ഒരു രസത്തിന് പള്ളിക്കു വലംവച്ചു നടപ്പു തുടങ്ങി; ഒടുവിൽ എത്തിയത് 118–ൽ നിന്ന് 85 ലേക്ക്, പിന്നിലെ സംഭവങ്ങൾ ഇങ്ങനെ

HIGHLIGHTS
  • രാവിലെ ഓട്സിന്റെ പുട്ട്, അഞ്ച് മുട്ടയുടെ വെള്ള എന്നിവയാണ് കഴിക്കുന്നത്
  • ഉച്ചയ്ക്ക് ഒന്നോ രണ്ടോ ചപ്പാത്തി ഏതെങ്കിലും കറി കൂട്ടി കഴിക്കും
shajan thomas pappachan weight loss
ഷാജൻ തോമസ് പാപ്പച്ചൻ
SHARE

118 കിലോ ഉണ്ടായിരുന്ന ഷാജനായിരുന്നു നല്ലതെന്ന് ഇപ്പോൾ എന്നെ നോക്കി സുഹൃത്തുക്കൾ പറയുന്നത് അസൂയ കൊണ്ടാകുമോ? ഏയ് ആകില്ല അല്ലേ, ഞാൻ മെലിഞ്ഞു പോയി എന്ന വിഷമം കൊണ്ടാകുമല്ലേ... അതെന്തായാലും ശരി, ഇപ്പോഴുള്ള കൂടുതൽ ആരോഗ്യവാനായ ഷാജനെയാണ് എനിക്ക് ഇഷ്ടം– യുഎഇ അജ്‌മാനിൽ ജോലി ചെയ്യുന്ന ഷാജൻ തോമസ് പാപ്പച്ചൻ പറയുന്നു. ഒന്നും രണ്ടുമല്ല, 33 കിലോയാണ് കോവിഡ് ലോക്ഡൗണിൽ ഷാജൻ കുറച്ചത്. അതിനു പിന്നിൽ പള്ളിക്കു വലം വച്ചതുൾപ്പടെ രസകരമായ പല സംഭവങ്ങളുമുണ്ട്. കൂടുതൽ ഫിറ്റ് ആകാൻ ജിമ്മിൽ പോയിതുടങ്ങിയ ഷാജൻ വർക്ഔട്ടിനിടയിൽതന്നെ ആ സംഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ചെറുപ്പത്തിലേ കൂടെക്കൂടി, ഇപ്പോൾ ഉപേക്ഷിച്ചു

പത്തനംതിട്ട അടൂരിലെ പറക്കോട് എന്റെ സ്വദേശം. 20 വർഷമായി യുഎഇ–ൽ ആണ്. 43 വയസ്സുണ്ട്. ചെറുപ്പം മുതലേ വണ്ണം ഉള്ള ആളാണ്. വണ്ണം ഉണ്ടെങ്കിലും എനിക്ക് അത്ര ബുദ്ധിമുട്ട് തോന്നിയിട്ടില്ല. എങ്കിലും  ഇടയ്ക്കിടെ തടി കുറയ്ക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ടായിരുന്നു. കുറച്ചു നാളുകൾ കഴിയുമ്പോൾ ആ ശ്രമങ്ങളൊക്കെ പരാജയപ്പെടാറുമുണ്ട്. അങ്ങനെ ചറുപ്പത്തിലേ കൂടെക്കൂടിയ തടിയെയാണ് ഈ 43–ാം വയസ്സിൽ ഞാൻ ഇറക്കിവിട്ടത്.

ലോക്ഡൗണിൽ സംഭവിച്ച നല്ല കാര്യം

ഇക്കഴിഞ്ഞ ഫെബ്രുവരി - മാർച്ച് സമയത്ത് കോവിഡ് കാരണം യുഎഇ–ലും ലോക്ഡൗൺ ആയി. അതിനാൽ വളരെ കുറച്ചു സമയം മാത്രമേ ജോലി ഉണ്ടായിരുന്നുളൂ. എന്റെ ഭാഗ്യത്തിനാകാം ആ സമയത്ത് 50 നോയമ്പും തുടങ്ങി. അതിനാൽ നോയമ്പും എടുത്തു. ആ  സമയത്ത് ആഹാരം കൺട്രോൾ ചെയ്‌തിരുന്നു. സമയം ഉള്ളതിനാൽ വൈകിട്ട് നടക്കാനും പോയി. പക്ഷേ ഇതൊന്നും വണ്ണം കുറയ്ക്കണമെന്ന ആഗ്രഹം മുന്നിൽക്കണ്ട് അല്ലായിരുന്നു എന്നതാണ് ഒരു സത്യം. അറിയാതെ അങ്ങ് സംഭവിച്ചു പോയതാന്ന് പറയാം.

shajan-02

എന്നാൽ പിന്നങ്ങ് തുടർന്നേക്കാം

118കിലോ ആയിരുന്നു എന്റെ ശരീരഭാരം. വെറുതേ നടക്കാൻ പോയെങ്കിലും15 മിനിറ്റ് ആകുമ്പോൾതന്നെ എനിക്ക് ക്ഷീണം തുടങ്ങും. ഇവിടെ ഒരു മോസ്‌ക് ഉണ്ട്. അതിനു ചുറ്റും മൂന്നു തവണ നടക്കുമ്പോൾ പതിനഞ്ച് മിനിറ്റ് എടുക്കും. അങ്ങനെ രണ്ടാഴ്‌ചയോളം ഇത് തുടർന്നു. അതു പിന്നെ 4 റൗണ്ട് 5 റൗണ്ട് അങ്ങനെ ഏകദേശം 15 റൗണ്ട് വരെ ഏകദേശം ഒരു മണിക്കൂർ കൊണ്ട് നടന്നുതുടങ്ങി.  ഇങ്ങനെ ഒരു മൂന്നു നാലു മാസം ഞാൻ നടന്നു. വെറുതേ ഒരു രസത്തിനു തുടങ്ങിയതാണെങ്കിലും ഇതോടെ എന്റെ ഭാരം 100 കിലോയിലെത്തി. മൂന്നു നാലു മാസം കൊണ്ട് 18 കിലോ കുറഞ്ഞു. ഇതോടെ പിന്നെ ഒരു ആവേശമായി. ലോക്ഡൗണിനു ശേഷം ജിമ്മുകൾ തുറന്നതോടെ അവിടെ പോയി വർക്ക് ഔട്ട് തുടങ്ങി. അങ്ങനെ 85 kg യിലെത്തി. ജിമ്മിൽ പോകാൻ തുടങ്ങിയതോടെ ബോഡി ഒന്നു കൂടി സ്ട്രോങ്ങ് ആയി. 

കിട്ടി ഡബിൾ എനർജി

വണ്ണം കുറഞ്ഞ ശേഷം ഡബിൾ ഹാപ്പിയും ഡബിൾ എനർജിയുമാണ്. ക്ഷീണം ഇല്ല. അതാണ് ഏറ്റവും പ്രത്യേകത ആയി തോന്നിയത്. ഇതിനേക്കാളുമൊക്കെ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് ഇഷ്ടമുള്ള ഡ്രസ്സുകൾ ഇടാൻ പറ്റിയതാണ്. പണ്ടൊക്കെ ഒരു ഡ്രസ്സ് ഇഷ്ടപ്പെട്ടാൽ അത് ഇടാൻ സാധിക്കില്ലായിരുന്നു. ഇപ്പോൾ എല്ലാ ഡ്രസ്സും ചേരും. 

നിനക്ക് എന്തെങ്കിലും അസുഖമോണോ?

വണ്ണം കുറഞ്ഞപ്പോൾ മുഖത്തിന്റെ രൂപംതന്നെ മാറി. ആളുകൾ കാണുമ്പോൾ എന്തെങ്കിലും അസുഖമാണോ ഷുഗറാണോ എന്നൊക്കെ ചോദിക്കാൻ തുടങ്ങി. പക്ഷേ ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഇത് തുടർന്ന് കൊണ്ടിരുന്നു. കുറെ ആൾക്കാർ  പഴയ ഷാജൻ ആയിരുന്നു നല്ലത് ഈ രൂപം കൊള്ളില്ല എന്നൊക്കെ പറഞ്ഞു. അതും ഞാൻ കാര്യമാക്കിയില്ല. ഇപ്പോൾ ഞാൻ നൂറു ശതമാനം സന്തോഷവാനാണ്. തടി ഉണ്ടായിരുന്നപ്പോൾ കുനിയാനും ഓടാനുമൊക്കെയുണ്ടായിരുന്ന ബുദ്ധിമുട്ടും മാറിക്കിട്ടി.

shajan-03

ഇതൊക്കെ ഒരു ഡയറ്റോ?

നേരത്തേ പറഞ്ഞതുപോലെ മുൻകൂട്ടി പ്ലാൻ ചെയ്തതൊന്നുമല്ലാത്തതുകൊണ്ട് പ്രത്യേക ഡയറ്റൊന്നും ആദ്യം എടുത്തിരുന്നില്ല. മാറ്റം കണ്ടുതുടങ്ങിയപ്പോൾ വണ്ണം കുറയ്ക്കാമെന്നു തീരുമാനിച്ചെങ്കിലും എല്ലാ ഫുഡും കഴിക്കുമായിരുന്നു. പക്ഷേ അളവ് കുറവായിരുന്നു. ഭാരം 18 കിലോ കുറഞ്ഞപ്പോൾ മുതലാണ് ഡയറ്റ് തുടങ്ങിയത്. ഇപ്പോൾ രാവിലെ ഓട്സിന്റെ പുട്ട്, അഞ്ച് മുട്ടയുടെ വെള്ള എന്നിവയാണ് കഴിക്കുന്നത്. ഉച്ചയ്ക്ക് ഒന്നോ രണ്ടോ ചപ്പാത്തി ഏതെങ്കിലും കറി കൂട്ടി കഴിക്കും. വൈകിട്ട് ചിക്കൻ സാലഡ് അല്ലെങ്കിൽ മീൻ സാലഡ് (വളരെ കുറഞ്ഞ അളവിൽ) കഴിക്കും. ജിമ്മിൽ പോയ ശേഷം തുടങ്ങിയ ഡയറ്റ് ആണ്. അതിനു മുൻപ് എല്ലാം കഴിച്ചു കൊണ്ടാണ് വണ്ണം കുറയ്ക്കാൻ ശ്രമിച്ചു തുടങ്ങിയത്. എല്ലാം കുറച്ചു മാത്രമേ കഴിക്കുമായിരുന്നുള്ളൂ. നടക്കാൻ പോയി വന്നതിനു ശേഷം പഴം, സാലഡ് ഇവയിലേതെങ്കിലും മാത്രം കഴിക്കും. മറ്റുള്ള ആഹാരങ്ങൾ കഴിക്കില്ലായിരുന്നു. ജിമ്മിൽ പോകാൻ തുടങ്ങിയതിനു ശേഷം ആണ് ഡയറ്റ് നല്ല രീതിയിൽ തുടങ്ങിയത്. ഇപ്പോൾ വെള്ളിയാഴ്‌ച ഒഴികെ ദിവസവും വൈകിട്ട് ഒന്നര മുതൽ രണ്ടു മണിക്കൂർ വരെ ജിമ്മിൽ ചിലവഴിക്കുന്നുണ്ട്.

സങ്കടപ്പെട്ട ഉറ്റവർ

രൂപമാറ്റം സംഭവിച്ച ഫോട്ടോ കണ്ടപ്പോൾ ഏറെ വിഷമം ആയത് അമ്മയ്ക്കും ഭാര്യയുടെ അമ്മയ്ക്കുമായിരുന്നു. മുഖം കണ്ടപ്പോൾ വല്ലാത്ത ക്ഷീണം തോന്നുന്നു, പഴയതു പോലെ മതിയായിരുന്നു എന്നായിരുന്നു രണ്ടാളുടെയും അഭിപ്രായം. സഹോദരിമാർക്കും സങ്കടമായി. പക്ഷേ കട്ട സപ്പോർട്ടുമായി ഭാര്യയും സഹോദരിമാരുടെ മക്കളുമുണ്ടായിരുന്നു. ഇതാണ് നല്ലതെന്നും ഇതു കീപ്പ് ചെയ്തു പോയാൽ മതിയെന്നും പറഞ്ഞ് അവർ പിന്തുണയുമായെത്തിയതോടെ അമ്മമാരുടെ വിഷമവും മാറി. ഇപ്പോൾ എല്ലാവരും ഹാപ്പി. ഒപ്പം ഞാനും ഡബിൾ ഹാപ്പി.

English ummary : Weight loss tips of Shajan Thomas Pappachan

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA