ADVERTISEMENT

ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റും കാലറിയും ഉള്ളതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍ പലപ്പോഴും പഴത്തെ ഒട്ടൊരു സംശയത്തോടെയാണ് നോക്കാറുള്ളത്. ഒരു ഇടത്തരം പഴത്തില്‍ 105 കാലറിയും 27 ഗ്രാം കാര്‍ബോഹൈഡ്രേറ്റും ഉണ്ടാകും. പ്രോട്ടീനും പഴത്തില്‍ കുറവാണ്. എന്നാല്‍ ഇക്കാരണങ്ങള്‍ കൊണ്ട് മാത്രം പഴം നിത്യാഹാരത്തില്‍ നിന്ന് ഒഴിവാക്കുന്നത് ശരീരത്തിന് തീരാനഷ്ടമായിരിക്കും. 

അവശ്യ വൈറ്റമിനുകളും ധാതുക്കളും നിറയെ ഫൈബറും, പൊട്ടാസിയവും കുറഞ്ഞ കൊഴുപ്പുമുള്ള പഴം വര്‍ക്ക് ഔട്ടിന് മുന്‍പും പിന്‍പും ഉപയോഗിക്കാവുന്ന ഒരു പോഷകസമ്പുഷ്ട ഭക്ഷണമാണ്. ഭാരത്തിന്റെ കാര്യത്തില്‍ കര്‍ശന ചിട്ട പുലര്‍ത്തുന്നവര്‍ക്ക് സാധാരണയില്‍ നിന്നും അഞ്ചിലൊരു ഭാഗം പഴം ഇനി പറയുന്ന വിധത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കാവുന്നതാണ്.

പഴം ഓട്‌സ് മീല്‍ പ്രഭാതഭക്ഷണത്തിന്

ഭാരം കുറയ്ക്കുന്നവരാണെങ്കിലും അല്ലെങ്കിലും ഒരിക്കലും പ്രഭാത ഭക്ഷണം വേണ്ടെന്ന് വയ്ക്കരുത്. ഒരു ദിവസത്തെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഭക്ഷണമാണ് ഇത്. പ്രോട്ടീനും ഫൈബറും മറ്റ് പോഷകങ്ങളും നിറയെ ഉള്ള പ്രഭാതഭക്ഷണം കനത്തില്‍ കഴിച്ച് കഴിഞ്ഞാല്‍ പിന്നീട് ആ ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ കാലറി കുറയ്ക്കാന്‍ സാധിക്കും. സ്റ്റാര്‍ച്ചും പൊട്ടാസിയവും ധാരാളമടങ്ങിയപഴം പ്രഭാതഭക്ഷണത്തില്‍ ചേര്‍ത്താല്‍ ആവശ്യത്തിന് ഊര്‍ജ്ജം ലഭിക്കുകയും വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. ഓട്‌സിനും ചിയ വിത്തുകള്‍ക്കുമൊപ്പം പഴവും പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കാം. 

പഴം നട്ട് ബട്ടറിനൊപ്പം

ഗ്ലൂക്കോസ് ധാരാളം അടങ്ങിയ പഴം ഉടനടി ഊര്‍ജ്ജം ആവശ്യമുള്ള സമയത്ത് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ്. വ്യായാമത്തിന് മുന്‍പും ശേഷവുമൊക്കെ പഴത്തിന്റെ ഈ ഗുണം ഉപയോഗപ്പെടുത്താം. പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസിയം പേശീ വേദനയും തലകറക്കവുമൊക്കെ ഒഴിവാക്കാന്‍ സഹായിക്കും. അടുത്ത വ്യായാമത്തിന് മുന്‍പായി പേശികള്‍ തയാറാക്കി വയ്ക്കാന്‍ പഴം ചേര്‍ന്ന ഭക്ഷണം സഹായിക്കും. എന്നാല്‍ മസിലുകള്‍ പെരുപ്പിക്കാന്‍ പഴം സഹായിക്കില്ല. ഇതില്‍ പ്രോട്ടീന്‍ കുറവാണെന്നത് തന്നെ കാരണം. ഇത് പരിഹരിക്കാനായി പഴത്തിനൊപ്പം നട്ട് ബട്ടറോ ഒരു കൈ നിറയെ നട്ട്‌സുകളോ കഴിക്കാം.

പഴുക്കാത്ത പഴം

പഴത്തിലെ സ്റ്റാര്‍ച്ച് നമ്മുടെ ചയാപചയം മെച്ചപ്പെടുത്തും. ഒരു ദിവസത്തെ കാര്‍ബോഹൈഡ്രേറ്റ് നിറഞ്ഞ ആഹാരത്തിന്റെ 5 ശതമാനത്തിന് പകരം സ്റ്റാര്‍ച്ച് ഉപയോഗിച്ചാല്‍ കൊഴുപ്പ് ദഹനം 23 ശതമാനം വര്‍ധിക്കുമെന്ന് ന്യൂട്രീഷന്‍ ആന്‍ഡ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പടുത്തുന്നു. പഴുക്കാത്ത പഴത്തില്‍ നിറയെ സ്റ്റാര്‍ച്ച് ലഭിക്കും. ഇത് പുഴുങ്ങിയോ അല്ലെങ്കില്‍ തേനും നട്ടുകളുമൊക്കെ ചേര്‍ത്ത് അരച്ചോ കഴിക്കാവുന്നതാണ്. 

English Summary : Eat bananas for weight loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com