ADVERTISEMENT

115 കിലോയിൽ നിന്ന് 6 മാസം കൊണ്ട് സ്വന്തം ഭാരം പകുതിയിലധികം കുറയ്ക്കുക. ആ ആത്മവിശ്വാസത്തിൽ ജില്ലാ തല ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്ത്  മിസ്റ്റർ കേരള ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടുക. ഇത്രയും ആത്മവിശ്വാസമുള്ള യുവാവ് അംഗപരിമിതിയുള്ള ആളാണെന്നു കൂടി കേട്ടപ്പോഴാണ് അഖിൽ എന്തുമാത്രം മാസ് ആണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. 

ദിവസങ്ങൾക്കു മുൻപ് നടന്ന മിസ്റ്റർ ആലപ്പുഴ മത്സരത്തിൽ പങ്കെടുത്ത് മിസ്റ്റർ കേരളയിലെ അംഗപരിമിത വിഭാഗത്തിലേക്ക് ജില്ലയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട കായംകുളം സ്വദേശി വി.അഖിൽ നാഥ് (27) ഇടതുകാലിലെ ഗുരുതരമായ രോഗാവസ്ഥയെ അതിജീവിച്ചാണ് ഈ നേട്ടം കൊയ്തത്.

പ്ലസ്ടു പഠനകാലത്ത് ക്രിക്കറ്റ് കളിക്കിടെ ഒന്നു വീണതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കാലിന്റെ രോഗാവസ്ഥ അറിഞ്ഞത്. മുൻപ് എപ്പോഴോ അസ്ഥിക്കുണ്ടായ ചെറിയൊരു പൊട്ടൽ ഗുരുതരമായിരിക്കുന്നു. ഇടുപ്പിൽ പഴുപ്പ് ബാധിക്കുകയും അസ്ഥിക്കു തേയ്മാനം സംഭവിക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയകൾക്കും തുടർചികിത്സയ്ക്കും വിധേയനായെങ്കിലും ഇടതുകാലിലെഅസ്ഥിക്കു നീളം കുറഞ്ഞു. നടക്കാൻ പോലും ബുദ്ധിമുട്ടായി. സ്പോർട്സിനെക്കുറിച്ചു ചിന്തിക്കുകയേ വേണ്ടെന്ന് ഉപദേശവും ലഭിച്ചു.

രോഗകാലത്തിനു ശേഷം പഠനം ഉപേക്ഷിച്ച് അഖിൽ വിഡിയോ എഡിറ്റിങ് പഠിച്ചു. മുഴുവൻ സമയവും ഇരുന്നുകൊണ്ടുള്ള ജോലി ശരീരഭാരം വല്ലാതെ കൂട്ടി. ആറ് മാസം മുൻപ് ഭാരം115 കിലോ ആയിരുന്നെന്ന് പറഞ്ഞാൽ അഖിലിനെ നേരത്തെ അറിയാത്തവർ വിശ്വസിക്കില്ല.

അമിതഭാരം രണ്ടു കാലുകൾക്കും ബുദ്ധിമുട്ടായിത്തുടങ്ങിയപ്പോഴാണ് ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. കായംകുളത്തെ ജിം ഇൻസ്ട്രക്ടറായ മനു മന്ദഹാസിന്റെ പരിശീലനത്തിൽ ബോഡി ബിൽഡിങ് ചെയ്തുതുടങ്ങി. 

രണ്ടു മാസം കൊണ്ട് 80 ഭാരം കിലോയിലെത്തി. മനു ക്രമപ്പെടുത്തി നൽകിയ ഡയറ്റാണ് പിന്തുടർന്നത്. ചോറ് പൂർണമായി ഉപേക്ഷിച്ചു. ചപ്പാത്തിയും മുട്ടയുടെ വെള്ളയും ചിക്കനും പച്ചക്കറികളും പഴങ്ങളുമെല്ലാം ഉൾപ്പെടുത്തി ദിവസം 5 നേരം ആഹാരം കഴിക്കുന്ന രീതി വലിയ റിസൽറ്റാണ് നൽകിയത്. 

തടി കുറയുന്നതിനൊപ്പം അഖിലിന്റെ മസിൽ പെരുകുന്നത് പരിശീലകൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മിസ്റ്റർ ആലപ്പുഴ മത്സരത്തിൽ പങ്കെടുത്താലോ എന്നു ചോദിച്ചപ്പോൾ അഖിലിനും സമ്മതം. ദിവസം ഒരു നേരമുണ്ടായിരുന്ന വർക്ക് ഔട്ട് രണ്ടു നേരമാക്കി. മത്സരത്തിന്റെ അന്നു രാവിലെ വെയ്റ്റ് നോക്കിയപ്പോൾ അഖിലും ഞെട്ടി – 54 കിലോ. പരിമിതികളെ അതിജീവിച്ച് മസിലുരുട്ടിയ അഖിലിന് വേദിയിൽ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

കായംകുളം പുള്ളിക്കണക്ക് വള്ളുവപ്പള്ളി കിഴക്കതിൽ ആർ.വിശ്വനാഥന്റെയും എം.ശ്യാമളയുടെയും ഏക മകനാണ് അഖിൽ. അടുത്തമാസം നടക്കുന്ന മിസ്റ്റർ കേരള മത്സരം മാത്രമാണ് ഇപ്പോൾ അഖിലിന്റെ മനസ്സിൽ.  ബോഡി ബിൽഡിങ് പ്രഫഷൻ ആക്കാൻ തന്നെയാണ് തീരുമാനം.

English Summary : Weight loss and body building tips of Akhilnath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com