13 കിലോയ്‌ക്കൊപ്പം പോയത് കുടവയറും ഉപ്പൂറ്റി വേദനയും; ആഫ്രിക്കയില്‍ പട്ടിണിയല്ല, സീക്രട്ട് ഇതാണ്

HIGHLIGHTS
  • 70–ൽ നിന്ന് ഭാരം 13 കിലോ കുറച്ച് 57 കിലോയിലെത്തി
  • കുടവയറും അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളും അപ്രത്യക്ഷമായി
weight loss neethu
നീതു തോമസ്
SHARE

‘പൊതുവേ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പ്രസവശേഷമുള്ള തടി കൂടൽ. പണ്ടൊക്കെ അങ്ങനെയുള്ളവരെ കാണുമ്പോൾ ഞാനും പറയുമായിരുന്നു ഈ ചേച്ചി തടിച്ചല്ലോ എന്ന്. അതേ അനുഭവം എനിക്കും ഉണ്ടായപ്പോഴാണ് അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയത്. അമിതവണ്ണത്തിനൊപ്പം മുട്ടുവേദനയും ഉപ്പൂറ്റിവേദനയും കൂടി എത്തിയതോടെ ഞാനാകെ തകർന്നൂന്ന് പറയാം.’ ശരീരഭാരം 70 കിലോയിൽ നിന്ന് കുറച്ച് 57 ലെത്തിയ നീതു ദക്ഷിണാഫ്രിക്കയിൽനിന്ന് മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

അയ്യോ എനിക്കു വയ്യായേ...

പ്രസവശേഷം ഇങ്ങനെ പറയാത്ത ദിവസങ്ങൾ കുറവായിരുന്നു. ശരീരഭാരം വല്ലാതെ കൂടിയതോടെ മുട്ടുവേദനയും ഉപ്പൂറ്റിവേദനയും പതിവായി. രാവിലെ എഴുന്നേൽക്കുമ്പോൾ കാല് തറയിൽ കുത്താൻ പറ്റില്ല. പലപ്പോഴും ഹസ്ബൻഡ് എന്നെ താങ്ങിപ്പിടിച്ച് കിച്ചണിൽ കൊണ്ടാക്കിയിട്ടുണ്ട്. ഇരുന്നാൽ എഴുന്നേൽക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. നടക്കാൻ പറ്റില്ല. ഇംഗ്ലിഷ്, ആയുർവേദം, ഹോമിയോ തുടങ്ങി എല്ലാ ചികിൽസകളും നോക്കി. എല്ലാവരും പറഞ്ഞത് ഒരേയൊരു കാര്യം– ശരീരഭാരം കുറയ്ക്കണം. 

യുട്യൂബിൽ തുടങ്ങി പരീക്ഷണം

എളുപ്പവഴി പരീക്ഷിക്കാൻ നമ്മൾ ആദ്യം ആശ്രയിക്കുന്നത് യുട്യൂബിനെ ആണല്ലോ. ഞാനും ആ വഴി പോയി നോക്കിയെങ്കിലും അതിലെ വിഡിയോകളൊന്നും എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. അങ്ങനെ ആകെ തളർന്നിരുന്നപ്പോഴാണ് മനോരമ ഓൺലൈനിലെ ഫിറ്റ്നസ് സെക്‌ഷൻ എന്റെ രക്ഷയ്ക്കെത്തിയത്. മനോരമ ഓൺലൈൻ സ്ഥിരമായി വായിക്കുന്ന ആളാണ് ഞാൻ. അതിൽ വരുന്ന, ശരീരഭാരം കുറച്ചതിനെപ്പറ്റിയുള്ള സ്റ്റോറികളെല്ലാം സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ഒരു ഓൺലൈൻ ഗ്രൂപ്പിൽ ചേർന്ന് ഭാരം കുറച്ചവരുടെ സ്റ്റോറി വായിച്ചപ്പോൾ ഞാനും ആ ഗ്രൂപ്പിൽ ചേർന്നു. കൂട്ടുകാർക്കൊപ്പം ചെയ്യുമ്പോൾ മടിയുണ്ടാവില്ലെന്ന ചിന്തയും ഇതിനു പിന്നിലുണ്ടായിരുന്നു.

കൊടുംതണുപ്പിലും എന്നെ ചൂടാക്കിയ വർക്ഔട്ടുകൾ

ഏപ്രിലിലാണ് ഞാൻ വർക്ഔട്ട് തുടങ്ങിയൽ ഇതൊന്ത്. ചെറിയ കുട്ടി ഉള്ളതുകൊണ്ട് പുറത്തുപോയുള്ള വർക്ഔട്ടുകളൊന്നും സാധ്യമായിരുന്നില്ല. അതിനാൽ ഗ്രൂപ്പിലെ നിർദേശങ്ങൾ സ്വീകരിച്ച് വീട്ടിലായിരുന്നു അഭ്യാസം. ആഫ്രിക്കയിൽ കൊടും തണുപ്പായ ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ വെളുപ്പിനെ നാലു മണിക്ക് എഴുന്നേറ്റായിരുന്നു വർക്ഒൗട്ട് ചെയ്തിരുന്നത്. കുഞ്ഞ് ഉണർന്നാനും ചെയ്യാൻ പറ്റാത്തതിനാൽ അതിരാവിലെ ചെയ്താലേ നടക്കൂ എന്നതായിരുന്നു കാരണം. കൊടുംതണുപ്പിൽ ഭർത്താവും കുഞ്ഞും മൂടിപ്പുതച്ച് ഉറങ്ങുന്നതു കാണുമ്പോൾ മടി തോന്നുമായിരുന്നെങ്കിലും എന്റെ വേദനയ്ക്കു മുന്നിൽ ഈ തണുപ്പൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു.

neethu02

ചോറും ചപ്പാത്തിയും പച്ചക്കറികളും

ഭാരം കുറയ്ക്കാൻ പട്ടിണി കിടക്കുകയോ ഒരു നേരം പോലും ഭക്ഷണം ഉപേക്ഷിക്കുകയോ പ്രത്യേക ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല. ആകെ ചെയ്തത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ശീലം മാറ്റി എന്നതാണ്. പകരം വീട്ടിൽ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും അതാതിന്റെ കാലറി മനസ്സിലാക്കി കഴിച്ചു. ചോറും ചപ്പാത്തിയും വീട്ടിൽ ഉണ്ടാക്കുന്നത് എന്താണോ അതെല്ലാം ഞാൻ കഴിച്ചിരുന്നു.  മധുരം പാടേ ഒഴിവാക്കി. രാവിലെയും വൈകിട്ടും ചായ ഒഴിവാക്കി ഗ്രീൻ ടീ ശീലമാക്കി. എന്റെ ശീലം പിന്തുടർന്ന് ഭർത്താവും ഇപ്പോൾ മധുരം ഒഴിവാക്കി ഗ്രീൻ ടീ ആക്കി. 

പൊതുവേ പച്ചക്കറി കഴിക്കാൻ മടിയായിരുന്നു. പക്ഷേ ഇപ്പോൾ ഏറ്റവുമധികം ഞാൻ കഴിക്കുന്നത് ഈ പച്ചക്കറികളാണ്. ലീഫി വെജിറ്റബിൾസ് ചീര, ബ്രക്കോളി, ബീൻസ്, അച്ചിങ്ങ, ബീറ്റ്റൂട്ട്, കാരറ്റ്  ഇവയൊന്നുമില്ലാത്ത ഒരു പ്ലേറ്റ് സങ്കൽപിക്കാൻ പോലും ഇപ്പോൾ പറ്റില്ല. സലാഡ്‌സ് ഒക്കെ എപ്പോഴും ഉണ്ടാക്കി കഴിക്കാറുണ്ട്.

വർക്ഔട്ടിൽ നോ കോംപ്രമൈസ്

എന്തൊക്കെ സംഭവിച്ചാലും വർക്ക് ഔട്ട് മുടങ്ങാതെ ചെയ്യുമായിരുന്നു. HIIT ഇല്ലാതെ എനിക്ക് ദിവസം ഇല്ലായിരുന്നു. പ്ലാങ്കും സ്ക്വാട്ടും ക്രഞ്ചും തുടങ്ങി ശരീരത്തിന്റെ ഓരോ ഭാഗത്തിനും വേണ്ടിയുള്ള വ്യായാമങ്ങളെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായത് എത്ര പെട്ടെന്നായിരുന്നെന്ന് ഓർത്ത് ചിലസമയത്ത് ഞാൻതന്നെ അദ്ഭുതപ്പെടാറുണ്ട്. ഏതെങ്കിലും വർക്ഔട്ട് ഒരു ദിവസം മുടങ്ങിയാൽ എനിക്ക് വിഷമമാണ്. ഏതെങ്കിലും സമയത്ത് അതു ചെയ്താലേ പിന്നെ സമാധാനമാകുമായിരുന്നുള്ളു. മൂന്നു മാസം കൂടുമ്പോൾ ഒരാഴ്ച ബ്രേക്ക് എടുക്കുന്നതല്ലാതെ ദിവസവും പ്രോപ്പർ ആയി ചെയ്‌തു പോകുമായിരുന്നു. 

മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയപ്പോൾ ആവേശമായി. രാവിലെ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ പാടുപെട്ടിരുന്ന ഞാൻ ഒരു വേദനയും പറയാതെ ചാടി എണീറ്റ് പോകുന്നത് കണ്ട ഭർത്താവും അതിശയിച്ചു. എന്റെ മാറ്റം കണ്ട് ഇപ്പോൾ അദ്ദേഹവും എന്റെ പാത പിന്തുടരുന്നുണ്ട്. ഉപ്പൂറ്റി വേദനയും മുട്ടുവേദനയുമൊക്കെ പൂർണമായും മാറിയെന്നു മാത്രമല്ല കൂടുതൽ ആക്ടീവാകുകയും ചെയ്തു. ഇപ്പോൾ നൂറു ശതമാനം ഹാപ്പിയാണ്.

ടൺ കണക്കിനു മോട്ടിവേഷൻ

ഗ്രൂപ്പായി ചെയ്തതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം മോട്ടിവേഷൻ തന്നെയാണ്. മോട്ടിവേറ്റ് ചെയ്യാൻ ആരെങ്കിലുമുണ്ടെങ്കിൽ നമ്മൾ അറിയാതെ ഓരോന്നും ചെയ്തു പോകുമല്ലോ. ആ കാര്യത്തിൽ ഭർത്താവും ഒട്ടും പിന്നിലല്ലായിരുന്നു. മടിയുള്ള ദിവസങ്ങളിൽ ഓരോ പോസ്റ്റും നോക്കാറുണ്ട്. മുൻപുള്ള സക്സസ് സ്റ്റോറി ഒക്കെ നോക്കുമ്പോൾ എനിക്കും ഇങ്ങനെ ആകണം, വെയ്റ്റ് കുറയ്ക്കണം എന്ന ആഗ്രഹമുണ്ടായി. അങ്ങനെ സ്വയം മോട്ടിവേറ്റ് ആയി ആവേശത്തോടെ വർക്ഔട്ടുകൾ ചെയ്ത എത്ര ദിവസങ്ങൾ...

neethu03

പുറത്തിറങ്ങാൻ മടിച്ചിരുന്ന ആ കാലം

വെയ്റ്റ് കുറഞ്ഞു കാണുമ്പോൾ ഒരു സെൽഫ് കോൺഫിഡൻസ് ഫീൽ ചെയ്യും. എന്റെ വീട് എറണാകുളത്താണ്. ഭർത്താവിന്റെ വീട് ചങ്ങനാശേരിയിലും. നാട്ടിൽ, വണ്ണം കൂടിയിരുന്നസമയത്ത് പുറത്തിറങ്ങാൻ എനിക്ക് മടിയായിരുന്നു. തടിച്ചിയാണ് എന്ന ചിന്ത ഉണ്ടായിരുന്നു. മുട്ടുവേദനയും കൂടി ആയപ്പോൾ നടക്കാൻ പോലും വയ്യാത്ത സ്ഥിതി. പള്ളിയിൽ പോകാൻപോലും നടക്കാൻ ബുദ്ധിമുട്ടി. വെയ്റ്റ് കുറഞ്ഞപ്പോൾ സ്റ്റെപ്പൊക്കെ ഞാൻ ഓടിക്കയറും. കിതപ്പൊന്നുമില്ല. സ്റ്റാമിന കൂടി. സെൽഫ്‌കോൺഫിഡൻസ് ഉണ്ട്. ഇതുവരെ സ്റ്റിച്ച് പിരുത്തിട്ട് ഉപയോഗിച്ചിരുന്ന ഡ്രസ്സൊക്കെ ടൈറ്റ് ആക്കേണ്ടി വന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഡ്രസ്സ് ഷേപ്പ് ആക്കി ഇടുന്നത്. . 

നീ ആഫ്രിക്കയിൽ പട്ടിണിയിലാണോ?

നാട്ടിലുള്ള ബന്ധുക്കൾക്കൊക്കെ നമ്മൾ എവിടെയെങ്കിലുമൊക്കെ പോയ ഫോട്ടോ അയച്ചു കൊടുക്കുമ്പോൾ, നീതു ആഫ്രിക്കയിൽ പട്ടിണിയാണോ? വല്ലാതെ ക്ഷീണിച്ചു പോയല്ലോ എന്നൊക്കെ ചോദിച്ചിരുന്നു. വണ്ണം കുറയ്ക്കുന്ന കാര്യമൊന്നും ഞാൻ ആദ്യം പറഞ്ഞിരുന്നില്ല. പിന്നെ എല്ലാവരും, എന്തു മാറ്റമാണ്, പഴയ ആളൊന്നും അല്ല, ഒത്തിരി സ്ലിം ആയി, നല്ല സ്ട്രക്ചർ ആയി എന്നൊക്കെ പറഞ്ഞപ്പോഴാണ് സത്യം വെളിപ്പെടുത്തിയത്. അതോടെ എല്ലാവരും ഹാപ്പി ആയി. ഇങ്ങനെ തന്നെ മുന്നോട്ട് പോയാൽ മതിയെന്നാണ് അവരെല്ലാവരും പറയുന്നത്. പോസിറ്റീവ് കമന്റ്സ് ആണ് എല്ലായിടത്തുനിന്നും കിട്ടിയത്. 

ഇത് എന്റെ വിജയം

അനാവശ്യമായ ഫുഡ് ഹാബിറ്റ്‌സ് എല്ലാം മാറിക്കിട്ടി. കണ്ണിൽ കാണുന്നതെല്ലാം കഴിക്കുന്ന പ്രകൃതക്കാരിയായിരുന്നു. മധുരം വളരെ ഇഷ്ടമായിരുന്നു. ക്രീം കേക്ക്, പേസ്ട്രി, ക്രീം ബിസ്കറ്റ്, പുറത്തു നിന്നു വാങ്ങുന്ന പാക്ക്ഡ് ജ്യൂസ് ഇതൊക്കെ എന്റെ വീക്ക്നസായിരുന്നു. പിന്നെ എണ്ണപ്പലഹാരങ്ങളും. പക്ഷേ ഇപ്പോൾ അതൊന്നും കഴിക്കാൻ തോന്നാറില്ല. ഇതൊക്കെ ഒഴിവാക്കിയപ്പോൾത്തന്നെ പകുതി ആശ്വാസമായി. ക്രീം കേക്ക്, മധുപാനീയങ്ങൾ ഒക്കെ എന്റെ വീടിനു പുറത്താണ്. ഭർത്താവ് പോലും കഴിക്കാറില്ല. ഇപ്പോൾ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ മാത്രം. അങ്ങനെ നല്ല ഒരു ഫുഡ് ഹാബിറ്റ് എനിക്കു കിട്ടി. 

പണ്ടൊക്കെ വീക്കിലി വൺസ് ചീറ്റ് മീൽ എടുക്കും. അപ്പോൾ വൈകുന്നേരം മധുരം ഇട്ട ചായയും പാർലെ ജി ബിസ്ക്കറ്റും കഴിക്കും. അപ്പോൾ സന്തോഷമാകും. അല്ലാതെ പീ‌ത്‌സ, ബർഗർ ഒക്കെ കഴിക്കണം എന്ന ഒരാഗ്രഹവും ഇപ്പോൾ ഇല്ല. പണ്ട് അതൊക്കെയായിരുന്നു എന്റെ മെയിൻ ഫുഡ്‌സ്. പുറത്തു പോയി ഫുഡ് കഴിക്കുക. പുറത്തുനിന്നു വാങ്ങി കഴിക്കുക ഒക്കെയായിരുന്നു ശീലങ്ങൾ. വീട്ടിലെ ഫുഡിനോട് പുച്ഛം ആയിരുന്നു. ഇപ്പോൾ അതൊക്കെ മാറിക്കിട്ടി. അങ്ങനെ ആരോഗ്യകരമായ ഒരു ജീവിതശൈലി കിട്ടി. ഒപ്പം അധികമുണ്ടായിരുന്ന വയറിനോടും അലട്ടിയിരുന്ന വേദനകളോടും ചോദിക്കാതെ വന്ന ഭാരത്തോടും ഗുഡ്ബൈയും അടിച്ചു.

English Summary : Weight loss tips of Neethu Thomas

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS