ADVERTISEMENT

ഇത് ലോകം മുഴുവൻ കോവിഡ് അരങ്ങു വാഴുന്ന കാലം. ആദ്യ തരംഗത്തിൽ അമേരിക്കൻ രാജ്യങ്ങളിലെല്ലാം വൈറസ് നല്ല രീതിയിൽ താണ്ഡവമാടി. ഇതിനിടയിലാണ് അമേരിക്കയിൽ ഇൻഫെക്‌ഷ്യസ് ഡിസീസ് സ്പെഷലിസ്റ്റ് ആയി ജോലി ചെയ്യുന്ന ഡോ. മെറിൻ വർഗീസ് ശരീരഭാരം കുറച്ച് കിടിലൻ മേക്കോവർ നടത്തിയത്. കോവിഡ് കൊടുമ്പിരികൊണ്ടിരുന്ന ഈ കാലത്ത്, നിന്നു തിരിയാൻ സമയമില്ലാതെ ആശുപത്രി ഡ്യൂട്ടികൾ ചെയ്ത് ശരീരഭാരം കുറയ്ക്കണമെങ്കിൽ എന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം അത്രയും ബുദ്ധിമുട്ടിയിരുന്നെന്ന് നിങ്ങൾ മനസ്സിലാക്കണം, എങ്ങനെയാണ് ഈ പ്രശ്നങ്ങളെ അതിജീവിച്ചതെന്നും മേക്ക് ഓവർ ടിപ്സ് എന്തൊക്കെയാണെന്നും പറയുകയാണ് അമേരിക്കയിൽ നിന്ന് മെറിൻ.

പ്രസവകാലത്തെ പ്രശ്നങ്ങളും കൂടിയ ശരീരഭാരവും

ചെറുപ്പം മുതലേ വണ്ണം ഉണ്ടായിരുന്നെങ്കിലും അത് ഒരു പ്രശ്നമായത് കുട്ടികൾ ഉണ്ടായപ്പോഴാണ്. 2018ലും 2019 ലും ആണ് കുട്ടികൾ ഉണ്ടായത്. രണ്ടു പ്രഗ്നൻസിയിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ജസ്റ്റേഷ്ണൽ ഡയബറ്റിക് ആദ്യത്തെ പ്രഗ്നൻസിയിലും ജസ്റ്റേഷ്ണൽ ഹൈപ്പർടെൻഷൻ രണ്ടാമത്തെ പ്രഗ്നൻസിയിലും അനുഭവിക്കേണ്ടി വന്നു. പ്രഗ്നൻസികൾ അടുത്തടുത്ത് ആയതിനാൽത്തന്നെ ശരീരഭാരമൊന്നും കാര്യമായി നോക്കാൻ കഴിഞ്ഞില്ല.  രണ്ടാമത്തെ പ്രഗ്നൻസി കഴിഞ്ഞപ്പോഴേക്കും 91 കിലോ ആയി. അപ്പോൾ മുതൽ പുറം വേദന, മുട്ടുകൾക്കു വേദന, മൂഡ് സ്വിങ്സ്, ക്ഷീണം ഒക്കെ കൂട്ടുകാരായി. 

30 വയസ്സിൽ 70കാരുടെ പ്രശ്നങ്ങൾ

മുപ്പതിന്റെ  തുടക്കത്തിൽ ഒരു എഴുപത് വയസ്സുകാരുടെ പ്രശ്നങ്ങളായിരുന്നു ഞാൻ അഭിമുഖീകരിച്ചത്. പുറംവേദനയും മുട്ടുവേദനയും തുടങ്ങി ആകെ ക്ഷീണം തോന്നുന്ന അവസ്ഥ. ഇതു മനസ്സിലാക്കിയപ്പോൾതന്നെ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരണമെന്ന് നിശ്ചയിച്ചു. പതിയെ ഡയറ്റ് കണ്‍ട്രോൾ ചെയ്ത് ഒരു 81 കിലോ വരെ എത്തിച്ചു. ആ സമയത്ത് ഭർത്താവിന്റെ  സഹോദരിയുടെ നിർദേശപ്രകാരമാണ് വെയറ്റ് ആൻഡ് ഫാറ്റ്‌ലോസ് എന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. മാത്രമല്ല, ഒരു ഫാറ്റ്‌ലോസ് ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങളും നൽകി.

വീണ്ടും പഠനത്തിലേക്ക്

ഗ്രൂപ്പിൽ അംഗമായതോടെ പുതിയ പല കാര്യങ്ങളും പഠിച്ചു. വർക്ഔട്ടുകൾ ദിനചര്യയായി. ഗ്രൂപ്പ് നിർദ്ദേശിച്ച പ്രകാരം ഡയറ്റ്, റസിസ്റ്റൻസ് ട്രെയിനിങ് ഒക്കെ മുന്നോട്ടു പോകുന്നു. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ പ്രോത്സാഹനം വളരെ വിലപ്പെട്ടതായിരുന്നു. ഫാമിലിയിലുള്ള ഒരാളും ഗ്രൂപ്പിൽ ഉള്ളത് കാരണം മുന്നോട്ടു പോകാൻ ഒരു പ്രചോദനം ഉണ്ടായിരുന്നു. ജങ്ക് ഫുഡ് ഒക്കെ കഴിക്കുന്നത് കഴിവതും നിർത്തി പ്രോട്ടീൻ സമൃദ്ധമായി ആടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തി. 

കോവിഡ് തിരക്കിനിടയിലെ ഡയറ്റ്

ഇൻഫെക്‌ഷ്യസ് ഡിസീസ് ഡോക്ടർ ആയ കാരണം എല്ലാ ദിവസവും കോവിഡ് രോഗികളെ കാണുന്നു. അതിനു പുറമെ മറ്റു രോഗമുള്ളവരെയും എല്ലാ ദിവസവും കാണും. ഈ തിര്കകിനിടയിലും ഏറെ സഹായമായത് ഡയറ്റ് എന്നു പറഞ്ഞ് പ്രത്യേക ഭക്ഷണങ്ങൾ കഴിക്കേണ്ടി വന്നില്ല എന്നതുതന്നെ. വീട്ടിലും ആശുപത്രിയിലും ഉള്ള ഭക്ഷങ്ങൾതന്നെയാണ് കഴിച്ചത്. പക്ഷേ അവയുടെ അളവും കാലറിയും പ്രോട്ടീനും എല്ലാം മനസ്സിലാക്കിയായിരുന്നു കഴിച്ചിരുന്നതെന്നേ ഉള്ളു.  ബ്രേക്ഫാസ്റ്റ് അല്ലെങ്കിൽ ലഞ്ച് കഴിഞ്ഞു 2 മണിക്കൂർ ശേഷം  പ്രോട്ടീൻ കൂടുതൽ ഉള്ള നട്സ് അല്ലെങ്കിൽ പ്രോട്ടീൻ ഡ്രിങ്ക് എന്നിവ കഴിക്കാൻ ശ്രദ്ധിക്കുന്നു. ഇവിടെ PPE അതതു രോഗികളുടെ റൂമിൽ കയറുമ്പോൾ മാത്രമേ ഇടുകയുള്ളൂ. മാസ്ക് എപ്പോഴും ധരിക്കണം. അത് കാരണം സ്നാക്ക്സ് ഒക്കെ കഴിക്കാൻ ഫ്ലെക്സിബിലിറ്റി ഉണ്ട്. 

merin-varghese2

രാവിലെ മുട്ട, ഗ്രീക്ക് യോഗർട്ട്, സ്നാക്ക്സ് ആയി പ്രോട്ടീൻ ഡ്രിങ്ക്. ഉച്ചയ്ക്ക് ആശുപത്രിയിൽ നിന്ന് ഭക്ഷണം കഫെറ്റീരിയയിൽ കിട്ടും. സാലഡ്, ഫിഷ്/ബീഫ് /ചിക്കൻ ഇതിൽ ഏതെങ്കിലും അതിന്റെ കൂടെ ചോറ് അല്ലെങ്കിൽ ബ്രെഡ്. അത് കഴിഞ്ഞു സ്നാക്ക് ആയിട്ട് ഗ്രീക്ക് യോഗർട്ട് അല്ലെങ്കിൽ നട്സ്. വൈകിട്ട് സാലഡിന്റെ കൂടെ ചിക്കൻ, അല്ലെങ്കിൽ ചപ്പാത്തിയോ ചോറോ കൂടെ എന്തെങ്കിലും കറിയും എല്ലാ മീൽസിന്റെ കൂടെയും ഉൾപ്പെടുത്താൻ 

വ്യായാമത്തിനായി കണ്ടെത്തിയ സമയം

വളരെ തിരക്കേറിയ സയമമായതുകൊണ്ടുതന്നെ ഡയറ്റും എക്സർസൈസും ഒക്കെ കൊണ്ട് ഒരുമിച്ചു കൊണ്ടുപോകാൻ പറ്റുമോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഈ കോവിഡ് കാലഘട്ടത്തിൽ 10-12 മണിക്കൂർ വരെ ഹോസ്പിറ്റലിൽ ജോലി ഉണ്ടാകും. എങ്കിലും ഭർത്താവിന്റെ പൂർണ സപ്പോർട്ട് കാരണം അതിന് ഒരു പ്രശ്നവുമില്ലായിരുന്നു. 

ആഴ്ചയിൽ 5 ദിവസം ഹൈ ഇന്റർസിറ്റി ഇന്റെർവൽ ട്രെയിനിങ്ങും വെയിറ്റ്  ട്രെയിനിങ്ങും ചെയ്യും. റസിസ്റ്റൻസ് ബാൻഡ്‌സ് ഉപയോഗിച്ചാണ് വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നത്. അപ്പർ ബോഡി, ലോവർ ബോഡി, കോർ മസ്സിൽസ് എന്നിങ്ങനെ തരം തിരിച്ചാണ് എക്സർസൈസ് ചെയ്യുന്നത്. ഇതിനുവേണ്ട നിർദേശങ്ങളും വിഡിയോയായും ഗ്രൂപ്പിൽ കിട്ടിയിരുന്നു. 

ബിസി ആയിട്ടുള്ള ജോലി ആയതിനാൽ എന്നും സമയം കണ്ടെത്തി എക്സർസൈസ് ചെയ്യും. ഒന്നുകിൽ രാവിലെ 5 മണിക്കെഴുന്നേറ്റിട്ടു അല്ലെങ്കിൽ രാത്രി 10 മണി കഴിഞ്ഞു. ജോലി കഴിഞ്ഞു വന്ന ഉടനെ വീട്ടു കാര്യങ്ങൾ നോക്കേണ്ടതിനാൽ ആ സമയം എക്സർസൈസ് ചെയ്യാൻ സമയം കിട്ടാറില്ല. ഏതേലും ദിവസങ്ങളിൽ എക്സർസൈസ് ചെയ്യാൻ പറ്റിയില്ലെങ്കിൽ അത് വീക്കെൻഡിൽ ചെയ്യും.

81 കിലോയിൽ നിന്ന് ഇപ്പോൾ 73 കിലോ ആയി. പുറം വേദനയും മുട്ടു വേദനയും പമ്പ കടന്നു. വളരെ ഉന്മേഷവും ഊർജവും ഉണ്ട്. ഇനിയും കുറച്ചു കൂടി ഭാരം കുറയ്ക്കണം എന്നുണ്ട്. അതിനുവേണ്ടി ഇപ്പോഴും ശ്രമിക്കുകയാണ്. 

കിട്ടിയ പ്രോത്സാഹനവും അതിശയപ്പെട്ട കൂട്ടുകാരും

എനിക്കിപ്പോൾ കുഞ്ഞുങ്ങളുടെ കൂടെ കളിക്കാം. രണ്ടു പേരെയും ഒരുമിച്ചു എടുക്കാം- ഒന്നിനും ഒരു പ്രശ്നവുമില്ല. പാകത്തിനുള്ള ഡ്രസ്സ് ഒക്കെ ഇടാൻ പറ്റുന്നു. എക്സ്ട്രാ ലാർജും ലാർജും ഒക്കെ ആയിരുന്ന ഡ്രസ്സ് സൈസിൽനിന്നു മീഡിയം ആയി.  കൂടെ ജോലിചെയ്യുന്നവരൊക്കെ എന്നിൽ വന്ന മാറ്റം  കണ്ടു അതിശയിച്ചിരിക്കയാണ്. കംപ്ലീറ്റ് മേക്കോവർ എന്നാണ് അവർ പറയുന്നത്. മാത്രമല്ല എന്റെ മാറ്റം കണ്ട് അവരും എക്സർസൈസും ഡയറ്റും ഒക്കെ ചെയ്യാൻ ചെയ്യാൻ തുടങ്ങിയതോടെ കൂടുതൽ സന്തോഷം.

നാട്ടിൽ വളർന്നത് പത്തനാപുരത്തു ആണ്. ഭർത്താവിന്റെ വീട് പാമ്പാടിയിലാണ്. പതിനാലു വയസ്സുള്ളപ്പോഴാണ് അമേരിക്കയിൽ വന്നത്. ഭർത്താവിന്റെ അച്ഛനും അമ്മയും നല്ല പ്രോത്സാഹനമായിരുന്നു. അവിടെ നിന്ന് നല്ല അഭിപ്രായങ്ങൾ കിട്ടിയതും ഒരു പ്രചോദനമായി. 

English Summary : Weight loss tips of Dr.  Merin Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com