യാവശ്യം നല്ല തൊലിക്കട്ടി ഉള്ളതു കൊണ്ട് ഇതൊന്നും അന്ന്  മൈൻഡ് ചെയ്തിട്ടേ ഇല്ല. 

ആദ്യ പ്രയത്നം കല്യാണത്തിന്

കല്യാണമൊക്കെ ആയപ്പോൾ കുറച്ച് വണ്ണം കുറയ്ക്കാമെന്നു വിചാരിച്ചു. ഒന്നുമില്ലേലും അന്നത്തെ ദിവസം ശ്രദ്ധാകേന്ദ്രം നമ്മളായിരിക്കുമല്ലോ, സാരിയൊക്കെ ഉടുത്ത് ഒരുങ്ങി നിൽക്കാനുള്ളതല്ലേ. ആഗ്രഹിച്ചെങ്കിലും വണ്ണം കുറയ്ക്കാനായി ഒന്നും ചെയ്തില്ല. പക്ഷേ ടെൻഷൻ കാരണം കല്യാണം ആയപ്പോഴേക്കും 69 കിലോയിലെത്തിയായിരുന്നു. 

ഒരിക്കൽ ലുലുമാളിൽ വച്ച് ഭർത്താവിനൊപ്പം ഒരു ഫോട്ടോ എടുത്തു കഴിഞ്ഞപ്പോഴാണ് വീണ്ടും വണ്ണം കുറയ്ക്കണമെന്ന ചിന്ത മനസ്സിലെത്തിയത്. കാരണം ആ ഫോട്ടോയിൽ ഞാൻ ഗുണ്ടുമണിയും ഭർത്താവ് ആകെ ക്ഷീണിച്ചും. നമ്മുടെ പ്രായത്തിൽ നല്ല സ്ട്രക്ചർ ഒക്കെയുള്ള ആളുകളെ കാണുമ്പോൾ സ്വാഭാവികമായി ചിന്തിച്ചു തുടങ്ങി ഞാൻ എന്ത് ബോറാണ് എന്നൊക്കെ. 

പരീക്ഷണ നിരീക്ഷണങ്ങളുടെ കാലഘട്ടം

വെയ്റ്റ് കുറയ്ക്കണമെന്ന ചിന്ത വരുമ്പോൾ എല്ലാവരും ചെയ്യുന്നതുപോലെതന്നെ ഞാനും പിന്നെ സെർച്ചിങ് തുടങ്ങി. ഇതനുസരിച്ച പല ഡയറ്റുകളും മാറിമാറി പരീക്ഷിച്ചു. ഒന്നിലും വേണ്ടത്ര ഫലം കിട്ടിയില്ല. ചെയ്യുന്ന സമയത്ത് റിസൽട്ട് ഉണ്ടാകുമെങ്കിലും അതിൽ നിന്നു മാറുമ്പോൾ പണ്ടത്തേത്തിന്റെ പിന്നത്തേത് എന്ന പോലെ വീണ്ടും കൂടും. വെയ്റ്റ് കുറയ്ക്കണം എന്നുണ്ടെങ്കിൽ പോലും ഫാറ്റ് ലോസിനെക്കുറിച്ച് ഐഡിയയേ ഉണ്ടായിരുന്നില്ല. എങ്ങനെയും വെയ്റ്റ്  കുറയ്ക്കുക എന്നതു മാത്രമായിരുന്നു ഉദ്ദേശ്യം.

എല്ലാം മാറ്റിമറിച്ച ഗുരുവായൂർ ദർശനം

കല്യാണത്തിന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാര നേർച്ചയ്ക്കായി പോയി. അവിടെ രസീത് എഴുതുന്ന ആൾ വെയ്റ്റ് നോക്കിയിട്ട് സജീഷ്‌മ  69 kg അനൂപ് 67 kg എന്ന് എല്ലാവരുടെയും മുന്നിൽ വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് ശരിക്കുമത് ഒരു ചമ്മലായി, കാരണം ഭർത്താവിനെക്കാൾ ഭാരം എനിക്കാണല്ലോ എന്ന രീതിയിൽ. അവിടെനിന്ന് വെയ്റ്റ്  കുറയ്ക്കണം എന്ന അതിയായ ആഗ്രഹത്തോടെയാണ് തിരിച്ച് എറണാകുളത്തെ വീട്ടിലേക്ക് എത്തിയത്. 

sajeeshma2

പക്ഷേ പ്രെഗ്നന്റ് ആയതിനാൽ ഡയറ്റിങ് ഒന്നും പറ്റിയില്ലെന്നു മാത്രമല്ല ഫുഡ് ഒക്കെ നന്നായി കഴിക്കുകയും ചെയ്തു. പ്രസവശേഷവും ഫുഡ് നന്നായി കഴിച്ചു. ആറുമാസത്തോളം ഓഫിസിൽ ലീവ് ആയിരുന്നു. വീട്ടിൽ തന്നെ റെസ്റ്റും ഫുഡ് കഴിക്കലും ഒക്കെ ആയി കുറയ്ക്കണം എന്ന് കരുതിയ വെയ്റ്റ്  85 kg യിൽ എത്തിക്കാൻ എനിക്ക് പറ്റി. ഡെലിവറിക്ക് ശേഷം ഓഫീസിൽ എത്തിയപ്പോൾ ഗുണ്ട് മണി,  ഒരു ആനക്കുട്ടിയെപ്പോലെ ആയി എന്നൊക്കെ പറഞ്ഞു കളിയാക്കൽ തുടങ്ങി. ഓഫീസിലെ സ്റ്റെപ് കയറുമ്പോൾ കിതപ്പ്,  ഡ്രെസ്സുകൾ പകമാകാത്ത അവസ്ഥ, ഇഷ്ടപ്പെട്ട ഡ്രസ്സ് ധരിക്കാൻ പറ്റാത്ത അവസ്ഥയൊക്കെ എന്നെ ആകെ വിഷമത്തിലാക്കി. 

അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ!

ഗുരുവായൂർ അമ്പലത്തിൽ വച്ച് ആഗ്രഹിച്ചതല്ലേ, അപ്പോൾ പിന്നെ ആ ആഗ്രഹം അങ്ങനെ വിട്ടുകൊടുക്കാൻ പറ്റുമോ? അങ്ങനെയാണ് സമൂഹമാധ്യമംവഴി അറിഞ്ഞ ഒരു ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ഞാൻ ജോയിൻ ചെയ്തത്. ഇതുവരെയുള്ള ലോകതോൽവികൾ മനസ്സിൽ ഉള്ളതുകൊണ്ടുതന്നെ ഇങ്ങനെ ഒരു ഉദ്യമത്തിനു പുറപ്പെട്ട കാര്യം ഭർത്താവിനോടോ അമ്മായിഅമ്മയോടെ പറയാനുള്ള ധൈര്യം കിട്ടിയില്ല. കാരണം രണ്ടാളും ഒരേ സ്വരത്തിൽ ചോദിക്കാൻ പോകുന്നത് 'ഇത് എത്ര നാളത്തേക്കാ' എന്നതാകും എന്ന് ഉറപ്പായിരുന്നു. കളിയാക്കൽ പിന്നെ കേൾക്കേണ്ടല്ലോ എന്നു കരുതി അടുത്ത സുഹൃത്തുക്കളോടു പോലും പറഞ്ഞില്ല. എന്റെ സ്വഭാവം ഇവർക്കൊക്കെ അറിയാമല്ലോ.

രഹസ്യം പരസ്യമായപ്പോൾ

ഞാൻ വർക്ക്ഔട്ട് ഒക്കെ ചെയ്യുമ്പോൾ അമ്മ ചോദിക്കും ഈ പെങ്കൊച്ചിന് ഇത് എന്ത് പറ്റിയെന്ന്. പിന്നെ കഴിക്കുന്ന ആഹാരം അളന്ന് കാലറിയൊക്കെ കാണക്കാക്കി  ചെയ്യുന്നതു കണ്ടപ്പോൾ അവർക്കുതന്നെ അതിശയമായി. പതിയെ റിസൾട്ട് കണ്ടു തുടങ്ങിയപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു ഇങ്ങനെ ഒരു ഗ്രൂപ്പിൽ ചേർന്നെന്ന്. അതോടെ അമ്മ ഫുൾ സപ്പോർട്ട് ആയി. ഹസ്ബൻഡ് അപ്പോഴും കളിയാക്കുമായിരുന്നു. ഇതെവിടം വരെ പോകുമെന്ന് നോക്കാം എന്നൊക്കെ പറഞ്ഞ്. ഫുഡ് ഉണ്ടാക്കിത്തരുന്നത് അമ്മയാണ്.  ആഹാരത്തിന്റെ കാര്യത്തിൽ മുഴുവൻ എന്നെ സഹായിച്ചത് അമ്മായിഅമ്മ ആണ്.

ഗ്രൂപ്പിൽ ആക്ടീവ് ആകുന്നതിനു മുന്നേതന്നെ അവർ നൽകിയ ഡയറ്റ് ആൻഡ് വർക്ഒൗട്ട് പ്ലാൻ പിന്തുടർന്ന് 85–ൽ നിന്ന് ആറു കിലോ കുറച്ച്  79–ൽ എത്തിയിരുന്നു. ഗ്രൂപ്പിൽ ആക്ടീവ് ആയതോടെ ഭാരം കുറഞ്ഞ് 67 കിലോയിലെത്തി. 

ഇഷ്ടമുള്ള ആഹാരം കഴിച്ചുള്ള ഡയറ്റിങ്

ഏറ്റവും ആകർഷകമായത് ഡയറ്റ് ആണെന്നു കരുതി ഭക്ഷണം ഒന്നും ഉപേക്ഷിക്കേണ്ടി വന്നില്ല എന്നതാണ്.  ആകെ ചെയ്തിരുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നോക്കി,അതിലുള്ള കാലറിയും പ്രോട്ടീനും കാർബോയുമൊക്കെ മനസ്സിലാക്കി, നമുക്കു വേണ്ടത് കൂട്ടിയും വേണ്ടാത്തത് കുറച്ചുമൊക്കെ ചെയ്തൂന്നു മാത്രമാണ്. ഉച്ചഭക്ഷണത്തിന് ചോറിന്റെ അളവ് കുറച്ച് പകരം കറികളുടെ അളവ് കൂട്ടി. എല്ലാം കഴിച്ചു കൊണ്ടുതന്നെ വണ്ണം കുറയ്ക്കാം എന്ന്  മനസിലായത് ഈ ഗ്രൂപ്പിൽ ചേർന്നതോടെയാണ്. ഭാരമല്ല, നമ്മുടെ ശരീരത്തിലെ അനാവശ്യ ഫാറ്റാണ് കളയേണ്ടതെന്നും ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാൻ ചെയ്യേണ്ട കുറേ നല്ല കാര്യങ്ങളുമെല്ലാം പഠിച്ചതോടെ ഞാൻ ആളാകെ മാറിപ്പോയീന്നു പറയാം. 

18 കിലോ കുറച്ച പുതിയ ഞാൻ

ഇഷ്ടമുള്ള പല വസ്ത്രങ്ങളും ഇട്ടാൽ വൃത്തിേകടാകുമോ എന്നു ഭയന്ന് ഒഴിവാക്കുകയാണ് മുൻപു ചെയ്തിരുന്നത്. എറണാകുളത്തുള്ള ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്ഥിരവേഷം ചുരിദാർ ആയിരുന്നു. ഇപ്പോൾ ഫാറ്റ്‌ലോസ് ആയതോടെ എനിക്കു കിട്ടിയത് ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള ആത്മവിശ്വാസമാണ്. 

ഫിസിക്കലി മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ അതുവരെ കളിയാക്കി മാറിനിന്ന ഭർത്താവ് ഫുൾ മോട്ടിവേഷമുമായി രംഗത്തെത്തി. സുഹൃത്തുക്കളൊക്കെ മാറ്റങ്ങൾ പറഞ്ഞു തുടങ്ങിയതോടെ എനിക്ക് വീണ്ടും ആത്മവിശ്വാസമായി. ആങ്ഹാ... ഞാൻ വിചാരിച്ചാലും നടക്കുമെന്ന ഒരു പോസിറ്റീവ് എനർജി കിട്ടിയതോടെ ശരീരത്തിലെ അനാവശ്യ ഫാറ്റ് മുഴുവൻ കളഞ്ഞ് ആരോഗ്യമുള്ള ശരീരം സ്വന്തമാക്കിയതിനൊപ്പം കുറഞ്ഞത് 18 കിലോയാണ്. 

വണ്ണം കുറഞ്ഞതിനുശേഷം സ്റ്റാമിന കൂടി. ഓഫിസിന്റെ പടികൾ കയറുമ്പോഴുള്ള കിതപ്പ് പൂർണമായും മാറി. ഇടയ്ക്കിടെ എന്നെ തേടിയെത്തിയിരുന്നു നടു വെട്ടൽ എന്ന പ്രശ്നം ഇപ്പോൾ അടുത്തുകൂടി പോലും പോകുന്നില്ല. ചുരുക്കത്തിൽ ഞാൻ ഇപ്പോൾ ഒരു പുതിയ സജീഷ്മ ആയെന്നു പറയാം.

English Summary : Weight loss tips of Sajeeshma

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Sundari Kannal Oru Sethi (Cover) ft. K K Nishad & Sangeeta Srikant | Music Shots

MORE VIDEOS
FROM ONMANORAMA