എന്നെക്കാൾ വലിയ ഷർട്ടുമിട്ട് കോളജിലേക്ക്, കാൻസർ രോഗി വരെയാക്കി നാട്ടുകാർ; ലോക്ഡൗണിൽ 32 കിലോ കുറച്ച് അജയ്

HIGHLIGHTS
  • സ്വന്തം ഡയറ്റ്, നാലുമാസം കൊണ്ട് കുറഞ്ഞത് 32 കിലോ
  • മൂന്നു മാസത്തേക്ക് ചോറും മധുരവും പൂർണമായും ഒഴിവാക്കി
ajai thampy
SHARE

ലോക്ഡൗൺ കഴിഞ്ഞ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ ക്ലാസ്സ് തുടങ്ങിയപ്പോൾ കുട്ടികൾ അദ്ഭുതത്തോടെ ഓടിയെത്തിയത് സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലേക്കായിരുന്നു, മേക്കോവറിൽ എത്തി തങ്ങളെ ഞെട്ടിച്ച പ്രിയ അധ്യാപകൻ അജയ് തമ്പിയെ ഒന്നു കാണാൻ. ലോക്ഡൗൺ ഏറ്റവും ഫലപ്രദമായി വിനിയോഗിച്ച അധ്യാപകനെ അഭിനന്ദിക്കാനും അവർ മടി കാണിച്ചില്ല. കുട്ടികൾക്ക് ഈ മാറ്റം അഭിനന്ദിക്കാനുള്ള വക നൽകിയപ്പോൾ നാട്ടുകാർ തന്നെ കാൻസർ രോഗി വരെയാക്കിയെന്ന് അജയ്. ലോക്ഡൗണിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും നാട്ടുകാരുടെ സംശയങ്ങളെക്കുറിച്ചും അജയ് മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

ഒന്നും ചെയ്യാനില്ല, എന്നാൽ പിന്നെ തടി കുറച്ചേക്കാം

എനിക്കു സെഞ്ചുറി പിന്നിട്ട ശരീരഭാരം ഉണ്ടായിരുന്നെങ്കിലും കാഴ്ചയിൽ അത്രയും തടി പറയില്ലായിരുന്നു. അതുകൊണ്ടുതന്നെ അധികം ബോഡിഷെയ്മിങ് ഒന്നും കേൾക്കേണ്ടി വന്നിട്ടില്ല. അമൽജ്യോതി എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രഫസർ ആണ്. അങ്ങനെ ഇരുന്നപ്പോഴാണ് കോവിഡ് വരുന്നതും ലോക്ഡൗൺ പ്രഖ്യാപിക്കുന്നതുമെല്ലാം. കോട്ടയം ജില്ലയിലെ പാലാ മണത്തൂർ ആണ് വീട്. ആദ്യ രണ്ടുമൂന്നു ദിവസങ്ങൾ വീട്ടിൽ വെറുതെ ഇരുന്നപ്പോൾത്തന്നെ ബോറടി തുടങ്ങി. അപ്പോൾ മനസ്സിൽ ഉദിച്ച ആശയമാണ് ഈ ശരീരഭാരം ഒന്നു കുറച്ചാലോ എന്ന്. 

ഇതാകുമ്പോൾ ഡയറ്റും വ്യായാമവുമൊക്കെ ചെയ്യാൻ സമയം ധാരാളമുണ്ട്. പരീക്ഷിച്ചേക്കാമെന്നു കരുതി. അത് ഇത്രത്തോളം വിജയത്തിലെത്തുമെന്നൊന്നും പ്രതീക്ഷിച്ചില്ല.

പണ്ടുമുതൽ അത്യാവശ്യം നല്ല ശരീരഭാരമുണ്ടായിരുന്നു എനിക്ക്. അതുകൊണ്ടുതന്നെ ‘തടിയൻ’ എന്ന ഫീലിങ്ങൊന്നും ഉണ്ടായിട്ടേ ഇല്ല. പ്ലസ് ടു വിന് പഠിക്കുന്ന സമയത്ത് 90 കിലോയോളം വെയ്റ്റ് ഉണ്ടായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. ജോലി കിട്ടിക്കഴിഞ്ഞപ്പോഴും ഹോസ്റ്റലിൽതന്നെ ആയിരുന്നു. അതുകൊണ്ടുതന്നെ ആ സമയത്തൊന്നും ഭാരം കുറയ്ക്കാമെന്ന ചിന്ത സ്വപ്നത്തിൽപോലും ഉണ്ടായിട്ടില്ല. ലോക്ഡൗണിൽ വീട്ടിൽ ഇങ്ങനെ നിൽക്കുമ്പോൾ നമ്മൾ പറയുന്ന ഭക്ഷണങ്ങൾ ഉണ്ടാക്കി തരുമല്ലോ. ഇതിലും മികച്ച സമയം ഇനി കിട്ടിയെന്നു വരില്ലെന്നു കരുതിയപ്പോൾ നേരംപോക്കിനായി അങ്ങ് തുടങ്ങീന്നു പറയാം.

സ്വന്തം ഡയറ്റ്, നാലുമാസം കൊണ്ട്  കുറഞ്ഞത് 32 കിലോ

വെയ്റ്റ് ലോസിന്‌ മുൻപ് 106 കിലോ ഭാരം ഉണ്ടായിരുന്നു. ഡയറ്റിങ്ങും വ്യായാമവും തുടങ്ങിയോടെ മൂന്നു മാസം കൊണ്ട് 20 കിലോ കുറച്ചു. നാലു മാസം ആയപ്പോഴേക്കും 32 കിലോ കുറഞ്ഞു. ഞാൻതന്നെ വികസിപ്പിച്ച എന്റെ സ്വന്തം ഡയറ്റായിരുന്നു ഇതിനു പിന്നിൽ.

മൂന്നു മാസത്തേക്ക് ചോറും മധുരവും പൂർണമായും ഒഴിവാക്കി. രാത്രിയിൽ ഭക്ഷണം കഴിക്കില്ല. കൂടുതലും കഴിച്ചിരുന്നത് ചപ്പാത്തി, ഓട്സ് കൊണ്ടുള്ള പുട്ട്, ദോശ ഒക്കെയാണ്. നാലു മണിക്ക് എണ്ണയിൽ വറുത്ത സ്‌നാക്‌സ് അല്ലാതെ ഓട്സ് കൊണ്ടുള്ള അരക്കുറ്റി പുട്ടോ അങ്ങനെ എന്തെങ്കിലും കഴിക്കും. 

ajai-thampy2

ബ്രേക്ക് ഫാസ്റ്റിന് ഓട്സ്  പുട്ട്, ഉച്ചയ്ക്ക്, ചപ്പാത്തി നാലുമണിക്ക് പുട്ട് അല്ലെങ്കിൽ ഓട്സ് വെള്ളത്തിൽ കലക്കി കുടിക്കും. ബാക്കി .സമയങ്ങളിൽ ഫ്രൂട്ട്സ് കഴിക്കും. ഇടയ്ക്ക് നാരങ്ങാ വെള്ളം കുടിക്കും. 

74 കിലോയിലേക്ക് എത്തിയതോെട ഇപ്പോൾ രാത്രി ഭക്ഷണം കഴിക്കുന്നുണ്ട്.പക്ഷേ ചോറും മധുരവും ഒഴിവാക്കിയിരിക്കുകയാണ്

വീട്ടിലിരുന്നുള്ള വ്യായാമം

രാവിലെ ഒന്നര മണിക്കൂറോളം നടക്കും. എല്ലാ ദിവസവും രാവിലെ വീട്ടിൽ തന്നെ എക്സർസൈസ് ചെയ്യും. യുട്യൂബ് നോക്കി വീട്ടിൽ ചെയ്യാവുന്ന ഗ്രൗണ്ട് എക്സർസൈസ് മനസ്സിലാക്കി അതായിരുന്നു ചെയ്തിരുന്നത്.  

ചേരാത്ത ഷർട്ടുമിട്ട് കോളജിലേക്ക്

കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് അരംഭിച്ചതോടെ ഒരു നിശ്ചിത ശതമാനം അധ്യാപകർക്ക് കോളജിൽ പോകേണ്ടി വന്നു. ലോക്ഡൗൺ കാരണം എനിക്കാണെങ്കിൽ പുതിയ ഷർട്ടോ പാന്റോ ഒന്നും വാങ്ങാനും സാധിച്ചില്ല. 44–46 ആയിരുന്ന ഷർട്ട് സൈസ് 38 ലേക്കും 38 ആയിരുന്ന പാന്റ് സൈസ് 34 ലേക്കും മാറി. നിവൃത്തിയില്ലാതെ, എന്നെക്കാൾ വലിയ ഷർട്ടും പാന്റുമിട്ട് കോളജിൽ പോകേണ്ടി വന്നു.

ഓൺലൈനിലൂടെയൊന്നും എന്നെ കാണാഞ്ഞവർക്ക് കോളജിൽ ചെന്നപ്പോൾ പെട്ടെന്ന് തിരിച്ചറിയാൻ പറ്റാതെയായി. കുട്ടികളാകട്ടെ ക്ലാസ് ഇല്ലെങ്കിൽ കൂടി എന്നെ കാണാനായി കോളജിൽ വന്നു. ചില നാട്ടുകാരും മറ്റും എന്നെ അറിയാവുന്നവരോടൊക്കെ ചോദിച്ചു തുടങ്ങി അജയ്ക്ക് കാൻസറോ മറ്റോ ആണോ? അല്ലാതെ ഇങ്ങനെ ക്ഷീണിക്കാൻ എന്താ കാരണം എന്നൊക്കെ. പക്ഷേ യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ എല്ലാവർക്കും സന്തോഷം. അഭിനന്ദനങ്ങളും എത്തി.

ഇപ്പോൾ കിട്ടി സ്വന്തമായി ഒരു ട്രെയ്നറെ

സ്വന്തം വർക്ഔട്ട് ആയതുകൊണ്ടുതന്നെ അതിന്റേതായ പരിമിതികളും ഉണ്ടാകുമല്ലോ. കോളജിൽ ഒരു ഫിറ്റ്നസ് സെന്റർ ഉണ്ടെങ്കിലും അതിന്റെ പരിസരത്തുപോലും പോകുമായിരുന്നില്ല. ഇപ്പോൾ ഈ ഫിറ്റ്നസ് മെയ്ന്റയ്ൻ ചെയ്തുപോകാൻ കോളജിലെ ഫിറ്റ്നസ് ട്രെയ്നർ അബീഷ് പി ഡോമിനിക് സഹായിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിർദേശപ്രകാരമുള്ള വർക്ഔട്ടുകളാണ് ഇപ്പോൾ ചെയ്യുന്നത്.  

പരാതി അച്ഛനും അമ്മയ്ക്കും മാത്രം

ശരീരഭാരം കുറച്ചപ്പോൾ നാട്ടുകാരും ബന്ധുക്കളും പരിചയക്കാരുമൊക്കെ അഭിനന്ദിച്ചപ്പോൾ ഏറ്റവും വിഷമം അച്ഛനും അമ്മയ്ക്കുമായിരുന്നു. എനിക്കു വേണ്ട ആഹാരമൊക്കെ അമ്മ ഉണ്ടാക്കിത്തന്ന് അവസാനം മെലിഞ്ഞപ്പോൾ,

നീ ഇത്രയും മെലിയേണ്ട കാര്യം ഇല്ലായിരുന്നെന്നായി അമ്മ. പക്ഷേ യൂറിക് ആസിഡ്, നടക്കുമ്പോഴുള്ള കിതപ്പ് തുടങ്ങിയ പ്രശ്നങ്ങളൊന്നും ഇപ്പോഴില്ലാതെ വന്നതോടെ അവരും ഹാപ്പി. എങ്കിലും ഇടയ്ക്കിടെ പറയും നീ വല്ലാണ്ടങ്ങ് മെലിഞ്ഞു പോയടാന്ന്.

English Summary : Weight loss tips of Ajai Thampy

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA