ADVERTISEMENT

48 കിലോ ശരീരഭാരമുണ്ടായിരുന്ന ഒരാൾ 96 കിലോ ആകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും കളിയാക്കലുകളുമെല്ലാം ആവോളം കിട്ടിയിട്ടുണ്ട് കിഴക്കമ്പലം സ്വദേശിയായ റിയ കുര്യാക്കോസിന്. വർഷങ്ങൾക്കു ശേഷം പ്രീഡിഗ്രിക്കു പഠിച്ച സഹപാഠികൾ ഒത്തുചേർന്നപ്പോൾ കേട്ട കളിയാക്കലുകളാണ് എങ്ങനെയും ഇതൊന്നു മാറ്റിയെടുത്തിട്ടേ കാര്യമുള്ളു എന്ന തീരുമാനത്തിലേക്ക് റിയയെ എത്തിച്ചത്. ഏയ് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന് ആദ്യം പറഞ്ഞ ഭർത്താവ് പിന്നെ കട്ടസപ്പോർട്ടുമായി എത്തിയതോടെ റിയയുടെ ആത്മവിശ്വാസവും കൂടി. അവസാനം, ഇനി അമ്മയോടൊപ്പം പുറത്തേക്കു വരാൻ ഞാനില്ല എന്നു മൂത്ത മകൾ പറയുന്നതുവരെയെത്തി കാര്യങ്ങൾ. ഇതിനു പിന്നിലെ കഠിനാധ്വാനത്തിന്റെ രഹസ്യം റിയ മനോരമ ഓൺലൈനോടു പങ്കുവയ്ക്കുന്നു.

ആദ്യ പ്രസവത്തോടെ വന്ന മാറ്റം

വിവാഹത്തിനു മുമ്പുവരെ സാധാരണ ശരീരപ്രകൃതി ഉണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ. ആദ്യ പ്രസവം ആയപ്പോഴേക്കും കാര്യങ്ങൾ മാറാൻ തുടങ്ങി. പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ 48 കിലോ 96ലേക്ക് എത്തിയിരുന്നു. അതിനുശേഷം വെയ്റ്റ്  കുറഞ്ഞിട്ടില്ല. രണ്ടാമത്തെ ഡെലിവറി സമയത്തും 90 നു മുകളിൽ ആയിരുന്നു വെയ്റ്റ്. ഭാരം കുറയ്ക്കാനായി ആയുർവേദ ചികിത്സ ഉൾപ്പടെയുള്ള പല കാര്യങ്ങളും പരീക്ഷിച്ചെങ്കിലും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല.

വഴിത്തിരിവായ ആ പഴയ കൂട്ടായ്മ

കുറച്ചു വർഷങ്ങൾക്കു ശേഷം പ്രീഡിഗ്രി ബാച്ച് മേറ്റ് മീറ്റിങ് ഉണ്ടായി. എന്നെ കണ്ടതോടെ എല്ലാർക്കും അതിശയമായി എന്നു മാത്രമല്ല അവർക്ക് കളിയാക്കാനായി ഒരു ഇരയെ കിട്ടിയെന്നു പറയാം. അമ്മച്ചിയെപ്പോലെ ഉണ്ടല്ലോ, പണ്ടത്തെ രൂപത്തിൽ നിന്ന് ഇത്രം മാറേണ്ടിയിരുന്നില്ല എന്നൊക്കെ അവർ പറഞ്ഞതോടെ ഒരുപാട് വിഷമം തോന്നി. അതിനു മുമ്പ് എന്നെ കാണുമ്പോൾ പപ്പ പറയുമായിരുന്നു, ‘മോളെ നീ എന്ത് മെന കെട്ടാ ഇരിക്കുന്നെ എന്ന്. നീ എന്തെങ്കിലും ചെയ്ത് വണ്ണം കുറയ്ക്ക്’ എന്ന്. പപ്പ പറയുമ്പോൾ ഞാനത് അത്ര കാര്യമായെടുത്തിരുന്നില്ല, എന്നാൽ അടുത്ത സുഹൃത്തുക്കളുടെ ഈ കളിയാക്കൽ എനിക്ക് രൂപമാറ്റത്തിലേക്കുള്ള വഴിത്തിരിവായെന്നു പറയാം. 

ഇതുകേട്ടു കഴിഞ്ഞ് വീട്ടിലെത്തി ഡയറ്റിങ്ങ് തുടങ്ങിയെങ്കിലും അതു മുന്നോട്ടു കൊണ്ടു പോകാൻ സാധിച്ചില്ല. അങ്ങനെ ഇരുന്നപ്പോഴാണ് ഇതുപോലെ തടി ഉണ്ടായിരുന്ന ഒരു കസിൻ വെയ്റ്റ് കുറച്ചത് കണ്ടത്. ന്യൂട്രീഷൻ ഫുഡ് കഴിച്ചാണ് ശരീരഭാരം കുറച്ചതെന്നു കസിൻ പറഞ്ഞതോടെ ഞാനും അതു പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏഴുമാസം കൊണ്ട് കുറഞ്ഞത് 28 കിലോ

തൃശൂരുള്ള ഒരു ന്യൂട്രിഷൻ സെന്ററിനെയാണ് ഞാൻ സമീപിച്ചത്. ആ സമയത്ത് ശരീരഭാരം 96 കിലോ ആയിരുന്നു. ഏഴുമാസം ന്യൂട്രീഷൻ ഫുഡ് കഴിച്ചതോടെ 28 കിലോ കുറഞ്ഞ് 68ലേക്ക് എത്തി. ഇപ്പോൾ 65 കിലോയാണ് എന്റെ വെയ്റ്റ്.

riya-kriakose2

ഇതായിരുന്നു ആ ഭക്ഷണക്രമം

ബ്രേക് ഫാസ്റ്റിനു ന്യൂട്രീഷൻ ഫുഡ് കഴിക്കും. ഉച്ചയ്ക്ക് ചോറും മീൻ കറിയും, ബീഫ് ഒഴിവാക്കുന്നതാണ് നല്ലത്. ചിക്കൻ കറിവച്ച്  കഴിക്കാം. എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കരുത് എന്നതൊക്കെ അവർ  പറഞ്ഞു തരും. 96 kg ഭാരം ഉണ്ടായിരുന്നപ്പോൾ ദിവസം 6 ലീറ്റർ വെള്ളം കുടിക്കുമായിരുന്നു. ഇപ്പോൾ ഒരു ദിവസം  4 ലീറ്റർ വെള്ളം കുടിക്കും. ഡിന്നറിനു ആദ്യത്തെ മൂന്നു ദിവസം ചപ്പാത്തി ആയിരുന്നു. അല്ലെങ്കിൽ ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ എന്തെങ്കിലും കഴിക്കാം. നാലാമത്തെ ദിവസം ബ്രേക്ക് ഫാസ്റ്റും ഡിന്നറും ന്യൂട്രീഷൻ ഫുഡ്. ഉച്ചയ്ക്ക് മാത്രം ചോറു കഴിക്കും. വർക്ക് ഔട്ട് ഒന്നും ചെയ്തിരുന്നില്ല. ഇടയ്ക്ക് രണ്ടു മാസം നടക്കാൻ പോയിരുന്നു. 

കുറഞ്ഞത് ശരീരഭാരം മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളും

ശരീരഭാരം കൂടിയിരുന്ന സമയത്ത് ഒരു പ്രാവശ്യം പീരീയഡ് സമയത്ത് വല്ലാതെ ബ്ലീഡിങ് ഉണ്ടായി. ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചതോടെ ആ പ്രശ്നം മാറിയെങ്കിലും പിന്നീട് പീരീയഡ് വരുന്ന സമയത്ത് ബ്ലഡ് തീരെ വരാതെയായി. എനിക്ക് പിസിഒഡിയും ഉണ്ടായി. ഭാരം കുറച്ചതിനുശേഷം പീരീയഡ് നോർമലായി. പിസിഒഡി പ്രശ്നവും പൂർണമായും മാറി.

മാത്രമല്ല രാവിലെ എഴുന്നേൽക്കുമ്പോൾ ഉപ്പൂറ്റി നിലത്ത് കുത്താൻ വയ്യാത്ത അത്രയും വേദന ആയിരുന്നു. കുറച്ചു സമയം നിന്ന് കഴിയുമ്പോൾ നടുവിന് വേദന ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. രാവിലെ ഏഴരയ്ക്ക് എഴുന്നേൽക്കുമ്പോൾ പോലും ക്ഷീണം മാറില്ലായിരുന്നു. ഇപ്പോൾ ആ  പ്രശ്നങ്ങൾ ഒന്നും ഇല്ല. വെളുപ്പിനെ എഴുന്നേൽക്കാൻ പറ്റുന്നുണ്ട്. ഇപ്പോൾ ശരീരത്തിന് നല്ല എനർജി ഫീൽ ചെയ്യുന്നുണ്ട്. 

വിശപ്പു നിയന്ത്രിക്കാൻ പെട്ട പാട്

ആദ്യം പ്രെഗ്നന്റ് ആയിരുന്ന സമയത്ത് നന്നായി ചൈനീസ് ഫുഡ് ഒക്കെ കഴിക്കുമായിരുന്നു. അതായിരിക്കണം എന്നെ തടിച്ചിയാക്കിയത്. ഡയറ്റിങ് തുടങ്ങിയപ്പോൾ ആദ്യമൊക്കെ വല്ലാതെ വിശക്കുമായിരുന്നു. പക്ഷേ ഭാരം കുറയുന്നത് കൊണ്ട് പിടിച്ചു നിന്നു. നന്നായി വിശക്കുമ്പോൾ കുക്കുംബറോ ആപ്പിളോ ഒരു കഷണം കഴിക്കാമെന്ന് പറഞ്ഞിരുന്നു. പിന്നെ ധാരാളം വെള്ളം കുടിക്കും. ഇപ്പോൾ അങ്ങനെ തോന്നാറില്ല. തോന്നിയാലും ഒരു ദിവസം കഴിച്ചതുകൊണ്ട് പ്രശ്നമൊന്നുമില്ല. അത് മെയ്ന്റയിൻ ചെയ്താൽ മതി. നേരത്തെ അങ്ങനെ ആയിരുന്നില്ല. കഴിച്ചുകൊണ്ടേയിരിക്കും. ഇപ്പോൾ പക്ഷേ അങ്ങനെ അല്ല.

മോളുടെ പരാതിയും എനിക്കു കിട്ടുന്ന അഭിനന്ദനവും

നേരത്തെ കണ്ടവരൊക്കെ ഇപ്പോൾ എന്നെ കാണുമ്പോൾ അഭിനന്ദിക്കാറുണ്ട്. അന്ന് കളിയാക്കിയ സുഹൃത്തുക്കളൊക്കെ ഇപ്പോൾ ന്നനായിട്ടുണ്ടെന്നു പറയുന്നു എനിക്ക് പ്ലസ് വണ്ണിന് പഠിക്കുന്ന മോളുണ്ടെന്ന് കണ്ടാൽ പറയില്ലെന്നാണ് എല്ലാവരും പറയുന്നത്. എന്നെയും മോളെയും കണ്ടാൽ ചേച്ചിയും അനിയത്തിയും ആണെന്നെ പറയൂ  എന്ന കമന്റുകളും കിട്ടുന്നുണ്ട്. ഇതു കേൾക്കുമ്പോൾ മോള് പറയും ഞാൻ ഇനി അമ്മയുടെ കൂടെ പുറത്തു വരില്ല എന്ന്. മക്കളിൽ രണ്ടാമത്തെ ആൾ ഏഴിൽ പഠിക്കുന്നു. 

English summary : Weight loss tips of Riya Kuriakose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com